Tuesday, September 26, 2006

കല്ല്യാണശേഷം....

'ആദ്യരാത്രി' എന്ന് ബാച്ചിലര്‍ മനസ്സിനെ എന്നും മഥിച്ചിരുന്ന ആ രാത്രി....

ഫോണിലൂടെയും നേരിട്ടും വളരെ സംസാരിച്ചിരുന്നതിനാല്‍ അപരിചിതത്ത്വം കുറവായിരുന്നു. എങ്കിലും പരസ്പര ബഹുമാനത്തിനും സ്നേഹത്തിനും കാമത്തെക്കാള്‍ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവില്‍ കുറെനേരം സംസാരിച്ചിരുന്ന് അവര്‍ ഉറങ്ങാനായി ലൈറ്റ്‌ അണച്ചു....

സിനിമാസങ്കല്‍പങ്ങളിലെപ്പോലെ കാലത്തുതന്നെ കുളിച്ചൊരുങ്ങി ചായയുമായി തന്നെ വിളിച്ചുണര്‍ത്തുന്ന ഒരു ഭാര്യയെ അവന്‍ പ്രതീക്ഷിച്ചിട്ടില്ല എന്നത്‌ രാത്രി തന്നെ വ്യക്തമാക്കിയതിനാല്‍ ഉറക്കമുണര്‍ന്നതും ഒരുമിച്ച്‌.....

'എങ്ങനെ മുറിയില്‍നിന്ന് പുറത്തിറങ്ങി മറ്റുള്ളവരുടെ മുഖത്ത്‌ നോക്കും?' എന്ന ചോദ്യം മനസ്സില്‍ തോന്നുക സ്വാഭാവികം.....

പെട്ടെന്ന് ദൈനം ദിനപരിപാടികളില്‍ മുഴുകി ഒരു ബന്ധുവീട്ടിലേക്ക്‌ പോകുന്ന തിരക്കിന്റെ സഹായത്താല്‍ ആ സിറ്റുവേഷന്‍ തരണം ചെയ്തു.

ബന്ധുവീടുകളിലെ സല്‍ക്കാരങ്ങളാല്‍ തുടര്‍ന്നുള്ള കുറെ ദിനങ്ങള്‍... ഉച്ചയ്ക്ക്‌ ഒരു ഉറക്കം..... പണ്ട്‌ ബാച്ചിലര്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു സുഖം ഈ ഉച്ച ഉറക്കങ്ങള്‍ക്ക്‌..... കൊള്ളാം....

പരസ്പരം സഹായിച്ച്‌ കാര്യങ്ങള്‍ വേണ്ട പോലെ ശ്രദ്ധിച്ച്‌ കൂടെത്തന്നെ എപ്പോഴും ഒരാള്‍...
ദാമ്പത്യത്തിന്റെ സുഖം അനുഭവിച്ചുതുടങ്ങി....

അവന്‍ പതിവുപോലെ ആഴ്ചയ്ക്കൊടുവില്‍ വസ്ത്രം അലക്കാനായി തിരഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു... 'അതെല്ലാം അലക്കി തേച്ച്‌ അലമാരയില്‍ വച്ചിട്ടുണ്ട്‌....'

'ഓ... എന്തിനാ നീ ഇത്ര കഷ്ടപ്പെടുന്നത്‌..... അതൊന്നും വേണ്ടായിരുന്നു..' എന്ന് പറഞ്ഞെങ്കിലും മനസ്സില്‍ ഒരു സന്തോഷം.....

സിനിമകള്‍ വീക്ക്നസ്‌ ആയതിനാല്‍ അവളുടെ സിനിമാ താല്‍പര്യങ്ങളെക്കുറിച്ച്‌ തിരക്കിയപ്പോള്‍ അവള്‍ എന്തിനും റെഡി.....

'ഹാവൂ... തീയറ്ററിലെ തിരക്കില്‍ പെട്ട്‌ വിയര്‍ത്തൊഴുകി ഉന്തും തള്ളും കൊണ്ട്‌ ഇനി ടിക്കറ്റ്‌ എടുക്കെണ്ടാ.... ഇവളെ ക്യൂവില്‍ നിര്‍ത്താലോ...' അവന്റെ മനസ്സില്‍ കുളിരുകോരി.

കൊതിയോടെ നോക്കുന്ന ബാച്ചിലര്‍ ദുഷ്ടന്മാരെ നോക്കി ഒരു മന്ദഹാസം തൂകിക്കൊണ്ട്‌ തീയറ്ററിനുള്ളിലേക്ക്‌...

ഭാര്യാസമേതനായി സിനിമയ്ക്ക്‌ പോകുക.... അവളുടെ കരം ഗ്രഹിച്ച്‌ അങ്ങനെ ഇരുന്ന് സിനിമയില്‍ മുഴുകുക...... കാര്യങ്ങള്‍ കൊള്ളാം....

ഓരോ ദിവസം കഴിയുംതോറും പരസ്പരം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടുതല്‍ കൂടുതല്‍ അവര്‍ അറിഞ്ഞുകൊണ്ടിരുന്നു.... അടുത്തുകൊണ്ടിരുന്നു.....

ജീവിതത്തിന്‌ എന്തൊരു ഉണര്‍വ്വ്‌.... ദിവസങ്ങള്‍ എല്ലാം ആഘോഷിക്കാനുള്ളവയെന്ന് ഇപ്പോ മനസ്സിലായി....

'എന്ത്‌ ബാച്ചിലര്‍ ലൈഫ്‌...... ഇതല്ലേ മോനെ ഒറിജിനല്‍ ലൈഫ്‌' എന്ന് ബാച്ചിലര്‍ സുഹൃത്തുക്കളോട്‌ വീമ്പിളക്കി.

ഭാര്യാവീട്ടില്‍ ചെന്നാല്‍ എന്തൊരു സ്വീകരണം..... ചിരിച്ചുകൊണ്ടിരിക്കുക... തന്റെ ജോലിയെയും മറ്റു കഴിവുകളെയും കുറിച്ച്‌ അഹങ്കാരമാണെന്ന് തോന്നാത്ത വിധത്തില്‍ പരമാവധി വച്ച്‌ കീച്ചുക. ടി.വി. കണ്ടുകൊണ്ടിരിക്കുക.... ഇടയ്ക്കിടയ്ക്ക്‌ കൊണ്ടുവന്ന് തരുന്ന തിന്നാനും കുടിയ്കാനും ഉള്ള പദാര്‍ത്ഥങ്ങളെ അല്‍പം ആക്രാന്തം കുറച്ച്‌ സമീപിക്കുക... ... ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ ഈ പ്രക്രിയ തുടരുക...... ഉറങ്ങുക (ഭാര്യ ഒരുമിച്ച്‌)....

ഇനി ലീവെല്ലാം കഴിഞ്ഞ്‌ ജോലിക്ക്‌ പോയിത്തുടങ്ങിയാലോ.... വൈകീട്ട്‌ വീട്ടിലെത്താന്‍ എന്താ ഒരു വെപ്രാളം..... വീട്ടില്‍ അവളുണ്ടല്ലോ..... എന്തെല്ലാം അനുഭവിക്കാന്‍ ഇനിയും ബാക്കി...

(ഇനിയും തുടരണോ???...) :-))

ആണുകാണല്‍ ?

(വിശാലേട്ടന്റെ സ്വയം വരത്തിന് ഞാനിട്ട കമന്റ് ഇവിടെയിട്ടില്ലെങ്കില്‍ എന്റെ പിസിയില്‍ വൈറസ് കയറ്റി വിടുമെന്ന് വിശാലേട്ടന്‍ ഭീഷണിപ്പെടുത്തിയതിനാല്‍... നിങ്ങള്‍ സഹിക്കുക.)
എനിക്കും ഉണ്ടൊരു അനുഭവം. (നായകന്‍ ഞാനല്ല, ഞാനല്ല, ഞാനല്ല കട്: വക്കാരി) വിശാലന്‍ ചെയ്തതിനേക്കാള്‍ ഭയങ്കരമായി ജെനൂവിന്‍ കളറ് മറച്ച് വച്ച ഒരു കൂട്ടുകാരനും ഞാനും.

പെണ്ണു കൊണ്ടുവച്ച ചായ കുടിച്ച്, മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം ‘അല്ല നിങ്ങള്‍ക്ക് സ്വകാര്യമായി വല്ലതും പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആകാം...’ എന്നു ഒരേയൊരു പൊന്നാങ്ങള പറയുന്നതും ‘ഹേയ്.. ഞാനാടൈപ്പല്ല” എന്ന് കൂട്ടുകാരന്‍ പറയുന്നതും ഞാന്‍ കേട്ടു.

അപ്പോള്‍ അകത്തുനിന്ന് “ച്വേട്ടാന്‍, ച്വേട്ടന്‍..” എന്ന് ഒരു കിളിനാദം കേട്ടു. അകത്തു കയറിയ പൊന്നാങ്ങള പുറത്തു വന്ന് “അല്ല അവള്‍ക്ക് എന്തോ സംസാരിക്കാനുണ്ടെന്ന്..” എന്ന് പറഞ്ഞു. അഭിനവ വരന്റെ ദയനീയ മുഖം എന്നോട് നീ കൂടെ വാഡേ എന്ന് പറയുന്നത് പോലെ തോന്നി.

പെണ്ണ് പുറത്തിറങ്ങി.. അങ്ങോട്ട് മാറി നിന്നോളൂ അവിടെ നല്ല പ്രകൃതി രമണീയതയാണ് എന്ന് ആങ്ങള. അഭിനവങ്ങള്‍ രണ്ടും വീടിന്റെ സൈഡില്‍ പോയി ആ പറമ്പില്‍ നിന്ന് അലപം താണ ഒരു പറമ്പിലേക്ക് ചാടുന്നത് ഞാന്‍ കണ്ടു. “അവിടെ ഒരു കുളമുണ്ട്. ഭയങ്കര പ്രകൃതിരമണീയതയാണ്” എന്ന് ആങ്ങള. (ഇവനാരഡേ പ്രകൃതിരമണീയതയില്‍ കൈവിഷം കൊടുത്തത് )

പുറത്ത് പാറ്ക്ക് ചെയ്തിരുന്ന എന്റെ യമഹ കെ.ഡി.ഇ 8089 (ഇടിവാളിന്റെ കയ്യില്‍ നിന്ന് വാങിയത്) യെ പറ്റി ആങ്ങള്‍ ചോദിക്കുകയും ഞാന്‍ അല്പം പൊക്കി അതിനെ പറ്റി പൊങ്ങച്ചം അടിച്ചുവിടുകയും ചെയ്തു.

അപ്പോള്‍ അതാവരുന്നു:

ഗോഡ് ഫാദറില്‍ കനകയോട് ഐ ലവ് യു പറയാന്‍ പോയ മുകേഷ് ജഗദീഷിന്റെ അടുത്തേക്ക് ഓടി വരുന്ന വരവുണ്ടല്ലോ.. അതു പോലെ വണ്ടിയെടുക്കടേ വണ്ടിയെടുക്കടേ... എന്ന് പറഞ്ഞ് കൂട്ടുകാരന്‍...

ചാടിക്കയറി വണ്ടി വിട്ടു.

കുളത്തിന്‍ കരയില്‍ സംഭവിച്ചത്:

താഴ്ത്തെ പറമ്പിലേക്ക് പെണ്ണ് ചാടി. ഫുള്‍ സ്ലീവും ഇട്ട് പാന്റ്സിനുള്ളിലേക്ക് മാത്രമല്ല കുന്നത്തിലേക്കും (കുന്നത്ത് കട് വിശാലേട്ടന്‍) ഷറ്ട്ട് കുത്തിക്കേറ്റി ‘ഇന്‍‘ ചെയ്ത ലവന് നേരെ പെണ്ണ് കയ്യ് നീട്ടിയത്രേ “പിടിക്കണോ?” എന്ന് ചോദിച്ച്.

നോ താങ്ക്സ് എന്ന പറഞ്ഞ് താഴേക്കിറങ്ങിയ അവന്‍ ചെറിയൊരു പൊട്ടക്കുളം കണ്ടു.

നമുക്കിവിടെയിരിക്കാം. പെണ്ണ്. പറഞ്ഞതും അവള്‍ ഇരുന്നു.

ഇതെന്തൊരു കൂത്ത് എന്ന് മനസില്‍ പറഞ്ഞ് അവനും ഇരുന്നു.

ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലേക്കെറിഞ്ഞ് അവള്‍ ചോദിച്ചു:
എന്നെ ഇഷ്ടമായോ?

വലിയ നിരീക്ഷകനായ അവന് അവള്‍ എറിഞ്ഞ കല്ല് എന്തോ ഇരയാണെന്ന് കരുതി ഒരു പച്ചക്കളറന്‍ തവള ഓടി വന്ന് തിന്നാന്‍ നോക്കിയതും ചമ്മി കരയിലേക്ക് നോക്കി അവളെ തെറി പറഞ്ഞതും നിരീക്ഷിക്കാനായില്ല.

എന്താ മിണ്ടാത്തേ, നാണമാണല്ലേ. വീണ്ടും അവള്‍.

എനിക്കിഷ്ടായിട്ടാ....അവള്‍ തന്നെ.

ഇത്രയും നടന്നത്.

ഇതു കഴിഞ്ഞതും അവന്‍ ഓടീ എന്റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ വണ്ടി വിട്ടു.

പക്ഷേ അവന്‍ പൂരിപ്പിക്കുന്നത് ഇങ്ങനെ:

അവള്‍ എനിക്കിഷ്ടായിട്ടാ എന്ന് പറഞ്ഞപ്പോള്‍ അവന്‍: കുട്ടിക്കിഷ്ടായത് എന്റെ രൂപത്തേയും പെരുമാറ്റത്തേയും ആണ്. യഥാറ്ത്ഥ നമ്മള്‍ എന്താണെന്ന് നമ്മള്‍ക്ക് രണ്ടുപേറ്ക്കും അറിയില്ല. അതുകൊണ്ട് ഞാന്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാം. ബൈ ഫോറ് നൌ!

പക്ഷേ അവന്റെ അവിടെ നിന്ന് വന്ന മുഖം കണ്ട എനിക്ക് തോന്നുന്നില്ല അവന്‍ അങ്ങനെ പറയുമെന്ന്.

കല്ല്യാണ വിശേഷങ്ങള്‍

ബാച്ചലര്‍ ലൈഫ്‌ അടിച്ചുപൊളിച്ച്‌ നടക്കുകയാണ്‌ അവന്‍. എന്താ സുഖം.... കൂട്ടുകാരുമൊത്ത്‌ ഇടക്കിടക്ക്‌ ടൂര്‍ പോകാം.... പാര്‍ട്ടികളിലും മറ്റും പാതിരവരെ പങ്കെടുത്ത്‌ ആര്‍മ്മാദിക്കാം.... പെണ്‍കിടാങ്ങളെ കണ്ട്‌ മാര്‍ക്ക്‌ ഇടാം.... ആരെ വേണമെങ്കിലും ജീവിതസഖിയായി സങ്കല്‍പിച്ച്‌ സ്വപ്നം കാണാം... യാത്രകളിലും ആഘോഷങ്ങളിലുമെല്ലാം തന്റെ ഭാവിവധു ഉണ്ടാവുമോ എന്ന് ആകുലപ്പെടാം... പ്രതീക്ഷിക്കാം....

വിവാഹാലോചനകള്‍ വീട്ടില്‍ തുടങ്ങി എന്നറിഞ്ഞപ്പോള്‍ ആദ്യം അവന്‍ പറഞ്ഞു.. 'ഹേയ്‌... ഇപ്പൊ വേണ്ട.... കുറച്ചുകൂടി കഴിയട്ടെ'.

ചുമ്മാ പറഞ്ഞെന്നെയുള്ളൂ.... ഇനിയും കാത്തിരുന്നാല്‍ വല്ല മൂന്നാംകെട്ടുകാരികളെയുമേ കിട്ടൂ....

ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ്സ്‌ പത്തുമുപ്പത്‌ ആകുന്നു... ഇനി പെണ്ണുകെട്ടി കൊച്ചൊക്കെ ഉണ്ടായി വരുമ്പോഴെക്ക്‌ ഒരു പ്രായമാകും... പിള്ളാരെ കൂടെ കൊണ്ടുനടക്കുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കും... 'കൊച്ചുമക്കളെയും കൂട്ടി അപ്പ്പൂപ്പന്‍ എവിടെക്കാ?'

'ആ... നല്ല കേസുകളുണ്ടെങ്കില്‍ നോക്കിത്തുടങ്ങാം..' വല്ല്യ സമ്മതമില്ലാത്ത ഭാവത്തില്‍ അവന്‍ പറഞ്ഞു.

'ഉവ്വെ... ഉവ്വെ.. നിന്റെ ത്യാഗം മനസ്സിലാകുന്നുണ്ട്‌ മോനെ' എന്ന് അഛന്‍ പറഞ്ഞോ... ഹെയ്‌, വെറുതെ തോന്നിയതാവും....

'എന്തൊക്കെയാ നിന്റെ സ്പെസിഫിക്കേഷന്‍സ്‌?' അഛന്റെ ചോദ്യം...

'അയ്യോ... ഈ കമ്പ്യൂട്ടര്‍ രീതിയിലൊക്കെ ചോദിക്കാന്‍ അഛന്‍ എപ്പൊ പഠിച്ചു?' അവന്‍ മനസ്സില്‍ പറഞ്ഞു.

'പൊക്കം 5.5, വെളുത്ത്‌ സ്ലിം ആയി നല്ല സൗന്ദര്യം ആയിക്കോട്ടെ....' അവന്‍ പറഞ്ഞു.

'ഇതിപ്പോ നടോറ്റിക്കാറ്റ്‌ എന്ന സിനിമയില്‍ ശ്രീനിവസനും മോഹന്‍ലാലും കൂടി വീട്‌ വാടകയ്ക്‌ നോക്കാന്‍ പോയപോലെയായല്ലൊ... 4 ബെഡ്‌ റൂം, വിശാലമായ ഗാര്‍ഡന്‍, കാര്‍ പാര്‍ക്കിംഗ്‌.... വാടക 100 രൂപയില്‍ കൂടാനും പാടില്ല' അനിയത്തിയുടെ കമന്റ്‌...

'എന്താടീ എനിക്കൊരു കുറവ്‌? പൊക്കമില്ലെ... സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയര്‍... കാണാനും സുന്ദരന്‍.... പിന്നെ സൂര്യപ്രകാശം അടിക്കുന്നതിനാല്‍ നിറം അല്‍പം കുറഞ്ഞു എന്നല്ലെയുള്ളൂ?'

'അതെ അതെ... കാണുന്നവര്‍ക്കുകൂടി അങ്ങനെ തോന്നണ്ടെ..?' അവളുടെ തര്‍ക്കുത്തരം...

ഇനി അവിടെ വല്ല്യ തര്‍ക്കത്തിന്‌ സ്കോപ്പ്‌ ഇല്ലാത്തതിനാല്‍ പതുക്കെ സ്ഥലം കാലിയാക്കി.

ഓരോ ആലോചനകളും ഫില്‍റ്റര്‍ ചെയ്ത്‌ ജാതകം ഒക്കെ ഒത്തുനൊക്കി അമ്മ ഏറ്റുപിടിക്കും.... കുറെക്കഴിഞ്ഞപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌.... നമ്മുടെ സ്പെസിഫിക്കേഷനും ജാതകവും തമ്മില്‍ എന്നും ഉടക്കാണ്‌... സ്പെസിഫിക്കേഷന്‍ ഒത്ത്‌ വരുമ്പോള്‍ ജാതകം ചേരില്ല... ജാതകം ചേര്‍ന്നാല്‍ സ്പെസിഫിക്കേഷന്‍ ശരിയല്ല.... എന്താ ചെയ്യാ....ഒടുവില്‍ സ്പെസിഫിക്കേഷന്‍ അല്‍പം അഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.... പൊക്കം താഴോട്ട്‌ പോന്നു... ഒരു 5.3 വരെ ഓക്കെ....

വീണ്ടും ആലോചനകള്‍ പൊടിപൊടിച്ചു.രണ്ട്‌ മൂന്ന് പെണ്ണുകാണലും തരപ്പെട്ടു....

'ഫോട്ടോ കാണാതെ എന്നെ ഈ കോലങ്ങളുടെ അടുത്തേക്ക്‌ കെട്ടിയെടുക്കരുതെന്ന് ഞാന്‍ അമ്മയോട്‌ പറഞ്ഞിട്ടുണ്ട്‌...' അമ്മയോടായി ദേഷ്യം.... കാരണം... എന്റെ കല്ല്യാണ മോഹങ്ങളെ തല്ലിക്കെടുത്തുന്ന രൂപങ്ങള്‍...
(ആ പെണ്‍കൊച്ചുങ്ങളും ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും... തീര്‍ച്ച)

സ്പെസിഫിക്കേഷന്‍സില്‍ കുറവുകള്‍ വരുത്തി വരുത്തി ഇനി 'പെണ്‍കുട്ടി' എന്ന ഫീച്ചറും കൂടി എടുത്തുകളയേണ്ടിവരുമോ ഈശ്വരാ... എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു ആലോചന ഒത്തുവന്നത്‌...

അങ്ങനെ എല്ലാം കൂടി ഒത്തുവന്ന് സംഭവം അങ്ങ്‌ ഫിക്സ്‌ ചെയ്തു.

'തനിക്കും പെണ്ണുകിട്ടി...' അവന്‌ വിശ്വസിക്കാനായില്ല.... ടെന്‍ഷന്‍ തുടങ്ങി... ദൈവമെ... ഇനി കല്ല്യാണ നിശ്ചയം പെട്ടെന്ന് നടക്കണമല്ലോ...'

അതിനിടക്ക്‌ ഇ മെയിലുകള്‍ വച്ച്‌ കാച്ചി അവന്‍ തന്റെ റൊമാന്‍സ്‌ പുറത്തെടുത്തു.

'വിവാഹനിശ്ചയത്തിന്‌ ചെക്കന്‍ നിശ്ചയത്തിന്‌ പങ്കെടുക്കുന്ന പതിവില്ലത്രെ അവരുടെ നാട്ടില്‍' അമ്മയുടെ അറിയിപ്പ്‌...

'ഹേയ്‌... ഞാനില്ലാതെ എന്റെ വിവാഹ നിശ്ചയമോ...? നടപ്പില്ല.... അച്ഛാ... വിട്ടുകൊടുക്കരുത്‌.... നമുക്കും ഇല്ലെ ചില പതിവുകള്‍...' അവന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ വിരോധമില്ല.... (അവന്റെ ആക്രാന്തം അന്ന് മനസ്സിലാക്കിക്കാണും അവര്‍)

വിവാഹനിശ്ചയം അങ്ങ്‌ ആഘോഴിച്ചു.... അവളെയും കൂടെ നിര്‍ത്തി ഫോട്ടോ പോസ്‌ ചെയ്യലും ഒരുമിച്ച്‌ ഊണ്‌ കഴിക്കലും അല്‍പസ്വല്‍പം തന്റെ വിലകുറവ്‌ കോമഡി പറയലും എല്ലാം....

ഇനിയാണ്‌ കൂടുതല്‍ ടെന്‍ഷന്‍... എങ്ങനെയും ആ കല്ല്യാണദിവസമാകണമല്ലോ.....

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. (മൊബെയില്‍ ഫോണിന്റെ പ്രചാരം തുടങ്ങിയകാലത്തായിരിക്കുകയോ.. വിവാഹത്തിന്‌ നീണ്ട ഇടവേളയോ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ കുത്തുപാളയുമായി റോഡില്‍ കാണാമായിരുന്നു.)

അങ്ങനെ ഫോണ്‍ വിളികളാല്‍ പ്രേമമുഖരിതമായ രാവുകള്‍...... സ്വപ്നങ്ങള്‍...... പ്രതീക്ഷകള്‍........

ഒടുവില്‍ വിവാഹദിനം വന്നു. തലേന്ന് ഉറങ്ങാന്‍ കിടന്നിട്ട്‌ ഉറക്കം വരുന്നില്ല...

'ദൈവമെ... അലാറം അടിക്കാതെ വരുമോ... അടിച്ചാല്‍ കേള്‍ക്കാതെ വരുമോ....'

അലാറാം അടിക്കേണ്ടിവന്നില്ല... കാരണം ഉറങ്ങാതെ കിടന്നതിനാല്‍ അവന്‌ അത്‌ അടിച്ച്‌ ശല്ല്യമുണ്ടാക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പേ അത്‌ ഓഫ്‌ ചെയ്യാന്‍ പറ്റി.

വേഗം എല്ലാവരെയും റെഡിയാവാന്‍ പ്രോല്‍സാഹിപ്പിച്ച്‌ കുളിച്ചൊരുണ്ടി.... നല്ല മണമുള്ള പെര്‍ഫ്യൂം കോരിയൊഴിച്ചു.... വീഡിയോ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ സ്ഥിരം പരിപാടികളിലേക്ക്‌ കടന്നു.... എല്ലം കഴിഞ്ഞ്‌ റെഡിയാണെങ്കിലും അനിയനോടും കസിനോടും മറ്റും കോളറിലും ബട്ടന്‍സിലും പിടിച്ച്‌ ശരിയാക്കുന്നതുപോലെ അഭിനയിക്കാന്‍ പറഞ്ഞു.... എല്ലാ കല്ല്യാണ കാസറ്റിലും കാണുന്നപോലത്തെ വിലകുറവ്‌ അഭിനയം തന്നെ...

ഒടുവില്‍ വണ്ടി പുറപ്പെട്ടു... 90 കിലോമീറ്റര്‍ യാത്രയുണ്ട്‌... ഭാഗ്യത്തിന്‌ റെയില്‍ വെ ക്രോസ്‌ ഇല്ല... ബന്ദില്ല... ആ ടെന്‍ഷനുകള്‍ ഒഴിഞ്ഞു.

എങ്ങനെയും അമ്പലത്തില്‍ എത്തി സമയത്ത്‌ താലി കെട്ടിക്കഴിഞ്ഞാല്‍ രക്ഷപ്പെട്ടു... ബാക്കി ഓഡിറ്റോറിയത്തില്‍ വെറും ഡെമോ ആണല്ലോ... മാലയിടലും മോതിരം ഇടലും തീറ്റയും കുടിയും മറ്റും..

റിഹേര്‍സല്‍ ചെയ്ത്‌ ചെയ്ത്‌ തഴമ്പിച്ചതിനാല്‍ താലികെട്ട്‌ ഗംഭീരമായി... ആരെയും സഹായിക്കാന്‍ സമ്മതിച്ചില്ല... അവന്‍ തന്നെ കെട്ടി...(സാധാരണ സഹോദരിയും അമ്മയും മറ്റും അതില്‍ കയറിപ്പിടിച്ച്‌ കെട്ടിയുറപ്പിക്കാന്‍ ശ്രമിക്കറുണ്ട്‌)

'ഹാവൂ... ഇനി എന്തായാലും സമാധാനം... അവിടെനിന്നുള്ള ബസ്സ്‌ എത്തുകയോ എത്താതിരിക്കുകയോ എന്തും ആയിക്കൊള്ളട്ടെ... എന്റെ കാര്യം കഴിഞ്ഞല്ലോ...' അവന്റെ ആത്മകതം...

താലം എടുത്ത്‌ സ്റ്റേജിലേക്ക്‌ ആനയിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദം.... എല്ലാവരെയും നോക്കി പുഞ്ചിരിച്ച്‌ അന്നത്തെ നായകനായതിന്റെ സന്തോഷത്താല്‍ മതിമറന്നങ്ങനെ സ്റ്റേജിലേക്ക്‌....
(മുന്‍പൊക്കെ കല്ല്യാണങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഈ നായകന്റെ വരവ്‌ കാണേണ്ടിവരാറില്ല... കാരണം, ഒന്നുകില്‍ ഫുഡ്‌ ക്ലോസ്‌ ചെയ്യുന്നതിന്‌ തൊട്ട്‌ മുന്‍പേ എത്താറുള്ളൂ... ഇനി നേരത്തെ വന്നാലോ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തെക്കല്ലാതെ കഴുത്ത്‌ വേറെ എങ്ങും തിരിയാറില്ല.... വീട്ടില്‍ ചെന്ന് ആവിപിടിച്ചാണ്‌ പിന്നെ കഴുത്ത്‌ വേദന മാറ്റാറ്‌...)

പിന്നീട്‌ സ്റ്റേജിലെ അഭിനയത്തിലായിരുന്നു ശ്രദ്ധ... അങ്ങ്‌ തകര്‍ത്തു... ഇനി കിട്ടില്ലല്ലോ ഇങ്ങനെ ഒരു റോള്‍....

വൈകീട്ടത്തെ റിസപ്ഷനും മറ്റു കല്ല്യാണത്തിരക്കുക്കലും കഴിഞ്ഞു...

രാത്രിയായി....

ഇന്നുവരെ താന്‍ ഒറ്റയ്ക്കായിരുന്നു.... ഇപ്പോള്‍ തന്റെ കൂടെ എല്ലാത്തിലും പങ്കുചേരാന്‍ ഒരാള്‍കൂടി... സുഹൃത്തായി.... സഹായിയായി... വികാരങ്ങളും വിചാരങ്ങളും പരസ്പരം കൈമാറാന്‍.... ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത പലതരം വികാരങ്ങളും ചിന്തകളും ഉണര്‍ത്താന്‍..... പുതുമയുടെ നൈര്‍മ്മല്ല്യവും പ്രതീക്ഷകളുടെ സുഗന്ധവുമായി അവള്‍ കിടപ്പുമുറിയിലേക്കും തന്റെ ജീവിതത്തിലേക്കും കടന്നുവന്നു.

(തുടരും... തുടരണോ..???) :-)

വിവാഹിതരായ സ്ത്രീരത്നങ്ങളേ.... നിങ്ങള്‍ക്ക്‌ സ്വാഗതം..

തഥാഗതന്‍ ഒരൂ കമന്റിട്ടു.

വിവാഹിതരായ സ്ത്രീരത്നങ്ങളേ.

നിങ്ങള്‍ക്ക്‌ സ്വാഗതം..

നിങ്ങള്‍ ആണല്ലൊ ഞങ്ങളുടെ ശക്തി.

നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ ഞങ്ങള്‍.

കലേഷേ വിഹാഹിതരായ സ്ത്രീരത്നങ്ങള്‍ക്കും ഓരോ ഇന്‍വിറ്റേഷന്‍ അയക്കു.. അവരും നമ്മളുടെ കൂടെ സംഘം ചേര്‍ന്ന് അക്രമികള്‍ക്കും പൂവാലന്മാര്‍ക്കും എതിരെ പോരാടട്ടെ..

--
Posted by തഥാഗതന്‍ to വിവാഹിതര്‍ at 9/26/2006 10:58:10 AM



അത് വായിച്ചപ്പം എനിക്ക് അത് ശരിയാണെന്ന് തോന്നി. കൂടപ്പിറപ്പുകളോട് ഫോണിലൂടെയും ചാറ്റിലൂടെയുമൊക്കെ അഭിപ്രായം ചോദിച്ചു. ആരും എതിരഭിപ്രാ‍യം പറഞ്ഞില്ല. എല്ലാ‍വര്‍ക്കും ഇഷ്ടവും സമ്മതവുമാണെങ്കില്‍ പിന്നെ പ്രശ്നമെന്താ?

എന്നാ പിന്നെ അങ്ങനെയാകട്ടെ അല്ലേ?