Saturday, October 14, 2006

അവതാരക - ഒരു ബാച്ചിലര്‍ കദന കഥ

ഇന്നലത്തെ മുരിങ്ങാത്തോരനും കയറ്റി കൈ കഴുകി, നാളെ ആപ്പീസില്‍ ആര്‍ക്കൊക്കെ എന്തൊക്കെ പാരകള്‍ പണിയണം എന്നോര്‍ത്തു നടക്കുമ്പോള്‍, തോരനു വേവു കുറവായിരുന്നല്ലോ എന്നു തോന്നാന്‍ കാരണം ദൈവവിളിയോ, മുരിങ്ങാ വേവളക്കുവാനുള്ള സെന്‍സര്‍ പിടിപ്പിച്ചിട്ടുള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല, മറിച്ച്‌, അകാരണമായ വയറു വേദനയായിരുന്നു. അടിച്ചു പൂക്കുറ്റിയായിരുന്നതിനാല്‍, തിന്നുന്ന സമയത്ത്‌ ഈ വേവില്ലായ്മ തോന്നിയില്ല.

പാചക സാഗരത്തില്‍ ഊളിയിട്ടു കളിച്ചു നടക്കുന്ന ഒരു നീലത്തിമ്മിംഗലമാണു താനെന്നു സ്വയം രണ്ടടി പൊക്കിപ്പിടിച്ചു സംസാരിക്കുന്ന റൂം മേറ്റ്‌ ഓന്റെ വഹ പെശല്‍ "മുരിങ്ങാത്തോരന്‍" ഉണ്ടാക്കാമെന്നു പറഞ്ഞപ്പോള്‍, ഇന്നിനി അടുക്കളയില്‍ കയറണ്ടല്ലോ എന്ന ചിന്തയും, "ഓക്കേ" മൂളാന്‍ പ്രേരിപ്പിച്ചു.

ഇടത്തേ കയ്യില്‍ പാചക പുസ്തകവും, വലത്തേ കയ്യില്‍ ചട്ടകവം പിന്നെ, ബാക്കി വാചകവും ചേര്‍ത്ത്‌ ഓന്‍ അടുക്കളയില്‍ കാട്ടുന്ന മരണവെപ്രാളങ്ങള്‍ കണ്ടാല്‍, താജ്‌ ഗ്രൂപ്പിലെ ചീഫ്‌ "കുക്കര്‍" ആണെന്നേ തോന്നൂ !

ഇത്ര പ്രഗല്ഫന്‍ ഒരാളെ റൂം മേറ്റായി കിട്ടിയതില്‍ സ്വയം അഭിമാനം തോന്നി.
ഇപ്പോള്‍, വയറു വേദനയുമായി ബാത്രൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുമ്പോല്‍ മാനം പോയ പോലെ.

നാട്ടില്‍ ചെന്നിട്ട്‌ അമ്മയോടു പറയണം എത്രേം പെട്ടെന്നു തനിക്കൊരു കല്യാണമാലോചിക്കാന്‍...

"ഒന്നു ന്യൂസു കണ്ടു കളയാം.. എന്നോര്‍ത്ത്‌ ടി.വി യുടേ മുന്നിലിരുന്നു. ദാ വരുന്നു, വാചക വീരന്‍ ! റിമോട്ടെടുത്ത്‌ വിദ്വാന്‍ സൂര്യ ടി.വി. ഓണ്‍ ചെയ്തു.

ഏഷ്യാനെറ്റിലെ ന്യൂസ്‌ വെക്കഡോ എന്നുള്ള തന്റെ നിരന്തരമായ റിക്വെസ്റ്റുകളെ പുല്ലു വില കല്‍പ്പിച്ച്‌ ഓന്‍ സൂര്യയിലെ "മ്യൂസിക്‌ മൊമെന്റ്സ്‌: വച്ചു ! പരിപാടി കാണാനല്ല... പരിപാടി അവതാരകയെ കാണാന്‍ ! പരിപാടി കൊള്ളില്ലെങ്കിലും, അവതാരകയെ കാണാന്‍ കൊള്ളാമത്രേ !

മദ്യപിച്ച്‌ ലക്കു കെട്ട യുവാക്കള്‍ ടി.വി പ്രോഗ്രാം കാണാനുള്ള വഴക്കിനിടയില്‍ തര്‍ക്കം മൂത്‌ അടിപിടിയായി പോലീസ്‌ കസ്റ്റഡിയില്‍ എന്ന തലേക്ക്കെട്ടില്‍ നാളത്തെ പത്രം അച്ചടിച്ചു വരേണ്ട എന്ന തോന്നലിനാല്‍ , ലവന്‍ മിണ്ടാതിരുന്നു !

ഈ ബാച്ചിലേഴ്സിന്റെയൊക്കെ ഓരോ ദുരിതങ്ങളേ !

അയാള്‍ക്കു പെണ്ണുകിട്ടാണ്‍ നമുക്ക്‌ പാലയൂര്‍ പള്ളിയില്‍ ഒരു കൂട്‌ മെഴ്‌തിരി കത്തിക്കാം.....

താഴേക്കാണുന്ന പോസ്റ്റുകള്‍ വായിച്ചാലേ മേല്‍ പോസ്റ്റു വല്ലതും മനസ്സിലാവൂ.
http://chintyam.blogspot.com/2006/10/blog-post_14.html
http://mandatharangal.blogspot.com/2006/10/blog-post_13.html

Wednesday, October 11, 2006

എക്സ് ബാച്ചിലര്‍ ലൈഫും.. ബാച്ചിലര്‍ ലൈഫും!എക്സ് ബാച്ചിലറും ഫാമിലിയും...

ലൈനടിക്കാനെത്തിയ ഒരു ബാച്ചിലര്‍.....

Tuesday, October 10, 2006

ബാച്ചിലേഴ്സും രാജകുമാരിയും

പ്രിയപ്പെട്ട വിവാഹിതരേ,

നിങ്ങളില്‍ പലരും എന്റെ ബുദ്ധിപരീക്ഷ ബ്ലോഗ് വായിക്കാറില്ല എന്നെനിക്കറിയാം. അതു് നിങ്ങള്‍ക്കു ബുദ്ധിയില്ലാത്തതുകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ക്വാളിറ്റി ടൈം സ്നേഹസമ്പന്നരായ കുടുംബാംഗങ്ങളൊത്തു ചെലവഴിക്കാനുള്ള താത്‌പര്യം കൊണ്ടാണെന്നു് എനിക്കറിയാം.

എങ്കിലും, നിങ്ങളോടു് ഒരു അപേക്ഷയുണ്ടു്. എന്റെ ഒരു പോസ്റ്റ് വായിക്കണം. എല്ലാ വിവാഹിതരും ബാച്ചിലേഴ്സും വായിക്കണം.

പിന്നെ, (ഇതു വിവാഹിതര്‍ക്കും ബാച്ചിലേഴ്സിനും ബാധകമാണു്)

ആ പോസ്റ്റ് വായിച്ചിട്ടു് അതിന്റെ ഉത്തരമല്ലാതെ എന്തെങ്കിലും കമന്റിടാന്‍ തൊന്നിയാല്‍ അതു ദയവായി ഇവിടെ ഇടുക. അവിടെ കമന്റുകള്‍ മോഡറേറ്റഡ് ആയതിനാല്‍ ബാച്ചിലേഴ്സിന്റെ ഭക്ഷണം പോലെ തണുത്തു കുളമായേ അനുഭവിക്കാന്‍ പറ്റൂ.

ഇനി ഇങ്ങനെ ഒരു അപേക്ഷ ഉണ്ടാവില്ല. പ്ലീസ്...

Monday, October 09, 2006

മനുഷ്യാ , നീ എന്തു ജീവിതം നയിക്കുന്നു?

ഗള്‍ഫ്‌ ബാച്ചിലന്‍
1. മുഴുവന്‍ സമയ റ്റീവീ പ്രേക്ഷകന്‍
2. മുക്കുടിയന്‍
3. ഓട്ടല്‍ ഭക്ഷണം തിന്ന് അള്‍സര്‍, കുളം സ്റ്റ്രോള്‍, അധോവായു & മേല്‍ വായു,
ബ്ലഡ്‌ പ്രഷര്‍, ആസിഡ്‌ റിഫ്ലക്സ്‌, കുടലേല്‍ ക്യാന്‍സര്‍, കുന്തം കുടച്ചക്രം
4. അഞ്ചിന്റെ തുട്ട്‌ മിച്ചം വയ്ക്കുകേലാ.
5. കൊച്ചപ്പന്‍, വല്യപ്പന്‍, അടുത്ത വീട്ടിലെ കൊച്ചിന്റപ്പന്‍, വഴിയേ പോയ അപ്പാപ്പന്‍ തുടങ്ങി സര്‍വ്വ നാട്ടുകാരനും സ്കോച്ചും, റേ ബാന്‍ ഗ്ലാസ്സും, സിഗറട്ടും വാങ്ങിക്കൊടുത്ത്‌ മുടിയുന്ന കഷ്ടകാലക്കാരന്‍

ഗള്‍ഫ്‌ വിവാഹിതന്‍
1. കുറച്ചുകൂടി സമൂഹ ജീവിയാകുന്നു .
2. കള്ളില്‍ സ്വമേധയായോ ബാഹ്യ സമ്മര്‍ദ്ദം മൂലമോ സേഫ്‌ ലിമിറ്റ്‌ വയ്ക്കുന്നു (ഇല്ലേ ചത്തു പോകുമെടോ).
3. ഹോം മേഡ്‌ ലവ്‌ ഫ്ലേവേര്‍ഡ്‌ ഭക്ഷണം, വ്യായാമം.
4. വീട്‌, സമ്പാദ്യം, റിട്ടയര്‍മന്റ്‌ പ്ലാന്‍ എന്നിങ്ങനെ ഓരോരോ പ്ലാന്‍ മനസ്സില്‍ വരുന്നു .
5. ഞാന്‍ പ്രാരാബ്ധക്കാരന്‍ എന്നൊരു എക്സ്ക്യൂനും പറഞ്ഞ്‌ കള്ളു-കണ്ണാടികല്‍ ആവശ്യപ്പെട്ടു വരുന്നവരെ സൌകര്യപൂര്‍വ്വം ഓടിക്കുന്നു .
6. സമൂഹത്തില്‍ അവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാദ്ധാന്യത്തോടെ ശ്രദ്ധിക്കപ്പെടുന്നു.
7. ജീവിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെന്നും ജീവിതത്തിനു അര്‍ത്ഥമുണ്ടെന്നും തോന്നി "അസ്ഥിത്വ" ദുഖം മാതിരി ഹിപ്പിരോഗപീഢകളില്‍ നിന്നും വിമോചിതനാകുന്നു .
8. വിവാഹിതര്‍ കൂടുതല്‍ കാലം ജീവിക്കുന്നു
(തമാശയല്ല, സീരിയസ്സ്‌. ഒരുപാട്‌ ഗവേഷണം നടന്നതാണ്‌ ഇതില്‍) .
9. പ്രശ്നങ്ങളും ഭാരങ്ങളും പങ്കു വയ്ക്കയാല്‍ ഉന്മാദം, വിഷാദരോഗം, പിരാന്ത്‌, ഹിസ്റ്റീരിയ, ബാക്റ്റീരി എന്നിവ വരാനുള്ള സാദ്ധ്യത കുറയുന്നു.
10. അങ്ങനെ വിവാഹിതന്‍ പത്നീസന്താന പരിസേവിതരായി കുടുംബമെന്ന കൊച്ചു രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായി സസുഖം, സരസം, സരസപ്പരില്ല, സസന്തോഷം, സാമോദം, സാമ്പാറ്‌, സുന്ദരമായി, സുശീലന്മാരായി, സുസ്മേരവദനന്മാരായി, സുഭദ്രന്മാരായി, സുഭാഷിതരായി, സുകുമാരന്മാരായി, സുഖിക്കുന്നു.

നിങ്ങള്‍ തീരുമാനിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെ വേണമെന്ന്.

ഇഷ്യൂഡ്‌ ഇന്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ ബൈ ദേവരാഗം എസ്ക്വയര്‍.

Sunday, October 08, 2006

എന്റെ ആധി.

"എന്തു പറ്റി ? മുഖം വല്ലാതെ ?"
"എയ് ഒന്നുമില്ല. ഒരു ചെറിയ തലവേദന"
"ഓ. നൊക്കട്ടെ... എയ് ചൂടൊന്നും ഇലല്ലോ?"
"ഇല്ല. ഓഫീസിലെ ഓരോ ടെന്‍ഷന്‍"
"ഉം.. ഒന്നു വിശ്രമിക്ക്. വിക്സോ അമ്രുതാഞ്ജനമോ പുരട്ടാം. ജലദോഷക്കോളുണ്ടെങ്കില്‍ ഒരു ചുക്കു കാപ്പിം തിളപ്പിച്ചു തരാം"

"എന്നെ നോക്കാന്‍ നീയിവിടെ ഉണ്ടല്ലോ.
മറുനാട്ടിലുള്ള* അവന്റെ കാര്യമാ കഷ്ടം.
പാര്‍ട്ടി, കൂടുകൂടല്‍ എന്നും പറഞ്ഞു വേണ്ടത്തതൊക്കെ കഴിച്ചു ,ഇപ്പോള്‍ ഒരാഴ്ചയായി വയറിനു സുഖമില്ലത്രേ.
അരുമില്ല, ഒരിത്തിരി കഞ്ഞിയോ , കട്ടന്‍ ചായയോ ഉണ്ടാക്കിക്കൊടുക്കാന്‍.
പെണ്ണു കെട്ടാന്‍ പറഞ്ഞിട്ട് കേള്‍ക്കണ്ടേ,
ബാച്ചിലര്‍ ആണത്രെ ബാച്ചിലര്‍ !!"


(*മറുനാട് എന്നുള്ളതു ബാഗ്ലൂര്‍/ഡെല്‍ഹി/ഹൈദെരാബാദ്/അറബിനാടുകള്‍/അമേരിക്ക എന്നിങ്ങനെ ഭൂലോകത്തിന്റെ ഏതു സ്ഥലമാക്കിയും വായനകാരന്റെ ഉചിതത്തിനനുസരിച്ചു വായിചു കൊള്ളുമല്ലോ..)

ഒരു ബാംഗ്ലൂര്‍ ദുബൈ ഐ - എസ് - ഡി

ഇത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കഥയാണ്‌.

ണ്‍ട്രിം.. ണ്‍ട്രിം.. ണ്‍ട്രിം..

ഹലോ...

ഹലോ... ഇത്‌ ഞാനാടാ...

എവിടെ ബാംഗ്ലൂരോ നാട്ടിലോ...

ബാഗ്ലൂരാ...

പിന്നെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍.

ആ ഇങ്ങെനേ പോവുന്നു. ഇവിടെ നല്ല ചൂടാ... പിന്നെ നമുക്ക്‌ വലിയ പ്രശ്നമില്ല. കുറച്ച്‌ ദിവസം ബോസ്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ പോയി അത്‌ കൊണ്ട്‌ സുഖമായി ബ്ലോഗിംഗ്‌ നടക്കുന്നു.

ആ അങ്ങനെയാണൊ...

പിന്നെ കല്ല്യാണം കഴിക്കനുള്ള പദ്ധതിയൊന്നും ഇല്ലേ... പത്ത്‌ മുപ്പത്തഞ്ച്‌ ആയില്ലേ മോനേ...

അതൊന്നും പറയണ്ട... നമുക്ക്‌ മാത്രം തോന്നിയാല്‍ പോരല്ലോ... വീട്ടുകാര്‍ക്കും കൂടി തോന്നണ്ടേ...

എന്റെയും പ്രശ്നം അതാണ്‌... വിട്ടുക്കര്‍ക്ക്‌ ഇപ്പോഴും ഞാന്‍ കൊച്ചുകുഞ്ഞാ... എന്ത്‌ ചെയ്യാം അല്ലേ...

അതിനല്ലേ ഞാന്‍ എപ്പോഴും ബാച്ചിലര്‍ ലൈഫിനെ കുറിച്ച്‌ വാതോരാതെ പറയുന്നത്‌...

എടാ... നമുക്ക്‌ ഒരു ക്ലബ്ബ്‌ തുടങ്ങിയാലോ... ബാച്ചിലേഴ്സിനു മാത്രം. വീട്ടുകാരെങ്കിലും വായിച്ച്‌ നമ്മുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായാലോ...

അത്‌ നല്ല ഐഡിയ തന്നെ... എന്നാല്‍ നീ തന്നെ ഒരു ബ്ലോഗ്‌ തുടങ്ങ്‌... സകല ബാച്ചിലേഴിസിനേയും നമുക്ക്‌ അംഗങ്ങളാക്കാം...

എന്നാല്‍ അതിന്റെ ജോലി തുടങ്ങട്ടേ...

എന്തായിരിക്കണം ബ്ലോഗിന്റെ പേര്‌...

പെണ്ണുകിട്ടാത്തവര്‍ എന്നാക്കിയാലോ...

അല്ലെങ്കില്‍ വീട്ടുക്കര്‍ ശ്രദ്ധിക്കേണ്ടവര്‍ എന്നാക്കാം.

അത്‌ മോശമല്ലേ...

എന്നാല്‍ പിന്നെ ബാച്ചിലേഴ്സ്‌ ക്ലബ്ബ്‌ എന്ന് പേരുകൊടുക്കാം.

ഒകെ...

ശേഷം സ്ക്രീനില്‍... ബൈ ബൈ

ബൈ ബൈ.

തെങ്ങും ട്രൈഗ്ലിസറൈഡ്സും...

കാലത്തെ അമ്മ കൊണ്ടു തന്ന ചുടു ചായ കുടിച്ചു വര്‍ത്തമാന പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു അയാള്‍.

“മോനെ കാലത്തു തന്നെ പോയി ആ കുഞ്ഞാപ്പു വീട്ടിലുണ്ടോന്നു ഒന്നു നോക്കൂ,പുരയിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഈ തെങ്ങു ഒന്നു വലിച്ചു കെട്ടാന്‍.”
“ എനിക്കു ഇന്നു ഡോക്ടറുടെ അടുത്ത് പോണല്ലോ അമ്മേ , വന്നിട്ടു നോക്കാം.“

പ്രവാസ ജീവിതത്തില്‍ നിന്നു ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അയാള്‍.അമ്മ അങ്ങിനെയാണു . ലീവില്‍ വന്നാല്‍ അയാള്‍ക്കു ചില്ലറ പണികളൊക്കെ ഏല്‍പ്പിച്ചു കൊടുക്കും.ഗോതമ്പു പൊടിപ്പിക്കാന്‍ പോകുക,അടുത്തുള്ള മില്ലില്‍ പോയി വെളിച്ചെണ്ണ വാങ്ങി വരിക,നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്‍ത്തുന്ന ചെറിയ പണികള്‍.

........
വൈകീട്ട്.
“എങ്ങിനെയുണ്ടു ഡോക്ട്റുടെ അടുത്ത് പോയിട്ടു , മോനെ ? “

“ ട്രൈഗ്ലിസറൈഡ്സു കുറച്ച് കൂടുതലുണ്ടു “ .

“ ഉം . കുറച്ചുന്നുമല്ല അമ്മെ .നല്ലവണ്ണം കൂടുതലുണ്ടു “.

“ ഭകഷ്ണം കണ്ട്രോളു ചെയ്യാനും സ്മാള്‍ അടിക്കുന്നതു നിറുത്താനും പറഞ്ഞു “

ഫോമിലായ സച്ചിനെപ്പോലെ തുരുതുരെ സിക്സറുകള്‍ അടിച്ചു വിടുകയാണു ശ്രീമതി.

“ കാലത്ത് ഇനി ചായക്കു പകരം ഒരു ഗ്ലാസ്സ് വേപ്പില നീരു അടിച്ചു തരാം“.
അമ്മയുടെ വക. ഒരു പൊതുശത്രുവിനെ കിട്ടിയപ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹം കണ്ടു അയാളുടെ കണ്ണു നിറഞ്ഞു !

“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഷാര്‍ജയില്‍ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.

“ഒരു പെഗ്ഗു പൊയിട്ടു അര പെഗ്ഗു പോലും അടിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല “

അമ്മ മുന്നിലുള്ള ധൈര്യത്തില്‍ അവള്‍ കത്തിവേഷം തന്നെ എടുത്തു.

ഒരു കാര്യത്തില്‍ മാത്രം മനസ്സു സന്തോഷിച്ചു.ഇവള്‍ക്കു കുറച്ചു ലോക വിവരം വച്ചല്ലൊ,ദൈവമെ ,കള്ളു കുടിയുടെ കാര്യത്തിലെങ്കിലും.
.....

ഫ്ലാഷ് ബാക്ക് പ്രഥമ രാത്രിയില്‍ പരസ്പരം പരിചയപെടുത്തലുകള്‍ക്കു ശേഷം.

“മോളെ , ഞാന്‍ വല്ലപ്പോഴും ഒരു സ്മാളൊക്കെ കഴിക്കും “

“ അതിനെന്താ,എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായാല്‍ മതി “

“ ലിമിറ്റ്ന്നു പറഞാല്‍ “ ?
അയാള്‍ക്കു പെട്ടെന്നു ഓര്‍മ്മ വന്നത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മരണ വെപ്രാളത്തൊടെ പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളേയാണു.

“ ചേട്ടന്‍ ഒരു ഗ്ലാസ്സ് മാത്രം കുടിച്ചോ “

.കുറച്ച് നേരത്തെ ആലോചനക്കു ശേഷം അവള്‍ പറഞ്ഞു.

“എന്റമ്മോ,പൊന്നു മോളെ ഇതു നിന്റെയച്ഛന്‍ എന്നും കുടിക്കുന്ന ഒരു ഗ്ലാസ് നാടന്‍ കള്ളല്ല. ഒരു ഗ്ലാസ്സ് എന്നു പറഞ്ഞാല്‍ നാലോ അഞ്ചോ പെഗ്ഗ്, അതും ഞാന്‍ അടിക്കുന്ന ത്രിഗുണനാണെങ്കില്‍ ഒരു നല്ല കുടിയനെ പിമ്പിരിയാക്കാന്‍ പറ്റൂം “

എന്നൊക്കെ മനസ്സില്‍ വന്നെങ്കിലും പുറത്ത് ഒന്നും വന്നില്ല.ഉള്ള കഞ്ഞിയില്‍ പാറ്റയെ തെരഞ്ഞ് പീടിച്ചു ഇടണ്ടാ എന്നു അയാള്‍ കരുതി.പാറ്റ എന്നെങ്കിലും വഴി കണ്ടു പിടീച്ചു സ്വയം വന്നു വീഴുന്നെകില്‍ വീഴട്ടെ.

അയാളുടെ മൌനം കണ്ടു തെറ്റിദ്ധരിച്ചു കിളീമൊഴി പിന്നേയും.

“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”

സന്തോഷം കൂടുതലായി തല കറക്കം വല്ലതും വന്നാലോ എന്നു പേടിച്ചു അയാള്‍ സംഭാഷണത്തിനു വിരാമമിട്ടു.

......

വര്‍ത്തമാന കാലം

തിരിച്ചു ബെഡ് റൂമില്‍ എത്തി,ഡ്രെസ്സ് മാറുന്നതിനിടയില്‍ അയാള്‍ മുകളില്‍ തട്ടില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലേക്കു ഒളികണ്ണിട്ടു നോക്കി.

അതു കണ്ടു പിടിച്ച ശ്രീമതി.

“ അല്ല,ഇതൊക്കെ ഇനി എന്തു ചെയ്യും.?”

“നമുക്കു പണിക്കാര്‍ക്കു കൊടുക്കാം,ഓണത്തിനു “,ചോദ്യവും ഉത്തരവും അവള്‍ തന്നെ.

“ പിന്നെ ! പണിക്കാര്‍ക്കു സ്കോച്ച് വിസ്കിയും ഫ്രഞ്ചു ബ്രാന്‍ഡിയും അല്ലെ കോടുക്കുന്നത് ! അവര്‍ക്കു നമ്മുക്കു ബിവറേജസ്സില്‍ നിന്നും നല്ല ആനമയക്കി വാങ്ങിക്കൊടുക്കാം“.

നിമിഷനേരം കൊണ്ടു അയാള്‍‍ ഒരു പെറ്റി ബൂര്‍ഷ്വാ ആയി മാറി.

“എന്നാ‍ല്‍ എന്റെ അച്ഛനു കൊടുക്കാം “- അവള്‍.

“നിന്റെ അച്ച്ന്റെ അലമാരിയില്‍ ഉള്ളത്ര കള്ളു കുപ്പികള്‍ ബിവറേജസ്സിന്റെ ഗോഡൌണില്‍ പോലും കാണില്ല.“

മൂന്നു ആണ്‍ മക്കളും രണ്ടു പേണ്മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഗള്‍ഫിലുണ്ടു.പിന്നെ നാട്ടുകാരെ കുറെ പേരെ വിദേശത്ത് പോകാന്‍‍ സഹായം ചെയ്തു കൊടുത്ത വകയില്‍ ഇടക്കിടെ കിട്ടുന്ന കുപ്പികള്‍, അതും കൂടാതെ ഒന്നു രണ്ടു അബ്ക്കാരികളായിട്ടുള്ള സുഹൃത്ത് ബന്ധവും. ബ്രഹ്മാവും ആയുസ്സും തമ്മിലുള്ള ബന്ധം പോലെയാണു അദ്ദേഹവും കള്ളും തമ്മിലുള്ളത്.ദോഷം പറയരുതല്ലൊ,ഇപ്പോഴും തേങ്ങിന്‍ കള്ളൂ തന്നെ അദ്ദേഹത്തിനു പഥ്യം.

ഈ സംഭാഷണം കേട്ടു യുദ്ധത്തില്‍‍ തോറ്റ് കീഴടങ്ങാന്‍ നില്‍ക്കുന്ന പടയാളികളേപ്പോലെ വിഷമിച്ചിച്ചിരിക്കുന്ന പാവം കുപ്പികള്‍.

അതില്‍ പകുതി കുടിച്ചു വെച്ച ഒരു ‘സെന്റ് റെമി‘ എടുത്ത് കോര്‍ക്കു വലിച്ചൂരി അയാള്‍ നല്ലവണ്ണം ഒന്നു മണത്തു നോക്കി. ആ ഹാ,ദേവസുരന്മാരെ ഒരു പോലെ മയക്കാന്‍ കഴിവുള്ള അതിന്റെ സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അകത്തു കയറി ശരീരം മുഴുവന്‍ പടര്‍ന്നു.ഫ്രാന്‍സിലെ ഏതൊ ഒരു പ്രവിശ്യയിലെ തോട്ടത്തില്‍ നിന്നും അതുണ്ടാക്കാന്‍ വേണ്ടി മുന്തിരി നുള്ളിയ നീണ്ടു മെലിഞ്ഞ വിരലുകളെ അയാള്‍ ഒരു നിമിഷം ഓര്‍ത്തു.

“ അല്ല , ഒരു കുപ്പി നിങ്ങള്‍ കൊച്ചിയില്‍ സംഗമത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞിട്ടു ? “

“ അതു ക്യാന്‍സലായി “

“..........”

‘ അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം . ഈ മരുന്നൊക്കെ കഴിച്ച് പത്തു ദിവസം കഴിയുമ്പോള്‍ അസുഖമൊക്കെ നല്ലോണം കുറയും, അപ്പോള്‍ ഞാന്‍ തന്നെ ഇതു തീര്‍ത്തോളാം.

“ ഹും ! അതിനു ഇമ്മിണി പുളിക്കും. ഞാന്‍ ഇതെല്ലാം എടുത്ത് തെങ്ങിന്റ്റെ കടക്കു ഒഴിക്കും “

“ അയ്യോ ! ചതിക്കല്ലെ പൊന്നെ “ .

“എന്തിനാ വിളിച്ചു കൂവുന്നത്, അത്രക്കും വിഷമമായൊ ?“

“ ഏയ് അതല്ല.“

“പിന്നെ ?“

“നാലര ലിറ്ററു കള്ളു നീ തെങ്ങിന്റെ കടക്കു ഒഴിച്ചിട്ടു വേണം അതു കിറുങ്ങി നമ്മുടെ പുരപ്പുറത്ത് തന്നെ വീഴാന്‍.
അമ്മ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും “.

ചുണ്ടിന്റെ കോണില്‍ മാത്രം ഒരു ചെറു പുഞ്ചിരി വിടരുന്നതു കണ്ടപ്പോള്‍ അതു ഏറ്റില്ലെന്നു അയാള്‍ക്കു മനസ്സിലായി.

“ ഉം.ആ പകുതിയുള്ളത് ഏതായാലും കളയുന്നില്ല “

കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളീ വര. അയാളില്‍ ആശയുടെ ഒരു പൂത്തിരി കത്തി.

“ എന്താ ? “

“അല്ല നിങ്ങള്‍ക്കു വല്ലപ്പഴും എടുത്തു മണക്കാമല്ലോ , ഏതാണ്ടു കുടിച്ച മാതിരിയാവും,ഇപ്പോഴത്തെ പോലെ“

മുന്‍പിലുള്ള മോണീട്ടര്‍ ഓഫായിപ്പോയ ന്യൂസ് റീഡറെപ്പോലെ അയാള്‍ വാക്കുകള്‍ക്കു തപ്പി.

പിന്നെ ഫില്ലറുകള്‍ വല്ലതും തടയുമോ എന്നറിയാന്‍ ചുറ്റും പരതി നോക്കി. ........