Wednesday, October 18, 2006

ബാച്ചിലറിന്റെ സമസ്യകള്‍

ശീര്‍ഷകം കണ്ടിട്ടു് ഇതു ബാച്ചിലേഴ്സിന്റെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഒരു പോസ്റ്റാണെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. അങ്ങനെയൊന്നു തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കാന്‍ എന്റെ ആയുഷ്കാലവും ഗൂഗിളിന്റെ ഡിസ്ക് സ്പേസും പോരാതെ വരും.

“ഗുരുകുലം” ബ്ലോഗില്‍ ഈയിടെയായി സമസ്യാപൂരണത്തിന്റെ അസ്ക്യത കണ്ടുവരുന്നുണ്ടു്. അതില്‍ പ്രസിദ്ധീകരിച്ച ചില പൂരണങ്ങള്‍ സന്തോഷ് ചെയ്യുന്നതുപോലെ ലോകോപകാരത്തിനായി പുനഃപ്രസിദ്ധീകരിച്ചാലോ എന്നൊരാഗ്രഹം. അതു് ഇവിടെയല്ലാതെ പിന്നെ എവിടെ ചെയ്യാന്‍?

സമസ്യ “പഞ്ചേന്ദ്രിയാകര്‍ഷണം” എന്നായിരുന്നു. വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം. പന്ത്രണ്ടാല്‍ മസജം സതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. അതു കണ്ടപ്പൊഴേ നമ്മുടെ ബാച്ചിലര്‍ മൌലീമാണിക്യം മണ്ടത്തരം ഫെയിം ശ്രീജിത്ത് ഒരു പൂരണമയച്ചിരുന്നു. അതു വൃത്തത്തിലൊതുങ്ങാഞ്ഞതിനാല്‍ ഞാനൊന്നു് ഉടച്ചു വാര്‍ത്തു് അല്പം പാരയും ചേര്‍ത്തു വിളക്കിയെടുത്തതു താഴെ.

വൈവിദ്ധ്യം കലരും സഹസ്രതരുണീ-
        രത്നങ്ങള്‍ തന്‍ ദര്‍ശനം,
കള്ളിന്‍ നിത്യമണം, തിരിഞ്ഞു കടി വി-
        ട്ടുള്ളെന്തുമേ ഭക്ഷണം,
കൈകള്‍, ബാഗു, ചെരിപ്പു തൊട്ട വഹയാ-
        ലെന്നും മുഖസ്പര്‍ശനം,
പഞ്ചാരയ്ക്ക സമൃദ്ധി-ബാച്ചിലറിനോ
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇതില്‍ നിന്നും പിന്നെ സന്തോഷ് എഴുതിയ മറ്റൊരു പൂരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു്, പരസഹായമില്ലാതെ ഞാന്‍ തന്നെ എഴുതിയ മറ്റൊരെണ്ണം താഴെ.

കോലില്‍ ചുറ്റിയ ചേലയും മിഴികള്‍ ത-
        ന്നൂണായി, മീന്‍‌കാരി തന്‍
മേലില്‍ നിന്നു വരും വിയര്‍പ്പുമണവും
        പൂന്തെന്നലായ്, നാരി തന്‍
കാലാലുള്ള ചവിട്ടു കോള്‍മയിര്‍, തെറി-
       ത്തായാട്ടു പഞ്ചാമൃതം,
ചാലേ ബാച്ചിലര്‍മാര്‍ക്കു പെണ്ണു സതതം
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇവ ഇവിടെയിട്ടില്ലെങ്കില്‍ പിന്നെ ഈ ബ്ലോഗ് എന്തിനു്?

21 Comments:

Blogger പച്ചാളം : pachalam said...

ഉമേഷ്ജീ,
ഉടനെ തന്നെ പഞ്ചേന്ദ്രിയാകര്‍ഷനം സമസ്യ പൂരിപ്പിക്കുന്നതായിരിക്കും!
(പിന്നെ എന്തൊക്കെയാ ഈ പഞ്ചേന്ദ്രിയങ്ങള്‍, ഒന്നു പറയൂ)
:)

10/18/2006 06:47:00 AM  
Blogger ദില്‍ബാസുരന്‍ said...

ഉമേഷേട്ടാ,
യൂ ആസ്ക്ഡ് ഫോര്‍ ഇറ്റ്! രണ്ടും കല്‍പ്പിച്ചാണല്ലേ? ഓകെ.

ഓടോ:ശ്രീജീ,സമാധാനമായല്ലോ? ഒരെണ്ണം ശ്ലോകമായി തനെന്‍ തിരിച്ച് പൂശഡേയ്... പച്ചാളം നിനക്കും ആവാം....

10/18/2006 06:47:00 AM  
Blogger കുറുമാന്‍ said...

ഉമേഷേട്ടാ, ആദ്യമായ്, വണക്കം, ,വന്ദനം, സഭക്കഭിനന്ദനം. കാലം കുറേയായില്ലേ കണ്ടിട്ട് അതിന്റേയാ

എന്തായാലും ഇത് അടിപൊളി ഗുരുവേ.......പിള്ളേര്‍ക്ക് ചന്തീമ്മെ, പെടകൊടുക്കുന്നതിന്നു തുല്യം.....

അമ്മതന്‍ മുലപാലിന്‍ ഗന്ധം മാറാത്ത പൈതങ്ങള്‍ ഇവര്‍,
കൊണ്ടിടുന്നു ശണ്ട, തന്നിലും തല മൂത്തവരുമാ-യിന്നൂ,
എന്തിനെന്നറിയീല-യെങ്കിലും ഇന്നിവര്‍ ,ചെയ്തതെന്തന്നറിയുന്ന നാ‍ള്‍ വരും ഭാവിയില്‍,
അന്നേരം തന്‍ മുഖം മറച്ചിവര്‍ വരും, ഈ ബൂലൊഗമണ്ണില്‍ ചൊല്ലുവാന്‍,
താലി, പെണ്ണ്, കുടുംബം, കുട്ടികള്‍,സമയത്തിഷ്ടാന്നം, ഇവയല്ലോ പഞ്ചേന്ദ്രിയാകര്‍ഷണം!

10/18/2006 07:31:00 AM  
Blogger ഉമേഷ്::Umesh said...

പച്ചാളമേ, പ്ലീസ്... നമുക്കു കോമ്പ്രമൈസാകാം. ശത്രുതയൊക്കെ മറന്നു് വിവാഹിതരുംബാച്ചിലേഴ്സും ഒന്നു ചേരാം.

നീ ഈ കടും കൈ മാത്രം ചെയ്യരുതു്. കവിത എഴുതരുതു്. മലയാളം ബ്ലോഗ് വായിക്കുന്നവര്‍ വംശനാശം സംഭവിച്ച വര്‍ഗ്ഗമായിപ്പോകും...

പ്ലീസ്...

10/18/2006 07:53:00 AM  
Blogger ബിന്ദു said...

കുറുമാനൊരു 'വികടകവി' തന്നെ.:)

10/18/2006 08:04:00 AM  
Blogger പുലികേശി രണ്ട് said...

ശ്രീമാനുമേഷ്,മസജം സതന്ത ഗുരു എന്നതിന്റെ മലയാളമെന്താണ്?ശ്രീ ഇടിവാള്‍ ഒരിക്കല്‍ പറഞ മസാജിന്റെ സംസ്കൃതമാനോ മസജം?സതന്ത ഗുരു?തന്തയും ഗുരുവും?തന്തയുടെ ഗുരു?ഗുരുവിന്റെ തന്ത?ആകപ്പാടെ തല വിങ്ങുന്നു.

10/18/2006 08:07:00 AM  
Blogger s.kumar said...

സംഗതി കൊള്ളാം പക്ഷെ ഇതിവിടെ തന്നെ പോസ്റ്റുചെയ്യേണ്ടിയിരുന്നോ സുഹൃത്തെ? വിവാഹം കഴിച്ചതു തന്നെ ഒരു സമസ്യയായി ഇരിക്ക്യാ ഒരോര്‍ത്തര്‌!

10/18/2006 08:07:00 AM  
Blogger കിച്ചു said...

അവിവാഹിതരെ കളിയാക്കാന്‍ ഇറങ്ങിയ ഒരു ലോബി ഇവിടെ പ്രര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ആശയപരമായി പ്രവര്‍ത്തിക്കേണ്ട കാലം കഴിഞ്ഞു സുഹ‍ത്തുക്കളെ...

ഒരു നിമിഷത്തിന്റെ അവിവേകത്തിന് ഒരു ജന്മം മുഴുവന്ട വിലപിക്കുന്ന വിവാഹിതനെ കാണണോ ഇവിടെ നോക്കൂ


പച്ചാളം, ശ്രീജി, ദില്‍ബൂ, വരൂ നമ്മുക്ക് സംഘടിക്കാം.

(ഓ.ടോ ഉമ്മേഷ്ജി, കോംപ്രമൈസ് ആകാം ആനാ വണ്‍ കണ്ടീഷന്‍ രഹസ്യമാ... എന്നെ വേണ്ട രീതിയില്‍ ഒന്നു കണ്ടാ മതി, എല്ലാം നമ്മുക്ക് സോള്‍വ് ആക്കാം: മറ്റുള്ളവരെ ഞാന്‍ ഒതുക്കിക്കോളാം,കരിങ്കാലികളെ ഒറ്റപ്പെടുത്തുക ജയ് ബാച്ചിലര്‍സ് )

10/18/2006 08:30:00 AM  
Blogger ദില്‍ബാസുരന്‍ said...

കിച്ചൂ,
കരിങ്കൊരങ്ങ് പോലെ... ഛെ കരിങ്കാലി പോലെ പ്രവര്‍ത്തിക്കുന്നവരെ ക്ലബ്ബ് വക ഗുണ്ട പച്ചാളത്തിനെ വിട്ട് ഇരുട്ടടിയടിയ്ക്കാനാ പ്ലാന്‍. കീ... എന്നൊരു ശബ്ദം പോലും പുറത്ത് വരില്ല പറഞ്ഞേയ്ക്കാം.

ഈ ഇടിവാളിനെയൊക്കെ എന്താ ചെയ്യാന്‍ പോകുന്നത് എന്നറിയാമോ? ഭീകരമാണ്. കൊച്ചുകുട്ടികളൊന്നും അടുത്തില്ലല്ലോ എന്നാല്‍ പറയാം. ഒരു മണിക്കൂര്‍ നേരം പച്ചാളം രചിച്ച കവിതകള്‍ കവിയുടെ സ്വന്തം ശബ്ദത്തില്‍ കേള്‍പ്പിയ്ക്കും. അതും ശാര്‍ദ്ദൂലകൃമികീടിതം എന്ന വൃത്തത്തില്‍ ഉള്ളവ. :-)

10/18/2006 08:45:00 AM  
Blogger കുറുമാന്‍ said...

അല്ല, എനിക്കിവിടെ ഒരു മെമ്പര്‍ഷിപ്പ് തരാന്‍ ആരുമില്ലേ?

ആരവിടെ, അന്തപുരത്തില്‍, ഒരുവന്‍ അനാഥനായി കറങ്ങി നടക്കുന്നത് കണ്ടില്ലെ?

ഉവ്വ് പ്രഭോ, യവനെ രണ്ടു മാസത്തോളം ഇങ്ങോട്ടൊന്നും കണ്ടില്ല, അതാ, ഇപ്പോ ഒരു അമാന്തം.

ഹും, അവനും നമ്മുടെ പ്രജ തന്നെ....കൊടുക്കൂ ഒരു മെമ്പര്‍ഷിപ്പ്.....

അടിയന്‍....ഈ നിമിഷം തന്നെ കൊടുക്കാമേ....

ഉം...നാളെ രാവിലേയും ഇവന്‍ ഇവിടെ കറങ്ങി നടക്കുന്നതു കണ്ടാല്‍, അഡ്മിന്‍ പവറുള്ളവരിലൊരുവന്റെ തല ഈ ബ്ലോഗിന്‍ വാതിലിന്നു മുന്‍പില്‍ കിടന്നാടും......

ഇതു ബ്ലോഗിന്‍ കാവിലമ്മയാണേ സത്യം, സത്യം, സത്യം.

10/18/2006 10:33:00 AM  
Blogger കിച്ചു said...

അയ്യോ ദില്‍ബൂ... അതിലും ഭേദം കരിങ്കാലികളെ ഞെക്കി കൊന്നിട്ട് പത്തു മിനിറ്റു തല വെള്ളത്തില്‍ മുക്കിപ്പിടിക്കണം. പിന്നെ തീയ്ക്കാത്തിട്ടു വേവിച്ചിട്ടു കെട്ടിത്തൂക്കണം പിന്നെ വെടിവെച്ചു കൊന്നിട്ടു ബോംബു വച്ചു തകര്‍ത്ത് പൊടിയാക്കണം... എന്നാലും ദില്‍ബൂ പച്ചാളത്തിന് ഇരയായി കൊടുക്കല്ലേ...

10/18/2006 10:40:00 AM  
Blogger പച്ചാളം : pachalam said...

കിച്ചുവേയ്, സത്യം പറ ഐ എസ് ഐ ന്‍റെ കോച്ചിങ് ക്ലാസ്സില്‍ പോയിട്ടുണ്ടല്ലേ??

(ഡേയ് ദില്‍ബൂ അതുമാത്രം പോരാ, നമ്മുടേ ശ്രീജിത്തിന്‍റെ മുരിങ്ങായിലത്തോരനും തീറ്റിച്ചേക്കാം)

10/18/2006 10:49:00 AM  
Blogger Adithyan said...

കുറുമേന്നേ വിട്ടുകൊടുക്കരുത്.
ഇതിന്റെ പുറകില്‍ ഇടിഗഡീടെ കറുത്ത കൈകളാണ്. അല്ലേലും സത്യം പറയുന്നവരെ ഒക്കെ റെഡ് കാര്‍ഡ് കാണിച്ച് വിവാഹിതര്‍ ക്ലബ്ബില്‍ നിന്നും പുറത്താക്കും എന്ന് ഇടി ഇന്നലേം കൂടെ പറഞ്ഞതേ ഉള്ളു...

10/18/2006 11:01:00 AM  
Blogger à´¦àµ‡à´µà´°à´¾à´—à´‚ said...

ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ളയില്‍ മാമുക്കോയ പറയുന്നതുപോലെ) അപ്പോ അങ്ങനേയും ഒക്കെ സംഭവം ഉണ്ടായോ?

സമസ്യകൊണ്ടടി ഗൊമ്മന്നസലായി ഗുരുക്കളേ! കൊടു കൈ.

10/18/2006 11:03:00 AM  
Blogger Adithyan said...

ചാലേ ബാച്ചിലര്‍മാര്‍ക്കു

ചാല മാര്‍ക്കറ്റില്‍ പോയാല്‍ ബാച്ചിലര്‍മ്മാര്‍ക്കെന്നല്ല ആര്‍ക്കും ചീത്ത കിട്ടും.

കോലില്‍ ചുറ്റിയ ചേലയും, മീന്‍‌കാരി തന്‍
വിയര്‍പ്പുമണവും

ഇതൊക്കെ എങ്ങനെ ബാച്ചിലര്‍മാര്‍ടെ മാത്രം വീക്ക്നെസ്സായി?


നാരി തന്‍ കാലാലുള്ള ചവിട്ടു കോള്‍മയിര്‍, തെറി-ത്തായാട്ടു പഞ്ചാമൃതം

ഇതു രണ്ടും കിട്ടാന്‍ ബാച്ചിലറേക്കാള്‍ കൂടുതല്‍ ചാന്‍സ് വിവാഹിതനാണ്. കോമണ്‍ ആയി രണ്ടു കൂട്ടര്‍ക്കും പൊതുസ്ഥലങ്ങളില്‍ നിന്നും കിട്ടുന്നതിനു ബോണസായി സ്വന്തം വീട്ടില്‍ നിന്നും കൂടെ അവര്‍ക്കു കിട്ടാറുണ്ടല്ലോ (ഇതിന്റെ വ്യംഗ്യാര്‍ത്ഥം എടുത്ത് എനിക്ക് ഈ പറഞ്ഞ രണ്ടും കിട്ടിയിട്ടുണ്ട് എന്ന ഒരു ആരോപണം വരാന്‍ സാധ്യതയുള്ളതു കൊണ്ട് ഞാന്‍ അത് ഇപ്പൊഴേ നിഷേധിയ്ക്കുന്നു)


മേല്‍പ്പറഞ്ഞ പോയന്റ്സ് ഒക്കെ ഒന്നിച്ചു നോക്കിയാല്‍ ഈ പോസ്റ്റും സെല്‍ഫ് ഗോളുകളുടെ കൂട്ടത്തില്‍ എണ്ണാം, എണ്ണണം എന്ന് ഞാന്‍ കോടതിയോട് താഴ്മയായി അഭ്യര്‍ത്ഥിയ്ക്കുകയാണ്.

10/18/2006 11:12:00 AM  
Blogger à´‡à´Ÿà´¿à´µà´¾à´³àµâ€ said...

ആഹാ.. ഞമ്മളിന്നു കൊറച്ചു തെരക്കിലാര്‍ണ്ണേ !
ദെന്താത്‌ ! പോസ്റ്റിനു മേളീ പോസ്റ്റാ ! കളി ഇത്രേം എത്തീത്‌ അറിഞ്ഞില്ല മക്കളേ !

ഇന്നിനി ഇപ്പ സമയം രാത്രി10 ആയില്ലേ..

അമ്മച്ചിയാണേ, ബാച്ചികളേ... ഇതിനു കണക്കു നാളെ ചോദിച്ചിരിക്കും ! ആഹാ !

കുറൂ..
തനിക്കു മെമ്പര്‍ഷിപ്പ്‌ അയച്ചിട്ടുണ്ട്‌ കേട്ടാ..

ഇതിനു മുന്‍പും കലേഷ്‌ അയച്ചിട്ടുണ്ടായിരുന്നു. എനിവ്ബേ, ഞാന്‍ ഒന്നൂടി അയച്ചു !

പെട്ടെന്നു തന്നെ ഒരു ബാച്ചിവധം പോസ്റ്റെടുത്ത്‌ അലക്‌ക്‍ന്ന്‌ !

10/18/2006 11:20:00 AM  
Blogger കിച്ചു said...

പച്ചാളം ദില്‍ബൂ എന്നെ പറഞ്ഞു പേടിപ്പിച്ചു.... ശ്രീജിത്തിന്റെ മുരിങ്ങയില തോരനും കൂടെയായ എന്റെ അമ്മേ പത്തു ജന്മം ചെയ്ത പാപം തീരുല്ലോ... നമ്മുടെ ആസ്ഥാന കവികളൊക്കെ എവിടെപ്പോയി ഇവര്‍ക്ക് സമസ്യമായോ അല്ലാതെയോ മറുപടി കൊടുക്കാന്‍ ആളില്ലേ... എനി അറ്റകൈയ്ക്ക് ഞാന്‍ എഴുതും എഴുതട്ടേ പച്ചാളം...:):):)

10/18/2006 11:27:00 AM  
Blogger സൂര്യോദയം said...

ഉമേഷ്ജീ.... വിക്രീഡിതം ഇച്ചിരി കടുപ്പമായിപ്പോയി.... ബാച്ചിക്കുട്ട്യോളോടുള്ള ക്രീഡകള്‍ കൂടിക്കൊണ്ടേയിരിക്കുന്നു..... ആരെങ്കിലും ഒന്ന് കോമ്പ്രമൈസ്‌ ചെയ്യൂ..... ഇനി അവരുടെ വക കവിതകളും കുക്കിങ്ങുകളും സഹിക്കാന്‍ വയ്യ... വയ്യാ.....

10/18/2006 10:06:00 PM  
Blogger അളിയന്‍സ് said...

എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയായിരുന്നത് കൊണ്ട് കവിത ഒന്നും മനസ്സിലായില്ലാ.
എന്തായാലും ആദിയുടെ കമന്റ് അടിപൊളിയായി.

10/18/2006 10:23:00 PM  
Blogger കലേഷ്‌ കുമാര്‍ said...

ഉമേഷേട്ടാ, കലക്കി!

“ബാച്ചിലര്‍ മൌലീമാണിക്യം“ സൂപ്പര്‍!!!

10/21/2006 06:49:00 AM  
Blogger ഇഡ്ഢലിപ്രിയന്‍ said...

“നാറും ചേലയിലത്തറും, മുടിയില്‍ ബില്‍ക്രീമിന്‍ പുറം പൂച്ചുമായ്‌,
ബാറില്‍ പോയ്‌ പലവേളമോന്തി അന്തിയൊടുവില്‍ വാളും വലിച്ചങ്ങിനെ,
രാവില്‍ വീടുതെണ്ടിമണ്ടിയലയും പാവം ബാച്ചിക്കു പൂ-
ഞ്ചേലുള്ളോരു വിവാഹജീവിതമതു സദാ പഞ്ചേന്ദ്രിയാകര്‍ഷണം.”

10/22/2006 06:56:00 AM  

Post a Comment

Links to this post:

Create a Link

<< Home