Monday, December 05, 2011

കല്യാണദില്ബൻ....

ദില്ബാ, കേറി വാ....
ക്ലബ്ബിലേക്ക് സ്വാഗതം!ഉമേഷേട്ടന്റെ ദില്ബൻ കല്യാണ സ്പെഷ്യൽ കിടിലൻ പസ്സിൽ ദാ ഇവിടെ
http://puzzles.usvishakh.net/blog/archives/30

ദില്ബന്റെ കല്യാണ പടങ്ങൾ (ആഷ്‌ലി എടുത്തതു്) ദാ ഇവിടെ:
https://picasaweb.google.com/113541332401704727752/DilbzWedz?authkey=Gv1sRgCI75qOHix57mLA

ദില്ബനും പെണ്ണിനും ആശംസകൾ!!!!

Tuesday, May 26, 2009

പ്രണയദൂരം

മഷിത്തണ്ടിലും,മയിൽപ്പീലിയിലും പ്രണയത്തിന്റെ മധുരം പകർന്ന ഇന്നലെകൾ ഇല്ലാത്തവർ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിൻനോട്ടങ്ങളും ചെറിയ പുഞ്ചിരികളും...
വിറക്കുന്ന വിരലുകൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പകപ്പൂക്കളും റോസാപ്പൂക്കളും...മനസ്സിലെ പ്രണയചെപ്പിലെ വിലമതിക്കാനാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.ഗുൽമോഹർ പൂക്കളെപ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുരനൊമ്പരങ്ങളായ ഓർമ്മകൾ.

ലൈബ്രറിവരാന്തയിൽ വച്ചാണ്‌ ആ കുസൃതിക്കണ്ണുകൾ ആദ്യമായി ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ പ്രണയത്തിന്റെ മധുരഗാനം മനസ്സിൽ ആദ്യമായി മൂളിയതെപ്പോൾ എന്ന് അറിയില്ല.ക്ലസ്സുകൾക്ക്‌ പുറകിലെ പുൽത്തകിടിയിൽ കൂട്ടുകാർക്കൊപ്പം സൊറപറഞ്ഞിരിക്കുമ്പോൾ അതുവഴി കടന്നുപോയവരിലെ നീളൻമുടിക്കാരി ഒരുനിമിഷം തിരിഞ്ഞുനോക്കിയപ്പോളോ അതോ ഇനി കവിതകൾ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമരദിനങ്ങളിലോ?എപ്പോഴോ അവൾ എന്റെ ആത്മാവിൽ ചേക്കേറി.

അവൾക്കും എനിക്കും ഇടയിൽ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു.ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാൻ പിന്നെയും ഒരുപാട്‌ കാലം എടുത്തു.അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിനരാത്രങ്ങൾ എണ്ണപ്പെട്ടിരുന്നു. ഓടുവിൽ യാത്രാമൊഴിയായി തേങ്ങലിൽ മുങ്ങിയ ഒരു ചുടുചുമ്പനം.

മുന്നോട്ടുള്ള യാത്രയിൽ ജീവിതം ശരീരങ്ങളെ എതിർദിശകളിലേക്ക്‌ നയിച്ചു.തൊഴിൽ അനേഷിച്ചലയുന്ന വഴികൾക്ക്‌ അറ്റമില്ലെന്ന് തോന്നി തളർന്നുറങ്ങിയപ്പോളും അവൾ സ്വപ്നങ്ങളിലെ നിത്യസന്ദർശകയായി.പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചുകൊണ്ടിരുന്ന പ്രണയം മാസശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങൾക്കായി വഴിമാറി.എന്നെ വലയം ചെയ്ത കെട്ടിടക്കൂമ്പാരങ്ങൾക്കിടയിൽ എവിടെയോ അവൾ വഴിപിരിഞ്ഞത്‌ അറിഞ്ഞില്ല.

തിരക്കേറിയ ദിനരാത്രങ്ങൾ പല ആളുകൾ വ്യത്യസ്ഥമായ നാടുകൾ.അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട്‌ ചില കെട്ടിടങ്ങൾ. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖചമക്കുവാൻ ഇടംതേടിചെന്നപ്പോൾ അമ്പരപ്പിനെ നിമിഷങ്ങൾ പകർന്ന് ആ രൂപം മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഇരുവരും ഔപചാരികതകൾക്കായി വാക്കുകൾ പരതിയപ്പോൾ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങൾക്കിടയിലേക്ക്‌ കടന്നുവരുന്നത്‌ ഞങ്ങൾ അറിഞ്ഞു.വർഷങ്ങളുടേ പഴക്കം ഉണ്ടായിരുന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു.കാലം അതിനു യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.ആ നിമിഷത്തിൽ ഞങ്ങൾക്കിടയിലെ കേവലദൂരം അവളുടെ മൂർദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.

Sunday, January 18, 2009

ശ്രീജിത്തിന് വിവാഹാശംസകള്‍


ഒടുവില്‍ അതും സംഭവിക്കാന്‍ പോകുന്നു..
അങ്ങനെ ബാച്ചിക്ലബ്ബിന്റെ നെടുംതൂണും കൂടുമാറുന്നു..

മലയാള ബ്ലോഗുകളുടെ ചരിത്രവും വളര്‍ച്ചയും പ്രതിപാദിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒരു നാമമാണ് ശ്രീജിത്തിന്റേത്. ബൂലോഗത്തിന്റെ തുടക്കത്തിലും വളര്‍ച്ചയിലും അനല്പമമായ പങ്കുവഹിച്ച, ബൂലോഗത്തിന്റെ തുടക്ക കാലത്തെ സൈബര്‍ എഞ്ചിനീയര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇദ്ധേഹമാണ് ആദ്യകാലത്ത് മലയാള ബ്ലോഗുകള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു ബ്ലോഗ് റോള്‍ ക്രമപ്പെടുത്തുന്നത്.


ശ്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് ഈ ജനുവരി 31 സാക്ഷിയാവുകയാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ശ്രീജിത്തിനും പ്രതിശ്രുധ വധു ശ്രുതിക്കും ബൂലോഗത്തിന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍

Labels:

Wednesday, September 10, 2008

മനസമാധാനം

ശ്രീനിവാസന്റെ സൗന്ദര്യശാത്രപ്രകാരം ഒരു ഒന്നൊന്നെമുക്കാൽ ചുള്ളനായ ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ആണു അന്ന് ചന്ത്രാപ്പിന്നിക്കടുത്ത്‌ പെണ്ണുകാണുവാൻ പോയത്‌. കെട്ടാൻ ഉദ്ദേശിച്ച പെണ്ണിനെ മുൻ കൂട്ടി കണ്ടുവെച്ചെങ്കിലും... അവൾക്ക്‌ ഹൃദയം കൈമാറിയെങ്കിലും അവൾടെ വീട്ടുകാരുടെ പച്ചക്കൊടി ലഭിച്ചിരുന്നില്ല. അങ്ങനെ സിങ്ങ്നൽ കാത്തുകിടക്കുമ്പോളാണ്‌ എന്റെ ആത്മാർത്ഥ സുഹൃത്ത്‌ അഭിലാഷ്‌ എന്നോട്‌ ഒരു കാര്യം ഓർമ്മിപ്പിച്ചത്‌.

"ടാ നിന്റെ ഫാദർജിക്ക്‌ വല്ല സംശയവും തോന്നും, നീ വേറെ നാലഞ്ചിടത്ത്‌ പെണ്ണുകാണാൻ പോയില്ലെങ്കിൽ ഇതുകലങ്ങും ദേ പിന്നെ അയ്യോ പൊത്തോന്ന് പറഞ്ഞിട്ട്‌ കാര്യമില്ല...."

പ്രേമമ്ന്ന് കേട്ടാൽ കാളക്ക്‌ ചുവപ്പുകണ്ടപോലെ ആണ്‌ പണ്ടെ എന്റെ ഫാമിലി എന്ന് അവനു നല്ലോണം അറിയാം....പണ്ട്‌ പെരനിറഞ്ഞുനിൽക്കുന്ന നാലഞ്ചുപെങ്ങാന്മാരുടെ കല്യാണം കഴിഞ്ഞിട്ട്‌ ഈ ജന്മത്ത്‌ കല്യാണം കഴിക്കാൻ പറ്റില്ലാന്ന് മനസ്സിലാക്കി ഇഷ്ടപ്പെട്ട പെണ്ണിനെ ഒന്ന് കല്യാണം കഴിച്ചേന്‌ പ്രോഫഷണൽ നാടകത്തിലെ അമ്മാവന്മാർ പറയുന്ന അതേ ഗാംഭീര്യത്തോടെ "കടക്കെടാ പുറത്തെന്ന്..."പറഞ്ഞ്‌ പാപ്പനെ പുറത്താക്കിയിട്ടുള്ള നിർമ്മലഹൃദയനാണ്‌ എന്റെ പിതാജി.

വീട്ടുകാരുടെ കടുത്ത എതിർപ്പുകൾക്ക് ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യക്ക്‌ ആണവകാറിൽ ഒപ്പിടാൻ കഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ കഷ്ടപ്പെട്ടിട്ടാണ്‌ ഞാൻ വിവാഹപെർമിഷൻ ഒപ്പിച്ചെടുത്തത്‌.

എന്തായാലും അഭിലാഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.... വിസിറ്റ്‌ വിസക്ക്‌ വന്നവനു കൊള്ളാവുന്ന ശംബളത്തിൽ ഇംഗ്ലീഷുകാരന്റെ കമ്പനീൽ അപ്പോയ്‌മന്റ്‌ ലെറ്റർ കിട്യാലും ഏതായാലും ഇത്‌ കയ്യിലുണ്ട്‌ എന്നാപിന്നെ ഒന്നുകൂടെ നോക്കാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് തോന്നി ഈജിപ്ഷ്യന്റെ കമ്പനീൽ അപേക്ഷകൊടുക്കണപോലെ... കല്യാണക്കാര്യമല്ലേ ഒന്നുകൂടി നോകിക്കളായാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് ഒരു ദുർബല നിമിഷത്തിൽ എന്റെ മനസ്സിൽ ആവശ്യമില്ലാതെ വെറുതേ ഒരു ചിന്ത പൊട്ടിമുളക്കേം ചെയ്തു....

രാവിലെ പാപ്പനേം കൂട്ടി മൂന്നാലിടത്ത്‌ പോയി പെണ്ണുകണ്ടു....ഹേയ് ഇന്തൊന്നും ഇമ്മൾടെ കൺസപ്റ്റിനു ചേരുന്നതല്ലെന്ന് കയ്യോടെ വീട്ടിലേക്ക് പാപ്പൻ ഫോൺചെയ്തു പറഞു. വെൾലം കുടിച്ചതും വണ്ടിയോടിയ്തും മിച്ചം. അടുത്തത്‌ ചന്ത്രാപ്പിന്നിയിലാണ്‌.വണ്ടി നേരെ അങ്ങോട്ടു വിട്ടു.... ബ്രോക്കർ പറഞ്ഞസമയത്ത്‌ ചന്ത്രാപ്പിന്നി സെന്ററിൽ നിൽപ്പുണ്ട്‌.അയാൾ പറഞ്ഞ ഇടവഴിലൂടെ വണ്ടി മുന്നോട്ട്‌ നീങ്ങി. ഒടുവിൽ ഒരു കൊള്ളാവുന്ന വീടിന്റെ മുമ്പിൽ എത്തി.

"കൊള്ളാം വീടുകണ്ടിട്ട്‌ ഇമ്മളേക്കാൾ സെറ്റപ്പുണ്ട്‌..."പാപ്പൻ പറഞ്ഞു.

"നിങ്ങൾ ഇവിടിരി ഞാൻ പോയേച്ചും വരാം..."ബ്രോക്കർ വീട്ടുകാർക്ക്‌ ഞങ്ങൾ ഗേറ്റിൽ കാത്തുനിൽക്കുന്ന ഇൻഫർമേഷൻ പാസുചെയ്യുവാൻ പോയി...ഒരു അഞ്ചുമിനിറ്റിനകം ആൾ പച്ചക്കൊടിയുമായി തിരിച്ചെത്തി.. വീടുകൊള്ളാം...പെണ്ണിന്റെ അമ്മയും അമ്മാവനും ഞങ്ങളെ സ്വീകരിച്ചു...

"ഞങ്ങൾ പണ്ടേ തറവാടികളാ..."എന്ന രീതിയിൽ ഉള്ള ആത്മപ്രശംശ ഒട്ടും കുറക്കാതെ അമ്മാവൻ തറവാട്ടുചരിത്രത്തിന്റെ ഏടുമറിക്കാൻ തുടങ്ങി. ഇതിനിടയിൽ ചായ വന്നു.. ചായകുടിച്ചു കുടിക്കിടയിൽ പെണ്ണു വന്നു "ദാ എന്നെ കണ്ടോളൂ എന്ന് പറയാതെ പറഞ്ഞ്‌ ഞങ്ങൾക്ക്‌ മുമ്പിൽ നിന്നു. കൊള്ളാം തരക്കേടില്ല...നല്ല നിറം..പൊക്കവും ഉണ്ട്‌..മുടിയും ഉണ്ടെന്ന് തോന്നുന്നു....ഒരു സംയുക്താവർമ്മയുടെ ലുക്ക്‌... വീട്ടുകാർ എന്റെ ഫുൾ ഹിസ്റ്ററി അവൾ നിൽക്കലെ ചോദിച്ചറിയ്ന്നതിനിടയിൽ.

"അതേ അവർക്ക്‌ വല്ലതും സംസാരിക്കാൻ ഉണ്ടേൽ.."ബ്രോക്കർ ഇടക്ക്‌ കയറി. എനിക്ക്‌ അതുകേട്ടപ്പോൾ അയാളോടെ എന്തോണ്ടാന്നറിയില്ല വല്യ താൽപര്യം തോന്നി.എത്രയോ പെൺപിള്ളാരുമായി സംസാരിച്ചിരിക്കുന്നു എന്തിനു ഇന്നുതന്നെ മൂന്നാലിടത്തു പെണ്ണുകണ്ടു എന്നാലും എന്തോ ഈ പെണ്ണിനെ കണ്ടപ്പോൾ മനസ്സിൽ ചുമ്മാ ഒരു പെടപ്പ്‌....കഞ്ഞിപ്പശമുക്കി ചിരട്ടപെട്ടിയിൽ തേച്ചുമിനുക്കിയ ചോദ്യങ്ങൾ മനസ്സിൽ അടുക്കിവച്ചിട്ടുണ്ടെങ്കിലും ഒരു ശങ്ക... സംഗതി ചില പരിഭ്രമം ഉണ്ടെങ്കിലും മനസ്സിൽ നല്ല സന്തോഷവും ഉണ്ട്‌..പക്ഷെ അത്‌ അധികം നീണ്ടില്ല...ഒരു അമിട്ട്‌ വിരിയുന്ന നേരം കൊണ്ട്‌ അതങ്ങ്‌ പോയിക്കിട്ടി.

"അല്ല അതുപിന്നീടാകാം...ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ...അവൾടെ കൂടേ താൽപര്യം അറിയണമല്ലോ"പെണ്ണിന്റെ അമ്മാവൻ പറഞ്ഞു.

"എന്നാൽ ശരി....നിങ്ങൾ വിവരം അറിയിക്ക്‌." എന്ന് പറഞ്ഞ്‌ പാപ്പനും ഞാനും ബ്രോക്കറും കൂടെ പുറത്തോട്ട്‌ ഇറങ്ങി..ചുമരിൽ പിടിച്ച്‌ ഷൂസിന്റെ വള്ളികെട്ടുന്നതിനിടയിൽ ഒന്നുകൂടെ ആ വർമ്മയെ നോക്കി പുഞ്ചിരിച്ചു....

"അതേ പെണ്ണുമായി ഒന്ന് സംസാരിക്കാൻ ഗ്യാപ്പുണ്ടാക്കണം..." പോരുന്ന വഴിക്ക്‌ ബ്രോക്കറുടെ പോക്കറ്റിൽ നന്ദിസൂചകമായി ജോർജ്ജൂട്ടിയെ തിരുകിവക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"അതു ഞാൻ ഏറ്റു..."അയാൾ ചിരിചുകൊണ്ട്‌ പറഞ്ഞു.

വൈനേരം അന്തിക്കാട്ട്‌ ദീപാ ബേക്കറിയിൽ നിന്നും കൊള്ളിവർത്തതും പ്ലം കേക്കും വാങ്ങി തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബ്രോക്കർ വന്നു പറഞ്ഞു. "അദേ അവർ വിളിച്ചിരുന്നു...ദാ ഈ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു.പെൺകുട്ടിക്ക്‌ സംശാരിക്കണത്രേ" ദാസേട്ടോ ദേ ഇങ്ങേർക്ക്‌ ഒരു ജ്യൂസും പഫ്സും കൊട്‌ ഞാൻ ദേ വരണൂ.കെ.കെ മേനോന്റെ ബസ്സിനു മുമ്പിലൂടെ അതിനെ മറികടന്നുവന്ന ബൈക്കിടിക്കാതെ എങ്ങനാന്നറിയില്ല ഞാൻ ബൂത്തിൽ കയറിയത്‌.

"ഹലോ..." "ങാ ഇതു പിന്നെ....രാവിലെ വന്നിരുന്നില്ല.." "ങാ..മോനാണോ....ഞാൻ മോൾക്ക്‌ കൊടുക്കാം." ഹോ ..എന്തൊരു നല്ല അമ്മായിയമ്മ. എനിക്ക്‌ അവരോട്‌ മതിപ്പുതോന്നി....

മുമ്പു പെണ്ണുകാണാൻ പോയിടത്തെ അമ്മായിയമ്മ ഇത്രയും സ്നേഹം ഒന്നു കാണിച്ചില്ല. അതോണ്ടെ ഇതു തന്നെ ഉറപ്പിക്കാം... (മേൽ പറഞ്ഞ ടീം ഫോൺ എടുത്താൽ പിന്നെ അവർക്ക് നൂറുകൂട്ടം കാര്യങ്ങൾ പറയാൻ ഉണ്ടാകും പെൺകുട്ടിയോട് സംസാരിക്കാൻ തീരെ ഗ്യപ് തരാറില്ല. അവരാണിപ്പോഴത്തെ അമ്മായിയമ്മ..കല്യാണം കഴിഞതോടെ അവർ സംസാരം കുറച്ചു ഞാനാന്ന് അറിഞാൽ ലാ നിമിഷം ഫോൺ അവൾടെ കയ്യീകൊടുത്ത് കക്ഷി രംഗം വിടും!!! എന്തൊരു ചെയ്ഞ്ച്!)

"ഹലോ.."മറുതലക്കൽ ഒരു കിളീനാദം.. "ങാ ഞാനാണ്‌...പിന്നെ രാവിലെ ചിലത്‌ ചോദിക്കണം ന്ന് കരുതിയിരുന്നു..."

"ഉം"

"പഠിപ്പ്‌ ഇനിയും തുടരുവാനാണോ പരിപാടി...."

"ഉം..പോളികഴിഞ്ഞു ഓപ്പൺ ഡിഗിർ എടുത്തു..ഇനി എം എ ചെയ്യണം എന്ന് ഉണ്ട്‌..." “ഏത് ഈയ്യറിലാ പോളീൽ പഠിച്ചേ?”...അങ്ങിനെ സംസാരം നീണ്ടു..മീറ്ററിൽ ബില്ലും കൂടിക്കൊണ്ടിരുന്നു..അധികം നീട്ടിക്കൊണ്ടുപോക്കാൻ പറ്റില്ലല്ലോ..ഇമ്മക്ക്‌ ഒരുമദ്യാദയില്ലേ..ഒന്നുമില്ലേലും ആ അമ്മ എന്തുവിചാരിക്കും..ഞാൻ പിന്നീട്‌ വിളിക്കാന്ന് പറഞ്ഞ്‌ കട്ട്‌ ചെയ്തു. "ബ്രോക്കറോട്‌ എനിക്ക്‌ എന്തെന്നില്ലാത്‌ ബഹുമാനം തോന്നി"അത്‌ ഉള്ളിലൊതുക്കി ശ്രദ്ധിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ ബ്രോക്കറുടെ അടുത്തെത്തി.

"ഇമ്മക്ക് സിം‌ലവരെ ഒന്ന് പോയാലോ? തുള്ളിയടിക്കല്ലെ” അടുത്ത ഓട്ടോർഷ വിളിച്ച്‌ മനോജിനേം കൂട്ടി കാഞ്ഞാണിക്ക്‌ തിരിച്ചു.

"ദേ ചേട്ടൻ എന്താന്നു വച്ചാൽ കഴിച്ചോളണം... “നമ്മക്കങ്ങനെ ഫോമാലിറ്റി ഒന്നും ഇല്ല" എന്തൊരു അനുസരണയുള്ള മനുഷ്യൻ...പറഞ്ഞതുപോലെ തന്നെ വിത്തിൻ ഫിഫ്റ്റീൻ മിനിറ്റ്‌ ആൾ ചുട്ടപറ്റ്‌.

"ഡാ ബുഡ്ഡ ഷാളായീന്നാ തോന്നുന്നേ"മനോജ്‌ പറഞ്ഞു.(അടിച്ച്‌ പൂസായി മറ്റുള്ളവരുടെ തോളിൽ കിടന്ന് ബാറീന്നിറങ്ങുന്നവരെ തൃശ്ശൂർക്കാർ പറയുന്നതാണീ ഷാൾ ന്ന്) മനോജ്‌ ആ ഷാളെടുത്ത്‌ തോളിലിട്ടു ഓട്ടോയിൽ വന്നിരുന്നു. പോണവഴിക്ക്‌ ഓട്ടോർഷ പാംതോടിനു മുമ്പുള്ള കനാലിലെ "ഹമ്പ്‌"കടന്നതും ഷാൾ വാൾ വെച്ചു. വീടെത്തിയപ്പോഴേക്കും ഷാൾ പാമ്പായി രൂപാന്തരം പ്രാപിച്ചിരുന്നു. ഷാൾ മാളത്തിലേക്ക്‌ ഇഴഞ്ഞുപോയീന്ന് ഉറപ്പുവരുത്തി ഞങ്ങൾ പിടുത്തം വിട്ടു.

രാത്രി സ്വസ്ഥമായി പരസ്യമില്ലാത്ത സ്വപ്നങ്ങൾ കണ്ട്‌ കിടന്നുറങ്ങി...നേരം വെളുത്തു അറിഞ്ഞില്ല... "മാമൻ പാടത്തിക്ക്‌ പോണില്ലേ?"കസിൻ സിസ്റ്ററുടെ മകൾ വിളിച്ചുണർത്തി.ഇനി ഉച്ചക്കേ വല്ലതും വയറ്റിൽ എത്തൂ എന്ന് നല്ലോണം അറിയാവുന്നതുകൊണ്ട്‌ അതും കണക്കാക്കി പുട്ടും കടലയും വെട്ടിവിഴുങ്ങി നേരെ വിട്ടു പാടത്തിക്ക്‌.. ആറാട്ടുപുഴ പൂരം നിരത്തിയപോലെ പെണ്ണുങ്ങൾ കണ്ടത്തിൽ ഞാറു നടാൻ റെഡിയായി നിരന്നു നിൽക്കുന്നു...

"ടാ എന്തായി നിന്റെ പെണ്ണുകാണൽ" വരമ്പത്തുക്കൊടെ പോകായിരുന്ന സരുവെല്ലിമ്മയുടെ ചോദ്യം..നല്ല ഒന്നാംതരം ബി.ബിസിയാണീ സരുവെല്ലിമ്മ. "ചന്ത്രാപ്പന്നീൽ ഒരെണ്ണം കണ്ടു.. അതേതാണ്ട്‌ ഉറച്ചമട്ടാ.. ഇനി കാർന്നമ്മാരു തീരുമാനിക്കട്ടെ"പാടത്ത്‌ ഞാറുനടാൻ വന്ന പെണ്ണുങ്ങൾക്ക്‌ ഞാറ്റുമുടി എറിഞ്ഞുകൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"എന്നാപിന്നെ ഈ വെയിലുകൊണ്ട്‌ കറക്കാണ്ടെ നീ വല്ല തണലത്തുപോയി നിക്കടാ ചെക്കാ.." "അയ്നു അവനിനി വെയ്ലുകൊണ്ട് കർത്താലും വെളുത്താലും എന്താ കുഴപ്പം നല്ല കലാഭവൻ മണീടെ പോലത്തെ ഗ്യാരണ്ടികളറല്ലേ?"ശാരദേച്ചീടെ കമന്റ്‌ വന്നു.

"ട്യെ ശാരദേ നീ അറിഞ്ഞോ ആ സോമന്റെ മോൾടെ കാര്യം.."വളരെ ലൈറ്റായി ആ പെൺകുട്ടീടെ കഴിഞ്ഞ ആഴ്ചത്തെ കാര്യങ്ങൾ സഞ്ചാരം എപ്പിസോഡ്‌ പോലെ വിശദമായി അവിടെ ഉള്ളവരോട്‌ വിശദീകരിച്ചു. ദാ ഇതാണ്‌ സരുവെല്ലിമ്മ.... പാടത്തുപണികഴിഞ്ഞു വൈകുന്നേരം മോഹനേട്ടന്റെ മീൻ ഏയ്റ്റീമേ കുടുമ്പത്ത്‌ പോയി കുളിക്കാൻ നിക്കുമ്പോൾ വീട്ടിലുള്ളവർ പറഞ്ഞു.

"ടാ അതേ ചന്താപ്പിന്നീൽ പോയില്ലെ അതു ശരിയാവില്ല"

"അതെന്തുപറ്റി.." "അത്‌ ചേട്ടനെ പെണ്ണിനു ഇഷ്ടായില്ലാന്നു....നിറം പോരാത്രേ"മേമയുടെ മകളുടെ വിശദീകരണം. "നിന്നോട്‌ ആരാ പറഞ്ഞേ?"

"സരുവെല്ലിമ്മേട അവിടെ വച്ച്‌ ആ ബ്രോക്കറുടെ പെണ്ണു പറഞ്ഞതാ" "ങേ അപ്പോൾ ഞാൻ അവളൊട്‌ ഇന്നലെ ഇത്രയും നേരം സം്സാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ" എന്ന് പറയാൻ തോന്നിയെങ്കിലും അത്‌ ഉള്ളിലൊതുക്കി. പെണ്ണിനു ഇഷ്ടം അല്ലാന്നു പറഞ്ഞതിൽ അല്ലായിരുന്നു ദുഃഖം അത്‌ സരുവെല്ലിമ്മ കേട്ടതിൽ ആയിരുന്നു.അന്തിക്കാടുപടവുമുതൽ അലപ്പാട്‌-പുള്ള്‌ വരെയുള്ള പാടത്തുപണിക്കുവെരുന്ന പെണ്ണുങ്ങൾ അറിയും...അറിഞ്ഞാൽ പിന്നെ ഈ സീസണിൽ പാടത്തെന്നല്ല അന്തിക്കാട്‌ പ്രദേശത്ത്‌ ഇറങ്ങിനടക്ക്‌ആൻപറ്റില്ല.... കുളിക്കാൻ മിനക്കെടാതെ മോഹനേട്ടന്റെ മീൻ 80 യിൽ അതിന്നുവരെ ഓടാത്തത്ര സ്പീഡിൽ ഓടിച്ച്‌ ബ്രോക്കറെ പോയി കണ്ടു.

"അതിപ്പോ ഞാനെന്തു ചെയ്യാനാ..ചെക്കനു നിറം പോരാന്ന് പെൺകുട്ടി പറഞ്ഞൂത്രേ" നമ്മുടെ ബ്രോക്കറേട്ടൻ പഴം പരുവത്തിൽ വീടിന്റെ ഉമ്മറത്തിരുന്നു പറഞ്ഞു.

"അവളോട്‌ വിളിച്ചു ചോയിച്ചിട്ടു തന്നെ കാര്യം..."ഞാൻ മോഹനേട്ടനോട്‌ പറഞ്ഞു. "അതേ ഇനിയിപ്പോൾവിളിക്കാനുമ്പറയാനും നിക്കണ്ട..ഇമ്മൾ ആദ്യം ക്ണ്ടതിനു എന്താ കുഴപ്പം..നീയല്ലേ പറഞ്ഞേ നിനക്ക്‌ അയ്നെ മതീന്ന്"

"അയ്നു അവർ മറുപടയോ തരാത്തോണ്ടല്ലേ?"

"അതൊക്ക്കെ ശരിയാവും വാ ..."മോഹനേട്ടൻ എന്നെം കൊണ്ട്‌ നേരെ അന്തിക്കാട്ടു കുളത്തിലേക്ക്‌..നന്നായി ഒന്ന് മുന്ന്ദിക്കുളിച്ചു .. വരണ വഴിക്ക്‌ പതിവുപോലെ കക്ഷി ഒരു ലക്ഷണം നോക്കി പറയുന്ന ഇടത്തെത്തി.മോഹനേട്ടൻ അങ്ങനാണ്‌ വിഷമം വന്നാലും സന്തോഷം വന്നാലും പണിക്കരെ കാണും( ഈ കഥാപാത്രത്തെ വല്ലാണ്ടെ വിശദീകരിക്കുന്നില്ല..എന്നെങ്കിലും സത്യേട്ടൻ അത്‌ സിനിമയിൽ ആക്കിയാലോ? അത്രക്ക്‌ നല്ല ഒരു കഥാപാത്രമാണ്‌ മോഹനേട്ടൻ)

"ആദ്യം കണ്ടതു തന്നെ മോഹനാ..ഇവർക്ക്‌ തമ്മിൽ ഇഷ്ടമാന്നേ..ഇതെന്നെ നടക്കും പിന്നെ എന്തിനാ ഈ പുലിവാലിനോക്കെ നിക്കണേ" രാശിനോക്കി അവർ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടി..കാരണം മറ്റൊന്നും അല്ല ആദ്യം കണ്ടപെൺകുട്ടിയെ മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്‌.(ആ കഥ പിന്നീട്‌)പക്ഷെ ഇവർ ഇതെങ്ങിനെ മനസ്സിലാക്കി.. വിശലേട്ടൻ പരായുന്നമാതിരി ഹൗ എവർ ആ കല്യാണം നടന്നു...ഹപ്പിയായി സ്നേഹക്കൊടലോണ്ട് സദാതല്ലൂടി ജീവിക്കുന്നു.....

സംഗതി എന്തായാലും സരുവെല്ലിമ്മ പിറ്റേന്നുതന്നെ ആവശ്യമായ ഇൻഗ്രേഡിയൻസ്‌ ചേർത്ത്‌ അന്തിക്കാട്ടെ വിശാലമായ കോൾപടവിലേക്ക്‌ ആ വാർത്ത പ്രക്ഷേപണം ചെയ്തു.കേട്ട പെണ്ണുങ്ങൾ അത്‌ റീപ്രക്ഷേപണം നടത്തി.ചുരുക്കിപ്പറഞ്ഞാൽ പാടത്തു കണ്ണുതട്ടാതിരിക്കാൻ വെച്ച നോക്കുകുത്തിവരെ എന്നോട്‌ "ചന്ത്രാപ്പിന്നീൽ പെണ്ണുകാണാൻപോയിട്ട്‌ എന്തൂട്ടാ ഇണ്ടയേ?" എന്ന് ചോദിക്കുന്ന അവസ്ഥവന്നു. എത്രെം വേഗം ലീവുതീർത്ത്‌ പോയാമതീന്നായി എനിക്ക്‌. ഈ സംഭവം കഴിഞ്ഞ്‌ അന്തിക്കാട്‌ പാടത്ത്‌ മൂന്നാലുതവണ ഞാറിടലും കൊയ്ത്തും ഒക്കെ കഴിഞ്ഞു....പലതവണാ വിസിറ്റു പുതുക്കാൻ ഞാൻ നാട്ടിൽ വന്നുപോയി....എന്റെ കല്യാണവും കഴിഞ്ഞു..കല്യാണം കഴിഞ്ഞു വിരുന്നിനു പോകുന്ന സമയം...

ഒരീസം ഇരിങ്ങാലക്കുടയിൽ ഉള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നാഷ്ണൽ ഹൈവേ ഒഴിവാക്കി (എന്തിനാ വെറുതെ നവദമ്പതികൾ ലിമിറ്റഡ്‌ സ്റ്റൊപ്പിടിച്ച്‌ മരിച്ചു എന്ന് പത്രക്കാർക്ക്‌ എഴുതുവാൻ ഇടനൽകുന്നേൻങ്കരുതി മാത്രം) ഇടവഴിലൂടെ വരുന്ന സമയം "ചന്ത്രപ്പനീലുള്ള അമ്മായീടെ വീട്ടിൽ പോണം" ചന്ത്രപ്പനീന്ന് കേട്ടതും എനിക്ക്‌ ഒരു കലിപ്പ്‌ വന്നു.

"പിന്നെ പോകാം"സംസാരത്തിൽ അതുവരെ ഉണ്ടായിരുന്ന സൗമ്യത "ഠേ"ന്ന് മാറി.

"പിന്നെ അയ്നായിട്ട്‌ വരാൻ നിക്കണ്ട.... എനിക്കിപ്പോ തന്നെ പോണം....ദാ ഇതിലേ ആദ്യത്തെ ലെഫ്റ്റ്‌ എടുത്ത്‌ പോയാമതി.. പോയില്ലേൽ ആന്റിക്ക്‌ വിഷമമാകും"അവൾ നിർബന്ധിച്ചു. മനസ്സിലാമനസ്സോടെ വണ്ടി തിരിച്ചു. ഈശ്വരാ ഇതു പണ്ടു പെണ്ണുകാണാൻ വന്ന വീടിന്റെ അടുത്തണല്ലോ...മുന്നോട്ടുപോകും തോറും വണ്ടിക്ക്‌ വേഗത കുറഞ്ഞു. ഒന്നുരണ്ടുതവൺ സ്പീഡ്‌ കുറഞ്ഞതിനു എഞ്ചിൻ എന്നെ അതിന്റെഭാഷയിൽ ചീത്തവിളിച്ചു. ഒടുവിൽ എത്തിയത്‌ മുമ്പ്‌ പെണ്ണുകാണാൻ പോയ വീടിന്റെ തൊട്ടടുത്ത ഗേയ്റ്റിൽ.

“അപ്പുറത്തുള്ളവർ ആരെങ്കിലും കാണാവോ?“ എന്റെ മനസ്സിൽ ഒരു പെടപെടപ്പ്‌.ഹണിമൂണിനിടയിൽ ഈ പഴങ്കത അവളറിയാതെ പൊതിഞ്ഞുവച്ചതിന്റെ ബുദ്ധിമുട്ട്‌ എനിക്കേ അറിയൂ.അറിഞ്ഞാൽ എന്റെ ഇമേജ്‌ എന്താവും....പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? സോമനാഥ ചാറ്റർജിയെ മാർക്കിസ്റ്റാർ കാണുന്നപോലെ ആവില്ലേ ഇവൾ എന്നെ കാണുക...

"അപ്പോൾ എന്നെ ഇഷ്ടാന്ന് പറഞ്ഞിട്ട്‌ വേറെ കല്യാണത്തിനു ശ്രമിച്ചു അല്ലേ? വഞ്ചകാ..ദുഷ്ടാ.." ഈ ഒരു ചോദ്യം അവൾ ചോദിക്കുന്നതായി ഞാൻ പലതവണ ദു:സ്വപനം കണ്ടിട്ടുള്ളതാണ്‌. ആന്റി വാതിക്കൽ തന്നെ ഉണ്ടായിരുന്നു.ഭാഗ്യം..അപ്പർത്തെ വീട്ടിലേക്ക്‌ നോക്കാതെ വണ്ടി അവരുടെ പോർച്ചിൽ നിർത്തി പരമാവധി സ്പീഡിൽ അവരുടെ വീടിനകത്തേക്ക്‌ കയറി. വിശേഷങ്ങൾ ചിപ്സിന്റെയും മിക്ചറിന്റേയും ഇടയിലൂടെ പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.ഇതിനിടയിൽ അവൾ ഒരു ചോദ്യം എടുത്തിട്ടു.

"ആന്റി അപ്പുറത്തെ വീട്ടിലുള്ള സംയുക്താവമ്മേടെ പോലത്തെ കുട്ടീടെ കല്യാണം കഴിഞ്ഞോ?" എന്താന്നറിയില്ല ആ ചോദ്യം എന്റെ ചെവിയിൽ കേട്ടതും അതുവരെ സ്മൂത്തായി കുടിച്ചോണ്ടിരുന്ന ചായ തെരുപ്പിൽ കയറി... കാലിൽ നിന്നും ഒരു പെരുപ്പ് മുകളിലേക്ക്.....

"അതേ ഇവിടെ വരണ ചെക്കന്മാരെ ഒന്നുമവൾക്ക്‌ പിടിച്ചോടന്നില്ല, മോൻ അറിയാവോ നിങ്ങൾടെ അടുത്തുന്ന് ഒരു നല്ല ആലോചന വന്നിരുന്നു. ബഹ്‌റൈനിൽ ഉള്ള ഒരു ചെക്കന്റെ ആലോചന ഏതാണ്ട്‌ ഉറച്ചതാ ....ഒടുവിൽ ചക്കനു നിറം ഇല്ലാന്നു പറഞ്ഞ്‌ ഒഴിഞ്ഞു." ചായ തെരുപ്പിൽ പോയി ചുമക്കുന്നതിനിടയിൽ ആ ചോദ്യം ഞാൻ അവഗണിച്ചു.

"എന്നിട്ട്‌?" കല്യാണം കഴിഞ്ഞുമൂന്നുവർഷമായി കഴിഞ്ഞ ഓഗസ്റ്റ്‌ 28 നു കാണാൻ തുടങ്ങീട്ട്‌ നാലരകൊല്ലവും അതിനിടയിൽ ഒന്നും ഇല്ലാത്ത ഒരു ഉത്സാഹത്തോടെ അവൾടെ ചോദ്യം. "ഒരു ബസ്സിന്റെ കണ്ടക്ട്രറുകൂടെ ഓടിപ്പോയി. അയാൾക്ക്‌ നല്ല പ്രയം ഉണ്ട്... വേറെ ഭാര്യം രണ്ട് കുട്ട്യോളും ഉണ്ട്‌.." യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ എന്താന്നറിയില്ല അവരുടെ മുറ്റത്തുനിന്ന് ഞാൻ പലതവണ തൊട്ടടുത്തുള്ള വീട്ടിലേക്ക്നോക്കി... തിരക്കുണ്ടെന്നു പറഞ്ഞാണു പുറത്തെക്കിറങ്ങിയ്തെങ്കിലും ആ മുറ്റത്തു നിന്നു അടുത്ത വീട്ടിലേക്കു നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊ ഒരു മനസമാധാനം.......

പാരമൊഴി: "ഈ കുന്ത്രാണ്ടം വായിക്കനൊന്നും എനിക്ക്‌ സമയം ഇല്ല " എന്ന എന്റെ ഭാര്യയുടെ ഒറ്റ വാക്കിന്റെ വിശാസത്തിൽ ആണ്‌ ഈ കഥ ഞാൻ ഇവിടെ എഴുതുന്നത്‌.കുടുമ്പം കലക്കികൾ ഇത്‌ അവൾടെ ശ്രദ്ധയിൽ പെടുത്തരുത്‌..പ്ലീസ്‌ ഇമ്മളായിട്ട് വെറുതെ എന്തിനാ കുടുമ്പകോടതീൽ ഒരു കേസുകൂടെ തീർപ്പാകാതെ കിടത്തുന്നെ?

Monday, September 08, 2008

പൊന്നപ്പ-കത്രീനമാര്‍ക്ക്‌ സ്വീകരണം

പ്രിയരേ,
ആണ്ടോടാണ്ട്‌ ബ്ലോഗര്‍മാര്‍ തമ്മില്‍ ഒരു വിവാഹമെങ്കിലും നടക്കുന്നുണ്ട്‌ എന്നത്‌ വിവാഹിതര്‍ ക്ലബ്ബിലെ അംഗങ്ങള്‍ക്ക്‌ തീര്‍ച്ചയായും സന്തോഷിക്കാവുന്ന കാര്യമാണ്‌.

പൊന്നപ്പന്‍ ദി "അളിയന്‍" കല്യാണം കഴിക്കുമെന്ന ചില സൂചനകള്‍ തന്നിരുന്നെങ്കിലും ശരിക്കും അത്‌ സംഭവിച്ചെന്നും ബൂലോഗവാസിനിയായിരുന്ന കുമാരി കൂടോത്രം കത്രേനയെ ആണ്‌ ഇദ്ദേഹം വിവാഹം കഴിച്ചതെന്നും ഇന്ന് സിജുവിനെ പോസ്റ്റില്‍ നിന്നാണ്‌ അറിഞ്ഞത്‌. തത്സമയം വിവാഹിതര്‍ സംഗതികള്‍ അറിയാതെ പോയതിനാല്‍ അല്‍പ്പം താമസിച്ചാണെങ്കിലും ഇവിടെ, ഈ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ പൊന്നപ്പക്കത്രീനമാരുടെ റിസപ്ഷന്‍ ഈ വരുന്ന സെപ്റ്റംബര്‍ പതിനൊന്നിനു രാവിലേ നടത്തുന്നതായിരിക്കും.

സംഘാടകരും കാര്യവാഹികളും:
1. ക്ഷണക്കത്ത്‌ - അഞ്ചല്‍ക്കാരന്‍
2. ഗതാഗതം- തഥാഗതന്‍
3. പുഷ്പാലങ്കാരം- മുല്ലപ്പൂ
4. പാചകം- നളപാചകം ക്ലബ്‌
5. ഉന്മാദം- മദ്യാക്ഷരി ക്ലബ്‌
6. മേക്കപ്പ്‌- സപ്തവര്‍ണ്ണങ്ങള്‍
7. സുരക്ഷാ നടപടികള്‍- പച്ചാളം
8. വൈദ്യുതാലങ്കാരം- തറവാടി
9. നിശ്ചല ഛായാഗ്രഹണം- കുമാര്‍
10. ചല ഛായാഗ്രഹണം-ഏറനാടന്‍
11. മീഡിയ കോര്‍ഡിനേറ്റര്‍- കുഴൂര്‍ വിത്സന്‍
12. ഖജാന്‍ജി- നിഷ്കളങ്കന്‍

കാര്യപരിപാടികള്‍
സെപ്തംബര്‍ പതിനൊന്നിനു രാവിലേ പത്തു മണിക്ക്‌- പൊന്നപ്പനെയും
വധുവിനെയും ബൂലോഗ വര്‍മ്മമാരുടെ താലപ്പൊലി സഹിതം സ്വീകരിച്ച്‌ ക്ലബ്‌ മണ്ഡപത്തിലേക്ക്‌ ആന നയിക്കുന്നു.

പത്ത്‌ പതിനഞ്ച്‌: ഈശ്വര പ്രാര്‍ത്ഥന - ഈ. എ. ജബ്ബാര്‍ മാസ്റ്റര്‍

പത്ത്‌ ഇരുപത്‌: വിവാഹം കഴിച്ച ബ്ലോഗര്‍മാര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച്‌ ബ്ലോഗ്‌ അക്കാഡമി നടത്തുന്ന പ്രഭാഷണം.

പത്ത്‌ മുപ്പത്‌: കുടുംബ ബഡ്ജറ്റ്‌ യൂണിക്കോഡില്‍ എങ്ങനെ എഴുതാം- നിഷാദ്‌ കൈപ്പള്ളി സംസാരിക്കുന്നു.

പത്ത്‌ നാല്‍പ്പത്തഞ്ച്‌: കൈപ്പള്ളിയുടെ കയ്യില്‍ നിന്നും മൈക്ക്‌ തട്ടിപ്പറിച്ച്‌ ഇറക്കിവിടല്‍

പത്ത്‌ അമ്പത്‌: വിവാഹശേഷവും എങ്ങനെ മുടങ്ങാതെ ബ്ലോഗ്‌ എഴുതാം എന്നതിനെപ്പറ്റി ബിരിയാണിക്കുട്ടി, പുല്ലൂരാന്‍, ശനിയന്‍ തുടങ്ങിയവര്‍ നയിക്കുന്ന ചര്‍ച്ച.

പതിനൊന്നു മണി: ഹാളില്‍ ബുഫേ, ടെറസ്സില്‍ കുപ്പി പൊട്ടിക്കല്‍, വെളിയില്‍ പുകവലി, സ്റ്റേജില്‍ എന്തു വേണേല്‍ നടത്താം, ആരും ശ്രദ്ധിക്കില്ല.

പതിനൊന്ന് പതിനഞ്ച്-സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ബ്ലോഗില്‍ അനോണി കമന്റ് ഇടുന്നത് ധാര്‍മ്മികമായി ശരിയോ? ദമതി ബ്ലോഗര്‍മാരുട്റ്റെ വിചിന്തനം

പതിനൊന്ന് മുപ്പത്‌: പൊന്നപ്പനും വധുവിനും ഓരോ കോടി മുണ്ട്‌ സമ്മാനിക്കുന്നു (പണ്ട്‌ മുണ്ട്‌ കിട്ടിയ യൂ ഏ ഈ സംഗമക്കാര്‍ ആരെങ്കിലും വെറുതേ പൊടിപിടിക്കാതെ ആ മുണ്ട്‌ തന്ന് സഹായിക്കുക)

പതിനൊന്ന് നാല്‍പ്പത്‌:- നൂറ്‌ അനോണിക്കമന്റുകള്‍ ചേര്‍ത്തുണ്ടാക്കിയ മംഗളപത്രം അനോണി മാഷ്‌ വായിക്കുന്നു. ശേഷം പത്രം അരൂപിക്കുട്ടന്‍ ദമ്പതികള്‍ക്ക്‌ കൈമാറുന്നു.

പതിനൊന്ന് നാല്‍പ്പത്തഞ്ച്‌ : മംഗള ശ്ലോകം- യാത്രാമൊഴി.

പന്ത്രണ്ടു മണി :ഗാനമേള. കിരണ്‍, ബഹുവ്രീഹി ആന്‍ഡ്‌ കമ്പനി (കമ്പനിക്ക്‌ ആര്‍ക്കും കൂടാം)

ഒരുമണി- ആഡിറ്റോറിയം പൂട്ടല്‍

വിവാഹിതരും അവിവാഹിതരും വിവാഹം കഴിച്ചതാണോ എന്നു വെളിപ്പെടുത്താത്തവരുമടക്കം സകലരെയും ഈ ക്ലബ്ബിലെ ഓരോ അംഗത്തിന്റെയും പേരില്‍ ഞാന്‍ ഈ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നു. സ്വന്തമായി ബ്ലോഗുള്ളതും അല്ലാത്തതുമായ അനോണിമാര്‍ക്കും വര്‍മ്മകള്‍ക്കും സ്കീ മാസ്കോ മഫ്ലറോ ധരിച്ച്‌ ചടങ്ങില്‍ സംബന്ധിക്കാവുന്നതാണ്‌. വിവിധ രാഷ്രീയ വീക്ഷണക്കാര്‍, വിശ്വാസികള്‍, അവിശ്വാസികള്‍, അത്യന്താധുനികര്‍, പുരാതനര്‍, കവികള്‍, നിരൂപകര്‍ , ആധുനിക ചികിത്സകര്‍, ഹോമിയോപ്പതി, ആയുര്‍വ്വേദ, നാട്ടുവൈദ്യക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ സൈന്‍ വച്ച്‌ കമ്പി വേലി കെട്ടി തിരിച്ച ടേബിളുകളില്‍ മാത്രം ഇരുന്ന് ക്രമസമാധാന പാലനം സുഗമമാക്കാന്‍ അപേക്ഷിക്കുന്നു.
എന്ന്,
വിവാഹവിധേയന്‍,
ദേവന്‍ (s/d)

Thursday, April 10, 2008

അടിക്കുറിപ്പെഴുതി അടി വാങ്ങുക!


യു.എ.ഇ ബ്ലൊഗുപിക്നിക്‌ ദിനത്തില്‍ തറവാടി-വല്യമ്മായികളുടെ പ്രിയപ്പെട്ട വാവയുടെ പ്രാമില്‍ തീറ്റ സാധനങ്ങള്‍ കടത്തുന്ന ദിര്‍ബനെ തറവാടി വഴക്കുപറയുന്ന പോലെയാണു ഈ ചിത്രത്തില്‍ കാണുന്നത്‌.
"ഇതാണു പെരാമ്പുലേറ്റര്‍!
ചുരുക്കിപ്പറഞ്ഞാല്‍ "പ്രാം"
തറവാടി പറയുന്ന സംഭാഷണം എന്തായിരിക്കും?.
എല്ലാര്‍ക്കും സങ്കല്‍പ്പിച്ചെഴുതാം.
ഞാന്‍ സങ്കല്‍പ്പിച്ചതു കമണ്ടിലെഴുതിയിരിക്കുന്നു.
നല്ല കമന്റിനു ദില്‍ബന്റെ വക "പ്രത്യേക സമ്മാനം“ ഉണ്ടാവുംLabels: ,

Tuesday, February 05, 2008

വെട്ടൊന്ന് മുറി രണ്ട്

“നോക്കിക്കോ ഭാവീല്‍ പിള്ളാരു ചോറു തിന്നാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ പറയും
മര്യാദയ്ക്ക് ചോറു തിന്നില്ലേല്‍ അച്ഛന്റെ ബ്ലോഗ് വായിപ്പിക്കും”....

വികടസരസ്വതീ അതേ നിമിഷം വിളയാടി..

“സാരമില്ല അപ്പോള്‍ പിള്ളാരു പറയും അമ്മേ ഞങ്ങള്‍ അച്ഛന്റെ ബ്ലോഗ് വായിച്ചോളാം അമ്മയുണ്ടാക്കിത്തരുന്നത്
കഴിക്കുന്നതിലും ഭേദം അതാ” ന്ന്..


എന്തോ കുറേ നേരമായി ഒരു ശബ്ദവും കേള്‍ക്കുന്നില്ല...വാല്‍ക്കഷ്ണം: എന്തോ കല്യാണശേഷം തൂക്കം 54കിലോന്ന് 60 കിലോ ആയി.
പിള്ളാരു അങ്ങനെ പറയുമെന്ന പ്രതീക്ഷയും ഇല്ലാതായിത്തുടങ്ങി :(

Labels:

Monday, May 21, 2007

ഇത്‌ സത്യമോ ?

മലയാള മനോരമ പത്രത്തിലെ വാചക മേളയില്‍ ശ്രീമതി S. ശാരദക്കുട്ടി പറഞ്ഞ വാചകം ചുവടെ ചേര്‍ക്കുന്നു.

പെണ്‍ സുഹൃത്തുക്കളുണ്ടെന്ന് സമ്മതിക്കാനുള്ള ധൈര്യം പോലും കേരളത്തിലെ പല ആണുങ്ങള്‍ക്കുമില്ല്. കാമുകിയോ ഭാര്യയോ അല്ലാത്ത ഒരു സുഹൃത്തിനു ജീവിതത്തിന്റെ ആഹ്ലാദങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുമെന്ന സത്യം അറിയുന്നവരാണ്‌ ഇവരില്‍ പലരും. പക്ഷെ ചെറുപ്പകാലത്ത്‌ അധ്യാപകരും രക്ഷിതാക്കളും നിര്‍വ്വഹിച്ചുവന്ന റോള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഭാര്യ എറ്റെടുക്കുകയും ഈ പാവങ്ങള്‍ ഭയന്ന് തുടങ്ങുകയും ചെയ്യുന്നു. ഭാര്യയേ ഭയക്കാത്ത ആണുങ്ങളില്ലെന്നത്‌ സ്ത്രീകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിക്കാറുള്ളാ ഒരു തമാശയോ വസ്തുതയോ ആണ്‌.

എന്തു പറയുന്നു എല്ലാവരും

Wednesday, May 16, 2007

മെയ്‌ മാസമെന്നും വസന്തോല്‍സവം

കാണാതേയും, മിണ്ടാതേയും സൗഹൃദങ്ങളുണ്ടാകാം .
വേറൊരാളുടെ സന്തോഷം നമ്മുടേതെന്ന്‌ തോന്നാം.
ഇന്നെനിക്കത്‌ തോന്നുന്നു.

എന്റെ വീടിന്റെ മുറ്റത്ത്‌ പന്തലുയരുന്നതായും കൊട്ടും മുഴക്കങ്ങളുമായി എന്റെ പ്രിയപ്പെട്ടൊരാളുടെ വിവാഹദിനം സമാഗതമാകുന്നത്‌ പോലേയും ......

ദിവസങ്ങള്‍ക്ക്‌ മുന്നേ അറിഞ്ഞിരുന്നു. എംകിലും ഇത്തരം കാര്യങ്ങളില്‍ എല്ലാം വളരെ വ്യക്തമാകുന്നത്‌ വരെ ആകാംക്ഷയോടെ ഇരിക്കുക; എന്തായെന്ന്‌ ചോദിക്കുന്നത്‌ പോലും മര്യാദ കേടെന്ന്‌ കരുതി മൗനം പാലിച്ചു.

സന്തോഷം എന്താണെന്നിടക്കിടെ ദൈവം എനിക്ക്‌ പറഞ്ഞുതരുന്നു.

സന്തോഷത്തെ നമ്മള്‍ കാശുകൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ നേടാന്‍ ശ്രമിച്ചു നോക്കു. അങ്ങിനെ നേടുന്ന സന്തോഷത്തെ ഈ സന്തോഷത്തിന്റെ ഒരകല്ലില്‍ മാറ്റുരക്കു.

ശരിയാണ്‌ ,നാം സ്വാര്‍ഥമായി നേടുന്ന സന്തോഷങ്ങള്‍ ക്ഷണികങ്ങളാണ്‌. നേടുന്ന അല്‍പ മാത്രയില്‍ - ക്ഷണഭംഗുരമായി മറയുന്ന വാല്‍ നക്ഷ്ട്ത്രം പോലെ. പിന്നീടത്‌ വെറും ചാരം.

എന്നാല്‍ ദൈവം തരുന്ന സന്തോഷം - അത്‌ അനിര്‍വചനീയ്യമാണ്‌. എറ്റേണല്‍ ബ്ലിസ്സ്‌. അന്ധകാരത്തിലേക്ക്‌ പ്രകാശ ജ്യോതിസ്സുപോലെ അത്‌ സൗമ്യമായി കടന്നു വരുന്നു. ഈ ജ്യോതിസ്സിന്റെ എല്ലാ രേണുവിലും നാം കാണുന്നു സന്തോഷം. ഈ സന്തോഷത്തിന്റെ ഓര്‍മ നമ്മില്‍ നിന്ന്‌ പോകുന്നില്ല.
വിഷന്‍ എന്ന വെര്‍ച്ചു ആനന്ദ നിര്‍ഭരമാകുന്നു .

കൂറേ നാള്‍ക്ക്‌ മുന്‍പ്‌ ഞാന്‍ പറഞ്ഞു ഞാനിന്ന്‌ ഏറെ ആനന്ദവാനാണ്‌. കാരണം വ്യക്തമാക്കുവാന്‍ ബുദ്ധിമുട്ടൂണ്ട്‌. സൂ -ചോദിച്ചു എന്താണാ കാരാണം. ഞാന്‍ ആ ചോദ്യാം കാണാത്തത്‌ പോലെ ഇരുന്നു. ഇന്നിവിടെ എഴുതുന്നത്‌ അതിന്റെ തുടര്‍ച്ച.

നമ്മുടെ പ്രിയപ്പെട്ട ജ്യോതിസ്‌ വിവാഹിതനാകുന്നു..... .

അടുത്തുള്ളൊരു ശുഭ മുഹൂര്‍ത്തത്തില്‍

Monday, April 23, 2007

മാറാല തട്ടിയാല്‍

ബാച്ചി ക്ലബ്ബില്‍ മിനിട്ടിന്‌ മിനിട്ടിന്‌ കുട്ടികള്‍ ജനിച്ചുവീഴുന്നെന്നോ കമന്റുകള്‍ വീഴുന്നെന്നോ അവിടെ നിന്ന് ഒരു ഉഴെപ്പാളി (തമിഴാ തമിഴ്‌) റിപ്പോര്‍ട്ട്‌ ചെയ്ത്‌ കണ്ടു.

മാത്രമല്ല, അവിടെ വിവാഹിതര്‍ കമന്റിടാന്‍ മല്‍സരമാണത്രേ...

കമന്റിലൂടെ ഉപദേശിച്ച്‌ നേരെയാക്കാന്‍ നോക്കിയപ്പോ പറയുന്നൂ.. 'ന്നെ കമന്റണ്ടാ ചേട്ടാ... ഞങ്ങ നേര്യാവില്ല്യാ...' ന്ന്...

വിവാഹിതരുടെ ക്ലബ്ബ്‌ മാറാല പിടിച്ച്‌ കിടക്കുന്നു അത്രേ....

'വേണ്ടാ... വേണ്ടാ... മാറാല തട്ടണ്ട... ബാച്ചിക്കീടങ്ങളെ തട്ടി ഉണര്‍ത്തണ്ട' എന്നുവിചാരിച്ചാണ്‌ മിക്കവരും അതിന്‌ മിനക്കെടാഞ്ഞത്‌.

പണ്ട്‌ സ്ഥിരം മാറാല തട്ടി സ്വൈരം കെട്ടപ്പോള്‍ വെള്ളട്രൗസറും പൊക്കിപ്പിടിച്ച്‌ കോമ്പ്രമൈസ്‌ ആയതിനാല്‍ കുറേക്കാലം ഊര്‍ജ്ജിതമായ മാറാല തട്ടല്‍ നടക്കാറില്ല.

അല്ല.... ഈ ജനിച്ചുവീഴുന്നതൊക്കെ ബാച്ചിക്ലബ്ബ്‌ മെംബര്‍ഷിപ്പും കൊണ്ടാണെന്ന കണ്ടെത്തല്‍ കേമം.

'ഈ ജനിച്ചു വീഴുന്ന ഐറ്റംസ്‌ ഒക്കെ വിവാഹിതരുടെ തന്നെയല്ലേ???' എന്നൊരു ചോദ്യം മാത്രം ചോദിച്ചുകൊള്ളട്ടെ. വിവാഹിതരുടെ അല്ലാതെ ജനിച്ചുവീഴുന്നവരെ വേണേല്‍ ഫ്രീ മെമ്പര്‍ഷിപ്പ്‌ കൊടുത്ത്‌ എടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ഒരു വിരോധോം ഇല്ല....

Labels:

Friday, April 20, 2007

ബാച്ചി പുരാണം-1പുലര്‍കാലത്തെപ്പൊഴൊ ഭീമന്‍ നദിയില്‍ നിന്നും കയറി വന്നു. നേരെ തന്റെ കൂടാരത്തിലേക്കു നടന്നു. HP Pavillion LAP TOP തുറന്നു. firefox-ന്റെ ഒരു ജാലകത്തില്‍ http://www.blogger.com/ ടൈപ്പ്‌ ചെയ്തു. പുതിയ ഒരു ബ്ലൊഗ്‌ പ്രൊഫയില്‍ ഉണ്ടാക്കി.
Profile name : ആദിത്യൻ.
Blog Title: ആശ്വമേധം

ആദിത്യന്‍റെ ബ്ലോഗ് ഉദയം ഇവിടെ

സാങ്കേതിക പാഠങ്ങളുടെ അശ്വമേധത്തിലൂടെ എന്നെ പോലുള്ള തുടക്കകാര്‍ക്ക്
സ്വാഗതമോതി വഴികാട്ടിയവന്‍ ആദിത്യന്‍

എന്ത് ഫോട്ടോ എടുത്താലുമതിലൊരു ചരിവ് സൃഷ്ടിച്ച് ഫോട്ടോഗ്രഫിയില്‍പുതിയ മാനം കണ്ടത്തിയവന്‍ ആദിത്യന്‍

ഉരലിന്‍റെയോ മദ്ദളത്തിന്‍റെയോ കൂടെ കൂടിമുട്ട പുഴുങ്ങാന്‍ വിക്കി തപ്പിയവന്‍ ആദിത്യന്‍

ബാച്ചികള്‍ക്ക് ആസ്ഥാനമന്ദിരമുണ്ടാക്കി , വിവാഹിതരെ സംഘടിപ്പിക്കുകയും ബാച്ചികള്‍ക്ക് ഉന്മേഷം വരാന്‍ ആത്മാവിനു ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ എഴുതിയവന്‍ ആദിത്യന്‍

ബാച്ചിലര്‍ സ്ഥാനം വലിച്ചെറിഞ്ഞ് വിവാഹിതരുടെ ക്ലബ്ബില്‍ ചേക്കേറുവാന്‍ ഇറങ്ങിയവന്‍ ആദിത്യന്‍

ആദിത്യനെ വിശേഷിപ്പിവാന്‍ വാക്കുകളിനിയും ഏറെ..

ആസ്ഥാന ബാച്ചിലര്‍ കിടാങ്ങളെ നല്ല വഴിക്ക് നയിക്കുവാന്‍ മാതൃകകാട്ടി,
വിവാഹിതനാകുന്ന ശ്രീമാന്‍ ആദിത്യനു
സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.

Labels: , , ,

Tuesday, April 17, 2007

ബാച്ചിയെന്ന പദത്തിനെന്തര്‍ത്ഥം?

ഇടിവാളിനു വാര്‍ഷികം ആശംസിക്കുന്ന വേളയില്‍ ദില്‍ബന്‍ വിവാഹിതരു ക്ലബ്ബിന്റെ പൊടിയൊന്നു തട്ടാന്‍ ഉപദേശിച്ചിരിക്കുന്നതു കണ്ടു. ഇവിടെന്നു പറക്കുന്ന പൊടി താങ്ങാനുള്ള ഗെല്‍പ്പ്‌ ബാച്ചികള്‍ക്കുണ്ടോ എന്തോ, ഏതായാലും പീസ്ഫുള്‍ കോ എക്സിസ്റ്റന്‍സ്‌ (തല്ലല്ലെ അണ്ണാ, ജീവിച്ചു പോയിക്കോട്ടേ എന്ന് മലയാളം) വച്ചു നീട്ടിയ ബാച്ചികള്‍ക്കായി ഇവിടെ പൊടിയൊന്നു തട്ടുന്നു.

ബാച്ചി എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് ബാച്ചിലര്‍ എന്നാല്‍ ചിലര്‍ ആണെന്നല്ലാതെ ആ വാക്കിന്റെ ഉല്‍പ്പത്തി അറിയാമോ എന്തോ. "ബാക്കലാറിസ്‌" എന്ന ലത്തീന്‍ വാക്കാണ്‌ പിന്നീഡ്‌ ഫ്രെഞ്ചിലെ ബാചെലേറെയും ഇംഗ്ലീഷിലെ ബാച്ചിലറുമായത്‌.

ബാക്കലാറിയ -ഫാം ഹൌസില്‍ വാടകക്കാരനായിട്ടു കൂടിയവന്‍ ബക്കലറിസ്‌. അതായത്‌ വീടും കുടിയുമില്ലാതെ തൊഴുത്തില്‍ ചേക്കേറിയ ചെക്കന്‍. പ്രതിഷേധിക്കണ്ടേ? ബാച്ചികള്‍ കന്നുകാലികളെന്നോ? പാവങ്ങള്‍.

അംഗീകാരത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ നില്‍ക്കുന്നു ബാച്ചിലര്‍ . എടുക്കാവുന്നതില്‍ വച്ച്‌ ഏറ്റവും കുറഞ്ഞ ബിരുദം ബാച്ചിലര്‍. നൈറ്റ്‌ പട്ടം കൊടുക്കുമ്പോള്‍ ഏറ്റവും താഴത്തെ റാങ്ക്‌ ബാച്ചിലര്‍. അതായത്‌ താഴ്ന്നവന്‍ എന്നാണു അര്‍ത്ഥം. അതു പൊളിറ്റിക്കലി ശരിയായ പദമല്ലല്ലോ. വിവാഹം കഴിക്കാത്തത്‌ ഒരു കുറ്റമായി പിഴ അടപ്പിക്കുകയും വഴിയില്‍ മുണ്ടില്ലാതെ ഓടിക്കുകയും ചെയ്ത
പ്രാചീനകാലത്തെ വാക്കാണത്‌. സ്വയം വിശേഷിപ്പിക്കാന്‍ കുറച്ചു കൂടെ നല്ല പദം കണ്ടുപിടിക്കൂ ഹതഭാഗ്യരായ അവിവാഹിതസഹോദരങ്ങളേ.

Labels:

Friday, February 09, 2007

വീട്ടിലും ഓഫീസിലും വിളിക്കാന്‍ ഒരു മുദ്രാവാക്യം
നെറ്റില്ലാതെ പറ്റില്ല

സമര്‍പ്പണം:
നെറ്റ്‌ വിധവകള്‍ക്കും കുടുങ്ങിയവര്‍ക്കും, കുടുങ്ങാന്‍ ഇരിക്കുന്നവര്‍ക്കും....

Labels:

Thursday, December 07, 2006

ഇതു കേള്‍ക്കുമ്പോള്‍ വിശക്കും.അവിവാഹിതരുടെ മനസില്‍ ഒരു നൂറു സ്വപ്നങ്ങളുടെ കുളിരു വാരിയിടാന്‍...

വിവാഹിതരുടെ മനസില്‍ സുഖകരമായ ഓര്‍മ്മയുടെ നിമിഷം വരയ്ക്കാന്‍.. (ചിലര്‍ക്ക് ശപിക്കുകയും ആവാം:)

ഒരു 30 സെക്കന്റ് വീഡിയോ.

ഇതു കേള്‍ക്കുമ്പോള്‍ ഒരു സദ്യ ഉണ്ണാനുള്ള വിശപ്പ് തോന്നുന്നെങ്കില്‍, സാമ്പാറിന്റേയും അവിയലിന്റേയും മണം വരുന്നെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.


“മരുകേലരാ ഓ രാഘവാ..” ജയന്തശ്രീ രാഗത്തിലെ ഈ ഗാനം വിവാഹപന്തലുകളിലെ ഒരു സ്ഥിരം ഹിറ്റ് ആണ്.

Monday, October 30, 2006

ചിത്രങ്ങള്‍.


ശ്ശോ ! ഈ ഉറയുരുമ്പോഴത്തെ വേദന.അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ !നിന്റെയേകാന്തമാം ഓര്‍മ്മ തന്‍ വീഥിയില്‍ എന്നെയെന്നെങ്കിലും കാണും,ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും.അതാരാ ബസ് സ്റ്റോപ്പില്‍ ? ഈ വഴിക്കെങ്ങാനും വരുമോ ആവോ ?

Sunday, October 29, 2006

വിവാഹിതരെ സൂക്ഷിക്കുക

ഗാര്‍ഹികപീഡനവിരുദ്ധ നിയമം നിലവില്‍ വന്നു. ഫയല്‍ 1 ഫയല്‍ 2 എന്നീ രണ്ട്‌ പി.ഡി.എഫ്‌ ഫയലുകള്‍ മാതൃഭൂമി ചര്‍ച്ചാവേദി ലഭ്യമാക്കിയത്‌ ഇംഗ്ലീഷറിയാവുന്നവര്‍ മനസിലാക്കുക. ഇന്ത്യയില്‍ ധാരാളം നിയമങ്ങളും നിയമ ലംഘനങ്ങളും നിലവിലുണ്ട്‌. അതോടൊപ്പം ഇതും കൂടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്. ബി.പി (ഭാര്യയെ പേടി), പെണ്‍‌കോന്തന്‍ മുതലായവ ആയി ജീവിക്കുന്നതാകും നല്ലതെന്ന്‌ തോന്നുന്നു. ഒക്ടോബര്‍ 26 -ന് ആണ് രാജ്യത്ത്‌ ഗാര്‍ഹിക പീഡനവിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നത്‌.

Wednesday, October 25, 2006

ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക

ഗാര്‍ഹിക പീഡന വിരുദ്ധ നിയമം കഠിന വ്യവസ്ഥകളുമായി നിലവില്‍ വന്നിരിക്കുന്നു
വിശദാംശങ്ങള്‍ വായിക്കുക
ഭാര്യയേ തല്ലിയാല്‍ തടവോ പിഴയോ

Wednesday, October 18, 2006

സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം....വിടരും..

രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ അസ്വസ്ത്തത. അവള്‍ കൊണ്ടു വന്ന ചായ കുടിച്ചു . ഞാന്‍ പറഞ്ഞു. ഒന്നുമില്ല ഒരു പനി പോലെ. അവള്‍ എന്‍റെ നെറ്റിയില്‍ കൈവയ്ച്ചു നോക്കി.ചെറിയ ചൂടുണ്ട്‍.


എന്നത്തെയും പോലെ നടക്കാനിറങ്ങിയ എന്നോടു്, “ഇന്നു കൂടുതല്‍ നടക്കണ്ടാ. അല്പം നടന്നു പോരൂ“.ഞാന്‍ ചിരിച്ചു ശരി പറഞ്ഞു നടന്നു.


കുളുര്‍മ്മയുള്ള കുളിര്‍ കാറ്റു വീശുന്നു.ഹിമാലയ സാനുക്കളില്‍ നിന്നു് ദേവതാരു മരങ്ങളെ തഴുകി എത്തുന്ന കുളിര്‍കാറ്റില്‍ നിന്നു് മോക്ഷപുണ്യങ്ങള്‍ കൈ നീട്ടി വാങ്ങി ഞാന്‍ നടന്നു.
പരിചയക്കാരൊക്കെ “നമസ്ക്കാറ്‍‍‍” പറയുമ്പോള്‍ ഓര്‍ത്തു. വിവാഹിതനു കിട്ടുന്ന സ‍മൂഹത്തിലെ വില. പരിചയക്കാരൊക്കെ ഗുഡ് മോണിങ്ങ് എന്നും, നായര്‍ സാബ് പ്രണാം എന്നൊക്കെ പറഞ്ഞു പോകുമ്പോള്‍ സമൂഹത്തില്‍ ഒരു വിവാഹിതന്‍റെ ധന്യത ശരിക്കും മനസ്സിലാകുന്നു.
പാര്‍ക്കിന്‍റെ മറ്റൊരു കോണില്‍‍,തിരസ്ക്കാരങ്ങളും വാങ്ങി മസ്സിലു പിടിച്ചു് നടക്കുന്ന പാവം ബാച്ചിലേര്‍സിനേയും കണ്ടു് അയാല്‍ വീട്ടിലെത്തി.എന്തിനാണിവരിങ്ങനെ മസ്സിലുപിടിച്ചു് എക്സര്‍സയിസ്സൊക്കെ ചെയ്യുന്നതു്.സമയാ സമയങ്ങളീല്‍ ആഹാരമില്ല,ഉള്ള ആഹാരം ഫാസ്റ്റു ഫുഡ് ആണു്.വെള്ളമടിയും വാള്‍ വെപ്പും സ്പീഡിലുള്ള ബൈക്കോടിപ്പും.കഷ്ടം.
സിറ്റൌട്ടില്‍ ഇരുന്നു് പേപ്പര്‍ വായിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.നമുക്കു്‍ ഡോക്ടറടുത്തൊന്നു പോകണം.ഇപ്പം ഡെങ്കുവും ചിക്കന്‍ ഗുനിയയും ഒക്കെ നടക്കുകല്ലെ. ഒരു കണ്‍സള്‍ട്ടിങ്ങ് നല്ലതാണു ചേട്ടാ.ഞാന്‍ പറഞ്ഞു.പക്ഷെ നീ പറഞ്ഞതൊക്കെ കൊതുകു പരത്തുന്ന രോഗങ്ങളല്ലേ?.അതിനു് ഇവിടെ കൊതുകൊന്നുമില്ലല്ലോ.നീ ഈ വീടു് അത്രയ്ക്കു് വൃത്തിയായിട്ടല്ലെ സൂക്ഷിക്കുന്നതു്.


ഞാന്‍ ലാണിനെനോക്കിയിരുന്നു.പലവര്‍‍ണ്ണങ്ങളിലുള്ള സാരിയുടുത്ത ഒരു മലയാള ഗ്രാമ കന്യകയെ പോലെ സുന്ദരമായ പൂന്തോട്ടം.നിറച്ചും പൂക്കള്‍ .കൂടുതലും കേരളത്തിലുള്ളവ.ഓരോ അവധിക്കു നാട്ടില്‍ പോകുമ്പോഴും അവള്‍ പ്രയാസപ്പെട്ടു കൊണ്ടു വന്നു് വളര്‍ത്തിയതു്.നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു വാഴയും പൂന്തോട്ടത്തിനൊരു സൈഡില്‍ കുല വന്നു നില്പുണ്ടു്.


അവള്‍ കൊണ്ടു വന്ന ആവി പറക്കുന്ന ചായ കുടിച്ചു പത്രമൊക്കെ നോക്കിയപ്പോഴേക്കും ഡ്രൈവറും വന്നു.ഞാനും എന്‍റെ കളഗാത്രവും കാറില്‍ ഇരുന്നു.അഹൂജയുടെ ക്ലിനിക്കില്‍ ഒത്തിരി റഷ് ആയിരുന്നു.
മണിക്കൂറുകളായി കാത്തിരിക്കുന്നവരില്‍ കൂടുതലും ബാച്ചിലേര്സ് ആണെന്നു് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.ചിക്കന്‍ ഗുനിയ ബാധിച്ചിരിക്കുന്ന,നടക്കാന്‍ വയ്യാതെ ഒറ്റയ്കൊറ്റയക്കിരിക്കുന്ന ബാച്ചിലേര്‍സിനെ കണ്ട് വിഷമം തോന്നി.


നിയമമനുസരിച്ചാണെങ്കില്‍ രണ്ടു മണിക്കൂറു കഴിഞ്ഞേ ഞങ്ങളുടെ വിസിറ്റി‍നുള്ള സമയമാകൂ.പക്ഷേ അഹൂജ ഞങ്ങളെ കൂടുതല്‍ വെയിറ്റു ചെയ്യിപ്പിച്ചില്ല.വിവാഹിതന്‍റെ മുന്‍ഗ്ഗണന. മരുന്നും വാങ്ങി ഒരു ചിരിയും സമ്മാനിച്ചിറങ്ങുമ്പോള്‍ ദൂരെ ബഞ്ചില്‍ അതിരാവിലെ വന്നിരിക്കുന്ന ഡങ്കു പനി പിടിച്ച പാവം ബാച്ചിലേര്സു് അവരുടെ ഊഴവും കാത്തിരിക്കുന്നതു് കണ്ടില്ലെന്നു നടിച്ചു.


വീട്ടില്‍ വന്നു.ഞാന്‍ പറഞ്ഞു.ഓഫീസ്സില്‍ ഒന്നു പോയി വരാം.അവള്‍ പറഞ്ഞു,എളുപ്പം വരണം.ഇന്നു് ഫുള്‍ റ്റൈം ഡ്യൂട്ടി വേണ്ട.അടുത്ത മരുന്നു് 2 മണിക്കു കഴിക്കാനുള്ളതാണു്.
ഒരു ചെറു ചിരി സമ്മാനിച്ചയാള്‍ കാറില്‍ കയറുമ്പോള്‍, പൂമുഖ വാതുക്കല്‍ സ്നേഹം വിതറി ഒരു മാലാഖയെപ്പോലെ അവള്‍ കൈ വീശുകയായിരുന്നു.


ഓഫീസ്സിലെത്തി.അത്യാവശ്യ വര്‍ക്കുകളൊക്കെ ചെയ്തു.വെറുതേ തന്‍റെ എ.സി.മുറിയില്‍ ഇരിക്കുമ്പോള്‍ തന്‍റെ മെറ്റമോര്‍ഫോസിസ്നെ ക്കുറിച്ചു് ആലോചിച്ചു.ഒരു ബാങ്കുദ്യോഗസ്തനായി ഈ മറുനാട്ടിലെത്തിയ അയാള്‍‍ ,അയാളുടെ രൂപാന്തരങ്ങള്‍ (മെറ്റമോര്‍ഫോസിസ് )ഫ്ലാഷ് ബാക്കില്‍ കാണുകയായിരുന്നു.
ജോലി കിട്ടി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനാകുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, ഭാഗ്യദേവതയെയാണു് താന്‍ വരമാല അണിയിച്ചതെന്നു്.


കൊട്ടും കുരവയും ആയി നിലവിളക്കും നിറപറയും ആയി “വസ്ത്രം കൊടുക്കട്ടോ”എന്നു‍് നാട്ടാരോടു ചോദിച്ചനുവാദം വാങ്ങി,മിന്നുകെട്ടി വിവാഹിതനായതില്‍ അഭിമാനം തോന്നി.
മറു നാട്ടിലെത്തി മനോഹരമായി ജീവിക്കുകയായിരുന്നു.ബൈക്കില്‍ തന്‍റെ പൈങ്കിളിയുമായി സഞ്ചരിക്കുമ്പോഴൊക്കെ ഓര്‍ത്തു.പതുക്കെ.എന്തിനു് ഒരു ബാച്ചിലറിന്‍റെ വിഭ്രാന്തി കാണിക്കണം.പുറകില്‍ തന്‍റെ കളഗാത്രമാണെന്നുള്ള ബോധം എല്ലാ വിവാഹിതരെയും പോലെ അയാള്‍ക്കും ഉണ്ടായിരുന്നു.


നാട്ടിലെ ചെല ബിസ്സിനസ്സു ചെയ്യുന്ന കൂട്ടുകാരുടെ ഉപദേശവും,അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും,ഒരു സൈഡു ബിസ്സിനെസ്സ് തുടങ്ങാന്‍ പറഞ്ഞതും അവള്‍ ‍.അങ്ങനെ തുടങ്ങി.ബാങ്കിലെ ജോലി രാജി വെക്കേണ്ടി വന്നതും വിധി.പക്ഷേ ബിസിനസ്സ് അടിവച്ചടിവച്ചു പുരോഗമിച്ചു.സ്വന്തമായി ഓഫീസ്സായി.ജോലിക്കാര്‍ ആയി.സ്വന്തം ഫ്ലാറ്റായി.കാര്‍ ബൈക്കിനു സ്ഥലം മാറി.രണ്ടു മക്കള്‍.മോനും മോളും.ഒരു വിവാഹിതന്‍റെ സൌഭാഗ്യങ്ങള്‍ ‍.ത്രിപാഠിയെ അത്യാവശ്യ കാര്യങ്ങള്‍ ഏല്പിച്ചു് വീട്ടിലേയ്ക്കു തിരിച്ചു.കുറച്ചു ദൂരം ഓടിയ വണ്ടി ഒരു പാന്‍ കടയുടെ മുന്നില്‍ നിന്നു.ഡ്രൈവര്‍ക്കറിയാം.ചൌരസ്യാ പാന്‍ ഭണ്ടാറില്‍നിന്നും എന്നും പാന്‍ വാങ്ങുന്നതു്. അയാള്‍ ചെന്നു.വെറ്റിലയില്‍ ഒരു കലാകാരന്‍റെ വിരുതോടെ ചുണ്ണാമ്പു തേച്ചു, അടയ്ക്കാ കഷണങ്ങള്‍, ഏലക്കാ മറ്റു സുഗന്ധവ്യഞനങ്ങ്ള്‍ ചേര്‍ത്തു് ഒരു ഇലയില്‍ പൊതിഞ്ഞു്,സൈഡില്‍ ചുണ്ണാമ്പു ആവശ്യത്തിനെടുക്കാന്‍‍ പരുവത്തില്‍ വച്ചു്, ഒരീര്‍ക്കിലിയും കുത്തി ഭവ്യമായി മൂന്നു പാന്‍ തയ്യാറാക്കി പൊതിഞ്ഞു തന്നു. പോക്കറ്റില്‍ നിന്നു് 50 രൂപയുടെ നോട്ടെടുത്തു കൊടുത്തു.ബാക്കി തരാന്‍ വെപ്രാളപ്പ്ര്ടുന്ന ചൌരസ്യായോടു പറഞ്ഞു.ബാക്കി നാളെ വാങ്ങാമല്ലോ.ഒരു വിവാഹിതന്‍റെ പോക്കാറ്റില്‍‍ എപ്പോഴും രൂപാ ആവശ്യത്തിനു് കാണുമല്ലോ.വീട്ടിലെത്തി .പൂമുഖവാതുക്കല്‍..... വന്നപാടേ എന്‍റെ നെറ്റിയില്‍ കൈവച്ചു നോക്കി.വാ വാ പനിയെ ഇല്ലല്ലോ.ഞാന്‍ ചിരിച്ചു.

ചാരുകസേര എടുത്ത വാഴയുടെ മൂട്ടില്‍ ഇട്ടിരുന്നു. ഗ്രുഹാതുരത്വം.ഇപ്പോള്‍ ഞാന്‍‍ ഞങ്ങളുടെ ഗ്രാമത്തിലെ എന്‍റെ പടിപ്പുര വാതിലിനു മുന്നിലെ കച്ചി തുറുവിന്‍റെ പിന്നില്‍ നില്‍ക്കുന്ന പ്രതീതി. എനിക്കെല്ലാം കാണാം.മുന്നില്‍ വിശാലമായ നെല്‍‍പ്പാടം.പടിഞ്ഞാറേ മൂലയിലൂടെ ഒഴുകുന്ന ചെറിയ ഒരു തോട്.സ്കൂള്‍ ബസ്സു വന്നു നിന്നു.പെട്ടെന്നു കേള്‍ക്കുന്നു.അഛന്‍ ഇന്നു് ഓഫീസ്സില്‍ പോയില്ലേ?. മോനാണു്.അവ്ന് ഓടി വന്നു് എന്‍റെ തുടയിലിരുന്നു.മോള്‍ ഓടി വരുന്നു.‍അവരുടെ മലയാളം കേട്ടപ്പോള്‍‍ സന്തോഷവും ഒപ്പം അഭിമാനവും.
മലയാളം അവരെ പഠിപ്പിക്കുന്നതിന്‍റെ മൊത്തം ക്രെഡിറ്റും അവള്‍ക്കാണു.നാട്ടില്‍നിന്നു മലയാളം ഭാഷാ സഹായികള്‍ എഴുതി അയച്ചു വരുത്തുക,ഉമേഷ്ജിയുടെ ബ്ലോഗിലെ മലയാളം പഠിപ്പിക്കാന്‍ http://malayalam.usvishakh.net/for-kids/അതൊക്കെ പ്രിന്‍റെടുത്തു അവരെ പഠിപ്പിക്കുക.


മക്കള്‍‍ മാരോടൊപ്പം ആഹാരം കഴിക്കാന്‍ ഇരുന്നു.എനിക്കിഷ്ടപ്പെട്ട “പത്തു വെളുപ്പിനു്.മുറ്റത്തു നില്‍ക്കണ” രവീന്ദ്രന്‍ മാഷിന്‍റെ സംഗീതം, മൂസിക് സിസ്റ്റത്തില്‍ നിന്നും ഒഴുകുന്നു.
എനിക്കു ചൂടു പൊടിയരി കഞ്ഞിയും മക്കളുമാര്‍ക്കു അവരുടെ ആഹാരവും. അവള്‍ എന്‍റെ അടുത്തു വന്നിരുന്നു.ഞാന്‍ ചോദിച്ചു.നീ കഴിക്കുന്നില്ലേ.എനിക്കിന്നു വൃതമല്ലേ.കറുവാചൌത്തു്. ഇന്നുഇനി രാത്രിയില്‍ ചന്ദ്രനെ കണ്ടതിനു ശേഷമേ ആഹാരം കഴിക്കൂ.
ശരിയാണല്ലോ.ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി സുമംഗലികള്‍ ഈ നാട്ടില്‍ വ്രുതമെടുക്കുന്നു.ആ നല്ല ആചാരം മലയാളിയായ അവളും സ്വാംശീകരിച്ചിരിക്കുന്നു. ബഹുമാനം തോന്നുന്ന നിമിഷങ്ങള്‍.ഒരു വിവാഹിതനായതില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ .


പെട്ടെന്നൊര്‍ത്തുപോയി. വൈകുന്നേരം വ്രുതം കഴിയുമ്പോള്‍ അവള്‍ക്കു് ഒരു പുതിയ സാരി സമ്മാനമായി കൊടുക്കണമെന്നുള്ളതു് രീതിയാണു്. നാട്ടു നടപ്പാണു്.അതിനിനി സാരി വാങ്ങണമല്ലോ.അയാള്‍ അവളോടു പറഞ്ഞു.ഞാന്‍ ഒന്നു പുറത്തു പോയി വരാം.വൈകുന്നേരം നിനക്കുടുക്കാന്‍ പുതിയ സാരി വാങ്ങണ്ടേ. എന്തിനാ ചേട്ടാ ഇപ്പോള്‍.അന്നു ബാങ്ക്ലൂരില്‍ പോയപ്പോള്‍ വാങ്ങിയ അഞ്ചു സാരിയും പുതിയതല്ലേ.അതില്‍ ഒന്നിങ്ങെടുത്താല്‍ മതിയല്ലോ.ശരിയാണു്.ചുമ്മാതാണാളുകള്‍ പറയുന്നതു് .സാരിക്കും സ്വര്‍ണത്തിനും കൊതി കേറി നടക്കുന്നവരാണു് സ്ത്രീകള്‍ എന്നൊക്കെ.അല്പ് സമയം കിടന്നു.വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ വീണ്ടും വെറുതേ വായിച്ചു കൊണ്ടുറ്ങ്ങി.അവള്‍ ചായ കൊണ്ടു വന്നു വിളിച്ചു.ചായ കുടിച്ചു് അല്പ സമയം റ്റിവി യുടെ മുന്നില്‍ ഇരുന്നു.വെളിയില്‍ ആരോ കാളിങ്ങ് ബെല്ലടിച്ചതു കേട്ടങ്ങോട്ടു ചെന്നു.ശര്‍മ്മാജിയാണു്.എന്താ ശര്‍മ്മാജി.ഗേറ്റിനടുത്തേക്കു ചെന്നു.ശര്‍മ്മാജിയുടെ വീടിനുമപ്പുറം ബാച്ചിലേര്‍സു മാത്രം താമസ്സിക്കുന്ന ഒരു വലിയ ബില്‍ഡിങ്ങുണ്ടു്.അവിടെ രണ്ടാംബുലന്സു് വന്നു കിടക്കുന്നു.ശര്‍മ്മാജിയും ഞാനും അങ്ങോട്ടു ചെന്നു.കഷ്ടം നോക്കാനും കാണാനും ആരുമില്ലാത്ത ബാച്ചിലര്‍മാര്‍ തന്നെ, ഹോസ്പിറ്റലില്‍ നിന്നു് ആംബുലന്സു് കാര്‍ വരുത്തിയതാണു്. അഡ്മിറ്റാവാന്‍.സന്തി വേദനകാരണം നടക്കാന്‍ വയ്യാതെ ആംബുലന്‍സില്‍ കയറുന്ന ആ ഹത ഭാഗ്യരെ നോക്കി ശര്‍മ്മാജി ഇങ്ങനെ പറയുന്നതു കേള്‍ക്കാമായിരുന്നു.ഇവര്‍ക്കൊക്കെ ഇനി നേര്‍ ബുദ്ധി എന്നു വരും ബജരങ്കബലി?.

‍‍‍

രാത്രി.മനോഹരമായ ഒരു രാത്രി.
പൂര്‍ണചന്ദ്രനെ വണങ്ങി ദീര്‍ഘസുമങ്ങലീ വരവും വാങ്ങി,
കല്യാണപ്പെണ്ണിന്‍റെ വേഷ ഭാവങ്ങളോടെ അവള്‍ നടന്നു വന്നു.
പൂവും പ്രസാദവും എനിക്കും മക്കള്‍ക്കും തന്നു് അവള്‍ പ്രസാദ ഭക്ഷണം കഴിച്ചു.
ഞങ്ങള്‍ അത്താഴം കഴിച്ചു. നാളെ സ്കൂളില്‍ കൊണ്ടു പോകേണ്ട ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ മക്കളെ അവള്‍ സഹായിക്കുന്നു.
ഞാന്‍ ഞങ്ങ്ളുടെ ബെഡ് റൂമില്‍ ഇരിക്കുകയായിരുന്നു.മനോഹരമായി അടുക്കി വച്ചിരിക്കുന്ന പുസ്തക ഷെല്ഫിലേയ്ക്കു നോക്കിയപ്പോള്‍ അറിയാതെ എഴുനേറ്റു പോയി.പ്രതിഭാശാലികളെ നോക്കി തല കുനിച്ചു.
ഞാന്‍ മുറിയാകെ ഒന്നു കണ്ണോടിച്ചു.ഒരു ഷെല്‍ഫില്‍ ഗള്‍ഫില്‍ നിന്നും അളിയന്‍ കൊണ്ടു വന്ന മുന്തിയ തരം സ്കോച്ചുകുപ്പികള്‍ വച്ചിരിക്കുന്നു.ഒരു വിവാഹിതന്‍റെ വീട്ടില്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണതു്.
താന്‍ ഊരി വച്ച മുന്തിയ തരം റോളക്സു് വാച്ചു് ടീപോയില്‍ ഇരിക്കുന്നതു കണ്ടു് വീണ്ടും അളിയനെ ഓര്‍മ്മ വന്നു.
വിവാഹിതര്‍ക്കു മാത്രം അനുഭവിക്കാന്‍ സാധിക്കുന്ന മനോഹരമായ അളിയാളിയ ബന്ധം.
കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയവള്‍ വന്നു.കിടന്നില്ലേ?. ഒരു ഡോസ്സു മരുന്നില്‍ തന്നെ അസുഖം പമ്പ പറന്നു.ഞങ്ങള്‍ ചിരിച്ചു.കൂട്ടത്തില്‍ അവള്‍ പറഞ്ഞു നാട്ടിലേയ്ക്കുള്ള ഡ്രാഫ്റ്റിന്നു പോസ്റ്റു ചെയ്യിപ്പിച്ചിട്ടുണ്ടു്.പെറ്റതള്ളയെയും അഛനേയും എന്നും ദൈവത്തെ പോലെ കരുതണമെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊരു കുറവും വരുത്തരുതെന്നും ഏതൊരു വിവാഹിതനെയും പോലെ അയാളും പാലിക്കുന്നു.
സത്യത്തില്‍ ഒരു വിവാഹിതനായതില്‍ അഭിമാനവും ബഹുമാനവും.
ഉമേഷ്ജിയുടെ ബ്ലോഗിലെന്നൊ വന്ന “സ്ത്രീണാങ്കചിത്തം,പുരുഷസ്യ ഭാഗ്യം“ എന്നുള്ളതിന്‍റെ വാച്യാര്‍ഥം എന്തോ ആകട്ടെ.ഇങ്ങനെയും ഒരര്‍ഥം അതില്‍ ഒളിഞ്ഞിരിപ്പുണ്ടോ.നല്ല മനസ്സുമായി പുരുഷന്‍റെ ഭാഗ്യവുമായി സ്ത്രീ പുരുഷന്‍റെ ജീവിതത്തില്‍ വരുന്നതു തന്നെയാണു് വിവാഹം.


വെറുതേ വിശാലമായ ജന്നാല തുറന്നു ഞാന്‍ വെളിയിലേക്കു നോക്കി.മനോഹരമായ ലോകം ഉറങ്ങുന്നു.വെറുതേ ആകാശത്തേയ്ക്കു നോക്കി.നക്ഷത്രങ്ങള്‍ .....ഒരൊറ്റപ്പെട്ട ഒരു നക്ഷത്രത്തെയും കാണാനില്ല.വിവാഹിതരായ നക്ഷത്രങ്ങള്‍ അവരുടെ കുഞ്ഞുങ്ങളുമായി നിന്ന് മിനുങ്ങുന്നു.അവിടെ ബാച്ചിലേര്‍സില്ല. പൂന്തോട്ടത്തിലേക്കും ഒന്നു നോക്കി.വിവാഹിതരായ ചെടികള്‍ പൂത്തുല്ലസിച്ചു നില്‍ക്കുന്നു.
ഹിമാലയ ശ്രുംഖങ്ങളില്‍ നിന്നു ദേവതാരുവിന്‍റേയും, മോക്ഷ പുണ്യാര്‍ഥങ്ങളുടെയും ,മന്ത്ര തന്ത്ര വേദങ്ങളുടെയും, അര്‍ഥ മന്ത്രാക്ഷരങ്ങളുടെയും,ജീവതന്തുക്കളുമായെത്തുന്ന കുളിര്‍ കാറ്റിനു് നമോവാകം പറഞ്ഞു് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

_______________________

കണ്ടതും കേട്ടതും

ആകാശവാണി വെഞ്ഞാറമ്മൂട്‌, രാമങ്കരി, കൊയിലാണ്ടി. ഇപ്പോള്‍ക്കണ്ടതും കേട്ടതും. ക്ഷമിക്കണം ഇപ്പോള്‍ അവതരിപ്പിക്കുന്ന പരിപാടി "കണ്ടതും കേട്ടതും"( എലക്ട്രിക്ക്‌ ഓര്‍ഗനില്‍ രണ്ടു ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും പറണ്ടുന്ന അരോചകമായ ഒച്ച)


മൂല കഥ- ദില്‍ബാസുരന്‍
പുനരാഖ്യാനം- ദേവാസുരന്‍
കഥാ പാത്രങ്ങളും പങ്കെടുക്കുന്നവരും
സുകുവേട്ടന്‍ : മാണി
സുമതിച്ചേച്ചി : റാണി
"കണ്ടതും കേട്ടതും"

സുമ : "സുകുവേട്ടാ, അപ്പുറത്തെ ബാച്ചിലര്‍ പിള്ളേരു മീന്‍ വാങ്ങിക്കോണ്ടു വന്നിരിക്കുന്നു.. ഇവന്മാരെക്കൊണ്ട്‌ വല്യ ശല്യമായല്ലോ. ഇത്തിരി വിം ഇട്ടു വച്ചു കൊടുക്കട്ടോ? പിന്നെ ഈ വഴി വരില്ല."
സുകു: "അപ്പുറത്ത്‌ ആളുകള്‍ പച്ച മുരിങ്ങയില തിന്നു ഓക്കാനിക്കുമ്പോള്‍ നമ്മള്‍ എന്നും ഇവിടെ എത്ര കറികളാ വച്ചു കൂട്ടുന്നത്‌. വല്ലപ്പോഴും അവര്‍ക്കെന്തെന്തെങ്കിലും കൊടുത്തില്ലേല്‍ ദൈവശ്ശാപം കിട്ടും. അന്നദാനം മഹാദാനമെന്നാ ഗുരു കുറുമാന്‍ കാലാട്ടി പറഞ്ഞിരിക്കുന്നത്‌. പോരെങ്കില്‍ മീന്റെ പകുതി നമുക്കെടുക്കാമല്ലോ, നഷ്ടമില്ല."

സുമ: "അയ്യോടാ സുകുവേട്ടന്‌ എന്നുമുതലാ മനുഷ്യപ്പറ്റു വച്ചത്‌!"
സുകു: " അവര്‍ അയലത്തൊള്ളത്‌ നല്ലതാടീ. ഇവരിങ്ങോട്ട്‌ താമസം മാറി രാത്രി മുഴുവന്‍ വളേ കൊളേന്നു സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷം ഈ ഏരിയായില്‍ കള്ളന്മാരുടെ ശല്യം കുറഞ്ഞു. 24 മണിക്കൂറും റോഡേ നടപ്പല്ലിയോ. പോരെങ്കില്‍ സിഗററ്റു വലിച്ചു രാത്രി മുഴുവന്‍ ചുമക്കലും. ആ
ഗൂര്‍ഖേക്കൊണ്ട്‌ നടക്കാത്തത്‌ ഇവരു നടത്തി. "
സുമ: "അതു ശരിയാ. എന്നാപ്പിന്നെ വച്ചു കൊടുത്തേക്കാം."

സുകു: "പിന്നേ ഞാന്‍ രാത്രി വരുമ്പോ അവന്മാരുടെ അടുത്തു കയറി രണ്ടു പെഗ്ഗ്‌ അടിക്കും കേട്ടോ."
സുമ: "അതു ശരി.. അതാ നിങ്ങക്കു പെട്ടന്നു ബാച്ചി സ്നേഹം ഇളകിയത്‌! നാണമില്ലേ മനുഷ്യാ കൊച്ചു പിള്ളേരുടെ കൂടെ കള്ളു കുടിക്കാന്‍. തരത്തില്‍ പോയി കുടിക്കരുതോ?"

സുകു: " എടീ മണ്ടീ.. ബാറീന്നു ഇങ്ങോട്ട്‌ 30 കിലോമീറ്ററുണ്ട്‌. ബൈക്ക്‌ ഓടിച്ചാല്‍ പോലീസോ കാലനോ എന്നെ കൊണ്ടു പോകും.. ആര്‍ക്കു പോയി? നിനക്കും മോനും. ആട്ടോ വിളിച്ചാലോ പത്തു കുപ്പീടെ കാശു കൊടുക്കണം. കുപ്പി വാങ്ങി ഇവിടെ വയ്ക്കാന്‍ നീയൊട്ടു സമ്മതിക്കുകയുമില്ല"
സുമ: "കുടിച്ചേച്ചും വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കുപ്പി ഇവിടെ വച്ചാല്‍ നിങ്ങളു ഒരുമാതിരി ബാച്ചികള്‍ കാടി അല്ലല്ല ബ്രാണ്ടി കുടിക്കുമ്പോലെ ഇരുന്നു കുടിക്കും.. പിന്നെ ചെറുക്കന്‍ വളര്‍ന്നു വരുകയാ, അവനെങ്ങാണും കുപ്പിയിന്നു ഇസ്കിയാല്‍ അവനും കാണില്ല, ഞാനും കാണില്ല, കള്ളും കാണില്ല!"

സുകു : "അതാടീ മഠയീ പറഞ്ഞത്‌, ഞാന്‍ ബാച്ചികളുടെ കൂടെ പോയി രണ്ടെണ്ണം അടിക്കാമെന്ന്. കള്ളിനൊക്കെ എന്താ വില, മീനിനും. മീന്‍ കുടമ്പുളി ഇട്ടു വയ്ക്കണേ, നല്ല എരിവില്‍.."
സുമ: " എന്നാ വേഗം പോയിട്ട്‌ ഒരുപാടു താമസിക്കാതെ വാ. ദേ ഞാന്‍ കറി മോന്റെ കയ്യിലാ കൊടുത്തു വിടുന്നത്‌. അവന്‍ കാണണ്ടാ നിങ്ങളുടെ കുടിച്ച കോലം."
സുകു:" പേടിക്കെണ്ടെടീ, അവന്‍ ഗേറ്റു തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ല മൂത്രമൊഴിക്കണമെന്നോ ശര്‍ദ്ദിക്കാന്‍ വരുന്നെന്നോ പറഞ്ഞു മാറി നിന്നോളാം. അവന്‍ കാണൂല്ല."

സുമ: "നിങ്ങളു കള്ളന്റെ കാര്‍ന്നോരാ. പാവം ബാച്ചികള്‍. ദേ നമ്മടെ ചെറുക്കനും വളര്‍ന്നു ബാച്ചിയായിക്കോണ്ടിരിക്കുകയാ. നിങ്ങളു ചെയ്യുന്ന പറ്റിക്കല്‍‍ അവനു തിരിച്ചു കിട്ടുമേ"
സുകു: "കിട്ടെട്ടടീ. അവന്‍ വളരുമ്പോള്‍ അന്നത്തെ ചേട്ടന്മാര്‍ അവനെ ഓസും.. പിന്നെ അവനൊരു ചേട്ടനായി.അവന്റെ പുഷ്കര സമയത്തെ ബാച്ചികളെ ഓസും.. ഞാനും പണ്ട്‌ ഓസപ്പെട്ടിട്ടുണ്ട്‌ .. ആ കടമല്ലേ എനിക്കിന്നു പിരിഞ്ഞു കിട്ടുന്നത്‌.."

സുമ: "ഒടുക്കത്തെ ഓസുഫിലോസഫി. വേഗം പോയി മോന്തിയേച്ചു വാ.."

ബാച്ചിലറിന്റെ സമസ്യകള്‍

ശീര്‍ഷകം കണ്ടിട്ടു് ഇതു ബാച്ചിലേഴ്സിന്റെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഒരു പോസ്റ്റാണെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. അങ്ങനെയൊന്നു തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കാന്‍ എന്റെ ആയുഷ്കാലവും ഗൂഗിളിന്റെ ഡിസ്ക് സ്പേസും പോരാതെ വരും.

“ഗുരുകുലം” ബ്ലോഗില്‍ ഈയിടെയായി സമസ്യാപൂരണത്തിന്റെ അസ്ക്യത കണ്ടുവരുന്നുണ്ടു്. അതില്‍ പ്രസിദ്ധീകരിച്ച ചില പൂരണങ്ങള്‍ സന്തോഷ് ചെയ്യുന്നതുപോലെ ലോകോപകാരത്തിനായി പുനഃപ്രസിദ്ധീകരിച്ചാലോ എന്നൊരാഗ്രഹം. അതു് ഇവിടെയല്ലാതെ പിന്നെ എവിടെ ചെയ്യാന്‍?

സമസ്യ “പഞ്ചേന്ദ്രിയാകര്‍ഷണം” എന്നായിരുന്നു. വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം. പന്ത്രണ്ടാല്‍ മസജം സതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. അതു കണ്ടപ്പൊഴേ നമ്മുടെ ബാച്ചിലര്‍ മൌലീമാണിക്യം മണ്ടത്തരം ഫെയിം ശ്രീജിത്ത് ഒരു പൂരണമയച്ചിരുന്നു. അതു വൃത്തത്തിലൊതുങ്ങാഞ്ഞതിനാല്‍ ഞാനൊന്നു് ഉടച്ചു വാര്‍ത്തു് അല്പം പാരയും ചേര്‍ത്തു വിളക്കിയെടുത്തതു താഴെ.

വൈവിദ്ധ്യം കലരും സഹസ്രതരുണീ-
        രത്നങ്ങള്‍ തന്‍ ദര്‍ശനം,
കള്ളിന്‍ നിത്യമണം, തിരിഞ്ഞു കടി വി-
        ട്ടുള്ളെന്തുമേ ഭക്ഷണം,
കൈകള്‍, ബാഗു, ചെരിപ്പു തൊട്ട വഹയാ-
        ലെന്നും മുഖസ്പര്‍ശനം,
പഞ്ചാരയ്ക്ക സമൃദ്ധി-ബാച്ചിലറിനോ
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇതില്‍ നിന്നും പിന്നെ സന്തോഷ് എഴുതിയ മറ്റൊരു പൂരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു്, പരസഹായമില്ലാതെ ഞാന്‍ തന്നെ എഴുതിയ മറ്റൊരെണ്ണം താഴെ.

കോലില്‍ ചുറ്റിയ ചേലയും മിഴികള്‍ ത-
        ന്നൂണായി, മീന്‍‌കാരി തന്‍
മേലില്‍ നിന്നു വരും വിയര്‍പ്പുമണവും
        പൂന്തെന്നലായ്, നാരി തന്‍
കാലാലുള്ള ചവിട്ടു കോള്‍മയിര്‍, തെറി-
       ത്തായാട്ടു പഞ്ചാമൃതം,
ചാലേ ബാച്ചിലര്‍മാര്‍ക്കു പെണ്ണു സതതം
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇവ ഇവിടെയിട്ടില്ലെങ്കില്‍ പിന്നെ ഈ ബ്ലോഗ് എന്തിനു്?

ദേണ്ടേ ഒരു ബാച്ചിലര്‍....

ബാച്ചിക്കുട്ടന്‍ തന്റെ സഹബാച്ചി സുഹൃത്തുക്കളുമായി ജീവിതം ആസ്വദിക്കുകയാണ്‌.... ബാച്ചിക്കുട്ടന്റെ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം...

തിങ്കളാഴ്ച ദിവസം...

'ഹോ.. ഓഫീസില്‍ പോകണമല്ലോ പണ്ടാരം..' കിടയ്ക്കയില്‍ കിടന്നുകൊണ്ടുള്ള ബാച്ചിക്കുട്ടന്റെ മനോഗതം....തലേ ദിവസം മറ്റു ബാച്ചികളോടൊപ്പം മോന്തിയത്‌ ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം... അതുപിന്നെ മറ്റവന്‍ കേമനാണെന്ന് കാണിക്കാന്‍ വീണ്ടും വീണ്ടും ഒഴിച്ചപ്പോള്‍ എനിക്ക്‌ വിട്ടുകൊടുക്കാന്‍ പറ്റ്വോ... എന്തായാലും വാശി നാശം തന്നെ... തലവേദന മാറണമെങ്കില്‍ ഒരെണ്ണം വീണ്ടും അടിക്കണം... ലീവാണെങ്കില്‍ കിട്ടുകേം ഇല്ല.. ആ ദുഷ്ടന്‍ മാനേജറുടെ വായില്‍ കിടക്കുന്നത്‌ കൂടി കേള്‍ക്കണം...' ഇങ്ങനെയുള്ള ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയിക്കഴിഞ്ഞപ്പോഴെക്ക്‌ കിടയ്ക്കപ്പായയില്‍ നിന്ന് തപ്പിപ്പിടഞ്ഞ്‌ എണീറ്റു. വേഗം പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ ഡ്രസ്സ്‌ ചെയ്ത്‌ ഓഫീസില്‍ പോകാനിറങ്ങി.

ഒരുകണക്കിന്‌ തിരക്കിട്ട്‌ അല്‍പം ലേറ്റ്‌ ആയി ഓഫീസില്‍ എത്തി. അപ്പോഴുണ്ട്‌ മാനേജറുടെ ചോദ്യം..

'എന്താ ബാച്ചീ... വീട്ടില്‍ പ്രാരാബ്ദങ്ങളൊന്നും ഇല്ലല്ലോ ഇത്ര ലേറ്റാവാന്‍?'

'സോറി സാര്‍... കമ്പനി ബസ്സ്‌ കിട്ടിയില്ല... പിന്നെ...'

'ഇറ്റ്‌ സ്‌ ഓകെ...' ബാച്ചിയെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാനേജറുടെ മറുപടി.

സീറ്റില്‍ ഇരുന്ന് ചുറ്റുമുള്ളവരെയൊക്കെ ഒന്ന് വിഷ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ 'വിവാഹിത്‌' എത്തിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പുള്ളിക്കാരന്‍ ലീവ്‌ ആണെന്ന്.

'ഓഹോ... ഇവര്‍ക്കൊക്കെ ലീവ്‌ കൊടുക്കാന്‍ മാനേജര്‍ക്ക്‌ ഒരുകുഴപ്പവും ഇല്ലല്ലേ... ങാ.. അങ്ങേരും അവരുടെ ഗ്രൂപ്പ്‌ അല്ലെ... വിവാഹിതന്‍...' ബാച്ചിക്കുട്ടന്‍ പിറുപിറുത്തു.

ബാച്ചിക്കുട്ടന്‍ തനിക്ക്‌ അലോട്ട്‌ ചെയ്തിരിക്കുന്ന വര്‍ക്കില്‍ മുഴുകി. (ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു... പോസ്റ്റുകള്‍ വായിക്കല്‍... വിവാഹിതരെ തെറിപറയല്‍...)

ലഞ്ച്‌ ടൈം....

വല്ല ഗ്ലാമര്‍ പെണ്‍കിടാങ്ങളെയും നോക്കി വെള്ളമിറക്കിക്കളയാം എന്ന് വിചാരിച്ച്‌ കാന്റീനിലും മറ്റുമായി ഒന്നു കറങ്ങി...

'ഈ പെണ്‍കൊച്ചുങ്ങള്‍ക്ക്‌ എന്തുപറ്റീ... ഇവറ്റകള്‍ ഈ എക്സ്‌ ബാച്ചികളോട്‌ കൂടെയാണല്ലോ അധികവും സംസാരിക്കുന്നത്‌.... നമ്മള്‌ ഈ വേഷം കെട്ടി നടന്നിട്ട്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ... ഛെ...' ബാച്ചിക്കുട്ടന്‌ ദേഷ്യം സഹിക്കാനവുന്നില്ല.

വൈകീട്ട്‌ 5.30 ആയപ്പോള്‍ മാനേജര്‍ വന്നിട്ട്‌ പറഞ്ഞു..

'ആ വര്‍ക്ക്‌ ഈ ആഴ്ചതന്നെ ഫിനിഷ്‌ ചെയ്യണം... ക്ലയന്റിന്‌ ഡെമോ ചെയ്യാനുള്ളതാണ്‌... യു കാന്‍ സിറ്റ്‌ ലേറ്റ്‌ നോ... യു ആര്‍ എ ബാച്ചിലര്‍...'

ഇതും പറഞ്ഞ്‌ അങ്ങേര്‍ വീട്ടില്‍ പോയി.

'അതു ശരി... ഇവര്‍ക്കൊക്കെ കല്ല്യാണം കഴിഞ്ഞു എന്ന് വച്ച്‌ എന്തും ആവാം... ലീവെടുക്കാം, നേരം വൈകി വരാം... സമയത്ത്‌ വീട്ടില്‍ പോകാം... നമ്മള്‍ ബാച്ചികള്‍ മാത്രം ഇങ്ങനെ രാവും പകലും ഇല്ലാതെ പണിയെടുക്കാന്‍..' ബാച്ചിക്കുട്ടന്‍ തന്റെ സഹപ്രവര്‍ത്തകരായ മറ്റു ബാച്ചികളോട്‌ തന്റെ സങ്കടം പുറത്തെടുത്തു.

രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങി... നല്ല വിശപ്പ്‌..

'ഹോ .. വീട്ടില്‍ ഇന്ന് മറ്റവന്റെ കുക്കിംഗ്‌ ആണല്ലോ ഈശ്വരാ... .അവന്റെ മുട്ട പുഴുങ്ങലും മുരിങ്ങയില തോരനും പോരാഞ്ഞ്‌ ഇന്നെന്താണാവോ അവന്റെ പരീക്ഷണം... '
ഓര്‍ത്തപ്പോഴേ ബാച്ചിക്കുട്ടന്റെ വിശപ്പ്‌ ആവിയായിപ്പോയി.

'ഇനിയിപ്പോ ഹോട്ടലില്‍ നിന്ന് വല്ലോം കഴിക്കാന്‍ എന്നു വച്ചാല്‍ എങ്ങനെ വിശ്വസിച്ച്‌ കഴിക്കും... എല്ലാം മായമല്ലേ... ഇന്നാള്‌ ചേച്ചിയുടെ ബ്ലോഗ്‌ വായിച്ചപ്പോഴല്ലെ മനസ്സിലായത്‌ ഒന്നും വിശ്വസിച്ച്‌ വാങ്ങാനും കഴിക്കാനും വയ്യെന്ന്... വിഷം പോലും മായം ചേര്‍ത്തതാണത്രെ... ഹും കല്ല്യാണം കഴിക്കാതെ ഇങ്ങനെ നാട്ടുകാരുടെ പരീക്ഷണവസ്തുവാവാന്‍ തന്നെ തന്റെ വിധി....'
തന്റെ വിധിയെ സ്വയം പഴിച്ച്‌ വീട്ടിലെത്തി.റൂമിലെത്തി ഒന്ന് ഫ്രഷ്‌ ആയി ഫുഡ്‌ കഴിക്കാനിരുന്നു.

'എങ്ങനിണ്ട്രാ എന്റെ ഇന്നത്തെ പ്രിപ്പറേഷന്‍..?' ലവന്റെ ചോദ്യം...

'നീ എന്നാടാ കല്ല്യാണം കഴിഞ്ഞ്‌ ഒന്ന് മാറിത്താമസിക്ക്യാ... എന്നെ കൊന്നെടുത്തിട്ടേ നീയൊക്കെ എന്റെ മേലുള്ള പരീക്ഷണം നിര്‍ത്തൂ അല്ലെ...' ബാച്ചിക്കുട്ടന്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചു.

'ഓ... നിനക്ക്‌ പെണ്ണ്‍ കിട്ടില്ലെന്ന് വിചാരിച്ച്‌ ഞാനെന്തുപിഴച്ചു?... നീ പിന്നെ ഭയങ്കര കുക്ക്‌ ആണല്ലോ...വേണേല്‍ വിഴുങ്ങീട്ട്‌ എണീറ്റ്‌ പോടാ... നിന്റെ കുക്കിംഗ്‌ കാരണം എന്റെ വയറ്‌ ഇതുവരെ നോര്‍മ്മല്‍ ആയിട്ടില്ല... പിന്നല്ലെ...' അവന്റെ വക കിട്ടനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടിയതും വിഴുങ്ങി മിണ്ടാതിരുന്നു.

പിന്നെ, ചര്‍ച്ച കാന്റീനില്‍ കണ്ട സുന്ദരികളെക്കുറിച്ചും ഈ കല്ല്യാണം കഴിഞ്ഞവരുടെ ഭാഗ്യങ്ങളെപ്പറ്റിയുമൊക്കെയായി കടന്നുപോയി.ഫുഡ്‌ കഴിഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌.. വീട്ടിലേക്ക്‌ ഒന്നു വിളിക്കാം.. ഇന്നലെ ബോധം ഉണ്ടായില്ലല്ലോ വിളിക്കാന്‍...

ബാച്ചിക്കുട്ടന്‍ ഫോണെടുത്തു..'ആ.. അമ്മയല്ലെ... ഇത്‌ ഞാനാ... എന്തൊക്കെയാ അവിടെ പുതിയ വിശേഷം... ങാ... ആ..... ആ പിന്നെ അമ്മേ.. എന്റെ ബാച്ചിലുണ്ടായിരുന്ന ബിച്ചുവിന്റെ കല്ല്യാണം ഫിക്സ്‌ ചെയ്തു... ങാ.. അതുതന്നെ.. അന്ന് വീട്ടില്‍ വന്നില്ലേ... അത്‌ തന്നെ... ങാ... എന്നാ ശരീ... പിന്നെ വിളിക്കാം...'

'എവടെ.... എന്റെ കാര്യം ഒന്ന് ഓര്‍ക്കട്ടെ എന്നുവിചാരിച്ചാണ്‌ ബിച്ചുവിന്റെ കാര്യം പറഞ്ഞത്‌... അമ്മയ്ക്കുണ്ടോ വല്ല ചിന്തയും...' ബാച്ചിക്കുട്ടന്റെ നിരാശയോടെയുള്ള മനോഗതം വീണ്ടും.

കുറേ നേരം ടി.വി. ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതില്‍ സഹമുറിയന്മാരുമായി തല്ലുപിടിച്ചിരുന്നു... പിന്നെ പോയി ഉറങ്ങാന്‍ കിടന്നു..

'ഇനി അടുത്ത ശനിയാഴ്ചയാവണം ഒന്ന് മദ്യപിക്കാന്‍.... ശനിയാഴ്ചയും ഓഫീസില്‍ വരാന്‍ ആ ദുഷ്ടന്‍ പറയുമല്ലോ....എന്നാണാവോ ഈശ്വരാ ഈ ഏകാന്ത ജീവിതം അവസാനിക്കുക??? എന്നാണാവോ എന്റെ ജീവിതത്തിലേക്ക്‌ ഒരു പെണ്‍കുട്ടിയുടെ സാന്നിധ്യം ഉണ്ടാവുക.... നല്ല ഭക്ഷണം കഴിച്ച്‌, സമൂഹത്തില്‍ നല്ല ഒരു ഇമേജോടെ... അങ്ങനെ ജീവിതം ആസ്വദിച്ച്‌.... ഈശ്വരാ....'

ബാച്ചിക്കുട്ടന്‍ പ്രാര്‍ത്ഥിച്ച്‌ കിടന്നുറങ്ങി.

Tuesday, October 17, 2006

സ്റ്റില്‍ ബാചിലേര്‍സ്

ഒന്നാം ദിവസത്തിനു മുന്‍പുള്ള ശനിയാഴ്ച്ച

വളരെ വളരെ നേരം ആലോചിച്ചു. അച്ഛനും അമ്മയ്ക്കും പണം മാത്രമാണ്‌ ചിന്ത. വലിയ വീടും കാറുമൊക്കെയുണ്ടെങ്കിലും എപ്പോഴും ശാസന മാത്രം. ഫാഷണബിള്‍ ആയ ഡ്രസ്സ്‌ പോലും ഇടാന്‍ സമ്മതിക്കില്ല. ഒരു സ്നേഹവും ഇല്ലെന്ന് മതിയായ തെളിവുകള്‍. ആലോചനയ്ക്ക്‌ വിരാമം.
സമയം രാത്രി 11.00 ആവുന്നു കിട്ടിയ കുറേ വസ്ത്രങ്ങള്‍ ബാഗില്‍ കുത്തി നിറച്ചു. പണം...?? വേണ്ട.. അല്ലെങ്കില്‍ തന്നെ ആര്‍ക്കു വേണം ഇവരുടെ പണവും സ്വര്‍ണ്ണവും? സുനില്‍ വളരെ അദ്ധ്വാനിയും സ്നേഹമുള്ളവനുമാണ്‌. പണത്തിന്റെ കുറച്ചു കുറവുണ്ടെന്നു മാത്രം. ബാഗുമായി പതിയെ വീടിന്‌ പുറത്തിറങ്ങി. സുനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഒന്നാം ദിവസം

കോവൈ ബസ്സ്‌ സ്റ്റാന്റ്‌. നല്ല തിരക്ക്‌. സുനിലിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക്‌. ഗംഭീര സ്വീകരണം. വൈകിട്ട്‌ കുറച്ചു കൂടുതല്‍ ആളുകളുമെത്തി. എല്ലാവര്‍ക്കും എന്തൊരു സ്നേഹം? ക്ഷീണം കാരണം വേഗം ഉറക്കം വന്നു.

രണ്ടാം ദിവസം

സുനിലിനും തനിക്കും വേണ്ടി സുഹൃത്ത്‌ ലീവ്‌ എടുത്തിരിക്കുന്നു..!!. മേട്ടുപ്പാളയം, ഊട്ടി.. ഹായ്‌.. എന്തു നല്ല യാത്ര.. സിനിമയില്‍ കാണുന്ന പോലെ തന്നെ.

......................
......................
.......................

സുനിലിന്റെ കയ്യിലെ പണം തീരുന്ന വരെയുള്ള ആ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ എത്ര പെട്ടെന്നാണ്‌ കഴിഞ്ഞത്‌? ജീവിതം എന്നാല്‍ ഇതു പോലെ വേണം..

ഏഴാം ദിവസം

ഓട്ടോയിലിരുന്നപ്പോള്‍ വീട്ടിലേക്ക്‌ ഒന്ന് എത്തി നോക്കിയിരുന്നു. മുന്‍ വശത്ത്‌ ആരേയും കണ്ടില്ല. സുനിലിന്റെ വീട്ടിലേക്ക്‌ ഇനിയും 5 മിനിട്ട്‌ കൂടി വേണം. വയസ്സായ അച്ഛനും അമ്മയും ഇറയത്ത്‌ ഇരിക്കുന്നു. ചെറിയ വീടെന്ന് പറഞ്ഞെങ്കിലും ധാരാളം ആളുകള്‍. രണ്ടു ചെറിയ മുറികളും അടുക്കളയും. ഒരു മുറിയില്‍ പെങ്ങള്‍ പ്രസവിച്ച്‌ കുട്ടിയുമായി കിടക്കുന്നു. അവരുടെ മൂത്ത കുട്ടി വന്ന് കയ്യില്‍ തൂങ്ങിക്കഴിഞ്ഞു. അയ്യേ.. ഒരു..അഗ്ലി ഗേള്‍..

പ്രിയ വായനക്കാരാ.. ഇത്രയുമേ എനിക്കുമറിയൂ...

എട്ടാം ദിവസം

നേരം പര പരാന്ന് വെളുത്തു വരുന്നേയുള്ളൂ. ഏതോ ഒരു പെണ്‍ ശബ്ദം കേള്‍ക്കാം. അച്ഛാ... അച്ഛാ... കരഞ്ഞു കൊണ്ട്‌ ഓടി വരുന്നത്‌ ആരെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ? അവളുടെ വീടിന്റെ വാതിലില്‍ കൊട്ടിക്കൊണ്ട്‌ കരയുന്നതു അച്ഛനും അമ്മയും വന്ന് കൂട്ടിക്കൊണ്ടു പോവുന്നതും കൂടി കണ്ടു.

ഇന്ന് ഒരുവര്‍ഷം കഴിഞ്ഞു...

സുനിലിനെ കണ്ടിരുന്നു. അവനു പ്രമോഷനായി. കിളിയില്‍ നിന്ന് ഡ്രൈവറിലേക്ക്‌. ഒരു ബസ്സും ഓടിച്ചു കൊണ്ട് പോകുന്നു. അവള്‍ എവിടെയോ.. ബാംഗ്ലൂരോ, ഹൈദ്രബാദോ, ദില്ലിയിലോ മറ്റോ ബന്ധുക്കളുമൊന്നിച്ചു അടുത്ത ഒരു കല്യാണത്തിനായി കാത്തിരിക്കുന്നു. നല്ല ഒരു ബാച്ചിലര്‍ പയ്യനെയും നോക്കി.....

Saturday, October 14, 2006

അവതാരക - ഒരു ബാച്ചിലര്‍ കദന കഥ

ഇന്നലത്തെ മുരിങ്ങാത്തോരനും കയറ്റി കൈ കഴുകി, നാളെ ആപ്പീസില്‍ ആര്‍ക്കൊക്കെ എന്തൊക്കെ പാരകള്‍ പണിയണം എന്നോര്‍ത്തു നടക്കുമ്പോള്‍, തോരനു വേവു കുറവായിരുന്നല്ലോ എന്നു തോന്നാന്‍ കാരണം ദൈവവിളിയോ, മുരിങ്ങാ വേവളക്കുവാനുള്ള സെന്‍സര്‍ പിടിപ്പിച്ചിട്ടുള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല, മറിച്ച്‌, അകാരണമായ വയറു വേദനയായിരുന്നു. അടിച്ചു പൂക്കുറ്റിയായിരുന്നതിനാല്‍, തിന്നുന്ന സമയത്ത്‌ ഈ വേവില്ലായ്മ തോന്നിയില്ല.

പാചക സാഗരത്തില്‍ ഊളിയിട്ടു കളിച്ചു നടക്കുന്ന ഒരു നീലത്തിമ്മിംഗലമാണു താനെന്നു സ്വയം രണ്ടടി പൊക്കിപ്പിടിച്ചു സംസാരിക്കുന്ന റൂം മേറ്റ്‌ ഓന്റെ വഹ പെശല്‍ "മുരിങ്ങാത്തോരന്‍" ഉണ്ടാക്കാമെന്നു പറഞ്ഞപ്പോള്‍, ഇന്നിനി അടുക്കളയില്‍ കയറണ്ടല്ലോ എന്ന ചിന്തയും, "ഓക്കേ" മൂളാന്‍ പ്രേരിപ്പിച്ചു.

ഇടത്തേ കയ്യില്‍ പാചക പുസ്തകവും, വലത്തേ കയ്യില്‍ ചട്ടകവം പിന്നെ, ബാക്കി വാചകവും ചേര്‍ത്ത്‌ ഓന്‍ അടുക്കളയില്‍ കാട്ടുന്ന മരണവെപ്രാളങ്ങള്‍ കണ്ടാല്‍, താജ്‌ ഗ്രൂപ്പിലെ ചീഫ്‌ "കുക്കര്‍" ആണെന്നേ തോന്നൂ !

ഇത്ര പ്രഗല്ഫന്‍ ഒരാളെ റൂം മേറ്റായി കിട്ടിയതില്‍ സ്വയം അഭിമാനം തോന്നി.
ഇപ്പോള്‍, വയറു വേദനയുമായി ബാത്രൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുമ്പോല്‍ മാനം പോയ പോലെ.

നാട്ടില്‍ ചെന്നിട്ട്‌ അമ്മയോടു പറയണം എത്രേം പെട്ടെന്നു തനിക്കൊരു കല്യാണമാലോചിക്കാന്‍...

"ഒന്നു ന്യൂസു കണ്ടു കളയാം.. എന്നോര്‍ത്ത്‌ ടി.വി യുടേ മുന്നിലിരുന്നു. ദാ വരുന്നു, വാചക വീരന്‍ ! റിമോട്ടെടുത്ത്‌ വിദ്വാന്‍ സൂര്യ ടി.വി. ഓണ്‍ ചെയ്തു.

ഏഷ്യാനെറ്റിലെ ന്യൂസ്‌ വെക്കഡോ എന്നുള്ള തന്റെ നിരന്തരമായ റിക്വെസ്റ്റുകളെ പുല്ലു വില കല്‍പ്പിച്ച്‌ ഓന്‍ സൂര്യയിലെ "മ്യൂസിക്‌ മൊമെന്റ്സ്‌: വച്ചു ! പരിപാടി കാണാനല്ല... പരിപാടി അവതാരകയെ കാണാന്‍ ! പരിപാടി കൊള്ളില്ലെങ്കിലും, അവതാരകയെ കാണാന്‍ കൊള്ളാമത്രേ !

മദ്യപിച്ച്‌ ലക്കു കെട്ട യുവാക്കള്‍ ടി.വി പ്രോഗ്രാം കാണാനുള്ള വഴക്കിനിടയില്‍ തര്‍ക്കം മൂത്‌ അടിപിടിയായി പോലീസ്‌ കസ്റ്റഡിയില്‍ എന്ന തലേക്ക്കെട്ടില്‍ നാളത്തെ പത്രം അച്ചടിച്ചു വരേണ്ട എന്ന തോന്നലിനാല്‍ , ലവന്‍ മിണ്ടാതിരുന്നു !

ഈ ബാച്ചിലേഴ്സിന്റെയൊക്കെ ഓരോ ദുരിതങ്ങളേ !

അയാള്‍ക്കു പെണ്ണുകിട്ടാണ്‍ നമുക്ക്‌ പാലയൂര്‍ പള്ളിയില്‍ ഒരു കൂട്‌ മെഴ്‌തിരി കത്തിക്കാം.....

താഴേക്കാണുന്ന പോസ്റ്റുകള്‍ വായിച്ചാലേ മേല്‍ പോസ്റ്റു വല്ലതും മനസ്സിലാവൂ.
http://chintyam.blogspot.com/2006/10/blog-post_14.html
http://mandatharangal.blogspot.com/2006/10/blog-post_13.html

Wednesday, October 11, 2006

എക്സ് ബാച്ചിലര്‍ ലൈഫും.. ബാച്ചിലര്‍ ലൈഫും!എക്സ് ബാച്ചിലറും ഫാമിലിയും...

ലൈനടിക്കാനെത്തിയ ഒരു ബാച്ചിലര്‍.....

Tuesday, October 10, 2006

ബാച്ചിലേഴ്സും രാജകുമാരിയും

പ്രിയപ്പെട്ട വിവാഹിതരേ,

നിങ്ങളില്‍ പലരും എന്റെ ബുദ്ധിപരീക്ഷ ബ്ലോഗ് വായിക്കാറില്ല എന്നെനിക്കറിയാം. അതു് നിങ്ങള്‍ക്കു ബുദ്ധിയില്ലാത്തതുകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ക്വാളിറ്റി ടൈം സ്നേഹസമ്പന്നരായ കുടുംബാംഗങ്ങളൊത്തു ചെലവഴിക്കാനുള്ള താത്‌പര്യം കൊണ്ടാണെന്നു് എനിക്കറിയാം.

എങ്കിലും, നിങ്ങളോടു് ഒരു അപേക്ഷയുണ്ടു്. എന്റെ ഒരു പോസ്റ്റ് വായിക്കണം. എല്ലാ വിവാഹിതരും ബാച്ചിലേഴ്സും വായിക്കണം.

പിന്നെ, (ഇതു വിവാഹിതര്‍ക്കും ബാച്ചിലേഴ്സിനും ബാധകമാണു്)

ആ പോസ്റ്റ് വായിച്ചിട്ടു് അതിന്റെ ഉത്തരമല്ലാതെ എന്തെങ്കിലും കമന്റിടാന്‍ തൊന്നിയാല്‍ അതു ദയവായി ഇവിടെ ഇടുക. അവിടെ കമന്റുകള്‍ മോഡറേറ്റഡ് ആയതിനാല്‍ ബാച്ചിലേഴ്സിന്റെ ഭക്ഷണം പോലെ തണുത്തു കുളമായേ അനുഭവിക്കാന്‍ പറ്റൂ.

ഇനി ഇങ്ങനെ ഒരു അപേക്ഷ ഉണ്ടാവില്ല. പ്ലീസ്...

Monday, October 09, 2006

മനുഷ്യാ , നീ എന്തു ജീവിതം നയിക്കുന്നു?

ഗള്‍ഫ്‌ ബാച്ചിലന്‍
1. മുഴുവന്‍ സമയ റ്റീവീ പ്രേക്ഷകന്‍
2. മുക്കുടിയന്‍
3. ഓട്ടല്‍ ഭക്ഷണം തിന്ന് അള്‍സര്‍, കുളം സ്റ്റ്രോള്‍, അധോവായു & മേല്‍ വായു,
ബ്ലഡ്‌ പ്രഷര്‍, ആസിഡ്‌ റിഫ്ലക്സ്‌, കുടലേല്‍ ക്യാന്‍സര്‍, കുന്തം കുടച്ചക്രം
4. അഞ്ചിന്റെ തുട്ട്‌ മിച്ചം വയ്ക്കുകേലാ.
5. കൊച്ചപ്പന്‍, വല്യപ്പന്‍, അടുത്ത വീട്ടിലെ കൊച്ചിന്റപ്പന്‍, വഴിയേ പോയ അപ്പാപ്പന്‍ തുടങ്ങി സര്‍വ്വ നാട്ടുകാരനും സ്കോച്ചും, റേ ബാന്‍ ഗ്ലാസ്സും, സിഗറട്ടും വാങ്ങിക്കൊടുത്ത്‌ മുടിയുന്ന കഷ്ടകാലക്കാരന്‍

ഗള്‍ഫ്‌ വിവാഹിതന്‍
1. കുറച്ചുകൂടി സമൂഹ ജീവിയാകുന്നു .
2. കള്ളില്‍ സ്വമേധയായോ ബാഹ്യ സമ്മര്‍ദ്ദം മൂലമോ സേഫ്‌ ലിമിറ്റ്‌ വയ്ക്കുന്നു (ഇല്ലേ ചത്തു പോകുമെടോ).
3. ഹോം മേഡ്‌ ലവ്‌ ഫ്ലേവേര്‍ഡ്‌ ഭക്ഷണം, വ്യായാമം.
4. വീട്‌, സമ്പാദ്യം, റിട്ടയര്‍മന്റ്‌ പ്ലാന്‍ എന്നിങ്ങനെ ഓരോരോ പ്ലാന്‍ മനസ്സില്‍ വരുന്നു .
5. ഞാന്‍ പ്രാരാബ്ധക്കാരന്‍ എന്നൊരു എക്സ്ക്യൂനും പറഞ്ഞ്‌ കള്ളു-കണ്ണാടികല്‍ ആവശ്യപ്പെട്ടു വരുന്നവരെ സൌകര്യപൂര്‍വ്വം ഓടിക്കുന്നു .
6. സമൂഹത്തില്‍ അവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാദ്ധാന്യത്തോടെ ശ്രദ്ധിക്കപ്പെടുന്നു.
7. ജീവിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെന്നും ജീവിതത്തിനു അര്‍ത്ഥമുണ്ടെന്നും തോന്നി "അസ്ഥിത്വ" ദുഖം മാതിരി ഹിപ്പിരോഗപീഢകളില്‍ നിന്നും വിമോചിതനാകുന്നു .
8. വിവാഹിതര്‍ കൂടുതല്‍ കാലം ജീവിക്കുന്നു
(തമാശയല്ല, സീരിയസ്സ്‌. ഒരുപാട്‌ ഗവേഷണം നടന്നതാണ്‌ ഇതില്‍) .
9. പ്രശ്നങ്ങളും ഭാരങ്ങളും പങ്കു വയ്ക്കയാല്‍ ഉന്മാദം, വിഷാദരോഗം, പിരാന്ത്‌, ഹിസ്റ്റീരിയ, ബാക്റ്റീരി എന്നിവ വരാനുള്ള സാദ്ധ്യത കുറയുന്നു.
10. അങ്ങനെ വിവാഹിതന്‍ പത്നീസന്താന പരിസേവിതരായി കുടുംബമെന്ന കൊച്ചു രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായി സസുഖം, സരസം, സരസപ്പരില്ല, സസന്തോഷം, സാമോദം, സാമ്പാറ്‌, സുന്ദരമായി, സുശീലന്മാരായി, സുസ്മേരവദനന്മാരായി, സുഭദ്രന്മാരായി, സുഭാഷിതരായി, സുകുമാരന്മാരായി, സുഖിക്കുന്നു.

നിങ്ങള്‍ തീരുമാനിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെ വേണമെന്ന്.

ഇഷ്യൂഡ്‌ ഇന്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ ബൈ ദേവരാഗം എസ്ക്വയര്‍.

Sunday, October 08, 2006

എന്റെ ആധി.

"എന്തു പറ്റി ? മുഖം വല്ലാതെ ?"
"എയ് ഒന്നുമില്ല. ഒരു ചെറിയ തലവേദന"
"ഓ. നൊക്കട്ടെ... എയ് ചൂടൊന്നും ഇലല്ലോ?"
"ഇല്ല. ഓഫീസിലെ ഓരോ ടെന്‍ഷന്‍"
"ഉം.. ഒന്നു വിശ്രമിക്ക്. വിക്സോ അമ്രുതാഞ്ജനമോ പുരട്ടാം. ജലദോഷക്കോളുണ്ടെങ്കില്‍ ഒരു ചുക്കു കാപ്പിം തിളപ്പിച്ചു തരാം"

"എന്നെ നോക്കാന്‍ നീയിവിടെ ഉണ്ടല്ലോ.
മറുനാട്ടിലുള്ള* അവന്റെ കാര്യമാ കഷ്ടം.
പാര്‍ട്ടി, കൂടുകൂടല്‍ എന്നും പറഞ്ഞു വേണ്ടത്തതൊക്കെ കഴിച്ചു ,ഇപ്പോള്‍ ഒരാഴ്ചയായി വയറിനു സുഖമില്ലത്രേ.
അരുമില്ല, ഒരിത്തിരി കഞ്ഞിയോ , കട്ടന്‍ ചായയോ ഉണ്ടാക്കിക്കൊടുക്കാന്‍.
പെണ്ണു കെട്ടാന്‍ പറഞ്ഞിട്ട് കേള്‍ക്കണ്ടേ,
ബാച്ചിലര്‍ ആണത്രെ ബാച്ചിലര്‍ !!"


(*മറുനാട് എന്നുള്ളതു ബാഗ്ലൂര്‍/ഡെല്‍ഹി/ഹൈദെരാബാദ്/അറബിനാടുകള്‍/അമേരിക്ക എന്നിങ്ങനെ ഭൂലോകത്തിന്റെ ഏതു സ്ഥലമാക്കിയും വായനകാരന്റെ ഉചിതത്തിനനുസരിച്ചു വായിചു കൊള്ളുമല്ലോ..)

ഒരു ബാംഗ്ലൂര്‍ ദുബൈ ഐ - എസ് - ഡി

ഇത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കഥയാണ്‌.

ണ്‍ട്രിം.. ണ്‍ട്രിം.. ണ്‍ട്രിം..

ഹലോ...

ഹലോ... ഇത്‌ ഞാനാടാ...

എവിടെ ബാംഗ്ലൂരോ നാട്ടിലോ...

ബാഗ്ലൂരാ...

പിന്നെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍.

ആ ഇങ്ങെനേ പോവുന്നു. ഇവിടെ നല്ല ചൂടാ... പിന്നെ നമുക്ക്‌ വലിയ പ്രശ്നമില്ല. കുറച്ച്‌ ദിവസം ബോസ്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ പോയി അത്‌ കൊണ്ട്‌ സുഖമായി ബ്ലോഗിംഗ്‌ നടക്കുന്നു.

ആ അങ്ങനെയാണൊ...

പിന്നെ കല്ല്യാണം കഴിക്കനുള്ള പദ്ധതിയൊന്നും ഇല്ലേ... പത്ത്‌ മുപ്പത്തഞ്ച്‌ ആയില്ലേ മോനേ...

അതൊന്നും പറയണ്ട... നമുക്ക്‌ മാത്രം തോന്നിയാല്‍ പോരല്ലോ... വീട്ടുകാര്‍ക്കും കൂടി തോന്നണ്ടേ...

എന്റെയും പ്രശ്നം അതാണ്‌... വിട്ടുക്കര്‍ക്ക്‌ ഇപ്പോഴും ഞാന്‍ കൊച്ചുകുഞ്ഞാ... എന്ത്‌ ചെയ്യാം അല്ലേ...

അതിനല്ലേ ഞാന്‍ എപ്പോഴും ബാച്ചിലര്‍ ലൈഫിനെ കുറിച്ച്‌ വാതോരാതെ പറയുന്നത്‌...

എടാ... നമുക്ക്‌ ഒരു ക്ലബ്ബ്‌ തുടങ്ങിയാലോ... ബാച്ചിലേഴ്സിനു മാത്രം. വീട്ടുകാരെങ്കിലും വായിച്ച്‌ നമ്മുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായാലോ...

അത്‌ നല്ല ഐഡിയ തന്നെ... എന്നാല്‍ നീ തന്നെ ഒരു ബ്ലോഗ്‌ തുടങ്ങ്‌... സകല ബാച്ചിലേഴിസിനേയും നമുക്ക്‌ അംഗങ്ങളാക്കാം...

എന്നാല്‍ അതിന്റെ ജോലി തുടങ്ങട്ടേ...

എന്തായിരിക്കണം ബ്ലോഗിന്റെ പേര്‌...

പെണ്ണുകിട്ടാത്തവര്‍ എന്നാക്കിയാലോ...

അല്ലെങ്കില്‍ വീട്ടുക്കര്‍ ശ്രദ്ധിക്കേണ്ടവര്‍ എന്നാക്കാം.

അത്‌ മോശമല്ലേ...

എന്നാല്‍ പിന്നെ ബാച്ചിലേഴ്സ്‌ ക്ലബ്ബ്‌ എന്ന് പേരുകൊടുക്കാം.

ഒകെ...

ശേഷം സ്ക്രീനില്‍... ബൈ ബൈ

ബൈ ബൈ.

തെങ്ങും ട്രൈഗ്ലിസറൈഡ്സും...

കാലത്തെ അമ്മ കൊണ്ടു തന്ന ചുടു ചായ കുടിച്ചു വര്‍ത്തമാന പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു അയാള്‍.

“മോനെ കാലത്തു തന്നെ പോയി ആ കുഞ്ഞാപ്പു വീട്ടിലുണ്ടോന്നു ഒന്നു നോക്കൂ,പുരയിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഈ തെങ്ങു ഒന്നു വലിച്ചു കെട്ടാന്‍.”
“ എനിക്കു ഇന്നു ഡോക്ടറുടെ അടുത്ത് പോണല്ലോ അമ്മേ , വന്നിട്ടു നോക്കാം.“

പ്രവാസ ജീവിതത്തില്‍ നിന്നു ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അയാള്‍.അമ്മ അങ്ങിനെയാണു . ലീവില്‍ വന്നാല്‍ അയാള്‍ക്കു ചില്ലറ പണികളൊക്കെ ഏല്‍പ്പിച്ചു കൊടുക്കും.ഗോതമ്പു പൊടിപ്പിക്കാന്‍ പോകുക,അടുത്തുള്ള മില്ലില്‍ പോയി വെളിച്ചെണ്ണ വാങ്ങി വരിക,നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്‍ത്തുന്ന ചെറിയ പണികള്‍.

........
വൈകീട്ട്.
“എങ്ങിനെയുണ്ടു ഡോക്ട്റുടെ അടുത്ത് പോയിട്ടു , മോനെ ? “

“ ട്രൈഗ്ലിസറൈഡ്സു കുറച്ച് കൂടുതലുണ്ടു “ .

“ ഉം . കുറച്ചുന്നുമല്ല അമ്മെ .നല്ലവണ്ണം കൂടുതലുണ്ടു “.

“ ഭകഷ്ണം കണ്ട്രോളു ചെയ്യാനും സ്മാള്‍ അടിക്കുന്നതു നിറുത്താനും പറഞ്ഞു “

ഫോമിലായ സച്ചിനെപ്പോലെ തുരുതുരെ സിക്സറുകള്‍ അടിച്ചു വിടുകയാണു ശ്രീമതി.

“ കാലത്ത് ഇനി ചായക്കു പകരം ഒരു ഗ്ലാസ്സ് വേപ്പില നീരു അടിച്ചു തരാം“.
അമ്മയുടെ വക. ഒരു പൊതുശത്രുവിനെ കിട്ടിയപ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹം കണ്ടു അയാളുടെ കണ്ണു നിറഞ്ഞു !

“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഷാര്‍ജയില്‍ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.

“ഒരു പെഗ്ഗു പൊയിട്ടു അര പെഗ്ഗു പോലും അടിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല “

അമ്മ മുന്നിലുള്ള ധൈര്യത്തില്‍ അവള്‍ കത്തിവേഷം തന്നെ എടുത്തു.

ഒരു കാര്യത്തില്‍ മാത്രം മനസ്സു സന്തോഷിച്ചു.ഇവള്‍ക്കു കുറച്ചു ലോക വിവരം വച്ചല്ലൊ,ദൈവമെ ,കള്ളു കുടിയുടെ കാര്യത്തിലെങ്കിലും.
.....

ഫ്ലാഷ് ബാക്ക് പ്രഥമ രാത്രിയില്‍ പരസ്പരം പരിചയപെടുത്തലുകള്‍ക്കു ശേഷം.

“മോളെ , ഞാന്‍ വല്ലപ്പോഴും ഒരു സ്മാളൊക്കെ കഴിക്കും “

“ അതിനെന്താ,എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായാല്‍ മതി “

“ ലിമിറ്റ്ന്നു പറഞാല്‍ “ ?
അയാള്‍ക്കു പെട്ടെന്നു ഓര്‍മ്മ വന്നത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മരണ വെപ്രാളത്തൊടെ പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളേയാണു.

“ ചേട്ടന്‍ ഒരു ഗ്ലാസ്സ് മാത്രം കുടിച്ചോ “

.കുറച്ച് നേരത്തെ ആലോചനക്കു ശേഷം അവള്‍ പറഞ്ഞു.

“എന്റമ്മോ,പൊന്നു മോളെ ഇതു നിന്റെയച്ഛന്‍ എന്നും കുടിക്കുന്ന ഒരു ഗ്ലാസ് നാടന്‍ കള്ളല്ല. ഒരു ഗ്ലാസ്സ് എന്നു പറഞ്ഞാല്‍ നാലോ അഞ്ചോ പെഗ്ഗ്, അതും ഞാന്‍ അടിക്കുന്ന ത്രിഗുണനാണെങ്കില്‍ ഒരു നല്ല കുടിയനെ പിമ്പിരിയാക്കാന്‍ പറ്റൂം “

എന്നൊക്കെ മനസ്സില്‍ വന്നെങ്കിലും പുറത്ത് ഒന്നും വന്നില്ല.ഉള്ള കഞ്ഞിയില്‍ പാറ്റയെ തെരഞ്ഞ് പീടിച്ചു ഇടണ്ടാ എന്നു അയാള്‍ കരുതി.പാറ്റ എന്നെങ്കിലും വഴി കണ്ടു പിടീച്ചു സ്വയം വന്നു വീഴുന്നെകില്‍ വീഴട്ടെ.

അയാളുടെ മൌനം കണ്ടു തെറ്റിദ്ധരിച്ചു കിളീമൊഴി പിന്നേയും.

“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”

സന്തോഷം കൂടുതലായി തല കറക്കം വല്ലതും വന്നാലോ എന്നു പേടിച്ചു അയാള്‍ സംഭാഷണത്തിനു വിരാമമിട്ടു.

......

വര്‍ത്തമാന കാലം

തിരിച്ചു ബെഡ് റൂമില്‍ എത്തി,ഡ്രെസ്സ് മാറുന്നതിനിടയില്‍ അയാള്‍ മുകളില്‍ തട്ടില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലേക്കു ഒളികണ്ണിട്ടു നോക്കി.

അതു കണ്ടു പിടിച്ച ശ്രീമതി.

“ അല്ല,ഇതൊക്കെ ഇനി എന്തു ചെയ്യും.?”

“നമുക്കു പണിക്കാര്‍ക്കു കൊടുക്കാം,ഓണത്തിനു “,ചോദ്യവും ഉത്തരവും അവള്‍ തന്നെ.

“ പിന്നെ ! പണിക്കാര്‍ക്കു സ്കോച്ച് വിസ്കിയും ഫ്രഞ്ചു ബ്രാന്‍ഡിയും അല്ലെ കോടുക്കുന്നത് ! അവര്‍ക്കു നമ്മുക്കു ബിവറേജസ്സില്‍ നിന്നും നല്ല ആനമയക്കി വാങ്ങിക്കൊടുക്കാം“.

നിമിഷനേരം കൊണ്ടു അയാള്‍‍ ഒരു പെറ്റി ബൂര്‍ഷ്വാ ആയി മാറി.

“എന്നാ‍ല്‍ എന്റെ അച്ഛനു കൊടുക്കാം “- അവള്‍.

“നിന്റെ അച്ച്ന്റെ അലമാരിയില്‍ ഉള്ളത്ര കള്ളു കുപ്പികള്‍ ബിവറേജസ്സിന്റെ ഗോഡൌണില്‍ പോലും കാണില്ല.“

മൂന്നു ആണ്‍ മക്കളും രണ്ടു പേണ്മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഗള്‍ഫിലുണ്ടു.പിന്നെ നാട്ടുകാരെ കുറെ പേരെ വിദേശത്ത് പോകാന്‍‍ സഹായം ചെയ്തു കൊടുത്ത വകയില്‍ ഇടക്കിടെ കിട്ടുന്ന കുപ്പികള്‍, അതും കൂടാതെ ഒന്നു രണ്ടു അബ്ക്കാരികളായിട്ടുള്ള സുഹൃത്ത് ബന്ധവും. ബ്രഹ്മാവും ആയുസ്സും തമ്മിലുള്ള ബന്ധം പോലെയാണു അദ്ദേഹവും കള്ളും തമ്മിലുള്ളത്.ദോഷം പറയരുതല്ലൊ,ഇപ്പോഴും തേങ്ങിന്‍ കള്ളൂ തന്നെ അദ്ദേഹത്തിനു പഥ്യം.

ഈ സംഭാഷണം കേട്ടു യുദ്ധത്തില്‍‍ തോറ്റ് കീഴടങ്ങാന്‍ നില്‍ക്കുന്ന പടയാളികളേപ്പോലെ വിഷമിച്ചിച്ചിരിക്കുന്ന പാവം കുപ്പികള്‍.

അതില്‍ പകുതി കുടിച്ചു വെച്ച ഒരു ‘സെന്റ് റെമി‘ എടുത്ത് കോര്‍ക്കു വലിച്ചൂരി അയാള്‍ നല്ലവണ്ണം ഒന്നു മണത്തു നോക്കി. ആ ഹാ,ദേവസുരന്മാരെ ഒരു പോലെ മയക്കാന്‍ കഴിവുള്ള അതിന്റെ സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അകത്തു കയറി ശരീരം മുഴുവന്‍ പടര്‍ന്നു.ഫ്രാന്‍സിലെ ഏതൊ ഒരു പ്രവിശ്യയിലെ തോട്ടത്തില്‍ നിന്നും അതുണ്ടാക്കാന്‍ വേണ്ടി മുന്തിരി നുള്ളിയ നീണ്ടു മെലിഞ്ഞ വിരലുകളെ അയാള്‍ ഒരു നിമിഷം ഓര്‍ത്തു.

“ അല്ല , ഒരു കുപ്പി നിങ്ങള്‍ കൊച്ചിയില്‍ സംഗമത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞിട്ടു ? “

“ അതു ക്യാന്‍സലായി “

“..........”

‘ അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം . ഈ മരുന്നൊക്കെ കഴിച്ച് പത്തു ദിവസം കഴിയുമ്പോള്‍ അസുഖമൊക്കെ നല്ലോണം കുറയും, അപ്പോള്‍ ഞാന്‍ തന്നെ ഇതു തീര്‍ത്തോളാം.

“ ഹും ! അതിനു ഇമ്മിണി പുളിക്കും. ഞാന്‍ ഇതെല്ലാം എടുത്ത് തെങ്ങിന്റ്റെ കടക്കു ഒഴിക്കും “

“ അയ്യോ ! ചതിക്കല്ലെ പൊന്നെ “ .

“എന്തിനാ വിളിച്ചു കൂവുന്നത്, അത്രക്കും വിഷമമായൊ ?“

“ ഏയ് അതല്ല.“

“പിന്നെ ?“

“നാലര ലിറ്ററു കള്ളു നീ തെങ്ങിന്റെ കടക്കു ഒഴിച്ചിട്ടു വേണം അതു കിറുങ്ങി നമ്മുടെ പുരപ്പുറത്ത് തന്നെ വീഴാന്‍.
അമ്മ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും “.

ചുണ്ടിന്റെ കോണില്‍ മാത്രം ഒരു ചെറു പുഞ്ചിരി വിടരുന്നതു കണ്ടപ്പോള്‍ അതു ഏറ്റില്ലെന്നു അയാള്‍ക്കു മനസ്സിലായി.

“ ഉം.ആ പകുതിയുള്ളത് ഏതായാലും കളയുന്നില്ല “

കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളീ വര. അയാളില്‍ ആശയുടെ ഒരു പൂത്തിരി കത്തി.

“ എന്താ ? “

“അല്ല നിങ്ങള്‍ക്കു വല്ലപ്പഴും എടുത്തു മണക്കാമല്ലോ , ഏതാണ്ടു കുടിച്ച മാതിരിയാവും,ഇപ്പോഴത്തെ പോലെ“

മുന്‍പിലുള്ള മോണീട്ടര്‍ ഓഫായിപ്പോയ ന്യൂസ് റീഡറെപ്പോലെ അയാള്‍ വാക്കുകള്‍ക്കു തപ്പി.

പിന്നെ ഫില്ലറുകള്‍ വല്ലതും തടയുമോ എന്നറിയാന്‍ ചുറ്റും പരതി നോക്കി. ........

Tuesday, October 03, 2006

വിപ്രലംഭ പര്‍വ്വം

കഴുകന്റെ കൊക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ആ പലായനത്തിനിടെ ചക്രവാകമിഥുനങ്ങള്‍ തടാകത്തിനിരുവശത്തുമായിപ്പോയി. അങ്ങനെ അവ മരിച്ചു" ചേട്ടന്‍ കഥ നിറുത്തിയപ്പോള്‍ എല്ലാവരും നിശബ്ദരായി. എനിക്കു മാത്രം മനസ്സിലായില്ല.

"തടാകത്തിനിരുവശത്ത്‌ അവ എങ്ങനെ മരിച്ചു?"

"എടാ ചക്രവാകപ്പക്ഷികള്‍ എന്നും തീവ്ര പ്രണയാതുരരാണെന്നും അവയ്ക്കിടയില്‍ ഒരു താമരയില വീണ്‌ പരസ്പരം കാണാതെയായാലും വിരഹം താങ്ങാതെ അവ മരിച്ചു പോകുമെന്നുമാണ്‌ കവിഭാവന". കഥയില്‍ കയറി ചോദ്യം ചോദിച്ച വിഢ്യാസുരാ എന്ന വിളി വിളിക്കാതെ വിളിച്ച്‌ ചേച്ചി വിശദീകരിച്ചു തന്നു.

"അതൊരുമാതിരി ഓവര്‍ ഭാവന ആണല്ലോ. ഈ ചക്രവാകങ്ങള്‍ മുട്ടേന്നു വിരിഞ്ഞപ്പോഴേ ഇണയുടെ കൂടെ ആയിരുന്നോ? എന്നിട്ട്‌ അന്നൊന്നും ചത്തില്ലല്ലോ. ഒരു ലിമിറ്റ്‌ ഒക്കെ വേണ്ടേ ." എന്റെ അജ്ഞത വെളിവായ ചമ്മല്‍ കൂടി ഞാന്‍ ചക്രവാകങ്ങളെ എഴുതിത്തള്ളിയതിനു കാരണമായിട്ടുണ്ടാവാം.

"ഇവനില്‍ ഒരനുരാഗിയില്ല. ഇവനറിയുന്നില്ല, ഇവനു അറിയാനും കഴിയില്ല" എന്നെ എഴുതിത്തള്ളി.

അതെ. എന്നില്‍ ഒരനുരാഗിയില്ല. ആ നിസ്സംഗത എനിക്കൊരുപാടു പ്രണയം നേടിത്തന്നിട്ടുണ്ട്‌! അതിനെയൊന്നും ഞാന്‍ ഗൌരവമായി കണ്ടിട്ടുമില്ല.

ചക്രവാകക്കഥ കേള്‍ക്കുന്ന പ്രായത്തില്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയോ ബീയറോ ഒരു സിനിമാ ടിക്കറ്റോ പ്രതിഫലം പറ്റി " നീയടുത്തെത്തുന്ന വേളകളില്‍ മാത്രം ഞാന്‍ ഞാനായിമാറുന്നു എന്നതില്‍ തുടങ്ങി എന്റെ തിരിച്ചറിവ്‌." "ഉരുകുന്ന ലാവ ഉറവപൊട്ടുന്ന ഒരു ഹൃദയം ഇതാ ഈ ലക്കോട്ടിനുള്ളില്‍ എന്നും" മറ്റും കൂട്ടുകാര്‍ക്ക്‌ അവരുടെ കാമുകിമാരുടെ മേല്‍ പ്രയോഗിക്കാന്‍ "love letter" എഴുതിക്കൊടുക്കുമായിരുന്നു. എന്റെ മനസ്സില്‍ അനുരാഗമില്ലാത്തതിനാല്‍ മാത്രമാണ്‌ അത്രയും ഡിറ്റാച്ച്ഡ്‌ ആയി ആ പൈങ്കിളിവരികള്‍ എഴുതി ചില്ലിക്കാശിനു വില്‍ക്കാന്‍ എനിക്ക്‌ കഴിഞ്ഞതും..

----------------------------------------------------------------------
ഇന്നലെ സീയെസ്സ്‌ ഒരസ്സല്‍ ഫോട്ടോ ഇട്ടിരിക്കുന്നു
"ഇതു നോക്കെടോ, ഫോട്ടോ!" ഞാന്‍ വിളിച്ചു. ആരും വിളി കേട്ടില്ല അവള്‍ നാട്ടില്‍ പോയിരിക്കുന്നു.

അതിനു കുറച്ചു മുന്നേ ഞാന്‍ എന്റെ വീടിന്റെ ഡോര്‍ ബെല്‍ അടിച്ചു കാത്തു നില്‍ക്കുമ്പോള്‍ അയല്‍വക്കക്കാരി ചിരിച്ചുകൊണ്ട്‌ "അതിനുള്ളില്‍ ആരുമില്ല, തുറന്നു കയറൂ" എന്നു പറഞ്ഞതു കേട്ട്‌ ഞാന്‍ ചമ്മിയതേയുള്ളൂ.

കുളിച്ചിട്ട്‌ "ടവല്‍" എന്നു കൂക്കുമ്പോള്‍ തിരിച്ചു കേള്‍ക്കാത്ത "ഒരെണ്ണം എടുത്തുകൊണ്ട്‌ കയറരുതോ"കള്‍. ഒരു പാരമീറ്റിങ്ങീനു മുന്നേയുള്ള അസ്വസ്ഥത പങ്കുവയ്ക്കാന്‍ ഞെക്കാവുന്ന ഒരു ഹോട്ട്‌ കീ എന്റെ മൊബൈലില്‍ ഇല്ലായെന്ന് അറിയുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ.

രാവിലേ ഇറങ്ങുമ്പോള്‍ ആരോടും യാത്ര പറയാനില്ല .

പോരുമ്പോള്‍ ഫാന്‍ ഓഫ്‌ ചെയ്യാന്‍ വിട്ടു. ടെലിഫോണ്‍ ബില്ല് അടച്ചിട്ടില്ല. ഉച്ചക്ക്‌ കഴിക്കാന്‍ ചോറുമാത്രമേയുള്ളൂ, കറിയില്ല.


ഒരു സുഹൃത്തുകൂടി ഇന്നലെ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചു. കരയാന്‍ കഴിയുന്നില്ല.

മീശവെട്ടുന്ന കത്രിക കാണാനില്ല. ഞാന്‍ ജഗതി ചില സിനിമയില്‍ വയ്ക്കുന്നതുപോലത്തെ കള്ളരിപ്പന്‍ മീശയുമായി ഓഫീസിലിരിക്കുന്നു ഇപ്പോള്‍. കുറുമാന്‍ ഡെന്മാര്‍ക്കില്‍ നിന്നെത്തിയോ എന്ന് അന്വേഷിക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ ബുക്കും കാണുന്നില്ല.

വീടു വിട്ട്‌ 15 വര്‍ഷം ഒറ്റക്ക്‌ കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ വിവാഹിതനായത്‌. ഇപ്പോള്‍ ആറു വര്‍ഷംകൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗം അവളായിപ്പോയി. കുറച്ചു ദിവസത്തേക്കാണെങ്കിലും അവള്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പകുതിയായി ചുരുങ്ങിപ്പോയി.

ഒറ്റക്കാകുമ്പോള്‍ ചെയ്യാമെന്നു കരുതി ഒരുപാടു കാര്യങ്ങള്‍ മാറ്റിവച്ചിരുന്നു. അതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു റാക്ക്‌ നിറയെ പുസ്തകമിരിക്കുന്നു.. ഒന്നും വായിക്കുന്നുമില്ല. അതിനൊന്നും അര ഞാന്‍ പോരാ, മുഴുവന്‍ ഞാന്‍ തന്നെ വേണം.

i miss you എന്നൊരു സന്ദേശമയച്ചാലോ? മൊബൈല്‍ എടുത്തു. ബട്ടണുകള്‍ ഞെക്കിത്തീര്‍ന്നപ്പോള്‍ വന്നത്‌ ഇങ്ങനെ " watchout for the gnats, chikungunya is rampaging @ kerala"
----------------------------------------------------
ഒപ്പം ചേട്ടനും ഒരു സന്ദേശമയക്കാന്‍ തോന്നി . "ചക്രവാകപ്പക്ഷികളെക്കുറിച്ചുള്ള കവി സങ്കല്‍പ്പം ഓവറാണെന്ന പ്രസ്ഥാവന 18 കൊല്ലത്തിനു ശേഷം ഞാന്‍ പിന്‍വലിച്ചോട്ടേ?" എന്ന്.

അയച്ചില്ല. പൊന്നനിയന്‍ നട്ടപ്പാതിരാക്ക്‌ ഏതെങ്കിലും ബാറിലിരിക്കുകയാണെന്ന് അതു കിട്ടുമ്പോള്‍ ചേട്ടന്‍ കരുതും.

Tuesday, September 26, 2006

കല്ല്യാണശേഷം....

'ആദ്യരാത്രി' എന്ന് ബാച്ചിലര്‍ മനസ്സിനെ എന്നും മഥിച്ചിരുന്ന ആ രാത്രി....

ഫോണിലൂടെയും നേരിട്ടും വളരെ സംസാരിച്ചിരുന്നതിനാല്‍ അപരിചിതത്ത്വം കുറവായിരുന്നു. എങ്കിലും പരസ്പര ബഹുമാനത്തിനും സ്നേഹത്തിനും കാമത്തെക്കാള്‍ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവില്‍ കുറെനേരം സംസാരിച്ചിരുന്ന് അവര്‍ ഉറങ്ങാനായി ലൈറ്റ്‌ അണച്ചു....

സിനിമാസങ്കല്‍പങ്ങളിലെപ്പോലെ കാലത്തുതന്നെ കുളിച്ചൊരുങ്ങി ചായയുമായി തന്നെ വിളിച്ചുണര്‍ത്തുന്ന ഒരു ഭാര്യയെ അവന്‍ പ്രതീക്ഷിച്ചിട്ടില്ല എന്നത്‌ രാത്രി തന്നെ വ്യക്തമാക്കിയതിനാല്‍ ഉറക്കമുണര്‍ന്നതും ഒരുമിച്ച്‌.....

'എങ്ങനെ മുറിയില്‍നിന്ന് പുറത്തിറങ്ങി മറ്റുള്ളവരുടെ മുഖത്ത്‌ നോക്കും?' എന്ന ചോദ്യം മനസ്സില്‍ തോന്നുക സ്വാഭാവികം.....

പെട്ടെന്ന് ദൈനം ദിനപരിപാടികളില്‍ മുഴുകി ഒരു ബന്ധുവീട്ടിലേക്ക്‌ പോകുന്ന തിരക്കിന്റെ സഹായത്താല്‍ ആ സിറ്റുവേഷന്‍ തരണം ചെയ്തു.

ബന്ധുവീടുകളിലെ സല്‍ക്കാരങ്ങളാല്‍ തുടര്‍ന്നുള്ള കുറെ ദിനങ്ങള്‍... ഉച്ചയ്ക്ക്‌ ഒരു ഉറക്കം..... പണ്ട്‌ ബാച്ചിലര്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു സുഖം ഈ ഉച്ച ഉറക്കങ്ങള്‍ക്ക്‌..... കൊള്ളാം....

പരസ്പരം സഹായിച്ച്‌ കാര്യങ്ങള്‍ വേണ്ട പോലെ ശ്രദ്ധിച്ച്‌ കൂടെത്തന്നെ എപ്പോഴും ഒരാള്‍...
ദാമ്പത്യത്തിന്റെ സുഖം അനുഭവിച്ചുതുടങ്ങി....

അവന്‍ പതിവുപോലെ ആഴ്ചയ്ക്കൊടുവില്‍ വസ്ത്രം അലക്കാനായി തിരഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു... 'അതെല്ലാം അലക്കി തേച്ച്‌ അലമാരയില്‍ വച്ചിട്ടുണ്ട്‌....'

'ഓ... എന്തിനാ നീ ഇത്ര കഷ്ടപ്പെടുന്നത്‌..... അതൊന്നും വേണ്ടായിരുന്നു..' എന്ന് പറഞ്ഞെങ്കിലും മനസ്സില്‍ ഒരു സന്തോഷം.....

സിനിമകള്‍ വീക്ക്നസ്‌ ആയതിനാല്‍ അവളുടെ സിനിമാ താല്‍പര്യങ്ങളെക്കുറിച്ച്‌ തിരക്കിയപ്പോള്‍ അവള്‍ എന്തിനും റെഡി.....

'ഹാവൂ... തീയറ്ററിലെ തിരക്കില്‍ പെട്ട്‌ വിയര്‍ത്തൊഴുകി ഉന്തും തള്ളും കൊണ്ട്‌ ഇനി ടിക്കറ്റ്‌ എടുക്കെണ്ടാ.... ഇവളെ ക്യൂവില്‍ നിര്‍ത്താലോ...' അവന്റെ മനസ്സില്‍ കുളിരുകോരി.

കൊതിയോടെ നോക്കുന്ന ബാച്ചിലര്‍ ദുഷ്ടന്മാരെ നോക്കി ഒരു മന്ദഹാസം തൂകിക്കൊണ്ട്‌ തീയറ്ററിനുള്ളിലേക്ക്‌...

ഭാര്യാസമേതനായി സിനിമയ്ക്ക്‌ പോകുക.... അവളുടെ കരം ഗ്രഹിച്ച്‌ അങ്ങനെ ഇരുന്ന് സിനിമയില്‍ മുഴുകുക...... കാര്യങ്ങള്‍ കൊള്ളാം....

ഓരോ ദിവസം കഴിയുംതോറും പരസ്പരം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടുതല്‍ കൂടുതല്‍ അവര്‍ അറിഞ്ഞുകൊണ്ടിരുന്നു.... അടുത്തുകൊണ്ടിരുന്നു.....

ജീവിതത്തിന്‌ എന്തൊരു ഉണര്‍വ്വ്‌.... ദിവസങ്ങള്‍ എല്ലാം ആഘോഷിക്കാനുള്ളവയെന്ന് ഇപ്പോ മനസ്സിലായി....

'എന്ത്‌ ബാച്ചിലര്‍ ലൈഫ്‌...... ഇതല്ലേ മോനെ ഒറിജിനല്‍ ലൈഫ്‌' എന്ന് ബാച്ചിലര്‍ സുഹൃത്തുക്കളോട്‌ വീമ്പിളക്കി.

ഭാര്യാവീട്ടില്‍ ചെന്നാല്‍ എന്തൊരു സ്വീകരണം..... ചിരിച്ചുകൊണ്ടിരിക്കുക... തന്റെ ജോലിയെയും മറ്റു കഴിവുകളെയും കുറിച്ച്‌ അഹങ്കാരമാണെന്ന് തോന്നാത്ത വിധത്തില്‍ പരമാവധി വച്ച്‌ കീച്ചുക. ടി.വി. കണ്ടുകൊണ്ടിരിക്കുക.... ഇടയ്ക്കിടയ്ക്ക്‌ കൊണ്ടുവന്ന് തരുന്ന തിന്നാനും കുടിയ്കാനും ഉള്ള പദാര്‍ത്ഥങ്ങളെ അല്‍പം ആക്രാന്തം കുറച്ച്‌ സമീപിക്കുക... ... ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ ഈ പ്രക്രിയ തുടരുക...... ഉറങ്ങുക (ഭാര്യ ഒരുമിച്ച്‌)....

ഇനി ലീവെല്ലാം കഴിഞ്ഞ്‌ ജോലിക്ക്‌ പോയിത്തുടങ്ങിയാലോ.... വൈകീട്ട്‌ വീട്ടിലെത്താന്‍ എന്താ ഒരു വെപ്രാളം..... വീട്ടില്‍ അവളുണ്ടല്ലോ..... എന്തെല്ലാം അനുഭവിക്കാന്‍ ഇനിയും ബാക്കി...

(ഇനിയും തുടരണോ???...) :-))

ആണുകാണല്‍ ?

(വിശാലേട്ടന്റെ സ്വയം വരത്തിന് ഞാനിട്ട കമന്റ് ഇവിടെയിട്ടില്ലെങ്കില്‍ എന്റെ പിസിയില്‍ വൈറസ് കയറ്റി വിടുമെന്ന് വിശാലേട്ടന്‍ ഭീഷണിപ്പെടുത്തിയതിനാല്‍... നിങ്ങള്‍ സഹിക്കുക.)
എനിക്കും ഉണ്ടൊരു അനുഭവം. (നായകന്‍ ഞാനല്ല, ഞാനല്ല, ഞാനല്ല കട്: വക്കാരി) വിശാലന്‍ ചെയ്തതിനേക്കാള്‍ ഭയങ്കരമായി ജെനൂവിന്‍ കളറ് മറച്ച് വച്ച ഒരു കൂട്ടുകാരനും ഞാനും.

പെണ്ണു കൊണ്ടുവച്ച ചായ കുടിച്ച്, മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം ‘അല്ല നിങ്ങള്‍ക്ക് സ്വകാര്യമായി വല്ലതും പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആകാം...’ എന്നു ഒരേയൊരു പൊന്നാങ്ങള പറയുന്നതും ‘ഹേയ്.. ഞാനാടൈപ്പല്ല” എന്ന് കൂട്ടുകാരന്‍ പറയുന്നതും ഞാന്‍ കേട്ടു.

അപ്പോള്‍ അകത്തുനിന്ന് “ച്വേട്ടാന്‍, ച്വേട്ടന്‍..” എന്ന് ഒരു കിളിനാദം കേട്ടു. അകത്തു കയറിയ പൊന്നാങ്ങള പുറത്തു വന്ന് “അല്ല അവള്‍ക്ക് എന്തോ സംസാരിക്കാനുണ്ടെന്ന്..” എന്ന് പറഞ്ഞു. അഭിനവ വരന്റെ ദയനീയ മുഖം എന്നോട് നീ കൂടെ വാഡേ എന്ന് പറയുന്നത് പോലെ തോന്നി.

പെണ്ണ് പുറത്തിറങ്ങി.. അങ്ങോട്ട് മാറി നിന്നോളൂ അവിടെ നല്ല പ്രകൃതി രമണീയതയാണ് എന്ന് ആങ്ങള. അഭിനവങ്ങള്‍ രണ്ടും വീടിന്റെ സൈഡില്‍ പോയി ആ പറമ്പില്‍ നിന്ന് അലപം താണ ഒരു പറമ്പിലേക്ക് ചാടുന്നത് ഞാന്‍ കണ്ടു. “അവിടെ ഒരു കുളമുണ്ട്. ഭയങ്കര പ്രകൃതിരമണീയതയാണ്” എന്ന് ആങ്ങള. (ഇവനാരഡേ പ്രകൃതിരമണീയതയില്‍ കൈവിഷം കൊടുത്തത് )

പുറത്ത് പാറ്ക്ക് ചെയ്തിരുന്ന എന്റെ യമഹ കെ.ഡി.ഇ 8089 (ഇടിവാളിന്റെ കയ്യില്‍ നിന്ന് വാങിയത്) യെ പറ്റി ആങ്ങള്‍ ചോദിക്കുകയും ഞാന്‍ അല്പം പൊക്കി അതിനെ പറ്റി പൊങ്ങച്ചം അടിച്ചുവിടുകയും ചെയ്തു.

അപ്പോള്‍ അതാവരുന്നു:

ഗോഡ് ഫാദറില്‍ കനകയോട് ഐ ലവ് യു പറയാന്‍ പോയ മുകേഷ് ജഗദീഷിന്റെ അടുത്തേക്ക് ഓടി വരുന്ന വരവുണ്ടല്ലോ.. അതു പോലെ വണ്ടിയെടുക്കടേ വണ്ടിയെടുക്കടേ... എന്ന് പറഞ്ഞ് കൂട്ടുകാരന്‍...

ചാടിക്കയറി വണ്ടി വിട്ടു.

കുളത്തിന്‍ കരയില്‍ സംഭവിച്ചത്:

താഴ്ത്തെ പറമ്പിലേക്ക് പെണ്ണ് ചാടി. ഫുള്‍ സ്ലീവും ഇട്ട് പാന്റ്സിനുള്ളിലേക്ക് മാത്രമല്ല കുന്നത്തിലേക്കും (കുന്നത്ത് കട് വിശാലേട്ടന്‍) ഷറ്ട്ട് കുത്തിക്കേറ്റി ‘ഇന്‍‘ ചെയ്ത ലവന് നേരെ പെണ്ണ് കയ്യ് നീട്ടിയത്രേ “പിടിക്കണോ?” എന്ന് ചോദിച്ച്.

നോ താങ്ക്സ് എന്ന പറഞ്ഞ് താഴേക്കിറങ്ങിയ അവന്‍ ചെറിയൊരു പൊട്ടക്കുളം കണ്ടു.

നമുക്കിവിടെയിരിക്കാം. പെണ്ണ്. പറഞ്ഞതും അവള്‍ ഇരുന്നു.

ഇതെന്തൊരു കൂത്ത് എന്ന് മനസില്‍ പറഞ്ഞ് അവനും ഇരുന്നു.

ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലേക്കെറിഞ്ഞ് അവള്‍ ചോദിച്ചു:
എന്നെ ഇഷ്ടമായോ?

വലിയ നിരീക്ഷകനായ അവന് അവള്‍ എറിഞ്ഞ കല്ല് എന്തോ ഇരയാണെന്ന് കരുതി ഒരു പച്ചക്കളറന്‍ തവള ഓടി വന്ന് തിന്നാന്‍ നോക്കിയതും ചമ്മി കരയിലേക്ക് നോക്കി അവളെ തെറി പറഞ്ഞതും നിരീക്ഷിക്കാനായില്ല.

എന്താ മിണ്ടാത്തേ, നാണമാണല്ലേ. വീണ്ടും അവള്‍.

എനിക്കിഷ്ടായിട്ടാ....അവള്‍ തന്നെ.

ഇത്രയും നടന്നത്.

ഇതു കഴിഞ്ഞതും അവന്‍ ഓടീ എന്റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ വണ്ടി വിട്ടു.

പക്ഷേ അവന്‍ പൂരിപ്പിക്കുന്നത് ഇങ്ങനെ:

അവള്‍ എനിക്കിഷ്ടായിട്ടാ എന്ന് പറഞ്ഞപ്പോള്‍ അവന്‍: കുട്ടിക്കിഷ്ടായത് എന്റെ രൂപത്തേയും പെരുമാറ്റത്തേയും ആണ്. യഥാറ്ത്ഥ നമ്മള്‍ എന്താണെന്ന് നമ്മള്‍ക്ക് രണ്ടുപേറ്ക്കും അറിയില്ല. അതുകൊണ്ട് ഞാന്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാം. ബൈ ഫോറ് നൌ!

പക്ഷേ അവന്റെ അവിടെ നിന്ന് വന്ന മുഖം കണ്ട എനിക്ക് തോന്നുന്നില്ല അവന്‍ അങ്ങനെ പറയുമെന്ന്.

കല്ല്യാണ വിശേഷങ്ങള്‍

ബാച്ചലര്‍ ലൈഫ്‌ അടിച്ചുപൊളിച്ച്‌ നടക്കുകയാണ്‌ അവന്‍. എന്താ സുഖം.... കൂട്ടുകാരുമൊത്ത്‌ ഇടക്കിടക്ക്‌ ടൂര്‍ പോകാം.... പാര്‍ട്ടികളിലും മറ്റും പാതിരവരെ പങ്കെടുത്ത്‌ ആര്‍മ്മാദിക്കാം.... പെണ്‍കിടാങ്ങളെ കണ്ട്‌ മാര്‍ക്ക്‌ ഇടാം.... ആരെ വേണമെങ്കിലും ജീവിതസഖിയായി സങ്കല്‍പിച്ച്‌ സ്വപ്നം കാണാം... യാത്രകളിലും ആഘോഷങ്ങളിലുമെല്ലാം തന്റെ ഭാവിവധു ഉണ്ടാവുമോ എന്ന് ആകുലപ്പെടാം... പ്രതീക്ഷിക്കാം....

വിവാഹാലോചനകള്‍ വീട്ടില്‍ തുടങ്ങി എന്നറിഞ്ഞപ്പോള്‍ ആദ്യം അവന്‍ പറഞ്ഞു.. 'ഹേയ്‌... ഇപ്പൊ വേണ്ട.... കുറച്ചുകൂടി കഴിയട്ടെ'.

ചുമ്മാ പറഞ്ഞെന്നെയുള്ളൂ.... ഇനിയും കാത്തിരുന്നാല്‍ വല്ല മൂന്നാംകെട്ടുകാരികളെയുമേ കിട്ടൂ....

ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ്സ്‌ പത്തുമുപ്പത്‌ ആകുന്നു... ഇനി പെണ്ണുകെട്ടി കൊച്ചൊക്കെ ഉണ്ടായി വരുമ്പോഴെക്ക്‌ ഒരു പ്രായമാകും... പിള്ളാരെ കൂടെ കൊണ്ടുനടക്കുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കും... 'കൊച്ചുമക്കളെയും കൂട്ടി അപ്പ്പൂപ്പന്‍ എവിടെക്കാ?'

'ആ... നല്ല കേസുകളുണ്ടെങ്കില്‍ നോക്കിത്തുടങ്ങാം..' വല്ല്യ സമ്മതമില്ലാത്ത ഭാവത്തില്‍ അവന്‍ പറഞ്ഞു.

'ഉവ്വെ... ഉവ്വെ.. നിന്റെ ത്യാഗം മനസ്സിലാകുന്നുണ്ട്‌ മോനെ' എന്ന് അഛന്‍ പറഞ്ഞോ... ഹെയ്‌, വെറുതെ തോന്നിയതാവും....

'എന്തൊക്കെയാ നിന്റെ സ്പെസിഫിക്കേഷന്‍സ്‌?' അഛന്റെ ചോദ്യം...

'അയ്യോ... ഈ കമ്പ്യൂട്ടര്‍ രീതിയിലൊക്കെ ചോദിക്കാന്‍ അഛന്‍ എപ്പൊ പഠിച്ചു?' അവന്‍ മനസ്സില്‍ പറഞ്ഞു.

'പൊക്കം 5.5, വെളുത്ത്‌ സ്ലിം ആയി നല്ല സൗന്ദര്യം ആയിക്കോട്ടെ....' അവന്‍ പറഞ്ഞു.

'ഇതിപ്പോ നടോറ്റിക്കാറ്റ്‌ എന്ന സിനിമയില്‍ ശ്രീനിവസനും മോഹന്‍ലാലും കൂടി വീട്‌ വാടകയ്ക്‌ നോക്കാന്‍ പോയപോലെയായല്ലൊ... 4 ബെഡ്‌ റൂം, വിശാലമായ ഗാര്‍ഡന്‍, കാര്‍ പാര്‍ക്കിംഗ്‌.... വാടക 100 രൂപയില്‍ കൂടാനും പാടില്ല' അനിയത്തിയുടെ കമന്റ്‌...

'എന്താടീ എനിക്കൊരു കുറവ്‌? പൊക്കമില്ലെ... സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയര്‍... കാണാനും സുന്ദരന്‍.... പിന്നെ സൂര്യപ്രകാശം അടിക്കുന്നതിനാല്‍ നിറം അല്‍പം കുറഞ്ഞു എന്നല്ലെയുള്ളൂ?'

'അതെ അതെ... കാണുന്നവര്‍ക്കുകൂടി അങ്ങനെ തോന്നണ്ടെ..?' അവളുടെ തര്‍ക്കുത്തരം...

ഇനി അവിടെ വല്ല്യ തര്‍ക്കത്തിന്‌ സ്കോപ്പ്‌ ഇല്ലാത്തതിനാല്‍ പതുക്കെ സ്ഥലം കാലിയാക്കി.

ഓരോ ആലോചനകളും ഫില്‍റ്റര്‍ ചെയ്ത്‌ ജാതകം ഒക്കെ ഒത്തുനൊക്കി അമ്മ ഏറ്റുപിടിക്കും.... കുറെക്കഴിഞ്ഞപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌.... നമ്മുടെ സ്പെസിഫിക്കേഷനും ജാതകവും തമ്മില്‍ എന്നും ഉടക്കാണ്‌... സ്പെസിഫിക്കേഷന്‍ ഒത്ത്‌ വരുമ്പോള്‍ ജാതകം ചേരില്ല... ജാതകം ചേര്‍ന്നാല്‍ സ്പെസിഫിക്കേഷന്‍ ശരിയല്ല.... എന്താ ചെയ്യാ....ഒടുവില്‍ സ്പെസിഫിക്കേഷന്‍ അല്‍പം അഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.... പൊക്കം താഴോട്ട്‌ പോന്നു... ഒരു 5.3 വരെ ഓക്കെ....

വീണ്ടും ആലോചനകള്‍ പൊടിപൊടിച്ചു.രണ്ട്‌ മൂന്ന് പെണ്ണുകാണലും തരപ്പെട്ടു....

'ഫോട്ടോ കാണാതെ എന്നെ ഈ കോലങ്ങളുടെ അടുത്തേക്ക്‌ കെട്ടിയെടുക്കരുതെന്ന് ഞാന്‍ അമ്മയോട്‌ പറഞ്ഞിട്ടുണ്ട്‌...' അമ്മയോടായി ദേഷ്യം.... കാരണം... എന്റെ കല്ല്യാണ മോഹങ്ങളെ തല്ലിക്കെടുത്തുന്ന രൂപങ്ങള്‍...
(ആ പെണ്‍കൊച്ചുങ്ങളും ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും... തീര്‍ച്ച)

സ്പെസിഫിക്കേഷന്‍സില്‍ കുറവുകള്‍ വരുത്തി വരുത്തി ഇനി 'പെണ്‍കുട്ടി' എന്ന ഫീച്ചറും കൂടി എടുത്തുകളയേണ്ടിവരുമോ ഈശ്വരാ... എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു ആലോചന ഒത്തുവന്നത്‌...

അങ്ങനെ എല്ലാം കൂടി ഒത്തുവന്ന് സംഭവം അങ്ങ്‌ ഫിക്സ്‌ ചെയ്തു.

'തനിക്കും പെണ്ണുകിട്ടി...' അവന്‌ വിശ്വസിക്കാനായില്ല.... ടെന്‍ഷന്‍ തുടങ്ങി... ദൈവമെ... ഇനി കല്ല്യാണ നിശ്ചയം പെട്ടെന്ന് നടക്കണമല്ലോ...'

അതിനിടക്ക്‌ ഇ മെയിലുകള്‍ വച്ച്‌ കാച്ചി അവന്‍ തന്റെ റൊമാന്‍സ്‌ പുറത്തെടുത്തു.

'വിവാഹനിശ്ചയത്തിന്‌ ചെക്കന്‍ നിശ്ചയത്തിന്‌ പങ്കെടുക്കുന്ന പതിവില്ലത്രെ അവരുടെ നാട്ടില്‍' അമ്മയുടെ അറിയിപ്പ്‌...

'ഹേയ്‌... ഞാനില്ലാതെ എന്റെ വിവാഹ നിശ്ചയമോ...? നടപ്പില്ല.... അച്ഛാ... വിട്ടുകൊടുക്കരുത്‌.... നമുക്കും ഇല്ലെ ചില പതിവുകള്‍...' അവന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ വിരോധമില്ല.... (അവന്റെ ആക്രാന്തം അന്ന് മനസ്സിലാക്കിക്കാണും അവര്‍)

വിവാഹനിശ്ചയം അങ്ങ്‌ ആഘോഴിച്ചു.... അവളെയും കൂടെ നിര്‍ത്തി ഫോട്ടോ പോസ്‌ ചെയ്യലും ഒരുമിച്ച്‌ ഊണ്‌ കഴിക്കലും അല്‍പസ്വല്‍പം തന്റെ വിലകുറവ്‌ കോമഡി പറയലും എല്ലാം....

ഇനിയാണ്‌ കൂടുതല്‍ ടെന്‍ഷന്‍... എങ്ങനെയും ആ കല്ല്യാണദിവസമാകണമല്ലോ.....

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. (മൊബെയില്‍ ഫോണിന്റെ പ്രചാരം തുടങ്ങിയകാലത്തായിരിക്കുകയോ.. വിവാഹത്തിന്‌ നീണ്ട ഇടവേളയോ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ കുത്തുപാളയുമായി റോഡില്‍ കാണാമായിരുന്നു.)

അങ്ങനെ ഫോണ്‍ വിളികളാല്‍ പ്രേമമുഖരിതമായ രാവുകള്‍...... സ്വപ്നങ്ങള്‍...... പ്രതീക്ഷകള്‍........

ഒടുവില്‍ വിവാഹദിനം വന്നു. തലേന്ന് ഉറങ്ങാന്‍ കിടന്നിട്ട്‌ ഉറക്കം വരുന്നില്ല...

'ദൈവമെ... അലാറം അടിക്കാതെ വരുമോ... അടിച്ചാല്‍ കേള്‍ക്കാതെ വരുമോ....'

അലാറാം അടിക്കേണ്ടിവന്നില്ല... കാരണം ഉറങ്ങാതെ കിടന്നതിനാല്‍ അവന്‌ അത്‌ അടിച്ച്‌ ശല്ല്യമുണ്ടാക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പേ അത്‌ ഓഫ്‌ ചെയ്യാന്‍ പറ്റി.

വേഗം എല്ലാവരെയും റെഡിയാവാന്‍ പ്രോല്‍സാഹിപ്പിച്ച്‌ കുളിച്ചൊരുണ്ടി.... നല്ല മണമുള്ള പെര്‍ഫ്യൂം കോരിയൊഴിച്ചു.... വീഡിയോ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ സ്ഥിരം പരിപാടികളിലേക്ക്‌ കടന്നു.... എല്ലം കഴിഞ്ഞ്‌ റെഡിയാണെങ്കിലും അനിയനോടും കസിനോടും മറ്റും കോളറിലും ബട്ടന്‍സിലും പിടിച്ച്‌ ശരിയാക്കുന്നതുപോലെ അഭിനയിക്കാന്‍ പറഞ്ഞു.... എല്ലാ കല്ല്യാണ കാസറ്റിലും കാണുന്നപോലത്തെ വിലകുറവ്‌ അഭിനയം തന്നെ...

ഒടുവില്‍ വണ്ടി പുറപ്പെട്ടു... 90 കിലോമീറ്റര്‍ യാത്രയുണ്ട്‌... ഭാഗ്യത്തിന്‌ റെയില്‍ വെ ക്രോസ്‌ ഇല്ല... ബന്ദില്ല... ആ ടെന്‍ഷനുകള്‍ ഒഴിഞ്ഞു.

എങ്ങനെയും അമ്പലത്തില്‍ എത്തി സമയത്ത്‌ താലി കെട്ടിക്കഴിഞ്ഞാല്‍ രക്ഷപ്പെട്ടു... ബാക്കി ഓഡിറ്റോറിയത്തില്‍ വെറും ഡെമോ ആണല്ലോ... മാലയിടലും മോതിരം ഇടലും തീറ്റയും കുടിയും മറ്റും..

റിഹേര്‍സല്‍ ചെയ്ത്‌ ചെയ്ത്‌ തഴമ്പിച്ചതിനാല്‍ താലികെട്ട്‌ ഗംഭീരമായി... ആരെയും സഹായിക്കാന്‍ സമ്മതിച്ചില്ല... അവന്‍ തന്നെ കെട്ടി...(സാധാരണ സഹോദരിയും അമ്മയും മറ്റും അതില്‍ കയറിപ്പിടിച്ച്‌ കെട്ടിയുറപ്പിക്കാന്‍ ശ്രമിക്കറുണ്ട്‌)

'ഹാവൂ... ഇനി എന്തായാലും സമാധാനം... അവിടെനിന്നുള്ള ബസ്സ്‌ എത്തുകയോ എത്താതിരിക്കുകയോ എന്തും ആയിക്കൊള്ളട്ടെ... എന്റെ കാര്യം കഴിഞ്ഞല്ലോ...' അവന്റെ ആത്മകതം...

താലം എടുത്ത്‌ സ്റ്റേജിലേക്ക്‌ ആനയിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദം.... എല്ലാവരെയും നോക്കി പുഞ്ചിരിച്ച്‌ അന്നത്തെ നായകനായതിന്റെ സന്തോഷത്താല്‍ മതിമറന്നങ്ങനെ സ്റ്റേജിലേക്ക്‌....
(മുന്‍പൊക്കെ കല്ല്യാണങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഈ നായകന്റെ വരവ്‌ കാണേണ്ടിവരാറില്ല... കാരണം, ഒന്നുകില്‍ ഫുഡ്‌ ക്ലോസ്‌ ചെയ്യുന്നതിന്‌ തൊട്ട്‌ മുന്‍പേ എത്താറുള്ളൂ... ഇനി നേരത്തെ വന്നാലോ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തെക്കല്ലാതെ കഴുത്ത്‌ വേറെ എങ്ങും തിരിയാറില്ല.... വീട്ടില്‍ ചെന്ന് ആവിപിടിച്ചാണ്‌ പിന്നെ കഴുത്ത്‌ വേദന മാറ്റാറ്‌...)

പിന്നീട്‌ സ്റ്റേജിലെ അഭിനയത്തിലായിരുന്നു ശ്രദ്ധ... അങ്ങ്‌ തകര്‍ത്തു... ഇനി കിട്ടില്ലല്ലോ ഇങ്ങനെ ഒരു റോള്‍....

വൈകീട്ടത്തെ റിസപ്ഷനും മറ്റു കല്ല്യാണത്തിരക്കുക്കലും കഴിഞ്ഞു...

രാത്രിയായി....

ഇന്നുവരെ താന്‍ ഒറ്റയ്ക്കായിരുന്നു.... ഇപ്പോള്‍ തന്റെ കൂടെ എല്ലാത്തിലും പങ്കുചേരാന്‍ ഒരാള്‍കൂടി... സുഹൃത്തായി.... സഹായിയായി... വികാരങ്ങളും വിചാരങ്ങളും പരസ്പരം കൈമാറാന്‍.... ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത പലതരം വികാരങ്ങളും ചിന്തകളും ഉണര്‍ത്താന്‍..... പുതുമയുടെ നൈര്‍മ്മല്ല്യവും പ്രതീക്ഷകളുടെ സുഗന്ധവുമായി അവള്‍ കിടപ്പുമുറിയിലേക്കും തന്റെ ജീവിതത്തിലേക്കും കടന്നുവന്നു.

(തുടരും... തുടരണോ..???) :-)

വിവാഹിതരായ സ്ത്രീരത്നങ്ങളേ.... നിങ്ങള്‍ക്ക്‌ സ്വാഗതം..

തഥാഗതന്‍ ഒരൂ കമന്റിട്ടു.

വിവാഹിതരായ സ്ത്രീരത്നങ്ങളേ.

നിങ്ങള്‍ക്ക്‌ സ്വാഗതം..

നിങ്ങള്‍ ആണല്ലൊ ഞങ്ങളുടെ ശക്തി.

നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ ഞങ്ങള്‍.

കലേഷേ വിഹാഹിതരായ സ്ത്രീരത്നങ്ങള്‍ക്കും ഓരോ ഇന്‍വിറ്റേഷന്‍ അയക്കു.. അവരും നമ്മളുടെ കൂടെ സംഘം ചേര്‍ന്ന് അക്രമികള്‍ക്കും പൂവാലന്മാര്‍ക്കും എതിരെ പോരാടട്ടെ..

--
Posted by തഥാഗതന്‍ to വിവാഹിതര്‍ at 9/26/2006 10:58:10 AMഅത് വായിച്ചപ്പം എനിക്ക് അത് ശരിയാണെന്ന് തോന്നി. കൂടപ്പിറപ്പുകളോട് ഫോണിലൂടെയും ചാറ്റിലൂടെയുമൊക്കെ അഭിപ്രായം ചോദിച്ചു. ആരും എതിരഭിപ്രാ‍യം പറഞ്ഞില്ല. എല്ലാ‍വര്‍ക്കും ഇഷ്ടവും സമ്മതവുമാണെങ്കില്‍ പിന്നെ പ്രശ്നമെന്താ?

എന്നാ പിന്നെ അങ്ങനെയാകട്ടെ അല്ലേ?

Saturday, September 23, 2006

സില്‍ക്ക്‌, ഒരോര്‍മ്മക്കുറിപ്പ്

എന്റെ പ്രിയപ്പെട്ടവള്‍ വെച്ചു വിളമ്പിതന്ന നെയ്ച്ചോറിന്റെ ഉന്മത്തതകൊണ്ടാവും അന്നത്തെ ഉച്ചയുറക്കം കുറച്ചധികമായി. വിവാഹം കഴിഞ്ഞ്‌ എട്ട് വര്‍ഷമായിട്ടും ഇവള്‍ക്ക്‌ വെച്ചുണ്ടാക്കി തരാന്‍ മടിയൊന്നുമില്ലല്ലോന്ന് ഓര്‍ത്തപ്പോള്‍ മനസ്സിനൊരു സുഖം. എന്നാപിന്നെ ഇന്നത്തെ ഡിന്നര്‍ പുറത്തുനിന്നാക്കാം, ഒപ്പം അവള്‍ക്കൊരു സര്‍പ്രൈസും ഒരു 'സില്‍ക്ക്‌' സാരി, പാര്‍ത്ഥാസില്‍ നിന്ന്. എടീ, നീ ഒരുങ്ങ്‌, നമുക്കൊന്ന് പുറത്തുപോകാം. ഞാന്‍ കുളിച്ച്‌ വരുമ്പോഴേക്കും അവള്‍ റെഡിയായി കഴിഞ്ഞു. കുട്ടികള്‍ അവധിയാഘോഷിക്കാന്‍ തറവാട്ടിലായതിനാല്‍ ഒരു വിഷമം, അവര്‍കൂടിയുണ്ടായിരുന്നെങ്കില്‍. .

പോകുന്നവഴി അവള്‍ "അതേ, നമുക്കൊരു സ്ഥലം വരെ പോകണം, പവ്വര്‍ ഹൌസ്‌ റോഡു വഴി പോയാല്‍ മതി" പാര്‍ത്ഥാസിലേക്കുള്ള വഴിയും അതായതിനാല്‍ ഞാനൂറിച്ചിരിച്ചു, ഒന്നും ചോദിച്ചുമില്ല. "ഇവിടെ നിര്‍ത്ത്‌, ഇവിടെ നിര്‍ത്ത്‌" , ഞാന്‍ പുറത്തേക്ക്‌ നോക്കിയപ്പോള്‍, ഹോ, പാര്‍ത്ഥാസിന്റെ നിയോണ്‍ ബോര്‍ഡ്‌. ഇവള്‍ക്കിനി ഹിപ്‌നോട്ടിസം വല്ലതും വശമുണ്ടോ,മനസു വായിക്കാന്‍.
"എടീ നിനക്കെങ്ങെനെ മനസിലായി ഞാനിന്നൊരു സില്‍ക്ക്‌ സാരി വാങ്ങിത്തരാനും, ഇവിടെ തന്നെ വരാനും തീരുമാനിച്ചാണ്‌ ഇറങ്ങിയതെന്ന്?"

" അതു ശരി, അതല്ലേ നമ്മുടെ മനഃപൊരുത്തം. പക്ഷേ ഞാനിവിടെ ഇറങ്ങിയത്‌ നിനക്കൊരു സില്‍ക്ക്‌ ജൂബ വാങ്ങിത്തരാനാ, ഞാനിന്നലെ പറഞ്ഞിരുന്നില്ലേ, ആ ഇന്റീരിയര്‍ ചെയ്തതിനു ഫീസ്‌ കിട്ടിയ വിവരം"

എനിക്കിഷ്ടപ്പെട്ട പ്രിന്റഡ് സില്‍ക്ക്‌ ജൂബയും അവള്‍ക്കിഷ്ടപ്പെട്ട സില്‍ക്ക്‌ സാരിയും തിരഞ്ഞെടുത്ത്‌ സന്തോഷത്തോടെ പുറത്തിയങ്ങിയപ്പോള്‍ ഒരു മൌനജാഥ വരുന്നു. സ്മിത മരിച്ചതിന്റെ ഓര്‍മ്മദിവസമെന്നൊക്കെ പറഞ്ഞ്‌ , മീശകുരുക്കാത്ത കുറെ പയ്യന്മാര്‍, ബക്കറ്റ്‌ പിരിവും ഉണ്ട്‌. ആളെണ്ണം കുറവായതിനാല്‍ , ഭാഗ്യം, റോഡ്‌ ബ്ലോക്കായിട്ടില്ല. എന്നാലും സ്മിതയെ ക്കുറിച്ചോര്‍ത്തപ്പോള്‍ മനസിലൊരു ഓര്‍മ്മ; രണ്ടാള്‍ക്കും. സ്മിത ആത്മഹത്യ ചെയ്ത ദിവസം രാത്രി ടി.വ്വി നോക്കിയിരുന്ന് ഭക്ഷണം കഴിക്കാന്‍ താമസിച്ചതിന്‌ ഉമ്മ വിളിച്ച തെറിയുടെ ഓര്‍മ്മകളില്‍, കൈകോര്‍ത്ത്‌ ഡിന്നറിനായി ഷാഹി ദര്‍ബാറിലേക്ക്‌.

വക്കാരിയുടെ വിളി

വക്കാരി “ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വിളിച്ചത് കേട്ടോ? ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് വിളിച്ചതുപോലത്തെയൊരു വിളിയല്ലേ അത്?അത് കേട്ടിട്ട് ആര്‍ക്കും ഒന്നും തോന്നിയില്ലേ?

അങ്ങേയറ്റം വിശ്വസനീയമാ‍യ ഒരു കേന്ദ്രത്തില്‍ നിന്ന് വക്കാരിക്ക് പെണ്ണും പിടക്കോഴിയുമൊക്കെ ഉണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്. വക്കാരിക്ക് മെംബര്‍ഷിപ്പ് ഇന്‍‌വിറ്റേഷന്‍ അയക്കപ്പെട്ടിട്ടുണ്ട്.

വക്കാ‍രീ, വരൂ.... ആ സസ്പന്‍സൊന്ന് പൊളിക്ക്.

“ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വക്കാരി മാത്രമല്ല വിളിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ബാച്ചിലേഴ്സ് ക്ലബ്ബില്‍ അംഗങ്ങളായി തുടരാ‍ന്‍ പലര്‍ക്കും ആഞ്ജനേയന്റെ കണ്ട്രോള്‍ വേണ്ടിവരും!

പലര്‍ക്കും ഇന്‍‌വിറ്റേഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് എനിക്ക് ഈ-മെയില്‍ വന്നു.
ഇന്‍‌വിറ്റേഷനുകള്‍ ഒരുപാടുപേര്‍ക്ക് അയച്ചു.

ഇന്‍‌വിറ്റേഷന്‍ ഇനിയും കിട്ടാത്തവര്‍ ദേവേട്ടനോ,അനിലേട്ടനോ, ഉമേഷേട്ടനോ, വിശ്വേട്ടനോ, വിശാലനോ, പാപ്പാന്‍ ചേട്ടനോ, കുമാ‍ര്‍ ഭായിക്കോ, അരവിന്ദനോ, കരീം മാഷിനോ, ഇടിവാള്‍ മേനോനോ അല്ലേല്‍ എനിക്കോ - ആ‍ര്‍ക്കേലും ഒരു ഈ-മെയില്‍ അയച്ചാല്‍ തീര്‍ച്ഛയായും ഇന്‍‌വിറ്റേഷന്‍ അയച്ചുതരുന്നതാണ്.

കുറുമഗുരു യൂറോപ്യന്‍ പര്യടനത്തിലാണ് (കുടുംബസമേതം). അദ്ദേഹം തിരിച്ച് ഇമറാത്തിലെത്തിയാലുടന്‍ അംഗമാകും. ബാക്കിയുള്ളവര്‍ എത്രയും വേഗം അംഗങ്ങളാകൂ...... ഇവിടം നല്ല പോസ്റ്റുകള്‍കൊണ്ട് നിറയട്ടെ!

അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ കല്യാണം കഴിച്ചതാണെന്ന് തെളിയിക്കാന്‍ സ്വന്തം പ്രൊഫൈലില്‍ ഭാര്യയുടെ പേര് വയ്ക്കണമെന്ന് ഒരു കണ്ടീഷന്‍ വയ്ക്കുന്നതിനെക്കുറിച്ച് മാന്യ അംഗങ്ങളുടെ അഭിപ്രായം തേടുന്നു.

എല്ലാവര്‍ക്കും റമദാ‍ന്‍ കരീം!

Friday, September 22, 2006

ശംഖാന്‍ ദധ്‌മുഃ പൃഥക് പൃഥക്...

ആദിത്യന്റെ ഈ കമന്റിനു മറുപടി:

ഉണ്ണീ, ആദിത്യാ, നിങ്ങളെല്ലാവരും കൂടി ഒരുത്തിയെ കെട്ടാനാണോ പ്ലാന്‍?

അതെന്തെങ്കിലുമാകട്ടേ, കൌരവപക്ഷത്തെ മനസ്സിലാക്കുന്നതില്‍ നീ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

പറക്കമുറ്റാത്ത രണ്ടു പിഞ്ചുപെണ്‍‌പൈതങ്ങളുടെ പിതാവായ യങ്സ്റ്റര്‍ സിബുവോ നൈഷ്ഠികബ്രഹ്മചാരിയായ ഭീഷ്മര്‍? സ്വപ്നത്തില്‍പ്പോലും ലൈംഗികതയെപ്പറ്റി ചിന്തിക്കാത്ത ഒരു ബ്രഹ്മചാരിയുണ്ടു ഞങ്ങളുടെ കൂട്ടത്തില്‍-ഗന്ധര്‍വ്വന്‍. ഭീഷ്മാചാര്യര്‍ അദ്ദേഹം തന്നെയായ്ക്കോട്ടേ. അദ്ദേഹത്തെ വീഴ്ത്താന്‍ നിങ്ങളിലാരു മുന്നില്‍ നില്‍ക്കണം എന്നു ഞാന്‍ പറയണോ?

ഏകലവ്യന്റെ പെരുവിരല്‍ ചോദിച്ച ദ്രോണാചാര്യന്‍ എതായാലും ഞാനല്ല. “വെച്ചിട്ടുപോടാ നിന്റെ ക്ലബ് മെമ്പര്‍ഷിപ്പ്-വലിഞ്ഞുകയറി വന്നവനേ” എന്നു് അനോണികളോടു് ആക്രോശിക്കുന്ന വിശ്വം തന്നെ ആയ്ക്കോട്ടേ.

എന്നെ എന്തെങ്കിലും ആക്കണമെങ്കില്‍ ശകുനി ആക്കിക്കൊള്ളൂ. അങ്ങേര്‍ക്കു യുദ്ധം ചെയ്യാനൊന്നും അറിയില്ല. ആകെ ചൂതുകളി അറിയാം. അതുപോലെ എനിക്കു കഥയൊന്നും എഴുതാനറിയില്ല. ആകെ അറിയാവുന്നതു വ്യാകരണം. പക്ഷേ, അതു മതിയല്ലോ. അതു മാത്രമുപയോഗിച്ചു നിന്നെയൊക്കെ ക്ഷ വരപ്പിക്കും ഞാന്‍!

ദുര്യോധനനാവാന്‍ പറ്റിയതു വിശാലന്‍ തന്നെ. എന്താ സൈസ്! (അതിനു പറ്റിയ ഭീമനുണ്ടോടോ അവിടെ?) ധീരാ വീരാ വിശാലാ, ധീരതയോടെ നയിച്ചോളൂ...

കാണുന്നിടത്തൊക്കെ ഞെക്കി സ്വന്തം മാനവും ബാക്കിയുള്ളോന്റെ മാനവും കളയുന്ന കുമാര്‍ തന്നെയാവട്ടേ ദുശ്ശാസനന്‍. (“എനിക്കു് ആവണം” എന്നു പറയുന്ന കുറുമാനെ നമുക്കു കേട്ടില്ലെന്നു നടിക്കാം.)

നിങ്ങളുടെ കൂടെ കൂടേണ്ടവനാണു്-വിധിവൈപരീത്യത്താല്‍ ഞങ്ങളുടെ കൂടെയായിപ്പോയി. ഇബ്രു തന്നെ കര്‍ണ്ണന്‍. ഉണ്ണികളേ, നിങ്ങളുടെ മൂത്ത ജ്യേഷ്ഠന്‍.

രണ്ടിടത്തും തൊടാതെ ഉരുണ്ടുകളിക്കുന്ന വക്കാരിയെ നമുക്കു ബലരാമനാക്കാം. ചിലപ്പോള്‍ കൃഷ്ണനായി ആയുധമെടുക്കില്ലെന്നു പറഞ്ഞു് (ആയുധമെടുത്താല്‍ വിവരമറിയും വക്കാരീ-ശുട്ടിടുവേന്‍!) നിങ്ങളുടെ കൂടെ കൂടാനും മതി.

“അവിടെ കുത്തിടാതെ കോമയിടു്, കണ്ണിനു തൊടുക്കാതെ കഴുത്തിനു തൊടുക്കു്...” എന്നൊക്കെ പറഞ്ഞു് സ്വപക്ഷത്തുള്ളവരുടെ തന്നെ മനോവീര്യം കളയുന്ന സന്തോഷിനെ നമുക്കു ശല്യര്‍ ആക്കാം.

ന്യായം കൊണ്ടു് ഇവിടെയാണെങ്കിലും കൂറവിടെയായ ഇഞ്ചി തന്നെ വിദുരര്‍. (പാരയാണു, സൂക്ഷിക്കുക!)

ഞങ്ങളൊക്കെ വീണാലും ബാക്കിയുള്ളവനെയൊക്കെ ഓടി നടന്നു ബ്ലോക്കു ചെയ്തും വെട്ടി കഷണമാക്കിയും നിങ്ങളെ മുച്ചൂടും മുടിക്കാന്‍ ത്രാണിയുള്ള ഏവൂരാന്‍ തന്നെ ഞങ്ങളുടെ അശ്വത്ഥാമാവു്.

യുദ്ധരംഗത്തു വരുന്നില്ലെങ്കിലും എല്ലാ വിവരങ്ങളും ചൂടപ്പം പോലെ അതാതു സമയത്തു സംഭരിക്കുന്ന, ഞങ്ങളുടെ പ്രചോദനമായ, സ്വാര്‍ത്ഥനായ ഒരു ധൃതരാഷ്ട്രനും ഞങ്ങള്‍ക്കുണ്ടു്. പതിനായിരം വക്കാരിയുടെ കരുത്തുള്ളവന്‍. ഒറ്റ ഞെക്കിനു് ഒരു പോയ വാരം കൊണ്ടു നിങ്ങളെ തവിട്ടുപൊടിയാക്കുന്നവന്‍.

സര്‍വ്വസംഹാരിയായ ആനയുടെ പുറത്തിരുന്നു് വിചാരിച്ചിരിക്കാത്ത സ്ഥലത്തെത്തി നിങ്ങളെ സംഹരിക്കാന്‍ പാപ്പാന്‍ എന്ന ഭഗദത്തനും ഉണ്ടു്. (പേരിഷ്ടപ്പെട്ടില്ലെങ്കില്‍ നമുക്കു സ്വാപ് ചെയ്യാം പാപ്പാനേ. ശകുനി ആവാന്‍ ബുദ്ധിമുട്ടുണ്ടോ?)

എല്ലാവരുടെയും ഗുരുവായ, എന്നാല്‍ ആ ഭാവമില്ലാത്ത, ഞങ്ങളുടെ ബ്രെയിനും നാഡീവ്യൂഹവുമായ സിബു തന്നെ കൃപാചാര്യര്‍. യാത്രാമൊഴി കൃതവര്‍മാവും.

ഇനിയുമുണ്ടു്. അരവിന്ദനെന്ന ജയദ്രഥന്‍. ചന്ദ്രേട്ടനെന്ന ത്രിഗര്‍ത്തന്‍. അനില്‍, ദേവന്‍, മന്‍‌ജിത്ത്, ബെന്നി, കൂമന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയ നൂറ്റുവര്‍.

നിങ്ങള്‍ക്കാരുണ്ടുണ്ണികളേ? ദില്‍ബാസുരനെന്ന ഘടോല്‍ക്കചനും, ഇക്കാസ്/വില്ലൂസ് എന്ന നകുലസഹദേവന്മാരുമൊഴികെ ആരെയും മനസ്സിലാവുന്നില്ലല്ലോ...

ആരാണു് അര്‍ജ്ജുനന്‍? പെരിങ്ങോടനോ? ഒരു മുട്ട പൊട്ടാതെ പാത്രത്തിലിടാന്‍ ചരടില്‍ കെട്ടിത്തൂക്കുന്ന ഇവനോ കറങ്ങുന്ന കൂട്ടിലെ പക്ഷിയുടെ കണ്ണില്‍ അമ്പെയ്തു കൊള്ളിക്കുന്ന സവ്യസാചി?

ആരാണു ഭീമന്‍? ഹനുമാന്റെ വാലു പോലെ നീണ്ട ബ്ലോഗ്‌നാമങ്ങള്‍ നേരെയാക്കി റോള്‍ ശരിയാക്കാന്‍ പോകുമ്പോള്‍ “ഒടിയുന്നതെന്തെടോ നിന്റെ ടെമ്പ്ലെറ്റോ നമ്മുടെ പേരോ” എന്നു കുട്ടിക്കുരങ്ങന്മാര്‍ വരെ പരിഹസിക്കുന്ന ശ്രീജിത്തോ?

നിങ്ങള്‍ കമ്പ്ലീറ്റ് യുധിഷ്ഠിരന്മാരാണല്ലോ. വാചകമടിക്കാനും മറ്റുള്ളവന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നതു് അനുഭവിക്കാനും സ്വന്തം ബ്ലോഗിനെപ്പോലും പണയം വെച്ചു ചൂതു കളിക്കാനും മാത്രം അറിയാവുന്നവര്‍.

നിങ്ങള്‍ക്കാവില്ല ഉണ്ണികളേ ഞങ്ങളെ വെല്ലാന്‍. പതിനായിരം ഗീതകള്‍ (ഗീതയാണാദിത്യാ ഗീഥയല്ല. ഇവനെക്കൊണ്ടു ഞാന്‍ തോറ്റു!) കേട്ടാലും നിങ്ങള്‍ക്കാവില്ല...

യുദ്ധകാഹളം മുഴങ്ങി. കേള്‍ക്കുന്നില്ലേ ശംഖനാദം?

പെണ്ണുകാണല്‍ !

ബാച്ചിലേഴ്സ്‍ ക്ലബ്ബിലെ ഒരു പ്രമുഖ അംഗം പെണ്ണുകാണാന്‍ പോയ കഥ.
(ഈ കഥയും കഥാപാത്രവുമായി ജീവിച്ചിരിക്കുന്നതോ കല്യാണം കഴിക്കാത്തതോ പെണ്ണുകിട്ടാത്തതോ ആയ ആരുമായും ബന്ധമില്ല)


ഞായറാഴ്ച.

രാവിലെ തന്നെ മൂന്നു തവണ കുളിച്ച് രണ്ടു റൌണ്ട് പൌഡറും പൂശി ഉറുമ്പുകയറാതിരിക്കാന്‍ ഡി ഡി റ്റി കുടഞ്ഞ കുമ്പളങ്ങ പോലെ നമ്മുടെ നായകന്‍ ഒരുങ്ങി നിന്നു.
ഇന്നു പെണ്ണുകാണാന്‍ പോവേണ്ട ദിവസം ആണ്. അമ്മാവന്മാര്‍ ഇതുവരെ എത്തിയില്ല. ഈ അമ്മാവന്മാര്‍ക്ക് ഒരു കൃത്യ നിഷ്ടതയില്ല.
അമ്മ സമാധാനിപ്പിച്ചു “9 മണിക്കല്ലേ ഇവിടെ നിന്നും തിരിക്കാം എന്നു പറഞ്ഞത്? ഇനിയും ഉണ്ടല്ലോ ഒരുമണിക്കൂര്‍. നീ ഒന്നു അടങ്ങി നില്‍ക്കെടാ.. ചുമ്മാതല്ല നിനക്ക് ഇനിയും പെണ്ണ്
കിട്ടാത്തത്”
അതു സമാധാനിപ്പിക്കലല്ല. ഒരു കല്യാണ ചെക്കന്റെ അക്ഷമയില്‍ അടിച്ച ആണിയാണ്.

“എന്നാല്‍ ഞാ‍ന്‍ വണ്ടിക്കാരന്‍ കറക്റ്റ് ടൈമില്‍ തന്നെ എത്തുമോ എന്നൊന്നു വിളിച്ചു ചോദിക്കട്ടെ. രാവിലെ ഒരിക്കല്‍ വിളിച്ചു ഉറപ്പു
വരുത്തിയതാണ്. എന്നാലും ഒന്നുകൂടി വിളിക്കണം. പെട്രോള്‍ ഒക്കെ ആവശ്യത്തിനടിക്കാന്‍ പറയാം.”
“നീ എങ്ങനെയാ പത്തുമാസം ക്ഷമയോടെ എന്റെ വയറ്റില്‍ കിടന്നു എന്നാ ഞാനിപ്പോള്‍ ചിന്തിക്കണേ..” അമ്മ മോനെ അതിശയത്തോടെ നോക്കി.


അമ്മാവന്മാരും ഡ്രൈവറും കൃത്യ സമയത്തു തന്നെ എത്തി. അവരുടെ ഒക്കെ ഞായറാഴ്ച പതിവ് ഇപ്പോള്‍ ബേക്കറി സാധനങ്ങള്‍ തിന്നുക എന്നതാണ്.

പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്ര നമ്മുടെ ചെക്കന് ഒരു സ്വപ്നയാത്രയാണ് എന്നും.
അവന്‍ ഓര്‍ത്തു. കല്യാണം കഴിഞ്ഞ് ഫ്രണ്ട് സീറ്റില്‍ പെണ്ണിനേയും ഇരുത്തി അവളുടെ ചുമലിലൂടെ തൊടാത തൊട്ട് കൈവച്ച് കാറിന്റെ സൈഡില്‍ പിടിക്കുന്നതും, മുന്‍പത്തെ കാറില്‍ ഇരുന്നു വീഡിയോക്കാരന്‍ ചേട്ടന്‍ അതൊക്കെ കവര്‍ ചെയ്യുന്നതും ഒക്കെ ഓര്‍ത്തു.

കാറില്‍ ഇരിക്കുമ്പോള്‍ എന്തൊക്കെ പറയണം? തന്റെ ബ്ലോഗിനെക്കുറിച്ച് പറഞ്ഞാലോ? അതില്‍
നിറയുന്ന കമന്റുകളെ കുറിച്ച്? പക്ഷെ അതിനുമുന്‍പു അവളെ ബ്ലോഗ് എന്താണെന്ന് പറഞ്ഞുപഠിപ്പിക്കണം. അതു പറ്റിയാല്‍ വിവാഹം നിശ്ചയിച്ചിട്ട് ഒരു ദിവസം ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞിട്ട് പഠിപ്പിക്കാം. ചിന്തകള്‍ കാറിനും മുന്‍പേ ഒരുപാട് നീങ്ങി. അറിയാതെ നമ്മുടെ ചെക്കന്റെ കൈ വലിയമ്മാവന്റെ ചുമലിലുമുകളിലൂടെ നീങ്ങി.
കൈ എടുത്ത് ഒരു ഏറും കൊടുത്തു വലിയമ്മാമ അലറി
“എടുത്തുമാറ്റാടാ നിന്റെ കൈ. പെണ്ണുകിട്ടിയില്ല അതിനു മുന്‍പുതന്നെ അമ്മാമയുടെ ചുമലില്‍ തന്നെ കയ്യിട്ട് കളിച്ചു തുടങ്ങിയോ? ചുമ്മാതല്ല നിനക്കൊന്നും ഇത്രയും കാലമായിട്ടും പെണ്ണ് കിട്ടാത്തത്.“


പെണ്ണിന്റെ വീടെത്തി. എല്ലാവരും കാറില്‍ നിന്നും ഇറങ്ങി.
പോക്കറ്റില്‍ ഒരു പേപ്പറില്‍ സൂക്ഷിച്ചിരുന്ന പൌഡര്‍ എടുത്ത് റിയര്‍ വ്യൂ മിററില്‍ നോക്കി നമ്മുടെ കഥാ നായകന്‍ പൂശി. കാറിനുള്ളില്‍ പൌഡര്‍ പറന്നു. അതിന്റെ മറയില്‍ നിന്നും ഡ്രൈവര്‍ പറഞ്ഞു
“ചേട്ടാ ഇത്തവണ എങ്കിലും പെണ്ണിനെ ഇഷ്ടമാകണം. എനിക്കിനി വയ്യ ഇങ്ങനെ ഞായറുകള്‍ മുഴുവനും കിടന്നോടാന്‍. ഇനി എനിക്കും ഒരു പെണ്ണൊക്കെ കാണണ്ടേ?”


പെണ്ണിന്റെ വീട്.
പതിവുപോലെ ഉള്ള പെണ്ണുകാണല്‍ വര്‍ത്താനങ്ങള്‍. ചായ.
ആരും അധികം ഒന്നും നമ്മുടെ നായകനോട് ചോദിച്ചില്ല. ഈ വര്‍ത്താനങ്ങള്‍ കുറേ കേട്ടതായതുകൊണ്ട് നമ്മുടെ നായകന്‍ അതിലൊന്നും ശ്രദ്ധചെലുത്തിയില്ല. പൊതുവേ മധുരം വീക്ക്‍നെസ് ആയ നമ്മുടെ നായകന്‍ അവിടെ ഇരുന്ന ലഡ്ഡുവില്‍ നോക്കാതിരിക്കാന്‍ ശ്രമിച്ചു.
അവന്റെ മനസുമുഴുവന്‍ പെണ്ണിറങ്ങിവരുന്ന ആ നിമിഷം ആണ്. മനസിലാകെ ഒരു അസ്വസ്തത.


“എന്നാലിനി പെണ്ണിനെ വിളിക്കൂ ഞങ്ങള്‍ ഒന്നു കാണട്ടെ..” വലിയമ്മാമ ആ മധുരമായ വാക്കുകള്‍ പുറത്തേയ്ക്കിട്ടു.
ദേ ഇറങ്ങിവരുന്നു, പിങ്ക് നിറത്തിലുള്ള ചുരിദാറൊക്കെ ഇട്ട് ഒരു കൊച്ചു സുന്ദരി.
ഒന്നുകൂടി നോക്കി, ശരിക്കും സുന്ദരി!
നമ്മുടെ നായകന്റെ കണ്ണ് നിറഞ്ഞു. മനസു കുളിര്‍ത്തു. മനസില്‍ ഉറപ്പിച്ചു, ഇനി എന്തൊക്കെ ചേര്‍ന്നില്ലെങ്കിലും ഈ പെണ്ണിനെമതി. ആദ്യത്തെ നോട്ടത്തില്‍ തന്നെ മനസുകൊണ്ട് വരിച്ചു അവളെ!.പിന്നെ ഒന്നുകൂടി നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അകത്തുപോയി.


വല്യമ്മാമ ചോദിച്ചു “അപ്പോള്‍ എങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങള്‍?”
പെണ്ണിന്റെ അമ്മാവന്‍ ഉറക്കെ പറഞ്ഞു, “അതിപ്പോള്‍ നിങ്ങള്‍ കാരണവന്മാരും മുതിര്‍ന്നവരുമൊക്കെ വന്നു പെണ്ണുകണ്ടിട്ട് കാര്യമില്ലല്ലോ! ചെക്കന്‍ വരട്ടെ, പെണ്ണിനെ കാണട്ടെ. എന്നിട്ട് തീരുമാനിക്കാം.”


എന്നാല്‍ ശരി അങ്ങനെ ആവട്ടെ എന്നുള്ള മൂഡില്‍ ആദ്യം എണീറ്റത് നമ്മുടെ നായകന്‍ ആയിരുന്നു.