Friday, September 22, 2006

ശംഖാന്‍ ദധ്‌മുഃ പൃഥക് പൃഥക്...

ആദിത്യന്റെ ഈ കമന്റിനു മറുപടി:

ഉണ്ണീ, ആദിത്യാ, നിങ്ങളെല്ലാവരും കൂടി ഒരുത്തിയെ കെട്ടാനാണോ പ്ലാന്‍?

അതെന്തെങ്കിലുമാകട്ടേ, കൌരവപക്ഷത്തെ മനസ്സിലാക്കുന്നതില്‍ നീ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

പറക്കമുറ്റാത്ത രണ്ടു പിഞ്ചുപെണ്‍‌പൈതങ്ങളുടെ പിതാവായ യങ്സ്റ്റര്‍ സിബുവോ നൈഷ്ഠികബ്രഹ്മചാരിയായ ഭീഷ്മര്‍? സ്വപ്നത്തില്‍പ്പോലും ലൈംഗികതയെപ്പറ്റി ചിന്തിക്കാത്ത ഒരു ബ്രഹ്മചാരിയുണ്ടു ഞങ്ങളുടെ കൂട്ടത്തില്‍-ഗന്ധര്‍വ്വന്‍. ഭീഷ്മാചാര്യര്‍ അദ്ദേഹം തന്നെയായ്ക്കോട്ടേ. അദ്ദേഹത്തെ വീഴ്ത്താന്‍ നിങ്ങളിലാരു മുന്നില്‍ നില്‍ക്കണം എന്നു ഞാന്‍ പറയണോ?

ഏകലവ്യന്റെ പെരുവിരല്‍ ചോദിച്ച ദ്രോണാചാര്യന്‍ എതായാലും ഞാനല്ല. “വെച്ചിട്ടുപോടാ നിന്റെ ക്ലബ് മെമ്പര്‍ഷിപ്പ്-വലിഞ്ഞുകയറി വന്നവനേ” എന്നു് അനോണികളോടു് ആക്രോശിക്കുന്ന വിശ്വം തന്നെ ആയ്ക്കോട്ടേ.

എന്നെ എന്തെങ്കിലും ആക്കണമെങ്കില്‍ ശകുനി ആക്കിക്കൊള്ളൂ. അങ്ങേര്‍ക്കു യുദ്ധം ചെയ്യാനൊന്നും അറിയില്ല. ആകെ ചൂതുകളി അറിയാം. അതുപോലെ എനിക്കു കഥയൊന്നും എഴുതാനറിയില്ല. ആകെ അറിയാവുന്നതു വ്യാകരണം. പക്ഷേ, അതു മതിയല്ലോ. അതു മാത്രമുപയോഗിച്ചു നിന്നെയൊക്കെ ക്ഷ വരപ്പിക്കും ഞാന്‍!

ദുര്യോധനനാവാന്‍ പറ്റിയതു വിശാലന്‍ തന്നെ. എന്താ സൈസ്! (അതിനു പറ്റിയ ഭീമനുണ്ടോടോ അവിടെ?) ധീരാ വീരാ വിശാലാ, ധീരതയോടെ നയിച്ചോളൂ...

കാണുന്നിടത്തൊക്കെ ഞെക്കി സ്വന്തം മാനവും ബാക്കിയുള്ളോന്റെ മാനവും കളയുന്ന കുമാര്‍ തന്നെയാവട്ടേ ദുശ്ശാസനന്‍. (“എനിക്കു് ആവണം” എന്നു പറയുന്ന കുറുമാനെ നമുക്കു കേട്ടില്ലെന്നു നടിക്കാം.)

നിങ്ങളുടെ കൂടെ കൂടേണ്ടവനാണു്-വിധിവൈപരീത്യത്താല്‍ ഞങ്ങളുടെ കൂടെയായിപ്പോയി. ഇബ്രു തന്നെ കര്‍ണ്ണന്‍. ഉണ്ണികളേ, നിങ്ങളുടെ മൂത്ത ജ്യേഷ്ഠന്‍.

രണ്ടിടത്തും തൊടാതെ ഉരുണ്ടുകളിക്കുന്ന വക്കാരിയെ നമുക്കു ബലരാമനാക്കാം. ചിലപ്പോള്‍ കൃഷ്ണനായി ആയുധമെടുക്കില്ലെന്നു പറഞ്ഞു് (ആയുധമെടുത്താല്‍ വിവരമറിയും വക്കാരീ-ശുട്ടിടുവേന്‍!) നിങ്ങളുടെ കൂടെ കൂടാനും മതി.

“അവിടെ കുത്തിടാതെ കോമയിടു്, കണ്ണിനു തൊടുക്കാതെ കഴുത്തിനു തൊടുക്കു്...” എന്നൊക്കെ പറഞ്ഞു് സ്വപക്ഷത്തുള്ളവരുടെ തന്നെ മനോവീര്യം കളയുന്ന സന്തോഷിനെ നമുക്കു ശല്യര്‍ ആക്കാം.

ന്യായം കൊണ്ടു് ഇവിടെയാണെങ്കിലും കൂറവിടെയായ ഇഞ്ചി തന്നെ വിദുരര്‍. (പാരയാണു, സൂക്ഷിക്കുക!)

ഞങ്ങളൊക്കെ വീണാലും ബാക്കിയുള്ളവനെയൊക്കെ ഓടി നടന്നു ബ്ലോക്കു ചെയ്തും വെട്ടി കഷണമാക്കിയും നിങ്ങളെ മുച്ചൂടും മുടിക്കാന്‍ ത്രാണിയുള്ള ഏവൂരാന്‍ തന്നെ ഞങ്ങളുടെ അശ്വത്ഥാമാവു്.

യുദ്ധരംഗത്തു വരുന്നില്ലെങ്കിലും എല്ലാ വിവരങ്ങളും ചൂടപ്പം പോലെ അതാതു സമയത്തു സംഭരിക്കുന്ന, ഞങ്ങളുടെ പ്രചോദനമായ, സ്വാര്‍ത്ഥനായ ഒരു ധൃതരാഷ്ട്രനും ഞങ്ങള്‍ക്കുണ്ടു്. പതിനായിരം വക്കാരിയുടെ കരുത്തുള്ളവന്‍. ഒറ്റ ഞെക്കിനു് ഒരു പോയ വാരം കൊണ്ടു നിങ്ങളെ തവിട്ടുപൊടിയാക്കുന്നവന്‍.

സര്‍വ്വസംഹാരിയായ ആനയുടെ പുറത്തിരുന്നു് വിചാരിച്ചിരിക്കാത്ത സ്ഥലത്തെത്തി നിങ്ങളെ സംഹരിക്കാന്‍ പാപ്പാന്‍ എന്ന ഭഗദത്തനും ഉണ്ടു്. (പേരിഷ്ടപ്പെട്ടില്ലെങ്കില്‍ നമുക്കു സ്വാപ് ചെയ്യാം പാപ്പാനേ. ശകുനി ആവാന്‍ ബുദ്ധിമുട്ടുണ്ടോ?)

എല്ലാവരുടെയും ഗുരുവായ, എന്നാല്‍ ആ ഭാവമില്ലാത്ത, ഞങ്ങളുടെ ബ്രെയിനും നാഡീവ്യൂഹവുമായ സിബു തന്നെ കൃപാചാര്യര്‍. യാത്രാമൊഴി കൃതവര്‍മാവും.

ഇനിയുമുണ്ടു്. അരവിന്ദനെന്ന ജയദ്രഥന്‍. ചന്ദ്രേട്ടനെന്ന ത്രിഗര്‍ത്തന്‍. അനില്‍, ദേവന്‍, മന്‍‌ജിത്ത്, ബെന്നി, കൂമന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയ നൂറ്റുവര്‍.

നിങ്ങള്‍ക്കാരുണ്ടുണ്ണികളേ? ദില്‍ബാസുരനെന്ന ഘടോല്‍ക്കചനും, ഇക്കാസ്/വില്ലൂസ് എന്ന നകുലസഹദേവന്മാരുമൊഴികെ ആരെയും മനസ്സിലാവുന്നില്ലല്ലോ...

ആരാണു് അര്‍ജ്ജുനന്‍? പെരിങ്ങോടനോ? ഒരു മുട്ട പൊട്ടാതെ പാത്രത്തിലിടാന്‍ ചരടില്‍ കെട്ടിത്തൂക്കുന്ന ഇവനോ കറങ്ങുന്ന കൂട്ടിലെ പക്ഷിയുടെ കണ്ണില്‍ അമ്പെയ്തു കൊള്ളിക്കുന്ന സവ്യസാചി?

ആരാണു ഭീമന്‍? ഹനുമാന്റെ വാലു പോലെ നീണ്ട ബ്ലോഗ്‌നാമങ്ങള്‍ നേരെയാക്കി റോള്‍ ശരിയാക്കാന്‍ പോകുമ്പോള്‍ “ഒടിയുന്നതെന്തെടോ നിന്റെ ടെമ്പ്ലെറ്റോ നമ്മുടെ പേരോ” എന്നു കുട്ടിക്കുരങ്ങന്മാര്‍ വരെ പരിഹസിക്കുന്ന ശ്രീജിത്തോ?

നിങ്ങള്‍ കമ്പ്ലീറ്റ് യുധിഷ്ഠിരന്മാരാണല്ലോ. വാചകമടിക്കാനും മറ്റുള്ളവന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നതു് അനുഭവിക്കാനും സ്വന്തം ബ്ലോഗിനെപ്പോലും പണയം വെച്ചു ചൂതു കളിക്കാനും മാത്രം അറിയാവുന്നവര്‍.

നിങ്ങള്‍ക്കാവില്ല ഉണ്ണികളേ ഞങ്ങളെ വെല്ലാന്‍. പതിനായിരം ഗീതകള്‍ (ഗീതയാണാദിത്യാ ഗീഥയല്ല. ഇവനെക്കൊണ്ടു ഞാന്‍ തോറ്റു!) കേട്ടാലും നിങ്ങള്‍ക്കാവില്ല...

യുദ്ധകാഹളം മുഴങ്ങി. കേള്‍ക്കുന്നില്ലേ ശംഖനാദം?

56 Comments:

Blogger ഉമേഷ്::Umesh said...

ബാച്ചിലപാണ്ഡവര്‍ക്കെതിരെ ബ്ലോഗ്‌ക്ഷേത്രയുദ്ധകാഹളം മുഴങ്ങി...

(കൌരവപക്ഷത്തുള്ളവരേ, അറിയാതെ കുറേ പാര നമ്മുടെ പുറത്തും വീണിട്ടുണ്ടു്. ക്ഷമി... :) )

9/22/2006 05:56:00 AM  
Blogger സു | Su said...

ഇഞ്ചി പെണ്ണ് കെട്ടിയോ? ;)

9/22/2006 06:01:00 AM  
Blogger ബിന്ദു said...

“കാലിലെന്തൊ തണുത്ത സ്പര്‍‌ശം അനുഭവപ്പെട്ടപ്പോഴാണ് കണ്ണ് തുറന്നത്. രാവിലെ കുളിച്ച് ഒരു കയ്യില്‍ ചൂട് കാപ്പിയുമായി വന്ന ഭാര്യ കാലില്‍ തൊട്ട് വന്ദിച്ചതാണ്.... ”
ഈ അനുഭവം എഴുതാന്‍ ആരുമില്ലേ ഇവിടെ?? അവരൊന്നു അസൂയപ്പെടട്ടെ ന്നെ.;)

9/22/2006 06:19:00 AM  
Blogger bodhappayi said...

ഉമേശേട്ടാ നമിച്ചു. ഇബ്രുവിന്‍റെ കര്‍ണ്ണന്‍ വാക്കാരിയുടെ കൃഷ്ണന്‍ ആണ് ഹൈ പോയിന്‍റ്സ്.

സഞ്ചയന്‍റെ സീറ്റ് ഒഴിഞു കിടക്കുന്നു, എന്‍റെ മുഖത്തൊരു കണ്ണടയും ഉണ്ട്... ഹിഹി.

9/22/2006 06:25:00 AM  
Anonymous Anonymous said...

എനിക്കു വയ്യ! ഞാനാലോചിക്കുവായിരുന്നു. അല്ലെങ്കില്‍ ഒരാള്‍ക്കും ഇവിടെ നേരമില്ല. ഇപ്പൊ നോക്കിക്കെ...കാലത്തെ കണ്ണും തിരുമ്മി വരുമ്പൊ തന്നെ പോസ്റ്റോടെ പോസ്റ്റെ..
ഉമേഷെട്ടാ..തണുപ്പ്സിന്റെ സൂപ്പര്‍ പോസ്റ്റിന് ഇതൊരു മറുപടിയേയല്ല...പുഴയില്‍ മണ്ണ് പിന്നേം വാരിയത് അറിഞ്ഞില്ലായോ?

ബിന്ദുട്ടിയേ, കാലില്‍ ചൂടു കാപ്പി വീണാണ് എഴുന്നേറ്റത് എന്നൊക്കെയുള്ള സത്യങ്ങള്‍ എങ്ങിനെ അവര്‍ എഴുതും?

ഞാന്‍ ഇപ്പൊ ഏത് സൈഡാ? ആകെ കണ്‍ഫ്യൂഷന്‍ ആയി..

9/22/2006 06:25:00 AM  
Blogger Adithyan said...

മേം കോന്‍ ഹും?
മേം കഹാം ഹും?
ഇതിപ്പോ മറ്റെ വക്കാരിക്ക് ഏണിവെച്ചു കൊടൂത്തു എന്നു പറഞ്ഞ പോലെ ആയല്ലോ... സ്വയം അര്‍ജ്ജുനന്‍ എന്നൊരു അവകാശ വാദം ഇല്ലാരുന്നേ, അതാണേ അര്‍ജ്ജുനനോട് സഹതാപം എന്നു പറഞ്ഞത്... :))

ഓടോ: ബിന്ദുച്ചേച്ചീ, ചിരിച്ചു മരിച്ചു... :))

ഈ പറഞ്ഞ ഡൈലോഗ് ഇല്ല്ലാന്നു തോന്നുന്നു. പകരം ഉള്ളതിതാണ് - “ദേഹത്തെന്തോ തണുത്ത സ്പര്‍‌ശം അനുഭവപ്പെട്ടപ്പോഴാണ് കണ്ണ് തുറന്നത്. പാതിരാത്രിക്ക് കൂടെകിടന്ന ഇള്ളക്കൊച്ച് മൂത്രമൊഴിച്ചതായിരുന്നു.... ”

9/22/2006 06:28:00 AM  
Blogger ഉമേഷ്::Umesh said...

സോറി ബിന്ദൂ. കാര്യസാദ്ധ്യത്തിനാണെങ്കിലും കള്ളം പറയാന്‍ ഞാനില്ല.

നാലരയ്ക്കെഴുനേല്‍ക്കുന്ന എന്റെ കാലിലെങ്ങനെ എട്ടു മണിക്കെഴുനേല്‍ക്കുന്ന ഭാര്യയുടെ തണുത്ത സ്പര്‍ശം? ഞങ്ങളാണെങ്കില്‍ കാപ്പി കുടിക്കാറുമില്ല.

വേറേ കഥ കിട്ടുമോ എന്നു നോക്കട്ടേ...

9/22/2006 06:30:00 AM  
Blogger Sreejith K. said...

ഉമേഷേട്ടാ, എല്ലാം കൊള്ളാം. പക്ഷെ എന്താ ഈ "ശംഖം ദധ്‌മൌ പൃഥക് പൃഥക്..." ???

തെറി വിളിക്കുന്നത് അങ്ങയെപ്പോലുള്ള ഒരു വിദ്വാന് ഭൂഷണമോ? ശകുനി ആയത് കൊണ്ട് എന്തും ആകാമെന്നാണോ?

9/22/2006 06:31:00 AM  
Blogger ബിന്ദു said...

ഉമേഷ്‌ജീ കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ ഞാനും കാലു മാറിയാലോ എന്നാലോചിക്കും. ഇഞ്ചിപ്പെണ്ണേ.. എനിക്കും ഇപ്പോള്‍ കണ്‍ഫ്യൂഷന്‍. ചുമ്മാതല്ല. സഹായിക്കാം ന്നു വച്ചപ്പോള്‍..
ആദിയേ സോക്സിന്റെ മണത്തേക്കാ‍ള്‍ എത്രയോ ഭേദം. ;)സോക്സ് അച്ഛാ... എന്നു വിളിക്കില്ലല്ലോ.

9/22/2006 06:33:00 AM  
Blogger സു | Su said...

ദേഹത്ത് വീണത് വെള്ളം ആയിരിക്കും. പാവം കൌരവര്‍.

9/22/2006 06:33:00 AM  
Anonymous Anonymous said...

ഹഹഹഹ..ബിന്ദൂട്ടി സത്യം പറ..വല്ലോ കലാഭവന്‍ കോഴ്ഷിനും ചേര്‍നായിരുന്നൊ? അതോ കുറേ അധികം മിമിക്രി കാസറ്റുകള്‍ ഒറ്റ അടിക്ക് കണ്ടായൊരുന്നൊ? എനിക്ക് വയ്യ!! സോക്സ് അച്ഛാ എന്ന് വിളിക്കണ കാര്യം ഓര്‍ത്ത് എനിക്ക് ചിരി നിറുത്താന്‍ മേലാ....

ബിന്ദൂട്ടി മറ്റേ സൈഡാണ് നമക്ക് ഭേദം. ഇവരിതൊക്കെ പറയും.എന്നിട്ട് ഭാര്യമാര്‍ ഭീകരികള്‍ ആണെന്ന് വിളിച്ച് കൂവും. മറ്റേ സൈഡാണേങ്കില്‍ അനുഭവം ഇല്ലാത്ത കൊണ്ട് കുറച്ചെങ്കിലും നമ്മളെ ബഹുമാനിക്കും..എപ്പടി? :)

9/22/2006 06:37:00 AM  
Blogger ഉമേഷ്::Umesh said...

കാലു മാറല്ലേ ബിന്ദൂ. ആ കഥ വിശ്വമോ സിബുവോ വിശാലനോ മറ്റോ പറയട്ടേ.

“സോക്സ് അച്ഛാ... എന്നു വിളിക്കില്ലല്ലോ..”
അതു സൂപ്പര്‍.

ശ്രീജീത്തേ, മഹാഭാരതം/ഭഗവദ്ഗീതയില്‍ നിന്നു ക്വോട്ടു ചെയ്തതാണു്. ഒരോരുത്തരും പ്രത്യേകം പ്രത്യേകം ശംഖു വിളിച്ചു എന്നര്‍ത്ഥം.

9/22/2006 06:37:00 AM  
Blogger Kumar Neelakandan © (Kumar NM) said...

എന്റമ്മോ എനിക്ക് സന്തോഷമായി ഉമേഷേ..
കസേരയുടെ തുമ്പത്ത് വന്നിരുന്നാ വായിച്ചു തീര്‍ത്തത്.

ദുശ്ശാസനന്റെ റോളില്‍ ഞാന്‍ തകര്‍ക്കും. ആരാടാ അവിടുത്തെ പാഞ്ചാലി? ശ്രീജിത്തോ അതോ ആദിയോ?
ബീനാ കണ്ണന്‍ RMKVയുടെ റിക്കോര്‍ഡ് തകര്‍ത്ത് നെയ്തെടുത്ത ലോകത്തിലെ ഏറ്റവും നീളമുള്ള സാരി കൊണ്ടവനെ പുതച്ചാലും ഞാന്‍ അവനെ കൌരവരാജധാനിയില്‍ കൊണ്ടുവരൂം. നാറ്റിക്കും.

9/22/2006 06:43:00 AM  
Blogger bodhappayi said...

എന്നാലും ഉമേശ്ജി, കൂട്ടത്തില്‍ ഇല്ലാത്ത സന്തോഷിനെ പിടിച്ചു ശല്യരാകിയതു മോശമായിപ്പോയി... :)

9/22/2006 06:46:00 AM  
Blogger sreeni sreedharan said...

ഫീമന്‍ ഞാന്‍ തന്നെ!!!!

9/22/2006 06:47:00 AM  
Blogger myexperimentsandme said...

ഹ...ഹ...തകര്‍പ്പന്‍. ഉമേഷ്‌ജി തകര്‍ത്ത് വാരുകയാണല്ലോ. സൂപ്പര്‍ :)

9/22/2006 06:48:00 AM  
Blogger myexperimentsandme said...

ഭീമന്‍ പച്ചാളം എന്ന് കേട്ടപ്പോള്‍ ആദ്യം കുറച്ച് സംശയമായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ എല്ലാ സംശയവും മാറി. സംഗതി ക്ലിയര്‍.

9/22/2006 06:49:00 AM  
Blogger രാജ് said...

ദൈവമേ എന്തോരം ക്രിയേറ്റിവിറ്റി ബൂലോഗത്തിലിങ്ങനെ അറ്റ്‌ലാന്റിക്കിലെ ഐസുംകട്ടപോലെ പരന്നു കിടക്കുന്നു. എല്ലാവരും കൂടിയൊരു സ്കിറ്റ് ചെയ്താല്‍ നല്ല രസമായിരിക്കും.

ബൈദിവേ ഞാന്‍ പാവമൊരു അഹിച്ഛത്രത്തിലെ യോദ്ധാവ്, ആര്‍ക്കാ‍ണോ ശൌര്യം കൂടുതല്‍ അവര്‍ക്കെതിരെ പൊരുതി മരിക്കാനിഷ്ടപ്പെടുന്നവന്‍ :)

വക്കാരിയെ ബലരാമനാക്കിയതും ഇബ്രുവിനെ കര്‍ണ്ണനാക്കിയതും ക്ലാസിക്ക് ശകുനിയാചാര്യാ ക്ലാസിക് (പക്ഷെ അതൊന്നും റെഡ് ലേബലിന്റെ കെട്ടറങ്ങിയില്ല എന്നു പറഞ്ഞ ഒബിയോട്, റെഡ് ലേബല്‍ ചായയുടേയോ? എന്നു ചോദിച്ച ആദിത്യനെന്ന സവ്യസാചിയോടു മുട്ടാന്‍ പോന്നതല്ല)

9/22/2006 08:18:00 AM  
Blogger Santhosh said...

കുട്ടപ്പായീ, ഞാന്‍ കൂട്ടത്തില്‍ ഉണ്ടേ. എനിക്കൊരു ക്ഷണക്കത്തയയ്ക്കോ!

9/22/2006 08:38:00 AM  
Blogger Adithyan said...

രാജ്യതന്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അദ്വിതീയനും വേദോപനിഷത്തുകളിലും പുരാണങ്ങളിലും അഗാധപണ്ഡിതനും പൊതുസമ്മതനും പക്വമതിയുമായ പെരിങ്ങോടര്‍ തന്നെ ഞങ്ങളുടെ യുധിഷ്ടിരന്‍. അദ്ദേഹമാണ് യുദ്ധം നയിക്കുന്നത്.

എനിക്ക് ഭീമന്റെ പോസ്റ്റില്‍ ഒരു നോട്ടമുണ്ടായിരുന്നു. മൊത്തത്തില്‍ എനിക്ക് ഫയങ്കര ഇഷ്ടമുള്ള പാര്‍ട്ടിയാണ്. പിന്നെ എന്റെ പണ്ടത്തെ തിരനോട്ടം ആ പോസ്റ്റിലേക്കാരുന്നു, പക്ഷെ എവിടേം എത്തിയില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, കഴിവില്ലാഞ്ഞിട്ടാ. :)) പിന്നെ ഒറ്റക്ക് ഒരു നൂറുപേരെ (എന്റെ നെഞ്ചത്തു കയറിയ നൂറു പേരെ) എന്റര്‍ടെയിന്‍ ചെയ്തത് (മറ്റെ ജാഞ്ജലിപ്പ് ഫെയിം‌) ഇവിടെ കണ്‍സിഡര്‍ ചെയ്യുമോ എന്തോ?

ഏതായാലും എന്നേക്കാള്‍ ശരീരബലം കൊണ്ട് ആ പോസ്റ്റിന് അര്‍ഹതയുള്ള പച്ചാളം അവകാശമുന്നയിച്ചതു കൊണ്ട് പച്ചാളം തന്നെ ഭീമന്‍...

പിന്നെ പറഞ്ഞ പോലെ ശ്രീജിത്ത് തന്നെ അര്‍ജ്ജുനന്‍. ഇരുകൈ കൊണ്ടും ക്യാമറയുടെ ബട്ടണ്‍ മാറിമാറി ക്ലിക്ക് ചെയ്യുന്ന പ്രതിഭ. മണ്ടത്തരങ്ങളാവുന്ന അനേകം ദിവ്യാസ്ത്രങ്ങള്‍ കയ്യിലുള്ള അപൂര്‍വ്വ പ്രതിഭ....

ദില്‍ബന്‍ ഘടോല്‍ക്കചാവതാരത്തില്‍ തന്നെ. ഒറ്റക്ക് ഒരു സൈന്യത്തോടിടയാന്‍ (സ്ത്രീ സൈന്യം ആവണമെന്നു മാത്രം);)

9/22/2006 08:57:00 AM  
Blogger ഉമേഷ്::Umesh said...

ശ്രീജിത്ത് അര്‍ജ്ജുനന്‍. ബെസ്റ്റ്!

പക്ഷിയെ ഉന്നം വെച്ചാല്‍ അതിന്റെ കഴുത്തു മാത്രം കാണുന്നവന്‍ അര്‍ജ്ജുനന്‍.

വധൂവരന്മാരെ ഉന്നം വെച്ചാല്‍ തെങ്ങില്‍ പൂക്കുലയെ ഫോക്കസ് ചെയ്യുന്നവന്‍ ശ്രീജിത്ത്.

വേറെ ആരും ഇല്ലെഡേ?

9/22/2006 09:10:00 AM  
Blogger അനംഗാരി said...

ഞാനൊരു അംഗത്വത്തിന് അപേക്ഷിച്ച് വരിപ്പണം അടച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ....ഇതെന്താ ആരുമില്ലേ എനിക്കൊരു ചീട്ട് തരാന്‍?.
അതോ ഞാന്‍ അവിവാഹിതരുടെ പട്ടികയിലാണോ?.

9/22/2006 09:39:00 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അന്തിമവിജയം എവിടെയായിരിക്കും.
ഇനിയും സംശയമുണ്ടോ?

രജസ്വലയെ രാജസദസ്സിലേയ്ക്ക്
വലിച്ചിഴച്ച് ചേല പറിച്ചെറിയുന്ന ദുശ്ശാസനനു
കൂടെയോ?
പതിവ്രതയ്ക്കിരിയ്ക്കാന്‍ സ്വന്തം തുട നഗ്നമാക്കി
കാണിച്ച സുയോദനന്റെ കൂടെയോ?
കള്ളച്ചൂതും കപടനാടകങ്ങളും കളിച്ച്
തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിച്ചിരിയ്ക്കുന്ന
ശകുനിയുടെ കൂടെയോ?
അതോയിനി പുത്രവധു സഭയില്‍
അപമാനിക്കപ്പെട്ടപ്പോള്‍
അന്ധതയുടെ മറവില്‍
മനസ്സും ഇരുട്ടില്‍ പൂഴ്ത്തിയിരുന്ന
ധൃതരാഷ്ട്രരുടെ കൂടെയോ?

ശരീരം മാത്രം നൂറ്റുവര്‍ക്ക് വിട്ടുകൊടുത്ത്
മനസ്സില്‍ പാണ്ഡവരോടുള്ള സ്നേഹം ഒളിപ്പിച്ച് യുദ്ധം ചെയ്ത സ്വന്തം പാളയത്തിലെ പൂജ്യരെ തിരിച്ചറിയാന് കഴിയാതെ പോയതാണ്‍ നിങ്ങളുടെ തെറ്റ്. ഇന്നും അവര്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് തെറ്റുകളാണെന്നറിഞ്ഞിട്ടും മറുത്തൊന്നു പറയാന്‍ സാധിക്കതെ കാണാച്ചരടില്‍ കെട്ടിയിടപ്പെട്ടവര്‍.
ശകുനിയുടെ വാക്കു കേട്ട് ചാടിയിറങ്ങുന്നതിനു
മുമ്പ് ഒന്നു ചിന്തിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കില്ല.
ആ വാചകക്കസര്‍ത്തില്‍ മയ്ങ്ങി ശത്രുവിന്‍‌റെ ശക്തിയെ കുറച്ചുകണ്ടാല്‍..
ദൂതുമായി ഇനി ഒരു കൃഷ്ണനെ പ്രതീക്ഷിക്കരുത്.

ഇവര്‍ക്ക് നല്ല വഴി ഉപദേശിക്കേണ്ട
ആ അന്ധമാതാവ് എവിടെ.

“ഡേയ് മച്ചൂ ആദി, എഴുതി വാങ്ങീരെടൈ ഇവരുടെ സ്ഥാവരജംഗമമെല്ലാം”

9/22/2006 10:05:00 AM  
Blogger Adithyan said...

ദേ ഈ കണ്ടതാണ് ധൃഷ്ടദ്യുമ്നന്‍. സകലതിനും സാക്ഷിയായി, എല്ലാത്തില്‍ നിന്നും വിട്ടുമാറി, സമാനതകളില്ലാത്ത ഒറ്റയാന്‍ പോരാളി.

;)

“ എഴുതി വാങ്ങീരെടൈ ഇവരുടെ സ്ഥാവരജംഗമമെല്ലാം...“ അതു കലക്കിപ്പൊളിച്ചു. ഹഹഹഹ്ഹ

9/22/2006 10:19:00 AM  
Anonymous Anonymous said...

എന്തായാലും ഒരു കാര്യം ഇതൊക്കെ കൊണ്ടെനിക്ക് മനസ്സിലായി. പണ്ട് ഇന്ത്യയില്‍ ഇത്രേം കടിച്ചാല്‍ പൊട്ടാത്ത പേരൊക്കെ ഉണ്ടായിരുന്നല്ലെ? ഇവരില്‍ മുക്കാല്‍ പേരേയും ഞാന്‍ അദ്യായിട്ടാ കാണണെ. മഹാഭാരതം സീരിയില്‍ മുടങ്ങാതെ കാണുമായിരുന്നിട്ടും ഇത്രേം പേരു ഇവിടെയൊക്കെയുണ്ടെന്ന് എനിക്കറിഞ്ഞൂടായിരുന്നു. ഇതാണ് ബ്ലോഗുകളുടെ ഗുണം..

ഉമേച്ചി,സൂവേച്ചി, കുട്ട്യേട്ടത്തി, അതുല്യേച്ചി,
ബിന്ദൂട്ടി, മുല്ലൂസ്, താരക്കുട്ടീ, പാറുക്കുട്ട്യെ, ദുര്‍ഗ്ഗേ, ജ്യോതിടീച്ചറേ, ഡാലിക്കുഞ്ഞേ, സെമിക്കുട്ടീ,
കല്ല്യാണിക്കുട്ടി, മല്ലൂഗേള്‍, ആര്‍പ്പിക്കുട്ട്യേ,
വിട്ടുപോയ പ്രിയ ബ്ലോഗിനികളേ,
കാണാമറയത്തെ പ്രിയ ബ്ലോഗര്‍ പത്നികളേ
(ഏ,ഇത്രേം പെണ്‍ ബ്ലോഗേര്‍സ് ഉണ്ടല്ലേ)

ഈ പൈലുകള്‍ കുറേ നേരമായി മനുഷ്യനെ മെനക്കെടുത്തുന്നു. ടൈം ആയോ? നമ്മുടെ ടൈം ആയൊ? ഒരൊറ്റ പോസ്റ്റില്‍ അടക്കി നിറുത്തണൊ അതോ പൈലുകളെ കുറച്ചും കൂടി വിളയാടാന്‍ വിടണൊ? സമയം കഴിയുന്തോറും
എന്റെ തലയില്‍ താരന്‍ കൂടുന്നു!!!!!

9/22/2006 10:34:00 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അതു കലക്കി ഇഞ്ചി.
ഒറ്റ കമന്‍‌റിന്‍ എക്സിലെ കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം
ദേ താഴെക്കിടന്നുരുളുന്നു.
ശത്രുപാളയത്തിന്റെ കോട്ടകൊത്തളങ്ങള്‍ ഭേദിച്ച് ആദ്യത്തെ മിസൈല്‍.
ടെമ്പ്ലേറ്റ് തകര്‍ന്നു തരിപ്പണമായി.

9/22/2006 10:55:00 AM  
Blogger ബിന്ദു said...

ഒരു കാര്യം മനസ്സിലായി, ശ്രീജിത്ത് മാത്രം വിചാരിക്കേണ്ട കാര്യം ഇല്ല റ്റെമ്പ്ലേറ്റു തകരാന്‍. നമ്മടേ ഇഞ്ച്ചിപെണ്ണിനും പറ്റുമേ.......
അതേ, ഞാന്‍ എപ്പഴേ റെഡി. ആരെങ്കിലും കേറാനുണ്ടൊ? അല്ലെങ്കില്‍ വേണ്ട ഇവരെവിടേ വരെ പോകും എന്നു നോക്കാം അല്ലേ? എന്താ വേണ്ടത്? ഇത്രേം ഒക്കെ കയ്യിലുണ്ടായിട്ടാണോ ഈ സാക്ഷി ഇങ്ങനെ കൊമ്പും വച്ചിരിക്കുന്നത് ;)

9/22/2006 11:03:00 AM  
Anonymous Anonymous said...

എവടം വരെ പോവൂന്ന് നോക്കാം ഇന്ചീ....അല്ല ഇന്ചിയെന്തിനാ ഇവരുടെ കൂടെ കൂടിയേ? "വിവാഹിതര്‍" എന്നോ മറ്റോ ആയിരുന്നു ബ്ലോഗിന്റെ പേരെങ്കില്‍ നമുക്കും ചേരായിരുന്നു. ഇതിപ്പൊ പെണ്ണിനെ കെട്ടിയ ആണുങ്ങളല്ലേ...

കണ്ടിരിക്കാന്‍ നല്ല രസം. ;)

താരനു പറ്റിയ ഷാമ്പൂ ഞാനൊന്ന് ഗൂഗിള്‍ ചെയ്ത് നോക്കട്ടെ.

9/22/2006 11:04:00 AM  
Blogger ബിന്ദു said...

വിവാഹിതരേ ഇതിലേ എന്നായിരുന്നെങ്കിലും കൂടാമായിരുന്നു. ഇതിപ്പോ..

9/22/2006 11:19:00 AM  
Blogger ഫാര്‍സി said...

ഇഞിപ്പെണ്ണു പറഞ്ഞതുപോലെ ഇവരുടെ കാര്യത്തിലെന്താ ഇത്ര ‘സുഷ്കാന്തി‘?
‘ആണിനെ കെട്ടിയ പെണ്ണുങ്ങളെന്നോ‘ മറ്റോ വെച്ചൊരു ഗ്ലബ് തൊടങ്ങ് ചേച്ചി.എന്നിട്ടു വേണം അതില്‍ വരുന്ന കമന്‍റ്സ് കണ്ട് ചിരിക്കാന്‍...
ഇന്ന് ചിരിച്ചു ചിരിച്ചു കുടല് മറിയുമല്ലോ എന്‍റെ അമ്മച്ചീ........

9/22/2006 11:26:00 AM  
Blogger ലിഡിയ said...

സങ്കടപെടാതെ ബിന്ദൂ..എല്ലാം കണ്ടുകൊണ്ട് തന്നെയല്ലേ നമ്മളിരിക്കുന്നെ..

ഒരു വശത്ത് മൂക്കിന് താഴെ പുരികം വന്നപ്പോള്‍ കണ്ണ് വായിലായി പോയ കുഞ്ഞ് പിള്ളേരും മറുവശത്ത് ഭാര്യ സ്നേഹപൂര്‍വ്വം ഉണ്ടാക്കികൊടുത്തത് മൂക്ക് മുട്ടെ തിന്നിട്ട് ഭാര്യക്കിട്ട് പാര പണിയുന്ന ഈ “മഹാ ബുദ്ധി“മാന്മാരൊന്നടങ്ങുമോന്ന് നോക്കാമെന്നേ..ഇടയ്ക്കൊക്കെ പിള്ളേര് ഒന്ന് മേലനങ്ങി കളിക്കുന്നത് നല്ലതാ ;-),

ഇനി ഈ വീക്കെന്റ് കഴിഞ്ഞും ഒരു ഭേദം കാണുന്നില്ലെങ്കില്‍ സൂ ചേച്ചിയേം,വല്യമ്മായിയേം,ജ്യോതിടീച്ചറിനേയും ഒക്കെ കമ്പിയടിച്ച് വരുത്തി ഒരു സമ്മേളനം നടത്താം,നമുക്കാണോ വിഷയ ദാരിദ്ര്യം??

ഒരു മുന്നറിയിപ്പ് കൊടുത്തേര്..നെറ്റ് ട്രാഫിക്ക് കൂടാനുള്ള കാലാവസ്ഥാ‍ മാറ്റം കാണുന്നുണ്ടെന്ന്.

ഇഞ്ചീ ഇവിടൊക്കെ തന്നെ വേണേ..

-പാര്‍വതി.

9/22/2006 11:35:00 AM  
Anonymous Anonymous said...

രണ്ട് ക്ലപ്പുകള്‍ക്കും പറ്റിയതതാണ്. മറ്റേ ബാചില്ലേര്‍സ് ക്ലപ്പില്‍ പെമ്പിള്ളേരേം ചേര്‍ത്തിരുന്നുവെങ്കില്‍..ഇപൊ നെഞ്ചും വിരിച്ച് കല്ല്യാണം കഴിഞ്ഞു എന്നൊക്കെ പറയുന്ന കാര്‍ന്നോമാരെ ഒക്കെ ഒരു ക്ലപ്പും തുടങ്ങാണ്ട് അവിടെയൊക്കെ തന്നെ വടമിട്ടു നിന്നേനെ :-)
അതാണ് ബാച്ചിലേര്‍സ് ആദ്യം ചെയ്ത തെറ്റ്.

ഇവിടെ ഭാര്യമാരെ ചേര്‍ക്കാഞ്ഞതു ഇവര്‍ ചെയ്ത തെറ്റ്..അല്ലെങ്കില്‍ ഇപ്പോ കാലു തൊട്ട് വന്ദിക്കുന്നതും കാലത്തെ സ്നേഹത്തോടെ ചായ വിളമ്പുന്നതും,നഖം വെട്ടിക്കൊടുക്കുന്നതും, തലയില്‍ എണ്ണ് തേച്ച് കൊടുക്കുന്നതും,
ആപ്പിളിന്റെ തൊലി ചെത്തി ചെറിയ കഷങ്ങളാക്കി കൊടുക്കുന്നതും, കരണ്ട് പോയാല്‍ വെഞ്ചാമരം(?) വീശികൊടുക്കുന്നതും,ബ്രൌണ്‍ നിറത്തിലുള്ള വെള്ള ഷര്‍ട്ട് അലക്കുന്നതും അതു തേച്ച് കൊടുക്കുന്നതും,അവരോഫീസില്‍ നിന്ന് ടെന്‍ഷന്‍ അടിച്ച് വരുമ്പൊ ചൂടുള്ള ബജിയോ അടയോ ഉണ്ടക്കി കൊടുക്കുന്നതും,
അവര്‍ക്കായ് കാത്തിരിക്കുന്നതും ഒക്കെ എഴുതി, നമ്മുടെ ഭക്ഷണത്തിന്റെ ഫോട്ടോസ് ഒക്കെ ഇട്ട് കൊതിപ്പിച്ച്, അവിടെയുള്ളോരൊക്കെ രണ്ടാഴ്ചക്കുള്ളില്‍‍ പെണ്ണ് കെട്ടണം എന്നും പറഞ്ഞു നടന്നേനെ....

ഇതാണ് ആണുങ്ങള്‍ക്ക് വിവരമില്ലാന്ന് പറയുന്നത് :-)

9/22/2006 11:40:00 AM  
Blogger ലിഡിയ said...

എന്റെ ഇഞ്ചി സുഹൃത്തേ, ഇത് സത്യം..എന്നാലും നമുക്കീ രഹസ്യം പണ്ടേ അറിയാവുന്നതല്ലേ..ലോകമുണ്ടായ കാലം തൊട്ടേ ഇങ്ങനെ തന്നെ അല്ലേ..എന്തെങ്കിലും മണ്ടത്തരം കാണിക്കും,എന്നിട്ട് ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് വരുന്നതിന്റെ ക്ഷീണം മാറ്റാന്‍ പെണ്ണുങ്ങളെ കുറ്റം പറയും,നമ്മളിതൊക്കെ പിള്ളെര് കളീയായി കാണുന്നത് കൊണ്ടല്ലെ ലോകം നിന്ന് പോവുന്നേ.

:-))

-പാര്‍വതി.

9/22/2006 11:51:00 AM  
Blogger ഫാര്‍സി said...

അതു ശരി.സ്ത്രീകളെ ഈ വഴിക്കു അടിപ്പിക്കില്ലെന്നാണു രണ്ടു ക്ലബിന്‍റെയും ഇന്‍സ്ട്രക്ഷന്‍.പെണ്ണു കെട്ടിയവര്‍ക്ക് ‘അവര്‍‘ കാരണമുണ്ടായ അപമാനഭാരത്താല്‍ തലയില്‍ മുണ്ടിട്ടാണത്രെ നടക്കുന്നത്.അപ്പോ ‘നിങ്ങളു’ടെ കാര്യം കട്ടപ്പൊഹ!...:)

9/22/2006 11:58:00 AM  
Blogger aneel kumar said...


സാക്ഷി said...
അതു കലക്കി ഇഞ്ചി.
ഒറ്റ കമന്‍‌റിന്‍ എക്സിലെ കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം
ദേ താഴെക്കിടന്നുരുളുന്നു.
ശത്രുപാളയത്തിന്റെ കോട്ടകൊത്തളങ്ങള്‍ ഭേദിച്ച് ആദ്യത്തെ മിസൈല്‍.
ടെമ്പ്ലേറ്റ് തകര്‍ന്നു തരിപ്പണമായി.


എവിടെ തകര്‍ന്ന കാര്യമാ സാക്ഷീ? ;)

9/22/2006 01:54:00 PM  
Blogger aneel kumar said...

ഇഞ്ചി സന്തോഷിന്റെ കുത്തും കോമയും ഒരു കണ്ണില്‍ കൂടി കണ്ട് മറ്റേ കണ്ണിലൂടെ അങ്ങ് കളഞ്ഞു അല്ലേ?
ഓരോ കോമയ്ക്കു ശേഷവും സ്പേസ് വേണം; ഇങ്ങനെ വിവരമുള്ള മുതിര്‍ന്നവരുടെ ബ്ലോഗില്‍ കമന്റിടുമ്പോള്‍‍, മൂന്നു കോമകള്‍ക്കു ശേഷമെങ്കിലും ഒന്ന് :) അല്ലെങ്കില്‍ ചീളു പിള്ളാര് ടെമ്പ്ലേറ്റേ ടെമ്പ്ലേറ്റേന്ന് കിടന്നു കൂവും. നാണക്കേടാര്‍ക്കാ?

9/22/2006 02:00:00 PM  
Blogger പാപ്പാന്‍‌/mahout said...

ഉമേഷേ, ‘ഭഗദത്തന്‍’ ന്നുള്ള പേരിലു് വല്ല വൃത്തികേടും ഉറങ്ങിക്കിടപ്പുണ്ടോ? അതാണോ വേണെങ്കി ശകുനി തരാം ന്നു പറഞ്ഞത്?:)

ഉമേ ഷണ്ണന്‍, രാജേ ഷണ്ണന്‍, സന്തോ ഷണ്ണന്‍ ഇവരൊക്കെ പെ കെ ആ ക്ലബ്ബിലായതിനാല്‍ മറ്റവന്‍‌മാര്‍‌ക്ക് ശിഖണ്ഡിയെക്കിട്ടുന്നതെങ്ങനെയെന്നൊന്നുകാണണം (കട: രാജേഷ്)

9/22/2006 05:52:00 PM  
Blogger പാപ്പാന്‍‌/mahout said...

അതിന്റെയിടയ്ക്ക് ലവമ്മാര്‍ ബിരിയാണി വച്ചു ഇനി ഞങ്ങള്‍‌ക്കെന്തിനു കല്യാണം എന്നൊക്കെ അലറിക്കൊണ്ടു നടക്കുന്നുണ്ട്. കല്യാണത്തിന്റെ പരമമായ ലക്ഷ്യം ബിരിയാണിവച്ചുകളിക്കലാണെന്നാണോ ഇവരുടെ വിചാരം? ഇത്ര മനോഹരമായ ഭാവനയുള്ളവര്‍ ആജീവനാന്തം നിത്യകന്യകന്‍‌മാരായി ഇരിക്കുകയേ ഉള്ളൂ എന്നു പ്രത്യേകിച്ചു പറയണോ? :)

‘കലിക’ എന്ന നോവലിലെ (പഴയ പ്രേതനോവല്‍) ആ കഥാപാത്രത്തെയാണ് ഓര്‍‌മ്മവരുന്നത് (പേരു മറന്നു, ആരെങ്കിലും ഓര്‍‌ക്കുന്നുണ്ടെങ്കില്‍ എഴുതുക. ഒരു മുസ്ലിം പേരാണ്.) ചില കഴിവുകളൊക്കെ നഷ്ടപ്പെട്ടപ്പോള്‍ അതിനെ തീറ്റക്കൊതി കൊണ്ടു സബ്‌സ്റ്റിറ്റ്യൂട്ടു ചെയ്തയാള്‍.

9/22/2006 06:04:00 PM  
Blogger Adithyan said...

ഹ ഹ ഹ...
അതുകൊണ്ടാണല്ലോ പാപ്പേട്ടാ, ഞാനൊക്കെ ഈ ബിരിയാണിവെപ്പിന്റെ കോണ്‍ട്രാക്‌ട് മക്‌ഡിക്കും ബര്‍ഗര്‍ കിങ്ങിനും ഒക്കെ കൊടുത്തിരിക്കുന്നത്. വിരിയാണിയിലൊന്നും അല്ല സംഭവത്തിന്റെ ഗുട്ടന്‍സ് കിടക്കുന്നതെന്ന് നമ്മക്കറിഞ്ഞൂടെ... :))

9/22/2006 06:20:00 PM  
Blogger ഉമേഷ്::Umesh said...

അതു ശരിയാണല്ലോ പാപ്പാനേ. ഇനിയുമുണ്ടു്: കലേഷണ്ണന്‍, കരീം മാഷണ്ണന്‍,....

ലവന്മാരിലൊരുത്തനും ഈ ക്വാളിറ്റിയില്ലല്ലോ. അപ്പോള്‍ ഗന്ധര്‍വ്വന്‍ സേഫ്.

പിന്നെ ധൃഷ്ടദ്യുമ്നന്‍ എന്നു പറഞ്ഞു് ഒരാളെ ഇറക്കിയിട്ടുണ്ടു്. (അങ്ങേര്‍ക്കു സ്വന്തം പേരു തെറ്റില്ലാതെ എഴുതാനറിയുമോ എന്തോ? ഇതുവരെ “ഉണ്ണി” എന്നും “ഏടത്തി” എന്നും രണ്ടു പേരേ എഴുതിക്കണ്ടിട്ടുള്ളൂ :)) പക്ഷേ അതിനു് “ഏവൂരാനെ (ഉറുമ്പാണു കേട്ടോ) ഞങ്ങള്‍ കൊന്നു” എന്നു പെരിങ്ങോടന്‍ പറഞ്ഞാല്‍ വിശ്വം വിശ്വസിച്ചിട്ടു വേണ്ടേ?

അപ്പുറത്തു കൂറു കൂടിയ വിദുരന്‍ അതിനിടയില്‍ വന്നു വിരമിച്ചിട്ടു സ്ഥലം വിടാതെ ഒരു പാര വെച്ചിട്ടു പോയി. ശല്യരേ, നോട്ട് ദ പോയിന്റ്!

9/22/2006 06:21:00 PM  
Blogger Visala Manaskan said...

ബാച്ചിലര്‍ ക്ലബും എക്സ് ബാച്ചിലര്‍ ക്ലബും ഉണ്ടായതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു.

ഇത്രയും നാളും വ്യാകരണം, ഗണിതം, സംസ്കൃതം എന്നൊക്കെ പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ചിരുന്ന ഉമേഷ് ജി, ഇത്തരം വിഷയങ്ങള്‍ കൊണ്ട് തീര്‍ത്ത കോട്ടകൊത്തളങ്ങള്‍ ടൈം ബോംബ് വച്ച് തകര്‍ത്ത്, തന്റെ സെന്‍സ് ഓഫ് ഹാസ്യം ബൂലോഗമനസുകള്‍ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് പുറത്ത് വന്നിരിക്കുന്നു.

ഗുരുവേ നമ:

ദുര്യോധനന്‍ കാസ്റ്റിങ്ങ് പിഴച്ചില്ലേ ന്നൊരു സംശയം. സോഫ്റ്റ് ഹൃദയനായ ഈ ഞാന്‍... പോതുമോ?

ഹവ്വെവര്‍, ശക്തി തരൂ... (ബാബ സിനിമയിലെ ഗാനം)

9/22/2006 09:42:00 PM  
Blogger പാപ്പാന്‍‌/mahout said...

പൃഥക് പൃഥക് എന്നാണ് എച്ചിലന്‍‌മാരുടെ, ശ്ശെ, ബാച്ചിലന്‍‌മാരുടെ പുറത്ത് ഉമേഷിന്റെ അടി വീണത് :)

9/22/2006 10:57:00 PM  
Blogger മുസ്തഫ|musthapha said...

യുദ്ധകാഹളം മുഴങ്ങി. കേള്‍ക്കുന്നില്ലേ ശംഖനാദം?
ഉമേഷ് ജി...ശംഖനാദമാണോ... അതോ ശംഖ്നാദമാണോ :)

[ഞാനോടണോ അതോ നിക്കണോ]

“...തന്റെ സെന്‍സ് ഓഫ് ഹാസ്യം ബൂലോഗമനസുകള്‍ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് പുറത്ത് വന്നിരിക്കുന്നു...” വീയെമ്മ് പറഞ്ഞത് ശരി തന്നെ :)

9/22/2006 11:53:00 PM  
Blogger Unknown said...

ഉമേഷേട്ടാ,
:-)

ഘടോല്‍കചന്‍ എന്നും എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു. പാണ്ഡവരെ മൊത്തം ഒറ്റയടിക്ക് നശിപ്പിക്കാന്‍ കെല്‍പ്പുള്ളതും ദുര്യോധനന്‍ കണ്ട് വെച്ചിരുന്നതുമായ ‘വെപ്പണ്‍ ഓഫ് മാസ് ഡിസ്റ്ററക്ഷന്‍’കര്‍ണ്ണന്റെ ‘ശക്തി’ എന്ന ഇന്ദ്രന്‍ ഗിഫ്റ്റഡ് ദിവ്യായുധം സ്വന്തം മാറില്‍ ഏറ്റ് വാങ്ങി യുദ്ധത്തിന്റെ ഗതി തിരിച്ച് വിട്ട രാക്ഷസകുമാരന്‍. രാത്രിയിലെ മായായുദ്ധത്തിലൂടെ കൌരവപടയുടെ കട്ടയും പടവും ഹിഡുംബീപുത്രനായ ഈ ചെക്കന്‍ മടക്കും എന്നായപ്പോള്‍ ദുര്യോധനന്‍ കര്‍ണ്ണനെ ഒരു മില്‍ക്കീബാര്‍ കാണിച്ച് വശീകരിച്ച് ഇവനെ വധിച്ചു. (ഗദ്ഗദ്)

(ഓടോ:ഉമേഷേട്ടാ,വ്യാകരണലോകത്ത് ഫ്രീ ടൈം കിട്ടുമ്പോള്‍ ഇങ്ങനത്തെ പോസ്റ്റുകളും ഞങ്ങള്‍ക്ക് സമ്മാനിച്ച് കൂടെ? കിടിലന്‍ പോസ്റ്റ്!)

9/23/2006 12:05:00 AM  
Blogger മുസാഫിര്‍ said...

അയ്യൊ.യുദ്ധതിന്റെ കാഹളം മുഴങ്ങിയിട്ടു ഒരു പഴയ പടയാളിയായ ഞാന്‍ മാറി നിന്നതോര്‍ത്ത് ലജ്ജ തോന്നുന്നു.യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത് പരിചയമില്ലെങ്കിലും (ആ സമയത്ത് യുദ്ധമൊന്നും ഉണ്ടാവാഞ്ഞതു കൊണ്ടാണു,പേടിച്ചിട്ടല്ല)
ശ്രീലങ്കയില്‍ ഉണ്ടയിരുന്ന IPKFനുള്ള ലോജിസ്റ്റിക്സ് എത്തിച്ചു കൊടുത്തുക്കൊണ്ടുള്ള പരിചയം ഉണ്ട്.
ദയവായി എന്നെ കുടി ചേര്‍ക്കു,,,,

ആപ്പോള്‍ പറഞ്ഞാട്ടേ.ഉമേഷ്ജീ,
എത്ര ആന,എത്ര കുതിര,കാലാള്‍,കുന്തങ്ങള്‍,പനമ്പട്ട,ശിതകാല വസ്ത്രങ്ങള്‍,ഭക്ഷണം,പടച്ചട്ട ....ദയവായി മയുര സന്ദേശമായി അയക്കുക.

9/23/2006 12:19:00 AM  
Blogger ഇടിവാള്‍ said...

അലക്കന്‍ പോസ്റ്റ് ഗുരുക്കളേ ! അങ്ങേക്കൊരു എം.ടി ടച്ചുണ്ടല്ലോ ! ചതിയന്‍ ചന്തുവിനെ, നായകനാക്കിയപോലേ, കൌരവ പക്ഷത്താണല്ലോ ന്യായം മുഴുവന്‍ !

പാപ്പാന്‍ ചേട്ടന്റെ അവസാനത്തെ 3 കമന്റുകളും തകര്‍പ്പന്‍ !

9/23/2006 12:25:00 AM  
Blogger Promod P P said...

പെരിങ്ങോടനെ അഭിമന്യു ആക്കണമെന്നാണ്‌ എന്റെ അഭിപ്രായം.
പാവം പത്മവ്യൂഹത്തില്‍ പെട്ടിരിക്കുകയാ ഇപ്പോള്‍. കുറ്റി മീശയുള്ള ആ മുഖത്തെ കൌമാര ഭാവം കണ്ടാല്‍ അത്‌ അഭിമന്യു അല്ലേ എന്ന് ആര്‍ക്കും തോന്നിപ്പോകില്ലെ?

ജയദ്രഥന്‍ ആകാന്‍ പറ്റിയ ഒരെ ഒരാളെ ഒള്ളു.അത്‌ നമ്മുടെ ഇടിവാള്‍ജിയാണ്‌.

9/23/2006 12:26:00 AM  
Blogger Kalesh Kumar said...

ഉമേഷേട്ടാ, എന്തൊരുഗ്രന്‍ പോസ്റ്റ്!
വ്യാകരണം,ഗണിതം,സംസ്കൃതം,അക്ഷരശ്ലോകം, കുന്ത്രാണ്ടം എന്നിവയൊക്കെ അരച്ച് കലക്കി കുടിച്ചയാള്‍ ഇങ്ങനത്തെ ഇടിവെട്ട് പോസ്റ്റുകള്‍ കൂടെ വല്ലപ്പോഴുമിട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള പലരും ഇവിടെയുണ്ടാകും.

അവര്‍ക്കുവേണ്ടി ഞാന്‍ ഉമേഷേട്ടനെ നമിക്കുന്നു!
ഗുരുവേ നമ:

9/23/2006 12:39:00 AM  
Blogger Kalesh Kumar said...

ഉമേഷേട്ടന്‍ എഴുതി:
“കുത്തു്, വെട്ടു്, കോമാ, ബൊധക്കേടു് എന്നൊക്കെ“

ഒരു സംശയം. ഉമേഷേട്ടനെ തിരുത്താനൊന്നും ഞാന്‍ ആയിട്ടില്ല. ബോധക്കേടാണോ അതോ ബൊധക്കേടു് ആണോ ശരി?

ഉമേഷേട്ടന് തെറ്റ് പറ്റില്ല. അതാ സംശയം.

9/23/2006 04:08:00 AM  
Blogger ഉമേഷ്::Umesh said...

ബോധക്കേടു തന്നെ കലേഷേ. കീമാന്‍ പറ്റിച്ച പണിയാണു്. അതു തിരുത്താന്‍ ചെന്നപ്പോള്‍ ശല്യരെപ്പറ്റിയുള്ള പരാമര്‍ശം തന്നെ മാറ്റിയെഴുതാമെന്നു കരുതി. എഴുതി.

(പിന്നീടാണോര്‍ത്തതു്. വരമൊഴി ഉപയോഗിക്കുമ്പോള്‍ “അതു തപ്പു്-മലയാളം കീബോര്‍ഡ് ഉപയോഗിക്കഡേ” എന്നു പറയുന്ന ആ റഷ്യക്കാരനെ ശല്യരാക്കാമായിരുന്നു...)

യുധിഷ്ഠിരന്‍ എന്നുള്ളതിനു യുധിഷ്ടിരന്‍ എന്നു് ഒരിടത്തെഴുതിയിട്ടുണ്ടായിരുന്നു. ഫോണ്ട് വലുതാക്കി വായിച്ചപ്പോഴാണു കണ്ടതു്‌. (സിബു പറയുന്ന പ്രശ്നം.) അതും തിരുത്തി.

ഒരു തെറ്റു കൂടിയുണ്ടു്. ഭഗവദ്ഗീത/മഹാഭാരതം ആണു് ടൈറ്റിലിന്റെ ആധാരം. അവിടെ “ശംഖാന്‍ ദധ്‌മുഃ പൃഥക് പൃഥക്” എന്നാണു്. അതും തിരുത്തി. ജ്യോതി ഈ പോസ്റ്റ് വായിക്കാഞ്ഞതു നമ്മുടെ ഭാഗ്യം.

പാപ്പാനേ, അങ്ങു കൂടെയുള്ളതാണു് എന്റെ ധൈര്യം. “പൃഥക് പൃഥക്” എന്നതിന്റെ അര്‍ത്ഥം കലക്കി. ഭഗദത്തനാവാന്‍ ആനയുള്ളവന്‍ വേണ്ടേ? ഞാനോ താനോ മാത്രമേ ഉള്ളല്ലോ?

ബെന്ന്യേ, നമ്മുടെ പുലികള്‍ക്കു സമാനര്‍ മഹാഭാരതത്തില്‍ പോലുമില്ല. ദേവന്‍, അനില്‍, ഇടിവാള്‍, കുറുമാന്‍, മന്‍‌ജിത്ത്, കൂമന്‍, അനംഗാരി തൊട്ടു ബഹുവ്രീഹി വരെയുള്ളവരെ ബെഞ്ചിലിരുത്തേണ്ടി വന്നു. First come first serve basis-ല്‍ ആദ്യം മനസ്സില്‍ വന്നവരെ അങ്ങെഴുതി. ലവന്മാരുടെ കാര്യം അതാണോ? തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ബാലെയിലെപ്പോലെ ആദ്യം ഭീമനായി വരുന്നവനല്ലേ പിന്നെ വേഷം മാറി ശിഖണ്ഡിയാവുന്നതു്?

ഒരുപാടു പേര്‍ക്കു് ഈ പോസ്റ്റിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ ഹാസ്യമെഴുതിയാല്‍ മാമുക്കോയ ഡാന്‍സു ചെയ്യുന്നതുപോലെ ആയിപ്പോകും എന്ന പേടിയുള്ളതുകൊണ്ടു് ഇതുവരെ ചെയ്യാഞ്ഞതാണു്. അപ്പോ തൊടങ്വല്ലേ “ഇലന്തൂര്‍ പുരാണം”?

“ഹവ്വെവര്‍, ഇലന്തൂര്‍ക്കാരെല്ലാവരും പരമമാന്യന്മാരായിരുന്നു...”

:)

9/23/2006 06:37:00 AM  
Blogger P Das said...

:) ബ്ലോഗ്‌ക്ഷേത്രയുദ്ധകാഹളം ഗംഭീരമായി..

9/23/2006 04:14:00 PM  
Blogger അഭയാര്‍ത്ഥി said...

പണിയുടെ ശരശയ്യയില്‍ കിടക്കുന്നതിനാല്‍ ഉമേശന്‍ സാറിന്റെ പാഞ്ചജന്യമുഴക്കം കേള്‍ക്കാനെ ഒത്തുള്ളു.

ഉത്തരായന കാലത്തിനു മുന്‍പേ ഹാജരൊപ്പിട്ടോളാം മിന്ന്‌ കെട്ട്യോന്മാരെ

9/23/2006 08:58:00 PM  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

"ജ്യോതി ഈ പോസ്റ്റ് വായിക്കാഞ്ഞതു നമ്മുടെ ഭാഗ്യം."

ഞാന്‍ എല്ലാം വായിച്ചു. ഈ പിള്ളേരുകളി എത്രവരെപ്പോകും എന്നു നോക്കിയിരിക്ക്യാ:-)

ഉണ്ണികളേ, ആടുകളെ തമ്മിലടിപ്പിച്ച്‌ ചോരകുടിയ്ക്കുന്ന കുറുക്കന്റെ കഥ ഗാന്ധാരിയമ്മയും കുന്തിയമ്മയും നൂറ്റഞ്ചുപേര്‍ക്കുമായി പറഞ്ഞുതരാറില്ലേ. മേഷജംബുക‍ന്റെ കഥ - ആ മേഷജംബുക‍ന്‍ശകുനിയമ്മാന്‍... പകിട പകിട പമ്പരം പോലെ തിരിയുന്നവന്‍- ശകുനിയമ്മാന്‍... പക്ഷിയെപ്പോലെനടക്കുന്നവന്‍ ശകുനിയമ്മാമന്‍... ഈ ശകുനിയമ്മാമന്‍ പറയുന്നതൊന്നും കേള്‍ക്കണ്ടട്ടോ:-)

[O.Tഉമേഷ്ജീ, ആ തല കുറച്ചുദിവസത്തേയ്ക്കു കടം തരാമോ? ധര്‍മ്മസങ്കടാദിപ്രശ്നങ്ങളിത്തിരി സോള്‍വാക്കാനാ. (അഗ്രജന്‍ജീ ഇപ്പോ വരും, ഉപ്പു മന്ത്രിച്ചൂതി ഉമേഷ്ജീയ്ക്കു തരാന്‍:)]

9/24/2006 10:18:00 AM  
Blogger Visala Manaskan said...

ജ്യോതിര്‍മയി യുടെ ബ്ലോഗില്‍ ഞാന്‍ കമന്റിയില്ല എന്ന് കണ്ടു. എന്താണെന്ന് അറിയില്ല. ഞാന്‍ അവിടെ പലപ്പോഴും വന്ന് വായിച്ചിട്ടുണ്ടെങ്കിലും എന്റെ കമന്റ് ആ പോസ്റ്റിന്റെ ഭംഗി കുറക്കുമോയെന്ന എന്ന ഫീലിങ്സില്‍ ഓടിപ്പോരുന്നതാ‍ാ.

ഇനി എനിക്ക് ബ്ലോഗ് വായനയുടെ കാലമാണ്. കമന്റുകളുടെയും.

9/24/2006 10:55:00 AM  
Blogger രാജാവു് said...

രാജാവ് വ്യത്യസ്ഥന്‍.

ഇങ്ങിനത്തെയൊന്നും വായിച്ച് ശീലമില്ലാത്തതുകൊണ്ട് കൌതുകം. സന്തോഷം.

എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരുപാട് വരികള്‍ ഉണ്ടിതില്‍. രാജാവിന് നന്ദി.

ഇതു് വിശാലന്‍റെ കമന്‍റ്റാണു്.വട്ടന്‍ രാജാവിനെപോലും ശ്രധിക്കുന്ന വിശാലന്‍ ഒരിക്കലും ഇത്തരം ഒരു നല്ല കാര്യത്തില്‍ ഇങ്ങനെ ഒരു കമ്മെണ്ടിടില്ല.
ബ്ലോഗുസാമ്രാജ്യ്ത്തിനു കിട്ടിയ ഈ ചിരിക്കുന്ന മുത്തിനെ ഏതു കൊലപാതകിയുടെയും എത്ര ഹീനമായ പ്രവര്‍ത്തങ്ങള്‍ക്കും നിശബ്ദമാക്കാനൊക്കില്ല.
‍‍‍

9/24/2006 11:30:00 AM  
Blogger സൂര്യോദയം said...

വായിക്കാന്‍ വൈകിപ്പോയി... ഗുരുവേ നമ: :-)

9/28/2006 08:45:00 PM  

Post a Comment

<< Home