Tuesday, May 26, 2009

പ്രണയദൂരം

മഷിത്തണ്ടിലും,മയിൽപ്പീലിയിലും പ്രണയത്തിന്റെ മധുരം പകർന്ന ഇന്നലെകൾ ഇല്ലാത്തവർ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിൻനോട്ടങ്ങളും ചെറിയ പുഞ്ചിരികളും...
വിറക്കുന്ന വിരലുകൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പകപ്പൂക്കളും റോസാപ്പൂക്കളും...മനസ്സിലെ പ്രണയചെപ്പിലെ വിലമതിക്കാനാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.ഗുൽമോഹർ പൂക്കളെപ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുരനൊമ്പരങ്ങളായ ഓർമ്മകൾ.

ലൈബ്രറിവരാന്തയിൽ വച്ചാണ്‌ ആ കുസൃതിക്കണ്ണുകൾ ആദ്യമായി ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ പ്രണയത്തിന്റെ മധുരഗാനം മനസ്സിൽ ആദ്യമായി മൂളിയതെപ്പോൾ എന്ന് അറിയില്ല.ക്ലസ്സുകൾക്ക്‌ പുറകിലെ പുൽത്തകിടിയിൽ കൂട്ടുകാർക്കൊപ്പം സൊറപറഞ്ഞിരിക്കുമ്പോൾ അതുവഴി കടന്നുപോയവരിലെ നീളൻമുടിക്കാരി ഒരുനിമിഷം തിരിഞ്ഞുനോക്കിയപ്പോളോ അതോ ഇനി കവിതകൾ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമരദിനങ്ങളിലോ?എപ്പോഴോ അവൾ എന്റെ ആത്മാവിൽ ചേക്കേറി.

അവൾക്കും എനിക്കും ഇടയിൽ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു.ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാൻ പിന്നെയും ഒരുപാട്‌ കാലം എടുത്തു.അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിനരാത്രങ്ങൾ എണ്ണപ്പെട്ടിരുന്നു. ഓടുവിൽ യാത്രാമൊഴിയായി തേങ്ങലിൽ മുങ്ങിയ ഒരു ചുടുചുമ്പനം.

മുന്നോട്ടുള്ള യാത്രയിൽ ജീവിതം ശരീരങ്ങളെ എതിർദിശകളിലേക്ക്‌ നയിച്ചു.തൊഴിൽ അനേഷിച്ചലയുന്ന വഴികൾക്ക്‌ അറ്റമില്ലെന്ന് തോന്നി തളർന്നുറങ്ങിയപ്പോളും അവൾ സ്വപ്നങ്ങളിലെ നിത്യസന്ദർശകയായി.പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചുകൊണ്ടിരുന്ന പ്രണയം മാസശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങൾക്കായി വഴിമാറി.എന്നെ വലയം ചെയ്ത കെട്ടിടക്കൂമ്പാരങ്ങൾക്കിടയിൽ എവിടെയോ അവൾ വഴിപിരിഞ്ഞത്‌ അറിഞ്ഞില്ല.

തിരക്കേറിയ ദിനരാത്രങ്ങൾ പല ആളുകൾ വ്യത്യസ്ഥമായ നാടുകൾ.അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട്‌ ചില കെട്ടിടങ്ങൾ. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖചമക്കുവാൻ ഇടംതേടിചെന്നപ്പോൾ അമ്പരപ്പിനെ നിമിഷങ്ങൾ പകർന്ന് ആ രൂപം മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഇരുവരും ഔപചാരികതകൾക്കായി വാക്കുകൾ പരതിയപ്പോൾ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങൾക്കിടയിലേക്ക്‌ കടന്നുവരുന്നത്‌ ഞങ്ങൾ അറിഞ്ഞു.വർഷങ്ങളുടേ പഴക്കം ഉണ്ടായിരുന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു.കാലം അതിനു യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.ആ നിമിഷത്തിൽ ഞങ്ങൾക്കിടയിലെ കേവലദൂരം അവളുടെ മൂർദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.

13 Comments:

Blogger Visala Manaskan said...

അവൾക്കും എനിക്കും ഇടയിൽ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു.ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു!!!


കുമാറേ..ഗംഭീരായിട്ടുണ്ട്!

5/26/2009 11:50:00 PM  
Blogger paarppidam said...

മനസ്സിലുള്ളതിന്റെ പകുതി പോലും തീവ്രതയോടെ ഇത്‌ എഴുതുവാൻ എനിക്കായില്ല. കാരണം ആ ഭാഷക്ക്‌ ലിപിയില്ലല്ലോ? എങ്കിലും എന്റെ പരിമിതമായ അറിവിൽ എഴുതിയ ഈ വരികളെ നന്നായി എന്ന് വിശാലഗുരു പറയുമ്പ്പോൾ അതിയായ സന്തോഷം തോന്നുന്നു....

5/27/2009 12:05:00 AM  
Blogger സുല്‍ |Sul said...

ഗുളിക പരുവത്തിലാക്കി തീവ്രത നിലനിര്‍ത്തിയ എഴുത്ത്....
ഓഹ് ഇത് വിശാലഗഡിയങ്ങാന്‍ എഴുതിയിരുന്നെങ്കില്‍... എന്റമ്മോ :)

-സുല്‍

5/27/2009 12:22:00 AM  
Blogger ബിച്ചു said...

കല്യാണം കഴിഞ്ഞതിന്റെ നഷ്ടബോധം .......
ഇതു കൊണ്ടാണ് പറയുന്നുത് ..ബാച്ചിലേഴ്സ് ക്ലബ്ബില്‍ അംഗമായി ആ സിന്ദൂരത്തിന്റെ അകലം ഇല്ലാതാക്കൂ....

5/27/2009 06:02:00 AM  
Blogger Kaithamullu said...

ആ നിമിഷത്തിൽ ഞങ്ങൾക്കിടയിലെ കേവലദൂരം അവളുടെ മൂർദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു!

--ശ്ശോ!
അടുത്ത പ്രാവശ്യം അവള്‍ കുളി കഴിഞ്ഞിറങ്ങുമ്പോ കാണാന്‍ ഇട വരട്ടേ!

(ഭാഷ തീവ്രം, കുമാര്‍!)

5/28/2009 01:23:00 AM  
Blogger Anil cheleri kumaran said...

..ആ നിമിഷത്തിൽ ഞങ്ങൾക്കിടയിലെ കേവലദൂരം അവളുടെ മൂർദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു...
മനോരഹരം!!
ബിഷാദിന്റെ കമന്റും കലക്കി.

5/28/2009 09:28:00 AM  
Blogger ഉറുമ്പ്‌ /ANT said...

വല്ലാത്ത ഒരു മൂട്‌. നന്നായിട്ടുണ്ട്‌

5/28/2009 10:07:00 AM  
Blogger the man to walk with said...

ishtaayi

5/28/2009 09:15:00 PM  
Blogger അരുണ്‍ കരിമുട്ടം said...

എന്താപ്പോ പറയുക?
വാക്കുകള്‍ക്ക് ഇത്ര ശക്തിയോ..
എന്തൊക്കെയോ ഓര്‍ത്ത് പോയി.

5/28/2009 09:23:00 PM  
Blogger ഹന്‍ല്ലലത്ത് Hanllalath said...

...അവാച്യമായ അനുഭൂതിയാണ് പ്രണയം...
വാക്കുകള്‍ക്കു പ്രാപ്യമല്ലാത്ത ഒരു ലോകം സ്വന്തമായി കിട്ടും അനുരാഗിക്ക്....

5/29/2009 03:55:00 AM  
Blogger പാച്ചു said...

This comment has been removed by the author.

6/18/2009 02:11:00 AM  
Blogger പാച്ചു said...

"ഒരു നനുത്ത പ്രേമത്തിൻ
കണികയില്ലാത്തൊരീ -
ത്തണുത്ത കൗമാരം

ഒരു കറുത്ത പാടായെന്നുമെൻ ജന്മത്തിൽ
കരിനിഴൽ വീഴ്ത്തുന്നു..."

ക്ഷമിക്കണം ..ഒരു സംശയം...ഈ pinmozhikal@gmail.com ഇപ്പൊ നിർത്തിയൊ?

എങനെയാണു ഇനി മുതൽ നമ്മുടെ പുതിയ blog entries മറ്റുള്ളവർ അറിയുക

6/18/2009 02:14:00 AM  
Blogger മാനസ said...

ഹൃദയസ്പര്‍ശിയായി....

11/15/2009 10:26:00 AM  

Post a Comment

<< Home