Tuesday, May 26, 2009

പ്രണയദൂരം

മഷിത്തണ്ടിലും,മയിൽപ്പീലിയിലും പ്രണയത്തിന്റെ മധുരം പകർന്ന ഇന്നലെകൾ ഇല്ലാത്തവർ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിൻനോട്ടങ്ങളും ചെറിയ പുഞ്ചിരികളും...
വിറക്കുന്ന വിരലുകൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പകപ്പൂക്കളും റോസാപ്പൂക്കളും...മനസ്സിലെ പ്രണയചെപ്പിലെ വിലമതിക്കാനാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.ഗുൽമോഹർ പൂക്കളെപ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുരനൊമ്പരങ്ങളായ ഓർമ്മകൾ.

ലൈബ്രറിവരാന്തയിൽ വച്ചാണ്‌ ആ കുസൃതിക്കണ്ണുകൾ ആദ്യമായി ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ പ്രണയത്തിന്റെ മധുരഗാനം മനസ്സിൽ ആദ്യമായി മൂളിയതെപ്പോൾ എന്ന് അറിയില്ല.ക്ലസ്സുകൾക്ക്‌ പുറകിലെ പുൽത്തകിടിയിൽ കൂട്ടുകാർക്കൊപ്പം സൊറപറഞ്ഞിരിക്കുമ്പോൾ അതുവഴി കടന്നുപോയവരിലെ നീളൻമുടിക്കാരി ഒരുനിമിഷം തിരിഞ്ഞുനോക്കിയപ്പോളോ അതോ ഇനി കവിതകൾ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമരദിനങ്ങളിലോ?എപ്പോഴോ അവൾ എന്റെ ആത്മാവിൽ ചേക്കേറി.

അവൾക്കും എനിക്കും ഇടയിൽ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു.ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാൻ പിന്നെയും ഒരുപാട്‌ കാലം എടുത്തു.അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിനരാത്രങ്ങൾ എണ്ണപ്പെട്ടിരുന്നു. ഓടുവിൽ യാത്രാമൊഴിയായി തേങ്ങലിൽ മുങ്ങിയ ഒരു ചുടുചുമ്പനം.

മുന്നോട്ടുള്ള യാത്രയിൽ ജീവിതം ശരീരങ്ങളെ എതിർദിശകളിലേക്ക്‌ നയിച്ചു.തൊഴിൽ അനേഷിച്ചലയുന്ന വഴികൾക്ക്‌ അറ്റമില്ലെന്ന് തോന്നി തളർന്നുറങ്ങിയപ്പോളും അവൾ സ്വപ്നങ്ങളിലെ നിത്യസന്ദർശകയായി.പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചുകൊണ്ടിരുന്ന പ്രണയം മാസശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങൾക്കായി വഴിമാറി.എന്നെ വലയം ചെയ്ത കെട്ടിടക്കൂമ്പാരങ്ങൾക്കിടയിൽ എവിടെയോ അവൾ വഴിപിരിഞ്ഞത്‌ അറിഞ്ഞില്ല.

തിരക്കേറിയ ദിനരാത്രങ്ങൾ പല ആളുകൾ വ്യത്യസ്ഥമായ നാടുകൾ.അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട്‌ ചില കെട്ടിടങ്ങൾ. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖചമക്കുവാൻ ഇടംതേടിചെന്നപ്പോൾ അമ്പരപ്പിനെ നിമിഷങ്ങൾ പകർന്ന് ആ രൂപം മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഇരുവരും ഔപചാരികതകൾക്കായി വാക്കുകൾ പരതിയപ്പോൾ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങൾക്കിടയിലേക്ക്‌ കടന്നുവരുന്നത്‌ ഞങ്ങൾ അറിഞ്ഞു.വർഷങ്ങളുടേ പഴക്കം ഉണ്ടായിരുന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു.കാലം അതിനു യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.ആ നിമിഷത്തിൽ ഞങ്ങൾക്കിടയിലെ കേവലദൂരം അവളുടെ മൂർദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.