Wednesday, October 18, 2006

സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം....വിടരും..

രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ അസ്വസ്ത്തത. അവള്‍ കൊണ്ടു വന്ന ചായ കുടിച്ചു . ഞാന്‍ പറഞ്ഞു. ഒന്നുമില്ല ഒരു പനി പോലെ. അവള്‍ എന്‍റെ നെറ്റിയില്‍ കൈവയ്ച്ചു നോക്കി.ചെറിയ ചൂടുണ്ട്‍.


എന്നത്തെയും പോലെ നടക്കാനിറങ്ങിയ എന്നോടു്, “ഇന്നു കൂടുതല്‍ നടക്കണ്ടാ. അല്പം നടന്നു പോരൂ“.ഞാന്‍ ചിരിച്ചു ശരി പറഞ്ഞു നടന്നു.


കുളുര്‍മ്മയുള്ള കുളിര്‍ കാറ്റു വീശുന്നു.ഹിമാലയ സാനുക്കളില്‍ നിന്നു് ദേവതാരു മരങ്ങളെ തഴുകി എത്തുന്ന കുളിര്‍കാറ്റില്‍ നിന്നു് മോക്ഷപുണ്യങ്ങള്‍ കൈ നീട്ടി വാങ്ങി ഞാന്‍ നടന്നു.
പരിചയക്കാരൊക്കെ “നമസ്ക്കാറ്‍‍‍” പറയുമ്പോള്‍ ഓര്‍ത്തു. വിവാഹിതനു കിട്ടുന്ന സ‍മൂഹത്തിലെ വില. പരിചയക്കാരൊക്കെ ഗുഡ് മോണിങ്ങ് എന്നും, നായര്‍ സാബ് പ്രണാം എന്നൊക്കെ പറഞ്ഞു പോകുമ്പോള്‍ സമൂഹത്തില്‍ ഒരു വിവാഹിതന്‍റെ ധന്യത ശരിക്കും മനസ്സിലാകുന്നു.
പാര്‍ക്കിന്‍റെ മറ്റൊരു കോണില്‍‍,തിരസ്ക്കാരങ്ങളും വാങ്ങി മസ്സിലു പിടിച്ചു് നടക്കുന്ന പാവം ബാച്ചിലേര്‍സിനേയും കണ്ടു് അയാല്‍ വീട്ടിലെത്തി.എന്തിനാണിവരിങ്ങനെ മസ്സിലുപിടിച്ചു് എക്സര്‍സയിസ്സൊക്കെ ചെയ്യുന്നതു്.സമയാ സമയങ്ങളീല്‍ ആഹാരമില്ല,ഉള്ള ആഹാരം ഫാസ്റ്റു ഫുഡ് ആണു്.വെള്ളമടിയും വാള്‍ വെപ്പും സ്പീഡിലുള്ള ബൈക്കോടിപ്പും.കഷ്ടം.




സിറ്റൌട്ടില്‍ ഇരുന്നു് പേപ്പര്‍ വായിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.നമുക്കു്‍ ഡോക്ടറടുത്തൊന്നു പോകണം.ഇപ്പം ഡെങ്കുവും ചിക്കന്‍ ഗുനിയയും ഒക്കെ നടക്കുകല്ലെ. ഒരു കണ്‍സള്‍ട്ടിങ്ങ് നല്ലതാണു ചേട്ടാ.ഞാന്‍ പറഞ്ഞു.പക്ഷെ നീ പറഞ്ഞതൊക്കെ കൊതുകു പരത്തുന്ന രോഗങ്ങളല്ലേ?.അതിനു് ഇവിടെ കൊതുകൊന്നുമില്ലല്ലോ.നീ ഈ വീടു് അത്രയ്ക്കു് വൃത്തിയായിട്ടല്ലെ സൂക്ഷിക്കുന്നതു്.


ഞാന്‍ ലാണിനെനോക്കിയിരുന്നു.പലവര്‍‍ണ്ണങ്ങളിലുള്ള സാരിയുടുത്ത ഒരു മലയാള ഗ്രാമ കന്യകയെ പോലെ സുന്ദരമായ പൂന്തോട്ടം.നിറച്ചും പൂക്കള്‍ .കൂടുതലും കേരളത്തിലുള്ളവ.ഓരോ അവധിക്കു നാട്ടില്‍ പോകുമ്പോഴും അവള്‍ പ്രയാസപ്പെട്ടു കൊണ്ടു വന്നു് വളര്‍ത്തിയതു്.നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു വാഴയും പൂന്തോട്ടത്തിനൊരു സൈഡില്‍ കുല വന്നു നില്പുണ്ടു്.


അവള്‍ കൊണ്ടു വന്ന ആവി പറക്കുന്ന ചായ കുടിച്ചു പത്രമൊക്കെ നോക്കിയപ്പോഴേക്കും ഡ്രൈവറും വന്നു.ഞാനും എന്‍റെ കളഗാത്രവും കാറില്‍ ഇരുന്നു.അഹൂജയുടെ ക്ലിനിക്കില്‍ ഒത്തിരി റഷ് ആയിരുന്നു.
മണിക്കൂറുകളായി കാത്തിരിക്കുന്നവരില്‍ കൂടുതലും ബാച്ചിലേര്സ് ആണെന്നു് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.ചിക്കന്‍ ഗുനിയ ബാധിച്ചിരിക്കുന്ന,നടക്കാന്‍ വയ്യാതെ ഒറ്റയ്കൊറ്റയക്കിരിക്കുന്ന ബാച്ചിലേര്‍സിനെ കണ്ട് വിഷമം തോന്നി.


നിയമമനുസരിച്ചാണെങ്കില്‍ രണ്ടു മണിക്കൂറു കഴിഞ്ഞേ ഞങ്ങളുടെ വിസിറ്റി‍നുള്ള സമയമാകൂ.പക്ഷേ അഹൂജ ഞങ്ങളെ കൂടുതല്‍ വെയിറ്റു ചെയ്യിപ്പിച്ചില്ല.വിവാഹിതന്‍റെ മുന്‍ഗ്ഗണന. മരുന്നും വാങ്ങി ഒരു ചിരിയും സമ്മാനിച്ചിറങ്ങുമ്പോള്‍ ദൂരെ ബഞ്ചില്‍ അതിരാവിലെ വന്നിരിക്കുന്ന ഡങ്കു പനി പിടിച്ച പാവം ബാച്ചിലേര്സു് അവരുടെ ഊഴവും കാത്തിരിക്കുന്നതു് കണ്ടില്ലെന്നു നടിച്ചു.


വീട്ടില്‍ വന്നു.ഞാന്‍ പറഞ്ഞു.ഓഫീസ്സില്‍ ഒന്നു പോയി വരാം.അവള്‍ പറഞ്ഞു,എളുപ്പം വരണം.ഇന്നു് ഫുള്‍ റ്റൈം ഡ്യൂട്ടി വേണ്ട.അടുത്ത മരുന്നു് 2 മണിക്കു കഴിക്കാനുള്ളതാണു്.
ഒരു ചെറു ചിരി സമ്മാനിച്ചയാള്‍ കാറില്‍ കയറുമ്പോള്‍, പൂമുഖ വാതുക്കല്‍ സ്നേഹം വിതറി ഒരു മാലാഖയെപ്പോലെ അവള്‍ കൈ വീശുകയായിരുന്നു.


ഓഫീസ്സിലെത്തി.അത്യാവശ്യ വര്‍ക്കുകളൊക്കെ ചെയ്തു.വെറുതേ തന്‍റെ എ.സി.മുറിയില്‍ ഇരിക്കുമ്പോള്‍ തന്‍റെ മെറ്റമോര്‍ഫോസിസ്നെ ക്കുറിച്ചു് ആലോചിച്ചു.ഒരു ബാങ്കുദ്യോഗസ്തനായി ഈ മറുനാട്ടിലെത്തിയ അയാള്‍‍ ,അയാളുടെ രൂപാന്തരങ്ങള്‍ (മെറ്റമോര്‍ഫോസിസ് )ഫ്ലാഷ് ബാക്കില്‍ കാണുകയായിരുന്നു.
ജോലി കിട്ടി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനാകുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, ഭാഗ്യദേവതയെയാണു് താന്‍ വരമാല അണിയിച്ചതെന്നു്.


കൊട്ടും കുരവയും ആയി നിലവിളക്കും നിറപറയും ആയി “വസ്ത്രം കൊടുക്കട്ടോ”എന്നു‍് നാട്ടാരോടു ചോദിച്ചനുവാദം വാങ്ങി,മിന്നുകെട്ടി വിവാഹിതനായതില്‍ അഭിമാനം തോന്നി.
മറു നാട്ടിലെത്തി മനോഹരമായി ജീവിക്കുകയായിരുന്നു.ബൈക്കില്‍ തന്‍റെ പൈങ്കിളിയുമായി സഞ്ചരിക്കുമ്പോഴൊക്കെ ഓര്‍ത്തു.പതുക്കെ.എന്തിനു് ഒരു ബാച്ചിലറിന്‍റെ വിഭ്രാന്തി കാണിക്കണം.പുറകില്‍ തന്‍റെ കളഗാത്രമാണെന്നുള്ള ബോധം എല്ലാ വിവാഹിതരെയും പോലെ അയാള്‍ക്കും ഉണ്ടായിരുന്നു.


നാട്ടിലെ ചെല ബിസ്സിനസ്സു ചെയ്യുന്ന കൂട്ടുകാരുടെ ഉപദേശവും,അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും,ഒരു സൈഡു ബിസ്സിനെസ്സ് തുടങ്ങാന്‍ പറഞ്ഞതും അവള്‍ ‍.അങ്ങനെ തുടങ്ങി.ബാങ്കിലെ ജോലി രാജി വെക്കേണ്ടി വന്നതും വിധി.പക്ഷേ ബിസിനസ്സ് അടിവച്ചടിവച്ചു പുരോഗമിച്ചു.സ്വന്തമായി ഓഫീസ്സായി.ജോലിക്കാര്‍ ആയി.സ്വന്തം ഫ്ലാറ്റായി.കാര്‍ ബൈക്കിനു സ്ഥലം മാറി.രണ്ടു മക്കള്‍.മോനും മോളും.ഒരു വിവാഹിതന്‍റെ സൌഭാഗ്യങ്ങള്‍ ‍.



ത്രിപാഠിയെ അത്യാവശ്യ കാര്യങ്ങള്‍ ഏല്പിച്ചു് വീട്ടിലേയ്ക്കു തിരിച്ചു.കുറച്ചു ദൂരം ഓടിയ വണ്ടി ഒരു പാന്‍ കടയുടെ മുന്നില്‍ നിന്നു.ഡ്രൈവര്‍ക്കറിയാം.ചൌരസ്യാ പാന്‍ ഭണ്ടാറില്‍നിന്നും എന്നും പാന്‍ വാങ്ങുന്നതു്. അയാള്‍ ചെന്നു.വെറ്റിലയില്‍ ഒരു കലാകാരന്‍റെ വിരുതോടെ ചുണ്ണാമ്പു തേച്ചു, അടയ്ക്കാ കഷണങ്ങള്‍, ഏലക്കാ മറ്റു സുഗന്ധവ്യഞനങ്ങ്ള്‍ ചേര്‍ത്തു് ഒരു ഇലയില്‍ പൊതിഞ്ഞു്,സൈഡില്‍ ചുണ്ണാമ്പു ആവശ്യത്തിനെടുക്കാന്‍‍ പരുവത്തില്‍ വച്ചു്, ഒരീര്‍ക്കിലിയും കുത്തി ഭവ്യമായി മൂന്നു പാന്‍ തയ്യാറാക്കി പൊതിഞ്ഞു തന്നു. പോക്കറ്റില്‍ നിന്നു് 50 രൂപയുടെ നോട്ടെടുത്തു കൊടുത്തു.ബാക്കി തരാന്‍ വെപ്രാളപ്പ്ര്ടുന്ന ചൌരസ്യായോടു പറഞ്ഞു.ബാക്കി നാളെ വാങ്ങാമല്ലോ.ഒരു വിവാഹിതന്‍റെ പോക്കാറ്റില്‍‍ എപ്പോഴും രൂപാ ആവശ്യത്തിനു് കാണുമല്ലോ.



വീട്ടിലെത്തി .പൂമുഖവാതുക്കല്‍..... വന്നപാടേ എന്‍റെ നെറ്റിയില്‍ കൈവച്ചു നോക്കി.വാ വാ പനിയെ ഇല്ലല്ലോ.ഞാന്‍ ചിരിച്ചു.

ചാരുകസേര എടുത്ത വാഴയുടെ മൂട്ടില്‍ ഇട്ടിരുന്നു. ഗ്രുഹാതുരത്വം.ഇപ്പോള്‍ ഞാന്‍‍ ഞങ്ങളുടെ ഗ്രാമത്തിലെ എന്‍റെ പടിപ്പുര വാതിലിനു മുന്നിലെ കച്ചി തുറുവിന്‍റെ പിന്നില്‍ നില്‍ക്കുന്ന പ്രതീതി. എനിക്കെല്ലാം കാണാം.മുന്നില്‍ വിശാലമായ നെല്‍‍പ്പാടം.പടിഞ്ഞാറേ മൂലയിലൂടെ ഒഴുകുന്ന ചെറിയ ഒരു തോട്.



സ്കൂള്‍ ബസ്സു വന്നു നിന്നു.പെട്ടെന്നു കേള്‍ക്കുന്നു.അഛന്‍ ഇന്നു് ഓഫീസ്സില്‍ പോയില്ലേ?. മോനാണു്.അവ്ന് ഓടി വന്നു് എന്‍റെ തുടയിലിരുന്നു.മോള്‍ ഓടി വരുന്നു.‍അവരുടെ മലയാളം കേട്ടപ്പോള്‍‍ സന്തോഷവും ഒപ്പം അഭിമാനവും.
മലയാളം അവരെ പഠിപ്പിക്കുന്നതിന്‍റെ മൊത്തം ക്രെഡിറ്റും അവള്‍ക്കാണു.നാട്ടില്‍നിന്നു മലയാളം ഭാഷാ സഹായികള്‍ എഴുതി അയച്ചു വരുത്തുക,ഉമേഷ്ജിയുടെ ബ്ലോഗിലെ മലയാളം പഠിപ്പിക്കാന്‍ http://malayalam.usvishakh.net/for-kids/അതൊക്കെ പ്രിന്‍റെടുത്തു അവരെ പഠിപ്പിക്കുക.


മക്കള്‍‍ മാരോടൊപ്പം ആഹാരം കഴിക്കാന്‍ ഇരുന്നു.എനിക്കിഷ്ടപ്പെട്ട “പത്തു വെളുപ്പിനു്.മുറ്റത്തു നില്‍ക്കണ” രവീന്ദ്രന്‍ മാഷിന്‍റെ സംഗീതം, മൂസിക് സിസ്റ്റത്തില്‍ നിന്നും ഒഴുകുന്നു.
എനിക്കു ചൂടു പൊടിയരി കഞ്ഞിയും മക്കളുമാര്‍ക്കു അവരുടെ ആഹാരവും. അവള്‍ എന്‍റെ അടുത്തു വന്നിരുന്നു.ഞാന്‍ ചോദിച്ചു.നീ കഴിക്കുന്നില്ലേ.എനിക്കിന്നു വൃതമല്ലേ.കറുവാചൌത്തു്. ഇന്നുഇനി രാത്രിയില്‍ ചന്ദ്രനെ കണ്ടതിനു ശേഷമേ ആഹാരം കഴിക്കൂ.
ശരിയാണല്ലോ.ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി സുമംഗലികള്‍ ഈ നാട്ടില്‍ വ്രുതമെടുക്കുന്നു.ആ നല്ല ആചാരം മലയാളിയായ അവളും സ്വാംശീകരിച്ചിരിക്കുന്നു. ബഹുമാനം തോന്നുന്ന നിമിഷങ്ങള്‍.ഒരു വിവാഹിതനായതില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ .


പെട്ടെന്നൊര്‍ത്തുപോയി. വൈകുന്നേരം വ്രുതം കഴിയുമ്പോള്‍ അവള്‍ക്കു് ഒരു പുതിയ സാരി സമ്മാനമായി കൊടുക്കണമെന്നുള്ളതു് രീതിയാണു്. നാട്ടു നടപ്പാണു്.അതിനിനി സാരി വാങ്ങണമല്ലോ.അയാള്‍ അവളോടു പറഞ്ഞു.ഞാന്‍ ഒന്നു പുറത്തു പോയി വരാം.വൈകുന്നേരം നിനക്കുടുക്കാന്‍ പുതിയ സാരി വാങ്ങണ്ടേ. എന്തിനാ ചേട്ടാ ഇപ്പോള്‍.അന്നു ബാങ്ക്ലൂരില്‍ പോയപ്പോള്‍ വാങ്ങിയ അഞ്ചു സാരിയും പുതിയതല്ലേ.അതില്‍ ഒന്നിങ്ങെടുത്താല്‍ മതിയല്ലോ.ശരിയാണു്.ചുമ്മാതാണാളുകള്‍ പറയുന്നതു് .സാരിക്കും സ്വര്‍ണത്തിനും കൊതി കേറി നടക്കുന്നവരാണു് സ്ത്രീകള്‍ എന്നൊക്കെ.



അല്പ് സമയം കിടന്നു.വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ വീണ്ടും വെറുതേ വായിച്ചു കൊണ്ടുറ്ങ്ങി.അവള്‍ ചായ കൊണ്ടു വന്നു വിളിച്ചു.ചായ കുടിച്ചു് അല്പ സമയം റ്റിവി യുടെ മുന്നില്‍ ഇരുന്നു.



വെളിയില്‍ ആരോ കാളിങ്ങ് ബെല്ലടിച്ചതു കേട്ടങ്ങോട്ടു ചെന്നു.ശര്‍മ്മാജിയാണു്.എന്താ ശര്‍മ്മാജി.ഗേറ്റിനടുത്തേക്കു ചെന്നു.ശര്‍മ്മാജിയുടെ വീടിനുമപ്പുറം ബാച്ചിലേര്‍സു മാത്രം താമസ്സിക്കുന്ന ഒരു വലിയ ബില്‍ഡിങ്ങുണ്ടു്.അവിടെ രണ്ടാംബുലന്സു് വന്നു കിടക്കുന്നു.ശര്‍മ്മാജിയും ഞാനും അങ്ങോട്ടു ചെന്നു.കഷ്ടം നോക്കാനും കാണാനും ആരുമില്ലാത്ത ബാച്ചിലര്‍മാര്‍ തന്നെ, ഹോസ്പിറ്റലില്‍ നിന്നു് ആംബുലന്സു് കാര്‍ വരുത്തിയതാണു്. അഡ്മിറ്റാവാന്‍.സന്തി വേദനകാരണം നടക്കാന്‍ വയ്യാതെ ആംബുലന്‍സില്‍ കയറുന്ന ആ ഹത ഭാഗ്യരെ നോക്കി ശര്‍മ്മാജി ഇങ്ങനെ പറയുന്നതു കേള്‍ക്കാമായിരുന്നു.ഇവര്‍ക്കൊക്കെ ഇനി നേര്‍ ബുദ്ധി എന്നു വരും ബജരങ്കബലി?.

‍‍‍

രാത്രി.മനോഹരമായ ഒരു രാത്രി.
പൂര്‍ണചന്ദ്രനെ വണങ്ങി ദീര്‍ഘസുമങ്ങലീ വരവും വാങ്ങി,
കല്യാണപ്പെണ്ണിന്‍റെ വേഷ ഭാവങ്ങളോടെ അവള്‍ നടന്നു വന്നു.
പൂവും പ്രസാദവും എനിക്കും മക്കള്‍ക്കും തന്നു് അവള്‍ പ്രസാദ ഭക്ഷണം കഴിച്ചു.
ഞങ്ങള്‍ അത്താഴം കഴിച്ചു. നാളെ സ്കൂളില്‍ കൊണ്ടു പോകേണ്ട ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ മക്കളെ അവള്‍ സഹായിക്കുന്നു.
ഞാന്‍ ഞങ്ങ്ളുടെ ബെഡ് റൂമില്‍ ഇരിക്കുകയായിരുന്നു.മനോഹരമായി അടുക്കി വച്ചിരിക്കുന്ന പുസ്തക ഷെല്ഫിലേയ്ക്കു നോക്കിയപ്പോള്‍ അറിയാതെ എഴുനേറ്റു പോയി.പ്രതിഭാശാലികളെ നോക്കി തല കുനിച്ചു.
ഞാന്‍ മുറിയാകെ ഒന്നു കണ്ണോടിച്ചു.ഒരു ഷെല്‍ഫില്‍ ഗള്‍ഫില്‍ നിന്നും അളിയന്‍ കൊണ്ടു വന്ന മുന്തിയ തരം സ്കോച്ചുകുപ്പികള്‍ വച്ചിരിക്കുന്നു.ഒരു വിവാഹിതന്‍റെ വീട്ടില്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണതു്.
താന്‍ ഊരി വച്ച മുന്തിയ തരം റോളക്സു് വാച്ചു് ടീപോയില്‍ ഇരിക്കുന്നതു കണ്ടു് വീണ്ടും അളിയനെ ഓര്‍മ്മ വന്നു.
വിവാഹിതര്‍ക്കു മാത്രം അനുഭവിക്കാന്‍ സാധിക്കുന്ന മനോഹരമായ അളിയാളിയ ബന്ധം.
കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയവള്‍ വന്നു.കിടന്നില്ലേ?. ഒരു ഡോസ്സു മരുന്നില്‍ തന്നെ അസുഖം പമ്പ പറന്നു.ഞങ്ങള്‍ ചിരിച്ചു.കൂട്ടത്തില്‍ അവള്‍ പറഞ്ഞു നാട്ടിലേയ്ക്കുള്ള ഡ്രാഫ്റ്റിന്നു പോസ്റ്റു ചെയ്യിപ്പിച്ചിട്ടുണ്ടു്.പെറ്റതള്ളയെയും അഛനേയും എന്നും ദൈവത്തെ പോലെ കരുതണമെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊരു കുറവും വരുത്തരുതെന്നും ഏതൊരു വിവാഹിതനെയും പോലെ അയാളും പാലിക്കുന്നു.
സത്യത്തില്‍ ഒരു വിവാഹിതനായതില്‍ അഭിമാനവും ബഹുമാനവും.
ഉമേഷ്ജിയുടെ ബ്ലോഗിലെന്നൊ വന്ന “സ്ത്രീണാങ്കചിത്തം,പുരുഷസ്യ ഭാഗ്യം“ എന്നുള്ളതിന്‍റെ വാച്യാര്‍ഥം എന്തോ ആകട്ടെ.ഇങ്ങനെയും ഒരര്‍ഥം അതില്‍ ഒളിഞ്ഞിരിപ്പുണ്ടോ.നല്ല മനസ്സുമായി പുരുഷന്‍റെ ഭാഗ്യവുമായി സ്ത്രീ പുരുഷന്‍റെ ജീവിതത്തില്‍ വരുന്നതു തന്നെയാണു് വിവാഹം.


വെറുതേ വിശാലമായ ജന്നാല തുറന്നു ഞാന്‍ വെളിയിലേക്കു നോക്കി.മനോഹരമായ ലോകം ഉറങ്ങുന്നു.വെറുതേ ആകാശത്തേയ്ക്കു നോക്കി.നക്ഷത്രങ്ങള്‍ .....ഒരൊറ്റപ്പെട്ട ഒരു നക്ഷത്രത്തെയും കാണാനില്ല.വിവാഹിതരായ നക്ഷത്രങ്ങള്‍ അവരുടെ കുഞ്ഞുങ്ങളുമായി നിന്ന് മിനുങ്ങുന്നു.അവിടെ ബാച്ചിലേര്‍സില്ല. പൂന്തോട്ടത്തിലേക്കും ഒന്നു നോക്കി.വിവാഹിതരായ ചെടികള്‍ പൂത്തുല്ലസിച്ചു നില്‍ക്കുന്നു.
ഹിമാലയ ശ്രുംഖങ്ങളില്‍ നിന്നു ദേവതാരുവിന്‍റേയും, മോക്ഷ പുണ്യാര്‍ഥങ്ങളുടെയും ,മന്ത്ര തന്ത്ര വേദങ്ങളുടെയും, അര്‍ഥ മന്ത്രാക്ഷരങ്ങളുടെയും,ജീവതന്തുക്കളുമായെത്തുന്ന കുളിര്‍ കാറ്റിനു് നമോവാകം പറഞ്ഞു് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

_______________________

കണ്ടതും കേട്ടതും

ആകാശവാണി വെഞ്ഞാറമ്മൂട്‌, രാമങ്കരി, കൊയിലാണ്ടി. ഇപ്പോള്‍ക്കണ്ടതും കേട്ടതും. ക്ഷമിക്കണം ഇപ്പോള്‍ അവതരിപ്പിക്കുന്ന പരിപാടി "കണ്ടതും കേട്ടതും"( എലക്ട്രിക്ക്‌ ഓര്‍ഗനില്‍ രണ്ടു ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും പറണ്ടുന്ന അരോചകമായ ഒച്ച)


മൂല കഥ- ദില്‍ബാസുരന്‍
പുനരാഖ്യാനം- ദേവാസുരന്‍
കഥാ പാത്രങ്ങളും പങ്കെടുക്കുന്നവരും
സുകുവേട്ടന്‍ : മാണി
സുമതിച്ചേച്ചി : റാണി
"കണ്ടതും കേട്ടതും"

സുമ : "സുകുവേട്ടാ, അപ്പുറത്തെ ബാച്ചിലര്‍ പിള്ളേരു മീന്‍ വാങ്ങിക്കോണ്ടു വന്നിരിക്കുന്നു.. ഇവന്മാരെക്കൊണ്ട്‌ വല്യ ശല്യമായല്ലോ. ഇത്തിരി വിം ഇട്ടു വച്ചു കൊടുക്കട്ടോ? പിന്നെ ഈ വഴി വരില്ല."
സുകു: "അപ്പുറത്ത്‌ ആളുകള്‍ പച്ച മുരിങ്ങയില തിന്നു ഓക്കാനിക്കുമ്പോള്‍ നമ്മള്‍ എന്നും ഇവിടെ എത്ര കറികളാ വച്ചു കൂട്ടുന്നത്‌. വല്ലപ്പോഴും അവര്‍ക്കെന്തെന്തെങ്കിലും കൊടുത്തില്ലേല്‍ ദൈവശ്ശാപം കിട്ടും. അന്നദാനം മഹാദാനമെന്നാ ഗുരു കുറുമാന്‍ കാലാട്ടി പറഞ്ഞിരിക്കുന്നത്‌. പോരെങ്കില്‍ മീന്റെ പകുതി നമുക്കെടുക്കാമല്ലോ, നഷ്ടമില്ല."

സുമ: "അയ്യോടാ സുകുവേട്ടന്‌ എന്നുമുതലാ മനുഷ്യപ്പറ്റു വച്ചത്‌!"
സുകു: " അവര്‍ അയലത്തൊള്ളത്‌ നല്ലതാടീ. ഇവരിങ്ങോട്ട്‌ താമസം മാറി രാത്രി മുഴുവന്‍ വളേ കൊളേന്നു സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷം ഈ ഏരിയായില്‍ കള്ളന്മാരുടെ ശല്യം കുറഞ്ഞു. 24 മണിക്കൂറും റോഡേ നടപ്പല്ലിയോ. പോരെങ്കില്‍ സിഗററ്റു വലിച്ചു രാത്രി മുഴുവന്‍ ചുമക്കലും. ആ
ഗൂര്‍ഖേക്കൊണ്ട്‌ നടക്കാത്തത്‌ ഇവരു നടത്തി. "
സുമ: "അതു ശരിയാ. എന്നാപ്പിന്നെ വച്ചു കൊടുത്തേക്കാം."

സുകു: "പിന്നേ ഞാന്‍ രാത്രി വരുമ്പോ അവന്മാരുടെ അടുത്തു കയറി രണ്ടു പെഗ്ഗ്‌ അടിക്കും കേട്ടോ."
സുമ: "അതു ശരി.. അതാ നിങ്ങക്കു പെട്ടന്നു ബാച്ചി സ്നേഹം ഇളകിയത്‌! നാണമില്ലേ മനുഷ്യാ കൊച്ചു പിള്ളേരുടെ കൂടെ കള്ളു കുടിക്കാന്‍. തരത്തില്‍ പോയി കുടിക്കരുതോ?"

സുകു: " എടീ മണ്ടീ.. ബാറീന്നു ഇങ്ങോട്ട്‌ 30 കിലോമീറ്ററുണ്ട്‌. ബൈക്ക്‌ ഓടിച്ചാല്‍ പോലീസോ കാലനോ എന്നെ കൊണ്ടു പോകും.. ആര്‍ക്കു പോയി? നിനക്കും മോനും. ആട്ടോ വിളിച്ചാലോ പത്തു കുപ്പീടെ കാശു കൊടുക്കണം. കുപ്പി വാങ്ങി ഇവിടെ വയ്ക്കാന്‍ നീയൊട്ടു സമ്മതിക്കുകയുമില്ല"
സുമ: "കുടിച്ചേച്ചും വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കുപ്പി ഇവിടെ വച്ചാല്‍ നിങ്ങളു ഒരുമാതിരി ബാച്ചികള്‍ കാടി അല്ലല്ല ബ്രാണ്ടി കുടിക്കുമ്പോലെ ഇരുന്നു കുടിക്കും.. പിന്നെ ചെറുക്കന്‍ വളര്‍ന്നു വരുകയാ, അവനെങ്ങാണും കുപ്പിയിന്നു ഇസ്കിയാല്‍ അവനും കാണില്ല, ഞാനും കാണില്ല, കള്ളും കാണില്ല!"

സുകു : "അതാടീ മഠയീ പറഞ്ഞത്‌, ഞാന്‍ ബാച്ചികളുടെ കൂടെ പോയി രണ്ടെണ്ണം അടിക്കാമെന്ന്. കള്ളിനൊക്കെ എന്താ വില, മീനിനും. മീന്‍ കുടമ്പുളി ഇട്ടു വയ്ക്കണേ, നല്ല എരിവില്‍.."
സുമ: " എന്നാ വേഗം പോയിട്ട്‌ ഒരുപാടു താമസിക്കാതെ വാ. ദേ ഞാന്‍ കറി മോന്റെ കയ്യിലാ കൊടുത്തു വിടുന്നത്‌. അവന്‍ കാണണ്ടാ നിങ്ങളുടെ കുടിച്ച കോലം."
സുകു:" പേടിക്കെണ്ടെടീ, അവന്‍ ഗേറ്റു തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ല മൂത്രമൊഴിക്കണമെന്നോ ശര്‍ദ്ദിക്കാന്‍ വരുന്നെന്നോ പറഞ്ഞു മാറി നിന്നോളാം. അവന്‍ കാണൂല്ല."

സുമ: "നിങ്ങളു കള്ളന്റെ കാര്‍ന്നോരാ. പാവം ബാച്ചികള്‍. ദേ നമ്മടെ ചെറുക്കനും വളര്‍ന്നു ബാച്ചിയായിക്കോണ്ടിരിക്കുകയാ. നിങ്ങളു ചെയ്യുന്ന പറ്റിക്കല്‍‍ അവനു തിരിച്ചു കിട്ടുമേ"
സുകു: "കിട്ടെട്ടടീ. അവന്‍ വളരുമ്പോള്‍ അന്നത്തെ ചേട്ടന്മാര്‍ അവനെ ഓസും.. പിന്നെ അവനൊരു ചേട്ടനായി.അവന്റെ പുഷ്കര സമയത്തെ ബാച്ചികളെ ഓസും.. ഞാനും പണ്ട്‌ ഓസപ്പെട്ടിട്ടുണ്ട്‌ .. ആ കടമല്ലേ എനിക്കിന്നു പിരിഞ്ഞു കിട്ടുന്നത്‌.."

സുമ: "ഒടുക്കത്തെ ഓസുഫിലോസഫി. വേഗം പോയി മോന്തിയേച്ചു വാ.."

ബാച്ചിലറിന്റെ സമസ്യകള്‍

ശീര്‍ഷകം കണ്ടിട്ടു് ഇതു ബാച്ചിലേഴ്സിന്റെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഒരു പോസ്റ്റാണെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. അങ്ങനെയൊന്നു തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കാന്‍ എന്റെ ആയുഷ്കാലവും ഗൂഗിളിന്റെ ഡിസ്ക് സ്പേസും പോരാതെ വരും.

“ഗുരുകുലം” ബ്ലോഗില്‍ ഈയിടെയായി സമസ്യാപൂരണത്തിന്റെ അസ്ക്യത കണ്ടുവരുന്നുണ്ടു്. അതില്‍ പ്രസിദ്ധീകരിച്ച ചില പൂരണങ്ങള്‍ സന്തോഷ് ചെയ്യുന്നതുപോലെ ലോകോപകാരത്തിനായി പുനഃപ്രസിദ്ധീകരിച്ചാലോ എന്നൊരാഗ്രഹം. അതു് ഇവിടെയല്ലാതെ പിന്നെ എവിടെ ചെയ്യാന്‍?

സമസ്യ “പഞ്ചേന്ദ്രിയാകര്‍ഷണം” എന്നായിരുന്നു. വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം. പന്ത്രണ്ടാല്‍ മസജം സതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. അതു കണ്ടപ്പൊഴേ നമ്മുടെ ബാച്ചിലര്‍ മൌലീമാണിക്യം മണ്ടത്തരം ഫെയിം ശ്രീജിത്ത് ഒരു പൂരണമയച്ചിരുന്നു. അതു വൃത്തത്തിലൊതുങ്ങാഞ്ഞതിനാല്‍ ഞാനൊന്നു് ഉടച്ചു വാര്‍ത്തു് അല്പം പാരയും ചേര്‍ത്തു വിളക്കിയെടുത്തതു താഴെ.

വൈവിദ്ധ്യം കലരും സഹസ്രതരുണീ-
        രത്നങ്ങള്‍ തന്‍ ദര്‍ശനം,
കള്ളിന്‍ നിത്യമണം, തിരിഞ്ഞു കടി വി-
        ട്ടുള്ളെന്തുമേ ഭക്ഷണം,
കൈകള്‍, ബാഗു, ചെരിപ്പു തൊട്ട വഹയാ-
        ലെന്നും മുഖസ്പര്‍ശനം,
പഞ്ചാരയ്ക്ക സമൃദ്ധി-ബാച്ചിലറിനോ
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇതില്‍ നിന്നും പിന്നെ സന്തോഷ് എഴുതിയ മറ്റൊരു പൂരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു്, പരസഹായമില്ലാതെ ഞാന്‍ തന്നെ എഴുതിയ മറ്റൊരെണ്ണം താഴെ.

കോലില്‍ ചുറ്റിയ ചേലയും മിഴികള്‍ ത-
        ന്നൂണായി, മീന്‍‌കാരി തന്‍
മേലില്‍ നിന്നു വരും വിയര്‍പ്പുമണവും
        പൂന്തെന്നലായ്, നാരി തന്‍
കാലാലുള്ള ചവിട്ടു കോള്‍മയിര്‍, തെറി-
       ത്തായാട്ടു പഞ്ചാമൃതം,
ചാലേ ബാച്ചിലര്‍മാര്‍ക്കു പെണ്ണു സതതം
        പഞ്ചേന്ദ്രിയാകര്‍ഷണം!


ഇവ ഇവിടെയിട്ടില്ലെങ്കില്‍ പിന്നെ ഈ ബ്ലോഗ് എന്തിനു്?

ദേണ്ടേ ഒരു ബാച്ചിലര്‍....

ബാച്ചിക്കുട്ടന്‍ തന്റെ സഹബാച്ചി സുഹൃത്തുക്കളുമായി ജീവിതം ആസ്വദിക്കുകയാണ്‌.... ബാച്ചിക്കുട്ടന്റെ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം...

തിങ്കളാഴ്ച ദിവസം...

'ഹോ.. ഓഫീസില്‍ പോകണമല്ലോ പണ്ടാരം..' കിടയ്ക്കയില്‍ കിടന്നുകൊണ്ടുള്ള ബാച്ചിക്കുട്ടന്റെ മനോഗതം....തലേ ദിവസം മറ്റു ബാച്ചികളോടൊപ്പം മോന്തിയത്‌ ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം... അതുപിന്നെ മറ്റവന്‍ കേമനാണെന്ന് കാണിക്കാന്‍ വീണ്ടും വീണ്ടും ഒഴിച്ചപ്പോള്‍ എനിക്ക്‌ വിട്ടുകൊടുക്കാന്‍ പറ്റ്വോ... എന്തായാലും വാശി നാശം തന്നെ... തലവേദന മാറണമെങ്കില്‍ ഒരെണ്ണം വീണ്ടും അടിക്കണം... ലീവാണെങ്കില്‍ കിട്ടുകേം ഇല്ല.. ആ ദുഷ്ടന്‍ മാനേജറുടെ വായില്‍ കിടക്കുന്നത്‌ കൂടി കേള്‍ക്കണം...' ഇങ്ങനെയുള്ള ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയിക്കഴിഞ്ഞപ്പോഴെക്ക്‌ കിടയ്ക്കപ്പായയില്‍ നിന്ന് തപ്പിപ്പിടഞ്ഞ്‌ എണീറ്റു. വേഗം പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ ഡ്രസ്സ്‌ ചെയ്ത്‌ ഓഫീസില്‍ പോകാനിറങ്ങി.

ഒരുകണക്കിന്‌ തിരക്കിട്ട്‌ അല്‍പം ലേറ്റ്‌ ആയി ഓഫീസില്‍ എത്തി. അപ്പോഴുണ്ട്‌ മാനേജറുടെ ചോദ്യം..

'എന്താ ബാച്ചീ... വീട്ടില്‍ പ്രാരാബ്ദങ്ങളൊന്നും ഇല്ലല്ലോ ഇത്ര ലേറ്റാവാന്‍?'

'സോറി സാര്‍... കമ്പനി ബസ്സ്‌ കിട്ടിയില്ല... പിന്നെ...'

'ഇറ്റ്‌ സ്‌ ഓകെ...' ബാച്ചിയെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാനേജറുടെ മറുപടി.

സീറ്റില്‍ ഇരുന്ന് ചുറ്റുമുള്ളവരെയൊക്കെ ഒന്ന് വിഷ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ 'വിവാഹിത്‌' എത്തിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പുള്ളിക്കാരന്‍ ലീവ്‌ ആണെന്ന്.

'ഓഹോ... ഇവര്‍ക്കൊക്കെ ലീവ്‌ കൊടുക്കാന്‍ മാനേജര്‍ക്ക്‌ ഒരുകുഴപ്പവും ഇല്ലല്ലേ... ങാ.. അങ്ങേരും അവരുടെ ഗ്രൂപ്പ്‌ അല്ലെ... വിവാഹിതന്‍...' ബാച്ചിക്കുട്ടന്‍ പിറുപിറുത്തു.

ബാച്ചിക്കുട്ടന്‍ തനിക്ക്‌ അലോട്ട്‌ ചെയ്തിരിക്കുന്ന വര്‍ക്കില്‍ മുഴുകി. (ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു... പോസ്റ്റുകള്‍ വായിക്കല്‍... വിവാഹിതരെ തെറിപറയല്‍...)

ലഞ്ച്‌ ടൈം....

വല്ല ഗ്ലാമര്‍ പെണ്‍കിടാങ്ങളെയും നോക്കി വെള്ളമിറക്കിക്കളയാം എന്ന് വിചാരിച്ച്‌ കാന്റീനിലും മറ്റുമായി ഒന്നു കറങ്ങി...

'ഈ പെണ്‍കൊച്ചുങ്ങള്‍ക്ക്‌ എന്തുപറ്റീ... ഇവറ്റകള്‍ ഈ എക്സ്‌ ബാച്ചികളോട്‌ കൂടെയാണല്ലോ അധികവും സംസാരിക്കുന്നത്‌.... നമ്മള്‌ ഈ വേഷം കെട്ടി നടന്നിട്ട്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ... ഛെ...' ബാച്ചിക്കുട്ടന്‌ ദേഷ്യം സഹിക്കാനവുന്നില്ല.

വൈകീട്ട്‌ 5.30 ആയപ്പോള്‍ മാനേജര്‍ വന്നിട്ട്‌ പറഞ്ഞു..

'ആ വര്‍ക്ക്‌ ഈ ആഴ്ചതന്നെ ഫിനിഷ്‌ ചെയ്യണം... ക്ലയന്റിന്‌ ഡെമോ ചെയ്യാനുള്ളതാണ്‌... യു കാന്‍ സിറ്റ്‌ ലേറ്റ്‌ നോ... യു ആര്‍ എ ബാച്ചിലര്‍...'

ഇതും പറഞ്ഞ്‌ അങ്ങേര്‍ വീട്ടില്‍ പോയി.

'അതു ശരി... ഇവര്‍ക്കൊക്കെ കല്ല്യാണം കഴിഞ്ഞു എന്ന് വച്ച്‌ എന്തും ആവാം... ലീവെടുക്കാം, നേരം വൈകി വരാം... സമയത്ത്‌ വീട്ടില്‍ പോകാം... നമ്മള്‍ ബാച്ചികള്‍ മാത്രം ഇങ്ങനെ രാവും പകലും ഇല്ലാതെ പണിയെടുക്കാന്‍..' ബാച്ചിക്കുട്ടന്‍ തന്റെ സഹപ്രവര്‍ത്തകരായ മറ്റു ബാച്ചികളോട്‌ തന്റെ സങ്കടം പുറത്തെടുത്തു.

രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങി... നല്ല വിശപ്പ്‌..

'ഹോ .. വീട്ടില്‍ ഇന്ന് മറ്റവന്റെ കുക്കിംഗ്‌ ആണല്ലോ ഈശ്വരാ... .അവന്റെ മുട്ട പുഴുങ്ങലും മുരിങ്ങയില തോരനും പോരാഞ്ഞ്‌ ഇന്നെന്താണാവോ അവന്റെ പരീക്ഷണം... '
ഓര്‍ത്തപ്പോഴേ ബാച്ചിക്കുട്ടന്റെ വിശപ്പ്‌ ആവിയായിപ്പോയി.

'ഇനിയിപ്പോ ഹോട്ടലില്‍ നിന്ന് വല്ലോം കഴിക്കാന്‍ എന്നു വച്ചാല്‍ എങ്ങനെ വിശ്വസിച്ച്‌ കഴിക്കും... എല്ലാം മായമല്ലേ... ഇന്നാള്‌ ചേച്ചിയുടെ ബ്ലോഗ്‌ വായിച്ചപ്പോഴല്ലെ മനസ്സിലായത്‌ ഒന്നും വിശ്വസിച്ച്‌ വാങ്ങാനും കഴിക്കാനും വയ്യെന്ന്... വിഷം പോലും മായം ചേര്‍ത്തതാണത്രെ... ഹും കല്ല്യാണം കഴിക്കാതെ ഇങ്ങനെ നാട്ടുകാരുടെ പരീക്ഷണവസ്തുവാവാന്‍ തന്നെ തന്റെ വിധി....'
തന്റെ വിധിയെ സ്വയം പഴിച്ച്‌ വീട്ടിലെത്തി.റൂമിലെത്തി ഒന്ന് ഫ്രഷ്‌ ആയി ഫുഡ്‌ കഴിക്കാനിരുന്നു.

'എങ്ങനിണ്ട്രാ എന്റെ ഇന്നത്തെ പ്രിപ്പറേഷന്‍..?' ലവന്റെ ചോദ്യം...

'നീ എന്നാടാ കല്ല്യാണം കഴിഞ്ഞ്‌ ഒന്ന് മാറിത്താമസിക്ക്യാ... എന്നെ കൊന്നെടുത്തിട്ടേ നീയൊക്കെ എന്റെ മേലുള്ള പരീക്ഷണം നിര്‍ത്തൂ അല്ലെ...' ബാച്ചിക്കുട്ടന്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചു.

'ഓ... നിനക്ക്‌ പെണ്ണ്‍ കിട്ടില്ലെന്ന് വിചാരിച്ച്‌ ഞാനെന്തുപിഴച്ചു?... നീ പിന്നെ ഭയങ്കര കുക്ക്‌ ആണല്ലോ...വേണേല്‍ വിഴുങ്ങീട്ട്‌ എണീറ്റ്‌ പോടാ... നിന്റെ കുക്കിംഗ്‌ കാരണം എന്റെ വയറ്‌ ഇതുവരെ നോര്‍മ്മല്‍ ആയിട്ടില്ല... പിന്നല്ലെ...' അവന്റെ വക കിട്ടനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടിയതും വിഴുങ്ങി മിണ്ടാതിരുന്നു.

പിന്നെ, ചര്‍ച്ച കാന്റീനില്‍ കണ്ട സുന്ദരികളെക്കുറിച്ചും ഈ കല്ല്യാണം കഴിഞ്ഞവരുടെ ഭാഗ്യങ്ങളെപ്പറ്റിയുമൊക്കെയായി കടന്നുപോയി.ഫുഡ്‌ കഴിഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌.. വീട്ടിലേക്ക്‌ ഒന്നു വിളിക്കാം.. ഇന്നലെ ബോധം ഉണ്ടായില്ലല്ലോ വിളിക്കാന്‍...

ബാച്ചിക്കുട്ടന്‍ ഫോണെടുത്തു..'ആ.. അമ്മയല്ലെ... ഇത്‌ ഞാനാ... എന്തൊക്കെയാ അവിടെ പുതിയ വിശേഷം... ങാ... ആ..... ആ പിന്നെ അമ്മേ.. എന്റെ ബാച്ചിലുണ്ടായിരുന്ന ബിച്ചുവിന്റെ കല്ല്യാണം ഫിക്സ്‌ ചെയ്തു... ങാ.. അതുതന്നെ.. അന്ന് വീട്ടില്‍ വന്നില്ലേ... അത്‌ തന്നെ... ങാ... എന്നാ ശരീ... പിന്നെ വിളിക്കാം...'

'എവടെ.... എന്റെ കാര്യം ഒന്ന് ഓര്‍ക്കട്ടെ എന്നുവിചാരിച്ചാണ്‌ ബിച്ചുവിന്റെ കാര്യം പറഞ്ഞത്‌... അമ്മയ്ക്കുണ്ടോ വല്ല ചിന്തയും...' ബാച്ചിക്കുട്ടന്റെ നിരാശയോടെയുള്ള മനോഗതം വീണ്ടും.

കുറേ നേരം ടി.വി. ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതില്‍ സഹമുറിയന്മാരുമായി തല്ലുപിടിച്ചിരുന്നു... പിന്നെ പോയി ഉറങ്ങാന്‍ കിടന്നു..

'ഇനി അടുത്ത ശനിയാഴ്ചയാവണം ഒന്ന് മദ്യപിക്കാന്‍.... ശനിയാഴ്ചയും ഓഫീസില്‍ വരാന്‍ ആ ദുഷ്ടന്‍ പറയുമല്ലോ....എന്നാണാവോ ഈശ്വരാ ഈ ഏകാന്ത ജീവിതം അവസാനിക്കുക??? എന്നാണാവോ എന്റെ ജീവിതത്തിലേക്ക്‌ ഒരു പെണ്‍കുട്ടിയുടെ സാന്നിധ്യം ഉണ്ടാവുക.... നല്ല ഭക്ഷണം കഴിച്ച്‌, സമൂഹത്തില്‍ നല്ല ഒരു ഇമേജോടെ... അങ്ങനെ ജീവിതം ആസ്വദിച്ച്‌.... ഈശ്വരാ....'

ബാച്ചിക്കുട്ടന്‍ പ്രാര്‍ത്ഥിച്ച്‌ കിടന്നുറങ്ങി.

Tuesday, October 17, 2006

സ്റ്റില്‍ ബാചിലേര്‍സ്

ഒന്നാം ദിവസത്തിനു മുന്‍പുള്ള ശനിയാഴ്ച്ച

വളരെ വളരെ നേരം ആലോചിച്ചു. അച്ഛനും അമ്മയ്ക്കും പണം മാത്രമാണ്‌ ചിന്ത. വലിയ വീടും കാറുമൊക്കെയുണ്ടെങ്കിലും എപ്പോഴും ശാസന മാത്രം. ഫാഷണബിള്‍ ആയ ഡ്രസ്സ്‌ പോലും ഇടാന്‍ സമ്മതിക്കില്ല. ഒരു സ്നേഹവും ഇല്ലെന്ന് മതിയായ തെളിവുകള്‍. ആലോചനയ്ക്ക്‌ വിരാമം.
സമയം രാത്രി 11.00 ആവുന്നു കിട്ടിയ കുറേ വസ്ത്രങ്ങള്‍ ബാഗില്‍ കുത്തി നിറച്ചു. പണം...?? വേണ്ട.. അല്ലെങ്കില്‍ തന്നെ ആര്‍ക്കു വേണം ഇവരുടെ പണവും സ്വര്‍ണ്ണവും? സുനില്‍ വളരെ അദ്ധ്വാനിയും സ്നേഹമുള്ളവനുമാണ്‌. പണത്തിന്റെ കുറച്ചു കുറവുണ്ടെന്നു മാത്രം. ബാഗുമായി പതിയെ വീടിന്‌ പുറത്തിറങ്ങി. സുനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഒന്നാം ദിവസം

കോവൈ ബസ്സ്‌ സ്റ്റാന്റ്‌. നല്ല തിരക്ക്‌. സുനിലിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക്‌. ഗംഭീര സ്വീകരണം. വൈകിട്ട്‌ കുറച്ചു കൂടുതല്‍ ആളുകളുമെത്തി. എല്ലാവര്‍ക്കും എന്തൊരു സ്നേഹം? ക്ഷീണം കാരണം വേഗം ഉറക്കം വന്നു.

രണ്ടാം ദിവസം

സുനിലിനും തനിക്കും വേണ്ടി സുഹൃത്ത്‌ ലീവ്‌ എടുത്തിരിക്കുന്നു..!!. മേട്ടുപ്പാളയം, ഊട്ടി.. ഹായ്‌.. എന്തു നല്ല യാത്ര.. സിനിമയില്‍ കാണുന്ന പോലെ തന്നെ.

......................
......................
.......................

സുനിലിന്റെ കയ്യിലെ പണം തീരുന്ന വരെയുള്ള ആ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ എത്ര പെട്ടെന്നാണ്‌ കഴിഞ്ഞത്‌? ജീവിതം എന്നാല്‍ ഇതു പോലെ വേണം..

ഏഴാം ദിവസം

ഓട്ടോയിലിരുന്നപ്പോള്‍ വീട്ടിലേക്ക്‌ ഒന്ന് എത്തി നോക്കിയിരുന്നു. മുന്‍ വശത്ത്‌ ആരേയും കണ്ടില്ല. സുനിലിന്റെ വീട്ടിലേക്ക്‌ ഇനിയും 5 മിനിട്ട്‌ കൂടി വേണം. വയസ്സായ അച്ഛനും അമ്മയും ഇറയത്ത്‌ ഇരിക്കുന്നു. ചെറിയ വീടെന്ന് പറഞ്ഞെങ്കിലും ധാരാളം ആളുകള്‍. രണ്ടു ചെറിയ മുറികളും അടുക്കളയും. ഒരു മുറിയില്‍ പെങ്ങള്‍ പ്രസവിച്ച്‌ കുട്ടിയുമായി കിടക്കുന്നു. അവരുടെ മൂത്ത കുട്ടി വന്ന് കയ്യില്‍ തൂങ്ങിക്കഴിഞ്ഞു. അയ്യേ.. ഒരു..അഗ്ലി ഗേള്‍..

പ്രിയ വായനക്കാരാ.. ഇത്രയുമേ എനിക്കുമറിയൂ...

എട്ടാം ദിവസം

നേരം പര പരാന്ന് വെളുത്തു വരുന്നേയുള്ളൂ. ഏതോ ഒരു പെണ്‍ ശബ്ദം കേള്‍ക്കാം. അച്ഛാ... അച്ഛാ... കരഞ്ഞു കൊണ്ട്‌ ഓടി വരുന്നത്‌ ആരെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ? അവളുടെ വീടിന്റെ വാതിലില്‍ കൊട്ടിക്കൊണ്ട്‌ കരയുന്നതു അച്ഛനും അമ്മയും വന്ന് കൂട്ടിക്കൊണ്ടു പോവുന്നതും കൂടി കണ്ടു.

ഇന്ന് ഒരുവര്‍ഷം കഴിഞ്ഞു...

സുനിലിനെ കണ്ടിരുന്നു. അവനു പ്രമോഷനായി. കിളിയില്‍ നിന്ന് ഡ്രൈവറിലേക്ക്‌. ഒരു ബസ്സും ഓടിച്ചു കൊണ്ട് പോകുന്നു. അവള്‍ എവിടെയോ.. ബാംഗ്ലൂരോ, ഹൈദ്രബാദോ, ദില്ലിയിലോ മറ്റോ ബന്ധുക്കളുമൊന്നിച്ചു അടുത്ത ഒരു കല്യാണത്തിനായി കാത്തിരിക്കുന്നു. നല്ല ഒരു ബാച്ചിലര്‍ പയ്യനെയും നോക്കി.....