Tuesday, October 03, 2006

വിപ്രലംഭ പര്‍വ്വം

കഴുകന്റെ കൊക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ആ പലായനത്തിനിടെ ചക്രവാകമിഥുനങ്ങള്‍ തടാകത്തിനിരുവശത്തുമായിപ്പോയി. അങ്ങനെ അവ മരിച്ചു" ചേട്ടന്‍ കഥ നിറുത്തിയപ്പോള്‍ എല്ലാവരും നിശബ്ദരായി. എനിക്കു മാത്രം മനസ്സിലായില്ല.

"തടാകത്തിനിരുവശത്ത്‌ അവ എങ്ങനെ മരിച്ചു?"

"എടാ ചക്രവാകപ്പക്ഷികള്‍ എന്നും തീവ്ര പ്രണയാതുരരാണെന്നും അവയ്ക്കിടയില്‍ ഒരു താമരയില വീണ്‌ പരസ്പരം കാണാതെയായാലും വിരഹം താങ്ങാതെ അവ മരിച്ചു പോകുമെന്നുമാണ്‌ കവിഭാവന". കഥയില്‍ കയറി ചോദ്യം ചോദിച്ച വിഢ്യാസുരാ എന്ന വിളി വിളിക്കാതെ വിളിച്ച്‌ ചേച്ചി വിശദീകരിച്ചു തന്നു.

"അതൊരുമാതിരി ഓവര്‍ ഭാവന ആണല്ലോ. ഈ ചക്രവാകങ്ങള്‍ മുട്ടേന്നു വിരിഞ്ഞപ്പോഴേ ഇണയുടെ കൂടെ ആയിരുന്നോ? എന്നിട്ട്‌ അന്നൊന്നും ചത്തില്ലല്ലോ. ഒരു ലിമിറ്റ്‌ ഒക്കെ വേണ്ടേ ." എന്റെ അജ്ഞത വെളിവായ ചമ്മല്‍ കൂടി ഞാന്‍ ചക്രവാകങ്ങളെ എഴുതിത്തള്ളിയതിനു കാരണമായിട്ടുണ്ടാവാം.

"ഇവനില്‍ ഒരനുരാഗിയില്ല. ഇവനറിയുന്നില്ല, ഇവനു അറിയാനും കഴിയില്ല" എന്നെ എഴുതിത്തള്ളി.

അതെ. എന്നില്‍ ഒരനുരാഗിയില്ല. ആ നിസ്സംഗത എനിക്കൊരുപാടു പ്രണയം നേടിത്തന്നിട്ടുണ്ട്‌! അതിനെയൊന്നും ഞാന്‍ ഗൌരവമായി കണ്ടിട്ടുമില്ല.

ചക്രവാകക്കഥ കേള്‍ക്കുന്ന പ്രായത്തില്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയോ ബീയറോ ഒരു സിനിമാ ടിക്കറ്റോ പ്രതിഫലം പറ്റി " നീയടുത്തെത്തുന്ന വേളകളില്‍ മാത്രം ഞാന്‍ ഞാനായിമാറുന്നു എന്നതില്‍ തുടങ്ങി എന്റെ തിരിച്ചറിവ്‌." "ഉരുകുന്ന ലാവ ഉറവപൊട്ടുന്ന ഒരു ഹൃദയം ഇതാ ഈ ലക്കോട്ടിനുള്ളില്‍ എന്നും" മറ്റും കൂട്ടുകാര്‍ക്ക്‌ അവരുടെ കാമുകിമാരുടെ മേല്‍ പ്രയോഗിക്കാന്‍ "love letter" എഴുതിക്കൊടുക്കുമായിരുന്നു. എന്റെ മനസ്സില്‍ അനുരാഗമില്ലാത്തതിനാല്‍ മാത്രമാണ്‌ അത്രയും ഡിറ്റാച്ച്ഡ്‌ ആയി ആ പൈങ്കിളിവരികള്‍ എഴുതി ചില്ലിക്കാശിനു വില്‍ക്കാന്‍ എനിക്ക്‌ കഴിഞ്ഞതും..

----------------------------------------------------------------------
ഇന്നലെ സീയെസ്സ്‌ ഒരസ്സല്‍ ഫോട്ടോ ഇട്ടിരിക്കുന്നു
"ഇതു നോക്കെടോ, ഫോട്ടോ!" ഞാന്‍ വിളിച്ചു. ആരും വിളി കേട്ടില്ല അവള്‍ നാട്ടില്‍ പോയിരിക്കുന്നു.

അതിനു കുറച്ചു മുന്നേ ഞാന്‍ എന്റെ വീടിന്റെ ഡോര്‍ ബെല്‍ അടിച്ചു കാത്തു നില്‍ക്കുമ്പോള്‍ അയല്‍വക്കക്കാരി ചിരിച്ചുകൊണ്ട്‌ "അതിനുള്ളില്‍ ആരുമില്ല, തുറന്നു കയറൂ" എന്നു പറഞ്ഞതു കേട്ട്‌ ഞാന്‍ ചമ്മിയതേയുള്ളൂ.

കുളിച്ചിട്ട്‌ "ടവല്‍" എന്നു കൂക്കുമ്പോള്‍ തിരിച്ചു കേള്‍ക്കാത്ത "ഒരെണ്ണം എടുത്തുകൊണ്ട്‌ കയറരുതോ"കള്‍. ഒരു പാരമീറ്റിങ്ങീനു മുന്നേയുള്ള അസ്വസ്ഥത പങ്കുവയ്ക്കാന്‍ ഞെക്കാവുന്ന ഒരു ഹോട്ട്‌ കീ എന്റെ മൊബൈലില്‍ ഇല്ലായെന്ന് അറിയുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ.

രാവിലേ ഇറങ്ങുമ്പോള്‍ ആരോടും യാത്ര പറയാനില്ല .

പോരുമ്പോള്‍ ഫാന്‍ ഓഫ്‌ ചെയ്യാന്‍ വിട്ടു. ടെലിഫോണ്‍ ബില്ല് അടച്ചിട്ടില്ല. ഉച്ചക്ക്‌ കഴിക്കാന്‍ ചോറുമാത്രമേയുള്ളൂ, കറിയില്ല.


ഒരു സുഹൃത്തുകൂടി ഇന്നലെ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചു. കരയാന്‍ കഴിയുന്നില്ല.

മീശവെട്ടുന്ന കത്രിക കാണാനില്ല. ഞാന്‍ ജഗതി ചില സിനിമയില്‍ വയ്ക്കുന്നതുപോലത്തെ കള്ളരിപ്പന്‍ മീശയുമായി ഓഫീസിലിരിക്കുന്നു ഇപ്പോള്‍. കുറുമാന്‍ ഡെന്മാര്‍ക്കില്‍ നിന്നെത്തിയോ എന്ന് അന്വേഷിക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ ബുക്കും കാണുന്നില്ല.

വീടു വിട്ട്‌ 15 വര്‍ഷം ഒറ്റക്ക്‌ കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ വിവാഹിതനായത്‌. ഇപ്പോള്‍ ആറു വര്‍ഷംകൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗം അവളായിപ്പോയി. കുറച്ചു ദിവസത്തേക്കാണെങ്കിലും അവള്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പകുതിയായി ചുരുങ്ങിപ്പോയി.

ഒറ്റക്കാകുമ്പോള്‍ ചെയ്യാമെന്നു കരുതി ഒരുപാടു കാര്യങ്ങള്‍ മാറ്റിവച്ചിരുന്നു. അതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു റാക്ക്‌ നിറയെ പുസ്തകമിരിക്കുന്നു.. ഒന്നും വായിക്കുന്നുമില്ല. അതിനൊന്നും അര ഞാന്‍ പോരാ, മുഴുവന്‍ ഞാന്‍ തന്നെ വേണം.

i miss you എന്നൊരു സന്ദേശമയച്ചാലോ? മൊബൈല്‍ എടുത്തു. ബട്ടണുകള്‍ ഞെക്കിത്തീര്‍ന്നപ്പോള്‍ വന്നത്‌ ഇങ്ങനെ " watchout for the gnats, chikungunya is rampaging @ kerala"
----------------------------------------------------
ഒപ്പം ചേട്ടനും ഒരു സന്ദേശമയക്കാന്‍ തോന്നി . "ചക്രവാകപ്പക്ഷികളെക്കുറിച്ചുള്ള കവി സങ്കല്‍പ്പം ഓവറാണെന്ന പ്രസ്ഥാവന 18 കൊല്ലത്തിനു ശേഷം ഞാന്‍ പിന്‍വലിച്ചോട്ടേ?" എന്ന്.

അയച്ചില്ല. പൊന്നനിയന്‍ നട്ടപ്പാതിരാക്ക്‌ ഏതെങ്കിലും ബാറിലിരിക്കുകയാണെന്ന് അതു കിട്ടുമ്പോള്‍ ചേട്ടന്‍ കരുതും.