Monday, September 08, 2008

പൊന്നപ്പ-കത്രീനമാര്‍ക്ക്‌ സ്വീകരണം

പ്രിയരേ,
ആണ്ടോടാണ്ട്‌ ബ്ലോഗര്‍മാര്‍ തമ്മില്‍ ഒരു വിവാഹമെങ്കിലും നടക്കുന്നുണ്ട്‌ എന്നത്‌ വിവാഹിതര്‍ ക്ലബ്ബിലെ അംഗങ്ങള്‍ക്ക്‌ തീര്‍ച്ചയായും സന്തോഷിക്കാവുന്ന കാര്യമാണ്‌.

പൊന്നപ്പന്‍ ദി "അളിയന്‍" കല്യാണം കഴിക്കുമെന്ന ചില സൂചനകള്‍ തന്നിരുന്നെങ്കിലും ശരിക്കും അത്‌ സംഭവിച്ചെന്നും ബൂലോഗവാസിനിയായിരുന്ന കുമാരി കൂടോത്രം കത്രേനയെ ആണ്‌ ഇദ്ദേഹം വിവാഹം കഴിച്ചതെന്നും ഇന്ന് സിജുവിനെ പോസ്റ്റില്‍ നിന്നാണ്‌ അറിഞ്ഞത്‌. തത്സമയം വിവാഹിതര്‍ സംഗതികള്‍ അറിയാതെ പോയതിനാല്‍ അല്‍പ്പം താമസിച്ചാണെങ്കിലും ഇവിടെ, ഈ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ പൊന്നപ്പക്കത്രീനമാരുടെ റിസപ്ഷന്‍ ഈ വരുന്ന സെപ്റ്റംബര്‍ പതിനൊന്നിനു രാവിലേ നടത്തുന്നതായിരിക്കും.

സംഘാടകരും കാര്യവാഹികളും:
1. ക്ഷണക്കത്ത്‌ - അഞ്ചല്‍ക്കാരന്‍
2. ഗതാഗതം- തഥാഗതന്‍
3. പുഷ്പാലങ്കാരം- മുല്ലപ്പൂ
4. പാചകം- നളപാചകം ക്ലബ്‌
5. ഉന്മാദം- മദ്യാക്ഷരി ക്ലബ്‌
6. മേക്കപ്പ്‌- സപ്തവര്‍ണ്ണങ്ങള്‍
7. സുരക്ഷാ നടപടികള്‍- പച്ചാളം
8. വൈദ്യുതാലങ്കാരം- തറവാടി
9. നിശ്ചല ഛായാഗ്രഹണം- കുമാര്‍
10. ചല ഛായാഗ്രഹണം-ഏറനാടന്‍
11. മീഡിയ കോര്‍ഡിനേറ്റര്‍- കുഴൂര്‍ വിത്സന്‍
12. ഖജാന്‍ജി- നിഷ്കളങ്കന്‍

കാര്യപരിപാടികള്‍
സെപ്തംബര്‍ പതിനൊന്നിനു രാവിലേ പത്തു മണിക്ക്‌- പൊന്നപ്പനെയും
വധുവിനെയും ബൂലോഗ വര്‍മ്മമാരുടെ താലപ്പൊലി സഹിതം സ്വീകരിച്ച്‌ ക്ലബ്‌ മണ്ഡപത്തിലേക്ക്‌ ആന നയിക്കുന്നു.

പത്ത്‌ പതിനഞ്ച്‌: ഈശ്വര പ്രാര്‍ത്ഥന - ഈ. എ. ജബ്ബാര്‍ മാസ്റ്റര്‍

പത്ത്‌ ഇരുപത്‌: വിവാഹം കഴിച്ച ബ്ലോഗര്‍മാര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച്‌ ബ്ലോഗ്‌ അക്കാഡമി നടത്തുന്ന പ്രഭാഷണം.

പത്ത്‌ മുപ്പത്‌: കുടുംബ ബഡ്ജറ്റ്‌ യൂണിക്കോഡില്‍ എങ്ങനെ എഴുതാം- നിഷാദ്‌ കൈപ്പള്ളി സംസാരിക്കുന്നു.

പത്ത്‌ നാല്‍പ്പത്തഞ്ച്‌: കൈപ്പള്ളിയുടെ കയ്യില്‍ നിന്നും മൈക്ക്‌ തട്ടിപ്പറിച്ച്‌ ഇറക്കിവിടല്‍

പത്ത്‌ അമ്പത്‌: വിവാഹശേഷവും എങ്ങനെ മുടങ്ങാതെ ബ്ലോഗ്‌ എഴുതാം എന്നതിനെപ്പറ്റി ബിരിയാണിക്കുട്ടി, പുല്ലൂരാന്‍, ശനിയന്‍ തുടങ്ങിയവര്‍ നയിക്കുന്ന ചര്‍ച്ച.

പതിനൊന്നു മണി: ഹാളില്‍ ബുഫേ, ടെറസ്സില്‍ കുപ്പി പൊട്ടിക്കല്‍, വെളിയില്‍ പുകവലി, സ്റ്റേജില്‍ എന്തു വേണേല്‍ നടത്താം, ആരും ശ്രദ്ധിക്കില്ല.

പതിനൊന്ന് പതിനഞ്ച്-സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ബ്ലോഗില്‍ അനോണി കമന്റ് ഇടുന്നത് ധാര്‍മ്മികമായി ശരിയോ? ദമതി ബ്ലോഗര്‍മാരുട്റ്റെ വിചിന്തനം

പതിനൊന്ന് മുപ്പത്‌: പൊന്നപ്പനും വധുവിനും ഓരോ കോടി മുണ്ട്‌ സമ്മാനിക്കുന്നു (പണ്ട്‌ മുണ്ട്‌ കിട്ടിയ യൂ ഏ ഈ സംഗമക്കാര്‍ ആരെങ്കിലും വെറുതേ പൊടിപിടിക്കാതെ ആ മുണ്ട്‌ തന്ന് സഹായിക്കുക)

പതിനൊന്ന് നാല്‍പ്പത്‌:- നൂറ്‌ അനോണിക്കമന്റുകള്‍ ചേര്‍ത്തുണ്ടാക്കിയ മംഗളപത്രം അനോണി മാഷ്‌ വായിക്കുന്നു. ശേഷം പത്രം അരൂപിക്കുട്ടന്‍ ദമ്പതികള്‍ക്ക്‌ കൈമാറുന്നു.

പതിനൊന്ന് നാല്‍പ്പത്തഞ്ച്‌ : മംഗള ശ്ലോകം- യാത്രാമൊഴി.

പന്ത്രണ്ടു മണി :ഗാനമേള. കിരണ്‍, ബഹുവ്രീഹി ആന്‍ഡ്‌ കമ്പനി (കമ്പനിക്ക്‌ ആര്‍ക്കും കൂടാം)

ഒരുമണി- ആഡിറ്റോറിയം പൂട്ടല്‍

വിവാഹിതരും അവിവാഹിതരും വിവാഹം കഴിച്ചതാണോ എന്നു വെളിപ്പെടുത്താത്തവരുമടക്കം സകലരെയും ഈ ക്ലബ്ബിലെ ഓരോ അംഗത്തിന്റെയും പേരില്‍ ഞാന്‍ ഈ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നു. സ്വന്തമായി ബ്ലോഗുള്ളതും അല്ലാത്തതുമായ അനോണിമാര്‍ക്കും വര്‍മ്മകള്‍ക്കും സ്കീ മാസ്കോ മഫ്ലറോ ധരിച്ച്‌ ചടങ്ങില്‍ സംബന്ധിക്കാവുന്നതാണ്‌. വിവിധ രാഷ്രീയ വീക്ഷണക്കാര്‍, വിശ്വാസികള്‍, അവിശ്വാസികള്‍, അത്യന്താധുനികര്‍, പുരാതനര്‍, കവികള്‍, നിരൂപകര്‍ , ആധുനിക ചികിത്സകര്‍, ഹോമിയോപ്പതി, ആയുര്‍വ്വേദ, നാട്ടുവൈദ്യക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ സൈന്‍ വച്ച്‌ കമ്പി വേലി കെട്ടി തിരിച്ച ടേബിളുകളില്‍ മാത്രം ഇരുന്ന് ക്രമസമാധാന പാലനം സുഗമമാക്കാന്‍ അപേക്ഷിക്കുന്നു.
എന്ന്,
വിവാഹവിധേയന്‍,
ദേവന്‍ (s/d)

33 Comments:

Blogger Umesh::ഉമേഷ് said...

എന്നാലും മംഗളശ്ലോകം ചൊല്ലാനെങ്കിലും എന്നെ ഒന്നു വിളിക്കാമായിരുന്നു. ഞാൻ ഈ പരിപാടി ബഹിഷ്കരിക്കുന്നു.

അല്ലാ, ഇക്കാസിനെയും ജാസൂട്ടിയെയുമിതു വരെ ക്ലബ്ബിൽ ചേർത്തില്ലേ?

9/08/2008 01:50:00 PM  
Blogger ദേവന്‍ said...

ഗുരുക്കളു ശ്ലോകം ചൊല്ലിയാല്‍ പിന്നെ അത്‌ വ്യാഖ്യാനിക്കാന്‍ അഞ്ചു പേരെ വേറെ വിളിക്കേണ്ടി വരില്ലേ? വല്ല "മന്മഥ മാനസ പുഷ്പങ്ങളേ പ്രിയ ദമ്പതിമാരുടെ സ്വപ്നങ്ങളേ,
മംഗല്യ രാത്രിയില്‍ ഈ നല്ല രാത്രിയില്‍ മംഗളം നിങ്ങള്‍ക്ക്‌" എന്ന രീതിയിലെ ശ്ലോകം വല്ലോമ്പാടാമോ? ഇല്ലെങ്കില്‍ ജനം വയലന്റ്‌ ആകില്ലേ?

ഇക്ക-ജാസൂട്ടിമാരെ ഇവിടെ ചേര്‍ക്കണേല്‍ അവരെ എവിടെങ്കിലും കണ്ട്‌ കിട്ടണ്ടേ, കെട്ടിയ ദിവസം കഴിഞ്ഞ്‌ ബ്ലോഗിലെങ്ങും അവരെ കാണാനില്ല.

9/08/2008 01:59:00 PM  
Blogger മദ്യാക്ഷരി said...

റ്റെക്വില, പിനാകോളാഡ, ബ്ലഡിമേരി, മാര്‍ഗരീത്ത, ബുള്‍ഷോട്ട്, ഹരിക്കൈന്‍, വൈന്‍, റം, വോഡ്‌ക, വിസ്കി, ജിന്‍, ബ്രാന്ഡി, ബീര്‍, പട്ട എന്നിവ റെഡി.

9/08/2008 02:57:00 PM  
Blogger എതിരന്‍ കതിരവന്‍ said...

ഞാന്‍ വായിച്ചത് ‘പത്തിരുപത് വിവാഹം കഴിച്ച ബ്ലോഗന്മാര്‍‘ എന്നാണ്. എന്നെപ്പോലെ തട്ടിപ്പു വീരന്മാര്‍ വേറെയുമുണ്ടല്ലൊ എന്നോര്‍ത്ത് സന്തോഷിച്ചു.

9/08/2008 07:04:00 PM  
Blogger ശ്രീവല്ലഭന്‍. said...

എതിരന്‍ജി പറഞ്ഞു! ഞാന്‍ വിചാരിച്ചത് പത്തിരുപതു വിവാഹം കഴിച്ച ബ്ലോഗര്‍മാര്‍ ജീവനോടെ ഉണ്ടോ എന്നാണ് :-)

9/08/2008 07:15:00 PM  
Blogger തമനു said...

വാളുവെപ്പ് എപ്പൊഴാ ....?

9/08/2008 09:12:00 PM  
Blogger കുഞ്ഞന്‍ said...

വിവാഹിതര്‍ ക്ലബ്ബിലേക്ക് ഏറ്റവും അവസാനം കടന്നു വന്നിരിക്കുന്ന ശ്രീ നന്ദന്‍ സരിഗ അവറന്‍/അവറകളേയും ആനയിക്കുകയും അവര്‍ക്ക് ഒരു പൂച്ചെണ്ടും ഒരു കോടിമുണ്ടും (ഒന്നുമതി ഇരുമെയ്യാണെങ്കിലും ഒരു ആറുമാസത്തേക്ക് അടയു ചക്കരയും ആയിരിക്കും അങ്ങിനെവരുമ്പോള്‍ ഒരു കോടിമുണ്ടിനു പകരം തോര്‍ത്ത്‌മുണ്ട് കൊടുത്താലും അത് മിച്ചംവരും)കൊടുക്കണമെന്ന് താഴ്മയായും വിധേയമായും ബോധിപ്പിക്കുന്നു.

പത്തിരുപത് വിവാഹം കഴിച്ചവര്‍..അതിത്തിരി കടന്നകൈയ്യായിപ്പോയി.

9/08/2008 09:23:00 PM  
Blogger അതുല്യ said...

ഗൃഹപ്രവേശനത്തിനു വിളക്ക് കൊടുക്കാനെങ്കില്ലും എന്റെ പേരു ചേര്‍ക്കായിരുന്നു. നാത്തൂനേ ആര്‍ക്കും വേണ്ടാണ്ടെ ആയി. ഉമേശിന്റെഒപ്പം ഞാനുമീ വിവാഹം ബഹിഷ്ക്കരിയ്ക്കുന്നു.

ദേവഗുരുവിന്റെ ഗാനമേളയില്ലേ?

പൊന്നപ്പോയ്.. വിളിയ്ക്കാണ്ടെ ഇരുന്നത് അത്ര ശരിയായില്ല.

9/08/2008 09:37:00 PM  
Blogger Umesh::ഉമേഷ് said...

എന്റെ ഒപ്പം അതുല്യയും കൂടും എന്ന അശനിപാതം പോലെയുള്ള വാര്‍ത്ത കേട്ട ഞാന്‍ ഈ പരിപാടി ബഹിഷ്കരിക്കാതെ സഹകരിക്കാന്‍ തീരുമാനിച്ചു. മനുഷ്യനു ജീവനാണല്ലോ പ്രധാനം!

9/08/2008 09:58:00 PM  
Blogger ആഷ | Asha said...

ദേവേട്ടാ, ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ ദമ്പതികളെയും ചേർത്തു സ്വീകരണം കൊടുത്താലോ?
http://nandaparvam.blogspot.com/2008/09/blog-post.html
സമ്മാനങ്ങളും ആശംസകളും ഒക്കെ രണ്ടു ദമ്പതികളും ചേർന്ന് ഇടിവെച്ചു പങ്കിട്ടെടുക്കട്ടന്നേ.

9/08/2008 10:15:00 PM  
Blogger ആഷ | Asha said...

പതിനൊന്നാം തീയതിയെന്നു പറയുമ്പോ ഇനി ദിവസമെന്നായിരിക്കുന്നു. ഒരുക്കങ്ങളൊക്കെ ഒന്നു വേഗാവട്ടെ. നേരത്തെ തന്നെ എത്തിയ എല്ലാർക്കും പിണങ്ങി പോയവർക്കും പോയിട്ട് തിരികെ വന്നവർക്കുമെല്ലാമായിട്ട് കുറച്ചു ചക്കരകാപ്പി തിളപ്പിച്ചു കൊണ്ടുവന്നിട്ടുണ്ട്. കളർ കണ്ട് മദ്യാക്ഷരിക്കാരുടെ സാധനമാണെന്നു കരുതി മോന്തിയാൽ വാ പൊള്ളും. അതിനാൽ ഊതി ഊതി പതിയെ കുടിക്കുക.

9/08/2008 10:28:00 PM  
Blogger Santhosh said...

ചതിയായിപ്പോയി ദേവാ...

ശേഷം ചിന്ത്യം എന്നു പറയാന്‍ പറ്റിയ സാഹചര്യമുണ്ടായിട്ടു കൂടി ഒഴിവാക്കിയില്ലേ. മിണ്ടൂല്ല.

9/08/2008 10:38:00 PM  
Blogger കുറുമാന്‍ said...

ഒരുമണിക്ക് എല്ലാം കഴിഞ്ഞ് ഗെയിറ്റടക്കുന്നതിനു മുന്‍പ്, ഹാളിന്റെ മുക്കിലും, ബെഞ്ചിന്റടിയിലും കിടക്കുന്ന ബോധം മറഞ്ഞവരെ (മണ്മറയാതിരിക്കണമെങ്കില്‍) പുറത്തെടുട്ടിട്ടു വേണം വാതില്‍ അടക്കാ‍ാന്‍...പറ്രഞ്ഞില്ലാന്ന് വേണ്ട.

9/08/2008 10:39:00 PM  
Blogger സന്തോഷ്‌ കോറോത്ത് said...

പത്ത്‌ പതിനഞ്ച്‌: ഈശ്വര പ്രാര്‍ത്ഥന - ഈ. എ. ജബ്ബാര്‍ മാസ്റ്റര്‍

(സര്‍വശക്തയും സര്‍വ്വജ്ഞാനിയുമായ ഭാര്യയില്‍ നിന്നും രക്ഷപ്പെടാന്‍ നിസ്സാരനും നിസ്സഹായനുമായ ഭര്‍ത്താവ് ഡെയിലി അടിച്ച് വാള് വെക്കേണ്ട എന്നു കരുതുന്ന ഒരു ഭാര്യാസ്നേഹി)
എന്നൂടെ കൊടുക്കാമായിരുന്നു ;)

9/08/2008 10:45:00 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

എന്നാലും ഇതിത്തിരി കടന്ന കൈയ്യായിപ്പോയി, വര്മ്മമാരെ കൊണ്ട് താലപ്പൊലി എടുപ്പിച്ചത്... ബൂലോഗത്തെന്താ തരുണീമണികളുടെ കുറവോ... :)

9/09/2008 01:02:00 AM  
Blogger കുറുമാന്‍ said...

കണ്ണൂരാന്‍ - KANNURAN said...
എന്നാലും ഇതിത്തിരി കടന്ന കൈയ്യായിപ്പോയി, വര്മ്മമാരെ കൊണ്ട് താലപ്പൊലി എടുപ്പിച്ചത്... ബൂലോഗത്തെന്താ തരുണീമണികളുടെ കുറവോ... :)

കണ്ണൂരാനെ,

സംയുക്താവര്‍മ്മയും, രാ‍ധികാവര്‍മ്മയും, മല്ലികാവര്‍മ്മയും, എന്തിന് ഷവര്‍മ്മ പോലും തരൂണികളല്ലെന്നോ????

ദൈവത്തിനു നിരക്കാത്തത് പറയരുത്, വര്‍മ്മ ശാപം കിട്ടും.

കൊന്നാല്‍ പാ‍പം തിന്നാല്‍ തീരും,
പക്ഷെ
വര്‍മ്മ ശാപം????

9/09/2008 01:08:00 AM  
Blogger തമനു said...

വര്‍മ്മ ശാപം ഷവര്‍മ്മ തിന്നാല്‍ തീരും എന്നല്ലേ ..

എന്തായാലും കുറേ ഷവര്‍മ്മ ടെറസ്സേല്‍ വേണ്ടി വരും..

9/09/2008 03:19:00 AM  
Blogger ജിസോ ജോസ്‌ said...

കലക്കന്‍ :)

9/09/2008 05:53:00 AM  
Blogger തറവാടി said...

ഒരു കൊയ്ക്കോടന്‍ ബിരിയാണി തിന്നാനാഗ്രഹിച്ച് വയനാട് മുതല്‍ കോഴിക്കോടും കറങ്ങി വടിയായിരിക്കയാണ് , കൊയ്ക്കോടന്‍ ദമ്മ് ബിരിയാണി ഉണ്ടെങ്കില്‍ മാത്രം ഞമ്മളും കെട്ട്യോളും കുട്ട്യോളും റഡി അല്ലെങ്കില്‍ വല്ല റാന്തലും ബുക്ക് ചെയ്തോളൂ ഡേവേട്ടാ.

പിന്നെ ,വേറുതേ ഒരു ഭാര്യെയിലെപ്പോലെ പോസ്റ്റില്‍ നിന്നും കുത്തിയെടുക്കാനൊന്നും ഞമ്മളെ കിട്ടില്ല :)

വധൂവരന്‍‌മാര്‍ക്ക് മംഗളാശംസകള്‍ :)

തറവാടി , വല്യമ്മായി

9/09/2008 05:59:00 AM  
Blogger krish | കൃഷ് said...

വിവാഹ മംഗള ആശംസകള്‍

(സുരക്ഷാ കാര്യ സംഘാടകന്‍ പച്ചാളം എപ്പോ കെട്ടി ?)

9/09/2008 07:29:00 AM  
Blogger അനംഗാരി said...

അതുശരീ! അപ്പോള്‍ ഒരു കവിത ചൊല്ലാന്‍ പോയിട്ട്,വാതുറക്കാനുള്ള അവസരം പോലും എനിക്കില്ല!ദേവാ ഈ ചതി എന്നോട് വേണ്ടായിരുന്നു.

ഓ:ടോ:മദ്യം വിളമ്പുന്നവരുടെ ശ്രദ്ധക്ക്:ഗ്രാന്റ് ആബ്സെന്റെ ആരാണ് കൊണ്ട് വരുന്നത്?കുറുമാന്‍ ഒരു കുപ്പി സ്പെഷ്യലായി വാങ്ങി വെച്ചേക്കണേ.

9/09/2008 07:54:00 PM  
Blogger ബ്ലോക്കുട്ടന്‍ ! said...

അരൂപിക്കുട്ടന്‍ കൈമാറുന്നത് കണ്ടിട്ടു തന്നെ കാര്യം.......
ഓ ട്ടോ :
അരൂപിക്കുട്ടന്‍ വരുന്നതു ദുബായില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ?!??!?!?!
അരൂപിയയിട്ടോ ? വിരൂപിയായിട്ടോ ? അതോ രൂപിയായിട്ടോ ??????

9/09/2008 10:03:00 PM  
Blogger ബ്ലോക്കുട്ടന്‍ ! said...

സെപ്റ്റംബര്‍ 11...... കര്‍ത്താവെ ....9/11 ???????
ശുഭ മുഹൂര്‍ത്തം തന്നെ .....
നല്ല കാര്യത്തിനു പറ്റിയ നാള്‍ തന്നെ !!!!!!!!!!!

9/09/2008 10:11:00 PM  
Blogger മുസ്തഫ|musthapha said...

കൃഷ്ഭായ് ചോദിച്ച പോലെ ഈ പച്ചാളത്തിന് ഇവിടെ എന്തു കാര്യം! വരുന്നോറ്ക്ക് നാരങ്ങാ വെള്ളോം മുറുക്കാനും കൊടുക്കാനാവും ല്ലേ ദേവേട്ടാ :)

പൊന്നപ്പാ... ങ്ങള് രണ്ടാള്‍ക്കും ആശംസകള്‍...

25 ഒക്കെ അടിച്ച കാലം മറന്നു...
കെടക്കട്ടെ ഒരു 25

9/09/2008 10:37:00 PM  
Blogger സുല്‍ |Sul said...

“പത്ത്‌ പതിനഞ്ച്‌: ഈശ്വര പ്രാര്‍ത്ഥന - ഈ. എ. ജബ്ബാര്‍ മാസ്റ്റര്‍“
ദേവന്‍ നല്ല ഫോമിലാണല്ലോ.. മദ്യാക്ഷരിയുടെ ആ ഫോമല്ല ഉദ്ദ്യേശിച്ചത് ആദ്യാക്ഷരിയുടെ ;)

സെപ്തംബര്‍ 11 ആയിട്ട് പൊന്നപ്പന്‍ ദ അളിയന്റെ ട്രേഡ് സെന്റര്‍ തകര്‍ക്കുന്നതെപ്പോള്‍ എന്നു മാത്രം കാര്യപരിപാടികളില്‍ ഉള്‍പെടുത്തി കണ്ടില്ല.

-സുല്‍

9/09/2008 11:12:00 PM  
Blogger സുല്‍ |Sul said...

ഇവിടെ ഇങ്ങനെ ഒരു ക്ലബ്ബ് കെട്ടിവച്ചിട്ട് എന്റെപേരെന്തിനൊഴിവാക്കി????

സെന്റൂ ഒരെന്‍‌ട്രി - ഒത്തിരി നന്‍‌ട്രിയുണ്ടാവും
sullvu@gmail.com

9/09/2008 11:14:00 PM  
Blogger വേണു venu said...

വിവാഹ മംഗള ആശംസകള്‍.!

9/09/2008 11:49:00 PM  
Blogger നിരക്ഷരൻ said...

സെപ്റ്റംബര്‍ 11 ന് ആണോ റിസപ്ഷന്‍? സോറീട്ടോ എനിക്ക് വരാന്‍ പറ്റില്ല. 9-11 ദുരന്തവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചെല്ലണമെന്ന് പറഞ്ഞ് ക്ഷണിച്ച് ബുഷേട്ടന്‍ ദാ ഇപ്പോ ഫോണ്‍ വെച്ചതേയുള്ളൂ... :):)

9/10/2008 12:40:00 AM  
Blogger Visala Manaskan said...

ഗതാഗതം & ഈശ്വരപ്രാര്‍ത്ഥന. :))


മുണ്ടുണ്ട്. ഒറ്റ അലക്കില്‍ സാധനം 3/4 ആയിപ്പോയോണ്ട് പേടിച്ച് പിന്നെ അലക്കിയിട്ടില്ല. പക്ഷെ, പുതക്കാന്‍ കറക്റ്റ് പാകമാ! കൊണ്ടുവരണം?

9/10/2008 03:36:00 AM  
Blogger മുസ്തഫ|musthapha said...

കോറോത്തെ... കമന്‍റ് കിക്കിടു :)

നേരത്തെ വിട്ടു പോയതാ :)

9/10/2008 05:01:00 AM  
Blogger കരീം മാഷ്‌ said...

ഞാന്‍ ഉമ്മുല്‍ഖുവൈനില്‍ നിന്നിത്തിരി പൂവാരി കയ്യില്‍ പിടിക്കുന്നുണ്ട്.നാളെ 11നു ആകാശത്തു വിമാനത്തിലിരുന്ന് വധൂവരന്മാരെ അര്‍ച്ചന നടത്താലോ!
പൊന്നപ്പനും കത്രീനക്കും വിവാഹമംഗളാശംസകള്‍.

9/10/2008 08:28:00 AM  
Blogger മുല്ലപ്പൂ said...

ആശംസകള്‍.
ആശംസകള്‍.
ആശംസകള്‍.


എന്റെയും...

9/15/2008 11:09:00 PM  
Blogger Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍.

9/24/2008 09:44:00 AM  

Post a Comment

<< Home