Tuesday, September 26, 2006

ആണുകാണല്‍ ?

(വിശാലേട്ടന്റെ സ്വയം വരത്തിന് ഞാനിട്ട കമന്റ് ഇവിടെയിട്ടില്ലെങ്കില്‍ എന്റെ പിസിയില്‍ വൈറസ് കയറ്റി വിടുമെന്ന് വിശാലേട്ടന്‍ ഭീഷണിപ്പെടുത്തിയതിനാല്‍... നിങ്ങള്‍ സഹിക്കുക.)
എനിക്കും ഉണ്ടൊരു അനുഭവം. (നായകന്‍ ഞാനല്ല, ഞാനല്ല, ഞാനല്ല കട്: വക്കാരി) വിശാലന്‍ ചെയ്തതിനേക്കാള്‍ ഭയങ്കരമായി ജെനൂവിന്‍ കളറ് മറച്ച് വച്ച ഒരു കൂട്ടുകാരനും ഞാനും.

പെണ്ണു കൊണ്ടുവച്ച ചായ കുടിച്ച്, മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം ‘അല്ല നിങ്ങള്‍ക്ക് സ്വകാര്യമായി വല്ലതും പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആകാം...’ എന്നു ഒരേയൊരു പൊന്നാങ്ങള പറയുന്നതും ‘ഹേയ്.. ഞാനാടൈപ്പല്ല” എന്ന് കൂട്ടുകാരന്‍ പറയുന്നതും ഞാന്‍ കേട്ടു.

അപ്പോള്‍ അകത്തുനിന്ന് “ച്വേട്ടാന്‍, ച്വേട്ടന്‍..” എന്ന് ഒരു കിളിനാദം കേട്ടു. അകത്തു കയറിയ പൊന്നാങ്ങള പുറത്തു വന്ന് “അല്ല അവള്‍ക്ക് എന്തോ സംസാരിക്കാനുണ്ടെന്ന്..” എന്ന് പറഞ്ഞു. അഭിനവ വരന്റെ ദയനീയ മുഖം എന്നോട് നീ കൂടെ വാഡേ എന്ന് പറയുന്നത് പോലെ തോന്നി.

പെണ്ണ് പുറത്തിറങ്ങി.. അങ്ങോട്ട് മാറി നിന്നോളൂ അവിടെ നല്ല പ്രകൃതി രമണീയതയാണ് എന്ന് ആങ്ങള. അഭിനവങ്ങള്‍ രണ്ടും വീടിന്റെ സൈഡില്‍ പോയി ആ പറമ്പില്‍ നിന്ന് അലപം താണ ഒരു പറമ്പിലേക്ക് ചാടുന്നത് ഞാന്‍ കണ്ടു. “അവിടെ ഒരു കുളമുണ്ട്. ഭയങ്കര പ്രകൃതിരമണീയതയാണ്” എന്ന് ആങ്ങള. (ഇവനാരഡേ പ്രകൃതിരമണീയതയില്‍ കൈവിഷം കൊടുത്തത് )

പുറത്ത് പാറ്ക്ക് ചെയ്തിരുന്ന എന്റെ യമഹ കെ.ഡി.ഇ 8089 (ഇടിവാളിന്റെ കയ്യില്‍ നിന്ന് വാങിയത്) യെ പറ്റി ആങ്ങള്‍ ചോദിക്കുകയും ഞാന്‍ അല്പം പൊക്കി അതിനെ പറ്റി പൊങ്ങച്ചം അടിച്ചുവിടുകയും ചെയ്തു.

അപ്പോള്‍ അതാവരുന്നു:

ഗോഡ് ഫാദറില്‍ കനകയോട് ഐ ലവ് യു പറയാന്‍ പോയ മുകേഷ് ജഗദീഷിന്റെ അടുത്തേക്ക് ഓടി വരുന്ന വരവുണ്ടല്ലോ.. അതു പോലെ വണ്ടിയെടുക്കടേ വണ്ടിയെടുക്കടേ... എന്ന് പറഞ്ഞ് കൂട്ടുകാരന്‍...

ചാടിക്കയറി വണ്ടി വിട്ടു.

കുളത്തിന്‍ കരയില്‍ സംഭവിച്ചത്:

താഴ്ത്തെ പറമ്പിലേക്ക് പെണ്ണ് ചാടി. ഫുള്‍ സ്ലീവും ഇട്ട് പാന്റ്സിനുള്ളിലേക്ക് മാത്രമല്ല കുന്നത്തിലേക്കും (കുന്നത്ത് കട് വിശാലേട്ടന്‍) ഷറ്ട്ട് കുത്തിക്കേറ്റി ‘ഇന്‍‘ ചെയ്ത ലവന് നേരെ പെണ്ണ് കയ്യ് നീട്ടിയത്രേ “പിടിക്കണോ?” എന്ന് ചോദിച്ച്.

നോ താങ്ക്സ് എന്ന പറഞ്ഞ് താഴേക്കിറങ്ങിയ അവന്‍ ചെറിയൊരു പൊട്ടക്കുളം കണ്ടു.

നമുക്കിവിടെയിരിക്കാം. പെണ്ണ്. പറഞ്ഞതും അവള്‍ ഇരുന്നു.

ഇതെന്തൊരു കൂത്ത് എന്ന് മനസില്‍ പറഞ്ഞ് അവനും ഇരുന്നു.

ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലേക്കെറിഞ്ഞ് അവള്‍ ചോദിച്ചു:
എന്നെ ഇഷ്ടമായോ?

വലിയ നിരീക്ഷകനായ അവന് അവള്‍ എറിഞ്ഞ കല്ല് എന്തോ ഇരയാണെന്ന് കരുതി ഒരു പച്ചക്കളറന്‍ തവള ഓടി വന്ന് തിന്നാന്‍ നോക്കിയതും ചമ്മി കരയിലേക്ക് നോക്കി അവളെ തെറി പറഞ്ഞതും നിരീക്ഷിക്കാനായില്ല.

എന്താ മിണ്ടാത്തേ, നാണമാണല്ലേ. വീണ്ടും അവള്‍.

എനിക്കിഷ്ടായിട്ടാ....അവള്‍ തന്നെ.

ഇത്രയും നടന്നത്.

ഇതു കഴിഞ്ഞതും അവന്‍ ഓടീ എന്റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ വണ്ടി വിട്ടു.

പക്ഷേ അവന്‍ പൂരിപ്പിക്കുന്നത് ഇങ്ങനെ:

അവള്‍ എനിക്കിഷ്ടായിട്ടാ എന്ന് പറഞ്ഞപ്പോള്‍ അവന്‍: കുട്ടിക്കിഷ്ടായത് എന്റെ രൂപത്തേയും പെരുമാറ്റത്തേയും ആണ്. യഥാറ്ത്ഥ നമ്മള്‍ എന്താണെന്ന് നമ്മള്‍ക്ക് രണ്ടുപേറ്ക്കും അറിയില്ല. അതുകൊണ്ട് ഞാന്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാം. ബൈ ഫോറ് നൌ!

പക്ഷേ അവന്റെ അവിടെ നിന്ന് വന്ന മുഖം കണ്ട എനിക്ക് തോന്നുന്നില്ല അവന്‍ അങ്ങനെ പറയുമെന്ന്.

15 Comments:

Blogger ഇടിവാള്‍ said...

ആ മെറ്റാലിക്ക്‌ വയലറ്റു കളറിലുള്ള യമഹ കച്ചവടത്തില്‍ ബാലന്‍സുള്ള ഒരു 5000 രൂപയെപ്പറ്റി എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നൂ മകനേ !

അതിന്റെ ഈക്വലന്റ്‌ ദിര്‍ഹം എട്‌റാ !

9/26/2006 09:03:00 AM  
Blogger ബിന്ദു said...

ഇതു പോലെ ഒരനുഭവം എന്റെ അമ്മാവന്‍ പെണ്ണുകാണാന്‍ പോയിട്ട് വന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വണ്ടി വിട്ടോടാ എന്നു വിളിച്ചു പറഞ്ഞാണ് അമ്മാവന്‍ ഓടി വന്നതെന്ന് കൂട്ട് പോയ എന്റെ കണവന്‍ സാക്‍ഷ്യപ്പെടുത്തുകയും ചെയ്തു.:)

9/26/2006 09:10:00 AM  
Blogger സങ്കുചിത മനസ്കന്‍ said...

ആ വണ്ടി യമഹക്കാര് വാങ്ങിക്കൊണ്ടുപോയി ഇഡീ. അതായത് ഒരു വണ്ടി ഓടാന്‍ ഇത്ര കുറച്ച് സാധങ്ങള്‍ മതി എന്ന് അന്നാണ് അവറ്ക്ക് മനസിലായത്. ;)

ബിന്ദു; അമ്മാവന് പെണ്ണുകാണാന്‍ കണവന്‍ കൂടെ പോയി???!!!!! ഭയങ്കര ജെനറഏഷന്‍ ഇമ്പാലന്‍സ്മെന്റ്!.

9/26/2006 09:17:00 AM  
Blogger അലിഫ് /alif said...

അമ്മാവന്റെ മകനു പെണ്ണുകാണാന്‍ ഞാനായിരുന്നു മിക്കവാറും കൂട്ട്, അവന്റെ അവസാനത്തെ പെണ്ണൂകാണലിനും. നമ്രമുഖിയായി ചായകൊണ്ടു വരുന്ന പെണ്ണിനെ സാകൂതം നോക്കിയിരിക്കയാണവന്‍. പെണ്ണ് ചായ കൊണ്ട് വന്നത് ഒരു ട്രേയില്‍ രണ്ട് കപ്പും സോസറുമെല്ലാമായിട്ട്. ഇവന്‍ ആകയൊന്ന് അന്ധാളിച്ചു, കാരണം ഇതുവരെയായും കൈയ്യില്‍ ഗ്ലാസിലാക്കിയ ചായ കൊണ്ട് വരുന്ന പെണ്ണിനെയേ അവന്റെ സങ്കല്‍പ്പത്തിലുള്ളൂ, കാരണം അതായിരുന്നു എക്സ്‌പീരിയന്‍സ്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അന്തം വിട്ട അവന്‍ ട്രേ യോടെ ഒരു പിടുത്തം, ലവളുടെ കണ്ട്രോളും പോയി. ഇവന്‍ ചായകപ്പെടുക്കുമെന്നല്ലേ ആ കുട്ടി വിചാരിച്ചിരുന്നത്. രണ്ടും കൂടി അത്യാവശ്യം ബല പരീക്ഷണമായി,പിടിവലിയായി; ചായ മറിഞ്ഞ് കാര്‍ന്നോരുടെ നെഞ്ചത്ത്. എന്തായാലും അവന്റെ പെണ്ണുകാണല്‍ അതോടെ നിന്നു (എന്റെയും). അവസാന സമയത്ത് വീട്ടുകാരുടെ എതിര്‍പ്പു സമ്പാദിച്ചിട്ടും (ലതു തന്നെ, സ്ത്രീധനം..)അവന്‍ അവളെതന്നെ കെട്ടി, സന്തോഷമായി ജീവിക്കുന്നു.

9/26/2006 10:30:00 AM  
Blogger s.kumar said...

konnu kolavilichallo gadye. ennalum ethrakkangadu veno?
visaalaguru enthanavo camantatthe?

9/26/2006 10:38:00 AM  
Blogger à´ªà´Ÿàµà´Ÿàµ‡à´°à´¿ l Patteri said...

നല്ലതു ആരു എഴുതിയാലും അതു എവിടെ എഴുതിയാലും അതുഇഷ്ടപെട്ടാല്‍ ഇഷ്ടപെട്ടു എന്നു പറയുന്നതു എന്റെ ഒരു വീക്നെസ്സ് ആയിപ്പോയി,
സങ്കു ചേട്ടാ, കമന്റാക്കാന്‍ തിരക്കിട്ടെഴുതിയതു വായിച്ചപ്പോല്‍ പെട്ടെന്നു തീറ്ന്ന്തു പോലെ തോന്നി. നല്ലതു കുറചു പോരെ അല്ലെ...ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയതിനു നന്ദി

ഓ.ടോ: എപ്പോഴും പേരു മാറ്റുന്ന ഒരു സ്ഥലത്തു കൊണ്ടുവന്നു ഇത്ര നല്ല ഒരു പോസ്റ്റ് പോസ്റ്റണൊ. പറഞ്ഞതു വിഎമം ​ആയാലും സിഎമം ​ആയാലും ...

9/26/2006 12:55:00 PM  
Blogger സൂര്യോദയം said...

'മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം ...'

നല്ല രസികന്‍ വിവരണം...
ഒരു പെണ്ണ്‍ 'എനിക്കിഷ്ടായിട്ടാ...' എന്നു പറഞ്ഞാല്‍ ഓടാന്‍ മാത്രം ഉണ്ടോ...? :-)

9/26/2006 09:05:00 PM  
Blogger ikkaas|ഇക്കാസ് said...

ടി.വി.സീരിയലു കണ്ട് കണ്ട് ഇപ്പൊ ‘അപ്പന്‍ ചത്തു, അടിയന്ത്രോം കഴിഞ്ഞു’ എന്ന് പറഞ്ഞാലും ‘എന്നിട്ട്’ എന്നു ചോദിക്കുന്ന ശീലം അസ്ഥിക്കു പിടിച്ച്പോയി. അപ്പൊ സങ്കൂ, എന്നിട്ടെന്തായി? ആ പെണ്ണിനു പ്രാന്താര്‍ന്നോ? അതോ?

9/26/2006 09:23:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

സങ്കുജിതന്‍ ഭായ് വിവരണം അടിപൊളി...

9/26/2006 09:39:00 PM  
Blogger വിശാല മനസ്കന്‍ said...

സങ്കുചിതാ., താങ്ക്യൂ താങ്ക്യൂ.

‘ആ പെണ്ണ്‍ എന്റെ കയ്യീക്കേറിപ്പിടിച്ചെടാ‍ാ...‘

എന്നോ

‘അവള്‍ക്ക് പ്രാന്താടാ..‘

എന്നോ ആയിരുന്നു ഫ്രണ്ട് ഓടി വന്ന് പറയുക എന്നായിരുന്നു ഞാന്‍ വിചാരിച്ചത്!

9/26/2006 09:53:00 PM  
Blogger KANNURAN - കണ്ണൂരാന്‍ said...

വിവരണം കലക്കി...ഇനിയും കുറെ ഉണ്ടോ സ്റ്റോക്ക്??

9/26/2006 11:10:00 PM  
Blogger paarppidam said...

തകര്‍ത്തു സുഹൃത്തേ.
ഭാഗ്യം ആ പൊട്ടക്കുളത്തില്‍ ഒരു അഞ്ജാതജഡമാകാന്‍ യോഗം ഉണ്ടായില്ലല്ലോ?

9/26/2006 11:36:00 PM  
Blogger ദില്‍ബാസുരന്‍ said...

കല്ല്യാണം കഴിക്കാന്‍ പോയി പേടിച്ച് വേണ്ടെന്ന് വെച്ചു അല്ലേ. കൊള്ളാം ഇത് ഞങ്ങളുടെ ക്ലബ്ബിലാണ് ഇടേണ്ടത്.

ഇതൊക്കെത്തന്നെയാണ് ഞങ്ങളും പറയാന്‍ ശ്രമിക്കുന്നത്. :-)

9/26/2006 11:47:00 PM  
Blogger സങ്കുചിത മനസ്കന്‍ said...

ദില്‍ബാ,
ഞാന്‍ ഒരു ബൈക്ക് ടാക്സി ആയി പോയതാണ്. എന്റെ ആത്മകഥയല്ല ഹേ!

9/27/2006 12:53:00 AM  
Blogger ദില്‍ബാസുരന്‍ said...

ആദ്യം ഇടിവാള്‍ ഗഡി. ഇപ്പൊ സങ്കുചിതന്‍ ചേട്ടനും. ഡിസ്ക്ലെയിമര്‍ ഇറക്കേണ്ടി വരിക എന്നത് വിവാഹത്തിന്റെ ഒരു സൈഡ് എഫക്റ്റ് ആണ് അല്ലേ? :-)

9/27/2006 01:01:00 AM  

Post a Comment

Links to this post:

Create a Link

<< Home