Saturday, September 23, 2006

സില്‍ക്ക്‌, ഒരോര്‍മ്മക്കുറിപ്പ്

എന്റെ പ്രിയപ്പെട്ടവള്‍ വെച്ചു വിളമ്പിതന്ന നെയ്ച്ചോറിന്റെ ഉന്മത്തതകൊണ്ടാവും അന്നത്തെ ഉച്ചയുറക്കം കുറച്ചധികമായി. വിവാഹം കഴിഞ്ഞ്‌ എട്ട് വര്‍ഷമായിട്ടും ഇവള്‍ക്ക്‌ വെച്ചുണ്ടാക്കി തരാന്‍ മടിയൊന്നുമില്ലല്ലോന്ന് ഓര്‍ത്തപ്പോള്‍ മനസ്സിനൊരു സുഖം. എന്നാപിന്നെ ഇന്നത്തെ ഡിന്നര്‍ പുറത്തുനിന്നാക്കാം, ഒപ്പം അവള്‍ക്കൊരു സര്‍പ്രൈസും ഒരു 'സില്‍ക്ക്‌' സാരി, പാര്‍ത്ഥാസില്‍ നിന്ന്. എടീ, നീ ഒരുങ്ങ്‌, നമുക്കൊന്ന് പുറത്തുപോകാം. ഞാന്‍ കുളിച്ച്‌ വരുമ്പോഴേക്കും അവള്‍ റെഡിയായി കഴിഞ്ഞു. കുട്ടികള്‍ അവധിയാഘോഷിക്കാന്‍ തറവാട്ടിലായതിനാല്‍ ഒരു വിഷമം, അവര്‍കൂടിയുണ്ടായിരുന്നെങ്കില്‍. .

പോകുന്നവഴി അവള്‍ "അതേ, നമുക്കൊരു സ്ഥലം വരെ പോകണം, പവ്വര്‍ ഹൌസ്‌ റോഡു വഴി പോയാല്‍ മതി" പാര്‍ത്ഥാസിലേക്കുള്ള വഴിയും അതായതിനാല്‍ ഞാനൂറിച്ചിരിച്ചു, ഒന്നും ചോദിച്ചുമില്ല. "ഇവിടെ നിര്‍ത്ത്‌, ഇവിടെ നിര്‍ത്ത്‌" , ഞാന്‍ പുറത്തേക്ക്‌ നോക്കിയപ്പോള്‍, ഹോ, പാര്‍ത്ഥാസിന്റെ നിയോണ്‍ ബോര്‍ഡ്‌. ഇവള്‍ക്കിനി ഹിപ്‌നോട്ടിസം വല്ലതും വശമുണ്ടോ,മനസു വായിക്കാന്‍.
"എടീ നിനക്കെങ്ങെനെ മനസിലായി ഞാനിന്നൊരു സില്‍ക്ക്‌ സാരി വാങ്ങിത്തരാനും, ഇവിടെ തന്നെ വരാനും തീരുമാനിച്ചാണ്‌ ഇറങ്ങിയതെന്ന്?"

" അതു ശരി, അതല്ലേ നമ്മുടെ മനഃപൊരുത്തം. പക്ഷേ ഞാനിവിടെ ഇറങ്ങിയത്‌ നിനക്കൊരു സില്‍ക്ക്‌ ജൂബ വാങ്ങിത്തരാനാ, ഞാനിന്നലെ പറഞ്ഞിരുന്നില്ലേ, ആ ഇന്റീരിയര്‍ ചെയ്തതിനു ഫീസ്‌ കിട്ടിയ വിവരം"

എനിക്കിഷ്ടപ്പെട്ട പ്രിന്റഡ് സില്‍ക്ക്‌ ജൂബയും അവള്‍ക്കിഷ്ടപ്പെട്ട സില്‍ക്ക്‌ സാരിയും തിരഞ്ഞെടുത്ത്‌ സന്തോഷത്തോടെ പുറത്തിയങ്ങിയപ്പോള്‍ ഒരു മൌനജാഥ വരുന്നു. സ്മിത മരിച്ചതിന്റെ ഓര്‍മ്മദിവസമെന്നൊക്കെ പറഞ്ഞ്‌ , മീശകുരുക്കാത്ത കുറെ പയ്യന്മാര്‍, ബക്കറ്റ്‌ പിരിവും ഉണ്ട്‌. ആളെണ്ണം കുറവായതിനാല്‍ , ഭാഗ്യം, റോഡ്‌ ബ്ലോക്കായിട്ടില്ല. എന്നാലും സ്മിതയെ ക്കുറിച്ചോര്‍ത്തപ്പോള്‍ മനസിലൊരു ഓര്‍മ്മ; രണ്ടാള്‍ക്കും. സ്മിത ആത്മഹത്യ ചെയ്ത ദിവസം രാത്രി ടി.വ്വി നോക്കിയിരുന്ന് ഭക്ഷണം കഴിക്കാന്‍ താമസിച്ചതിന്‌ ഉമ്മ വിളിച്ച തെറിയുടെ ഓര്‍മ്മകളില്‍, കൈകോര്‍ത്ത്‌ ഡിന്നറിനായി ഷാഹി ദര്‍ബാറിലേക്ക്‌.

വക്കാരിയുടെ വിളി

വക്കാരി “ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വിളിച്ചത് കേട്ടോ? ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് വിളിച്ചതുപോലത്തെയൊരു വിളിയല്ലേ അത്?അത് കേട്ടിട്ട് ആര്‍ക്കും ഒന്നും തോന്നിയില്ലേ?

അങ്ങേയറ്റം വിശ്വസനീയമാ‍യ ഒരു കേന്ദ്രത്തില്‍ നിന്ന് വക്കാരിക്ക് പെണ്ണും പിടക്കോഴിയുമൊക്കെ ഉണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്. വക്കാരിക്ക് മെംബര്‍ഷിപ്പ് ഇന്‍‌വിറ്റേഷന്‍ അയക്കപ്പെട്ടിട്ടുണ്ട്.

വക്കാ‍രീ, വരൂ.... ആ സസ്പന്‍സൊന്ന് പൊളിക്ക്.

“ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വക്കാരി മാത്രമല്ല വിളിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ബാച്ചിലേഴ്സ് ക്ലബ്ബില്‍ അംഗങ്ങളായി തുടരാ‍ന്‍ പലര്‍ക്കും ആഞ്ജനേയന്റെ കണ്ട്രോള്‍ വേണ്ടിവരും!

പലര്‍ക്കും ഇന്‍‌വിറ്റേഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് എനിക്ക് ഈ-മെയില്‍ വന്നു.
ഇന്‍‌വിറ്റേഷനുകള്‍ ഒരുപാടുപേര്‍ക്ക് അയച്ചു.

ഇന്‍‌വിറ്റേഷന്‍ ഇനിയും കിട്ടാത്തവര്‍ ദേവേട്ടനോ,അനിലേട്ടനോ, ഉമേഷേട്ടനോ, വിശ്വേട്ടനോ, വിശാലനോ, പാപ്പാന്‍ ചേട്ടനോ, കുമാ‍ര്‍ ഭായിക്കോ, അരവിന്ദനോ, കരീം മാഷിനോ, ഇടിവാള്‍ മേനോനോ അല്ലേല്‍ എനിക്കോ - ആ‍ര്‍ക്കേലും ഒരു ഈ-മെയില്‍ അയച്ചാല്‍ തീര്‍ച്ഛയായും ഇന്‍‌വിറ്റേഷന്‍ അയച്ചുതരുന്നതാണ്.

കുറുമഗുരു യൂറോപ്യന്‍ പര്യടനത്തിലാണ് (കുടുംബസമേതം). അദ്ദേഹം തിരിച്ച് ഇമറാത്തിലെത്തിയാലുടന്‍ അംഗമാകും. ബാക്കിയുള്ളവര്‍ എത്രയും വേഗം അംഗങ്ങളാകൂ...... ഇവിടം നല്ല പോസ്റ്റുകള്‍കൊണ്ട് നിറയട്ടെ!

അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ കല്യാണം കഴിച്ചതാണെന്ന് തെളിയിക്കാന്‍ സ്വന്തം പ്രൊഫൈലില്‍ ഭാര്യയുടെ പേര് വയ്ക്കണമെന്ന് ഒരു കണ്ടീഷന്‍ വയ്ക്കുന്നതിനെക്കുറിച്ച് മാന്യ അംഗങ്ങളുടെ അഭിപ്രായം തേടുന്നു.

എല്ലാവര്‍ക്കും റമദാ‍ന്‍ കരീം!

Friday, September 22, 2006

ശംഖാന്‍ ദധ്‌മുഃ പൃഥക് പൃഥക്...

ആദിത്യന്റെ ഈ കമന്റിനു മറുപടി:

ഉണ്ണീ, ആദിത്യാ, നിങ്ങളെല്ലാവരും കൂടി ഒരുത്തിയെ കെട്ടാനാണോ പ്ലാന്‍?

അതെന്തെങ്കിലുമാകട്ടേ, കൌരവപക്ഷത്തെ മനസ്സിലാക്കുന്നതില്‍ നീ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

പറക്കമുറ്റാത്ത രണ്ടു പിഞ്ചുപെണ്‍‌പൈതങ്ങളുടെ പിതാവായ യങ്സ്റ്റര്‍ സിബുവോ നൈഷ്ഠികബ്രഹ്മചാരിയായ ഭീഷ്മര്‍? സ്വപ്നത്തില്‍പ്പോലും ലൈംഗികതയെപ്പറ്റി ചിന്തിക്കാത്ത ഒരു ബ്രഹ്മചാരിയുണ്ടു ഞങ്ങളുടെ കൂട്ടത്തില്‍-ഗന്ധര്‍വ്വന്‍. ഭീഷ്മാചാര്യര്‍ അദ്ദേഹം തന്നെയായ്ക്കോട്ടേ. അദ്ദേഹത്തെ വീഴ്ത്താന്‍ നിങ്ങളിലാരു മുന്നില്‍ നില്‍ക്കണം എന്നു ഞാന്‍ പറയണോ?

ഏകലവ്യന്റെ പെരുവിരല്‍ ചോദിച്ച ദ്രോണാചാര്യന്‍ എതായാലും ഞാനല്ല. “വെച്ചിട്ടുപോടാ നിന്റെ ക്ലബ് മെമ്പര്‍ഷിപ്പ്-വലിഞ്ഞുകയറി വന്നവനേ” എന്നു് അനോണികളോടു് ആക്രോശിക്കുന്ന വിശ്വം തന്നെ ആയ്ക്കോട്ടേ.

എന്നെ എന്തെങ്കിലും ആക്കണമെങ്കില്‍ ശകുനി ആക്കിക്കൊള്ളൂ. അങ്ങേര്‍ക്കു യുദ്ധം ചെയ്യാനൊന്നും അറിയില്ല. ആകെ ചൂതുകളി അറിയാം. അതുപോലെ എനിക്കു കഥയൊന്നും എഴുതാനറിയില്ല. ആകെ അറിയാവുന്നതു വ്യാകരണം. പക്ഷേ, അതു മതിയല്ലോ. അതു മാത്രമുപയോഗിച്ചു നിന്നെയൊക്കെ ക്ഷ വരപ്പിക്കും ഞാന്‍!

ദുര്യോധനനാവാന്‍ പറ്റിയതു വിശാലന്‍ തന്നെ. എന്താ സൈസ്! (അതിനു പറ്റിയ ഭീമനുണ്ടോടോ അവിടെ?) ധീരാ വീരാ വിശാലാ, ധീരതയോടെ നയിച്ചോളൂ...

കാണുന്നിടത്തൊക്കെ ഞെക്കി സ്വന്തം മാനവും ബാക്കിയുള്ളോന്റെ മാനവും കളയുന്ന കുമാര്‍ തന്നെയാവട്ടേ ദുശ്ശാസനന്‍. (“എനിക്കു് ആവണം” എന്നു പറയുന്ന കുറുമാനെ നമുക്കു കേട്ടില്ലെന്നു നടിക്കാം.)

നിങ്ങളുടെ കൂടെ കൂടേണ്ടവനാണു്-വിധിവൈപരീത്യത്താല്‍ ഞങ്ങളുടെ കൂടെയായിപ്പോയി. ഇബ്രു തന്നെ കര്‍ണ്ണന്‍. ഉണ്ണികളേ, നിങ്ങളുടെ മൂത്ത ജ്യേഷ്ഠന്‍.

രണ്ടിടത്തും തൊടാതെ ഉരുണ്ടുകളിക്കുന്ന വക്കാരിയെ നമുക്കു ബലരാമനാക്കാം. ചിലപ്പോള്‍ കൃഷ്ണനായി ആയുധമെടുക്കില്ലെന്നു പറഞ്ഞു് (ആയുധമെടുത്താല്‍ വിവരമറിയും വക്കാരീ-ശുട്ടിടുവേന്‍!) നിങ്ങളുടെ കൂടെ കൂടാനും മതി.

“അവിടെ കുത്തിടാതെ കോമയിടു്, കണ്ണിനു തൊടുക്കാതെ കഴുത്തിനു തൊടുക്കു്...” എന്നൊക്കെ പറഞ്ഞു് സ്വപക്ഷത്തുള്ളവരുടെ തന്നെ മനോവീര്യം കളയുന്ന സന്തോഷിനെ നമുക്കു ശല്യര്‍ ആക്കാം.

ന്യായം കൊണ്ടു് ഇവിടെയാണെങ്കിലും കൂറവിടെയായ ഇഞ്ചി തന്നെ വിദുരര്‍. (പാരയാണു, സൂക്ഷിക്കുക!)

ഞങ്ങളൊക്കെ വീണാലും ബാക്കിയുള്ളവനെയൊക്കെ ഓടി നടന്നു ബ്ലോക്കു ചെയ്തും വെട്ടി കഷണമാക്കിയും നിങ്ങളെ മുച്ചൂടും മുടിക്കാന്‍ ത്രാണിയുള്ള ഏവൂരാന്‍ തന്നെ ഞങ്ങളുടെ അശ്വത്ഥാമാവു്.

യുദ്ധരംഗത്തു വരുന്നില്ലെങ്കിലും എല്ലാ വിവരങ്ങളും ചൂടപ്പം പോലെ അതാതു സമയത്തു സംഭരിക്കുന്ന, ഞങ്ങളുടെ പ്രചോദനമായ, സ്വാര്‍ത്ഥനായ ഒരു ധൃതരാഷ്ട്രനും ഞങ്ങള്‍ക്കുണ്ടു്. പതിനായിരം വക്കാരിയുടെ കരുത്തുള്ളവന്‍. ഒറ്റ ഞെക്കിനു് ഒരു പോയ വാരം കൊണ്ടു നിങ്ങളെ തവിട്ടുപൊടിയാക്കുന്നവന്‍.

സര്‍വ്വസംഹാരിയായ ആനയുടെ പുറത്തിരുന്നു് വിചാരിച്ചിരിക്കാത്ത സ്ഥലത്തെത്തി നിങ്ങളെ സംഹരിക്കാന്‍ പാപ്പാന്‍ എന്ന ഭഗദത്തനും ഉണ്ടു്. (പേരിഷ്ടപ്പെട്ടില്ലെങ്കില്‍ നമുക്കു സ്വാപ് ചെയ്യാം പാപ്പാനേ. ശകുനി ആവാന്‍ ബുദ്ധിമുട്ടുണ്ടോ?)

എല്ലാവരുടെയും ഗുരുവായ, എന്നാല്‍ ആ ഭാവമില്ലാത്ത, ഞങ്ങളുടെ ബ്രെയിനും നാഡീവ്യൂഹവുമായ സിബു തന്നെ കൃപാചാര്യര്‍. യാത്രാമൊഴി കൃതവര്‍മാവും.

ഇനിയുമുണ്ടു്. അരവിന്ദനെന്ന ജയദ്രഥന്‍. ചന്ദ്രേട്ടനെന്ന ത്രിഗര്‍ത്തന്‍. അനില്‍, ദേവന്‍, മന്‍‌ജിത്ത്, ബെന്നി, കൂമന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയ നൂറ്റുവര്‍.

നിങ്ങള്‍ക്കാരുണ്ടുണ്ണികളേ? ദില്‍ബാസുരനെന്ന ഘടോല്‍ക്കചനും, ഇക്കാസ്/വില്ലൂസ് എന്ന നകുലസഹദേവന്മാരുമൊഴികെ ആരെയും മനസ്സിലാവുന്നില്ലല്ലോ...

ആരാണു് അര്‍ജ്ജുനന്‍? പെരിങ്ങോടനോ? ഒരു മുട്ട പൊട്ടാതെ പാത്രത്തിലിടാന്‍ ചരടില്‍ കെട്ടിത്തൂക്കുന്ന ഇവനോ കറങ്ങുന്ന കൂട്ടിലെ പക്ഷിയുടെ കണ്ണില്‍ അമ്പെയ്തു കൊള്ളിക്കുന്ന സവ്യസാചി?

ആരാണു ഭീമന്‍? ഹനുമാന്റെ വാലു പോലെ നീണ്ട ബ്ലോഗ്‌നാമങ്ങള്‍ നേരെയാക്കി റോള്‍ ശരിയാക്കാന്‍ പോകുമ്പോള്‍ “ഒടിയുന്നതെന്തെടോ നിന്റെ ടെമ്പ്ലെറ്റോ നമ്മുടെ പേരോ” എന്നു കുട്ടിക്കുരങ്ങന്മാര്‍ വരെ പരിഹസിക്കുന്ന ശ്രീജിത്തോ?

നിങ്ങള്‍ കമ്പ്ലീറ്റ് യുധിഷ്ഠിരന്മാരാണല്ലോ. വാചകമടിക്കാനും മറ്റുള്ളവന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നതു് അനുഭവിക്കാനും സ്വന്തം ബ്ലോഗിനെപ്പോലും പണയം വെച്ചു ചൂതു കളിക്കാനും മാത്രം അറിയാവുന്നവര്‍.

നിങ്ങള്‍ക്കാവില്ല ഉണ്ണികളേ ഞങ്ങളെ വെല്ലാന്‍. പതിനായിരം ഗീതകള്‍ (ഗീതയാണാദിത്യാ ഗീഥയല്ല. ഇവനെക്കൊണ്ടു ഞാന്‍ തോറ്റു!) കേട്ടാലും നിങ്ങള്‍ക്കാവില്ല...

യുദ്ധകാഹളം മുഴങ്ങി. കേള്‍ക്കുന്നില്ലേ ശംഖനാദം?

പെണ്ണുകാണല്‍ !

ബാച്ചിലേഴ്സ്‍ ക്ലബ്ബിലെ ഒരു പ്രമുഖ അംഗം പെണ്ണുകാണാന്‍ പോയ കഥ.
(ഈ കഥയും കഥാപാത്രവുമായി ജീവിച്ചിരിക്കുന്നതോ കല്യാണം കഴിക്കാത്തതോ പെണ്ണുകിട്ടാത്തതോ ആയ ആരുമായും ബന്ധമില്ല)


ഞായറാഴ്ച.

രാവിലെ തന്നെ മൂന്നു തവണ കുളിച്ച് രണ്ടു റൌണ്ട് പൌഡറും പൂശി ഉറുമ്പുകയറാതിരിക്കാന്‍ ഡി ഡി റ്റി കുടഞ്ഞ കുമ്പളങ്ങ പോലെ നമ്മുടെ നായകന്‍ ഒരുങ്ങി നിന്നു.
ഇന്നു പെണ്ണുകാണാന്‍ പോവേണ്ട ദിവസം ആണ്. അമ്മാവന്മാര്‍ ഇതുവരെ എത്തിയില്ല. ഈ അമ്മാവന്മാര്‍ക്ക് ഒരു കൃത്യ നിഷ്ടതയില്ല.
അമ്മ സമാധാനിപ്പിച്ചു “9 മണിക്കല്ലേ ഇവിടെ നിന്നും തിരിക്കാം എന്നു പറഞ്ഞത്? ഇനിയും ഉണ്ടല്ലോ ഒരുമണിക്കൂര്‍. നീ ഒന്നു അടങ്ങി നില്‍ക്കെടാ.. ചുമ്മാതല്ല നിനക്ക് ഇനിയും പെണ്ണ്
കിട്ടാത്തത്”
അതു സമാധാനിപ്പിക്കലല്ല. ഒരു കല്യാണ ചെക്കന്റെ അക്ഷമയില്‍ അടിച്ച ആണിയാണ്.

“എന്നാല്‍ ഞാ‍ന്‍ വണ്ടിക്കാരന്‍ കറക്റ്റ് ടൈമില്‍ തന്നെ എത്തുമോ എന്നൊന്നു വിളിച്ചു ചോദിക്കട്ടെ. രാവിലെ ഒരിക്കല്‍ വിളിച്ചു ഉറപ്പു
വരുത്തിയതാണ്. എന്നാലും ഒന്നുകൂടി വിളിക്കണം. പെട്രോള്‍ ഒക്കെ ആവശ്യത്തിനടിക്കാന്‍ പറയാം.”
“നീ എങ്ങനെയാ പത്തുമാസം ക്ഷമയോടെ എന്റെ വയറ്റില്‍ കിടന്നു എന്നാ ഞാനിപ്പോള്‍ ചിന്തിക്കണേ..” അമ്മ മോനെ അതിശയത്തോടെ നോക്കി.


അമ്മാവന്മാരും ഡ്രൈവറും കൃത്യ സമയത്തു തന്നെ എത്തി. അവരുടെ ഒക്കെ ഞായറാഴ്ച പതിവ് ഇപ്പോള്‍ ബേക്കറി സാധനങ്ങള്‍ തിന്നുക എന്നതാണ്.

പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്ര നമ്മുടെ ചെക്കന് ഒരു സ്വപ്നയാത്രയാണ് എന്നും.
അവന്‍ ഓര്‍ത്തു. കല്യാണം കഴിഞ്ഞ് ഫ്രണ്ട് സീറ്റില്‍ പെണ്ണിനേയും ഇരുത്തി അവളുടെ ചുമലിലൂടെ തൊടാത തൊട്ട് കൈവച്ച് കാറിന്റെ സൈഡില്‍ പിടിക്കുന്നതും, മുന്‍പത്തെ കാറില്‍ ഇരുന്നു വീഡിയോക്കാരന്‍ ചേട്ടന്‍ അതൊക്കെ കവര്‍ ചെയ്യുന്നതും ഒക്കെ ഓര്‍ത്തു.

കാറില്‍ ഇരിക്കുമ്പോള്‍ എന്തൊക്കെ പറയണം? തന്റെ ബ്ലോഗിനെക്കുറിച്ച് പറഞ്ഞാലോ? അതില്‍
നിറയുന്ന കമന്റുകളെ കുറിച്ച്? പക്ഷെ അതിനുമുന്‍പു അവളെ ബ്ലോഗ് എന്താണെന്ന് പറഞ്ഞുപഠിപ്പിക്കണം. അതു പറ്റിയാല്‍ വിവാഹം നിശ്ചയിച്ചിട്ട് ഒരു ദിവസം ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞിട്ട് പഠിപ്പിക്കാം. ചിന്തകള്‍ കാറിനും മുന്‍പേ ഒരുപാട് നീങ്ങി. അറിയാതെ നമ്മുടെ ചെക്കന്റെ കൈ വലിയമ്മാവന്റെ ചുമലിലുമുകളിലൂടെ നീങ്ങി.
കൈ എടുത്ത് ഒരു ഏറും കൊടുത്തു വലിയമ്മാമ അലറി
“എടുത്തുമാറ്റാടാ നിന്റെ കൈ. പെണ്ണുകിട്ടിയില്ല അതിനു മുന്‍പുതന്നെ അമ്മാമയുടെ ചുമലില്‍ തന്നെ കയ്യിട്ട് കളിച്ചു തുടങ്ങിയോ? ചുമ്മാതല്ല നിനക്കൊന്നും ഇത്രയും കാലമായിട്ടും പെണ്ണ് കിട്ടാത്തത്.“


പെണ്ണിന്റെ വീടെത്തി. എല്ലാവരും കാറില്‍ നിന്നും ഇറങ്ങി.
പോക്കറ്റില്‍ ഒരു പേപ്പറില്‍ സൂക്ഷിച്ചിരുന്ന പൌഡര്‍ എടുത്ത് റിയര്‍ വ്യൂ മിററില്‍ നോക്കി നമ്മുടെ കഥാ നായകന്‍ പൂശി. കാറിനുള്ളില്‍ പൌഡര്‍ പറന്നു. അതിന്റെ മറയില്‍ നിന്നും ഡ്രൈവര്‍ പറഞ്ഞു
“ചേട്ടാ ഇത്തവണ എങ്കിലും പെണ്ണിനെ ഇഷ്ടമാകണം. എനിക്കിനി വയ്യ ഇങ്ങനെ ഞായറുകള്‍ മുഴുവനും കിടന്നോടാന്‍. ഇനി എനിക്കും ഒരു പെണ്ണൊക്കെ കാണണ്ടേ?”


പെണ്ണിന്റെ വീട്.
പതിവുപോലെ ഉള്ള പെണ്ണുകാണല്‍ വര്‍ത്താനങ്ങള്‍. ചായ.
ആരും അധികം ഒന്നും നമ്മുടെ നായകനോട് ചോദിച്ചില്ല. ഈ വര്‍ത്താനങ്ങള്‍ കുറേ കേട്ടതായതുകൊണ്ട് നമ്മുടെ നായകന്‍ അതിലൊന്നും ശ്രദ്ധചെലുത്തിയില്ല. പൊതുവേ മധുരം വീക്ക്‍നെസ് ആയ നമ്മുടെ നായകന്‍ അവിടെ ഇരുന്ന ലഡ്ഡുവില്‍ നോക്കാതിരിക്കാന്‍ ശ്രമിച്ചു.
അവന്റെ മനസുമുഴുവന്‍ പെണ്ണിറങ്ങിവരുന്ന ആ നിമിഷം ആണ്. മനസിലാകെ ഒരു അസ്വസ്തത.


“എന്നാലിനി പെണ്ണിനെ വിളിക്കൂ ഞങ്ങള്‍ ഒന്നു കാണട്ടെ..” വലിയമ്മാമ ആ മധുരമായ വാക്കുകള്‍ പുറത്തേയ്ക്കിട്ടു.
ദേ ഇറങ്ങിവരുന്നു, പിങ്ക് നിറത്തിലുള്ള ചുരിദാറൊക്കെ ഇട്ട് ഒരു കൊച്ചു സുന്ദരി.
ഒന്നുകൂടി നോക്കി, ശരിക്കും സുന്ദരി!
നമ്മുടെ നായകന്റെ കണ്ണ് നിറഞ്ഞു. മനസു കുളിര്‍ത്തു. മനസില്‍ ഉറപ്പിച്ചു, ഇനി എന്തൊക്കെ ചേര്‍ന്നില്ലെങ്കിലും ഈ പെണ്ണിനെമതി. ആദ്യത്തെ നോട്ടത്തില്‍ തന്നെ മനസുകൊണ്ട് വരിച്ചു അവളെ!.പിന്നെ ഒന്നുകൂടി നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അകത്തുപോയി.


വല്യമ്മാമ ചോദിച്ചു “അപ്പോള്‍ എങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങള്‍?”
പെണ്ണിന്റെ അമ്മാവന്‍ ഉറക്കെ പറഞ്ഞു, “അതിപ്പോള്‍ നിങ്ങള്‍ കാരണവന്മാരും മുതിര്‍ന്നവരുമൊക്കെ വന്നു പെണ്ണുകണ്ടിട്ട് കാര്യമില്ലല്ലോ! ചെക്കന്‍ വരട്ടെ, പെണ്ണിനെ കാണട്ടെ. എന്നിട്ട് തീരുമാനിക്കാം.”


എന്നാല്‍ ശരി അങ്ങനെ ആവട്ടെ എന്നുള്ള മൂഡില്‍ ആദ്യം എണീറ്റത് നമ്മുടെ നായകന്‍ ആയിരുന്നു.

ഒരുടക്കിന്‍ തുടക്കം

തുടക്കം എങ്ങിനെയോ ആയിക്കോട്ടെ.ഒടുക്കം ഇങ്ങനെ തന്നെ ആയിരിക്കണം.!


powered by ODEO

Thursday, September 21, 2006

സ്വപ്നം‌

വളരെ വൈകിയാണിന്നലെ ഉറങ്ങാന്‍ കിടന്നത്. പത്രം വായിക്കാന്‍ പോലും പറ്റിയില്ല. നട്ടപ്പാതിരക്ക് എന്തൊക്കെയോ ബഹളം കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വല്യമ്മായി കയ്യും കാ‍ലും വീശിക്കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നു.

പടച്ചോനെ , ഇവള്‍ക്ക് വട്ടായോ? , ഇത് ഞാന്‍ ഉറപ്പിക്കുന്നതിന്‍ മുമ്പെ “ വലി ..വിശാലേട്ടാ , വെട്ടാ വലി , ഇടിവാള്‍‍ജീ ..കണ്ണട പോക്കറ്റിലിട്ടൊ.....” ഒന്നെനിക്ക് മനസ്സിലായി , ഇത് വട്ടല്ല മറ്റെന്തോ ആണ്.

എന്ത് ചെയ്യണമെന്ന് ഞാന്‍ വീണ്ടും അലോചിക്കുന്നതിന് മുമ്പെ എന്നെ ചിവിട്ടി താഴെയിട്ടിരുന്നു. ഇനി വൈകിയാല്‍ വല്ല കടുംകയ്യും സംഭവിച്ചേക്കാമെന്ന് കരുതി ഞാന്‍ പെട്ടെന്ന് വെള്ളം കൊണ്ട് വന്ന് മുഖത്ത് തെളിച്ചു.

കണ്ണ് തുറന്ന് ‍ കൈ കൊട്ടിക്കൊണ്ട് : “ആ ഹാ..ഹാ , തോറ്റെ തോറ്റെ..ബാറ്റ്ചിലേര്‍സ് തോറ്റെ”

ഉളുക്കിയ നടു ഉഴിഞ്ഞ് കൊണ്ട് നിന്ന എന്നെ കണ്ട് , സ്ഥലകാല ഓര്‍മ്മ വന്ന അവള്‍ പറഞ്ഞു

യു.എ.ഇ മീ റ്റായിരുന്നത്രെ സ്ഥലം , രണ്ട് ക്ലബ്ബും ക്കൂടിയുള്ള വടംവലിയില്‍ അവള്‍ റഫറിയായിരുന്നു. നമ്മുടെ ക്ലബ്ബ് വിജയിച്ചതിന്റെ ആഘോഷമാണ് എന്റെ നടുവിന് കിട്ടിയ ചവിട്ട്.

റഫറി ഏതെങ്കിലും ടീം ജയിച്ചാല്‍ ആഘോഷിക്കാമോ എന്ന എന്റെ ചോദ്യത്തിന് ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും , നമ്മള്‍ ജയിച്ചതില്‍ ഞാന്‍ വല്ലാതെ ആര്‍മ്മാദിച്ചു ..എന്റെ ഉളുക്കിയ നടു ഉഴിഞ്ഞ് കൊണ്ട്.


മക്കളെ(ബാറ്റ്ചിലേറ്സെ), ഞാന്‍ സ്നേഹമുള്ളത്കൊണ്ട് പറയുവാ, എന്റെ ഭാര്യയുടെ എല്ലാ സ്വപ്നവും ഫലിച്ചിട്ടുണ്ട് , വെളുപ്പാന്‍ കാലത്ത് കണ്ടതിന്റെ കാര്യം പിന്നെ പറയണോ?

അതോണ്ട് മക്കള്‍ ആ ക്ല്ബ്ബിന്റെ വാതിലടച്ച് സീല്‍ ചൈത് ഇങ്ങോട്ട് പോരെ , ഇവിടെ ചേര്‍ക്കാനല്ല , ഞങ്ങടെ ക്ലബ്ബിന്റെ ഗേറ്റില്‍ കാവല്‍ നിക്കാന്‍ , ചിലപ്പോള്‍ ഒന്നെത്തിനോക്കാനുള്ള അനുമദിയും തരാം ( ഈ പറഞ്ഞ കാര്യം ഞങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ സമ്മതിച്ചാല്‍ മാത്രം)

മറ്റൊരു കാര്യം കൂടി , നല്ല വാടക തരാം നിങ്ങടെ അടച്ച ക്ലബ് ഞങ്ങള്‍ക്ക് തന്നാല്‍ , എന്തിനാ വെറുതെ ചിതലിന് തിന്നാന്‍ കൊടുക്കുന്നത്?

കിട്ടാത്ത മുന്തിരി പുളിക്കില്ല മക്കളേ !!!!

ബാച്ചിലേഴ്സ് ക്ലബ്ബില്‍ ഞാന്‍ രാവിലെ ഒരു കമന്റ് ഇട്ടിരുന്നു, താഴെക്കാണും വിധം.

“” ഇടിവാള്‍ said...
നഷ്ടസ്വര്‍ഗങ്ങളേ, നിങ്ങളെനിക്കൊരു..ദു:ഖ സിംഹാസനം നല്‍കി...

തപ്ത നിശ്വാസങ്ങള്‍ ചാമരം വീശും ഭ്:ഗ്‌ന സിംഹാസനം നല്‍കി...
അയാള്‍ കണ്ണീരൊലിപ്പിച്ച് നിശബ്ദനായി, നിരാശനായി ബ്ലോഗു പൂമുഖത്തോട്ട് കുറേ നേരം നോക്കി നില്‍ക്കുന്നു.മനസ്സില്‍ തേങ്ങലോടെ ഓര്‍ത്തു.. “ ഇല്ലാ, കിട്ടാന്‍ ഒരു സാധ്യതയുമില്ല...( മെമ്പര്‍ഷിപ്പേ..)

ശേഷം, 3 ഉം ഒന്നരയും വയസ്സായ രണ്ടു ക്‍ടാങ്ങളേയും ഒക്കത്തു വച്ചുകൊണ്ട് തലതാഴ്ത്തി പടിപ്പുര വാതില്‍ തുറന്നു പോകുന്നൂ..( കര്‍ട്ടന്‍‌ )“”



അതിന്റെ ബാക്കി ഭാഗം കൂടി വായിക്കൂ !!

രണ്ടു കുട്ടികളേയുമെടുത്തു പുറത്തേക്കു നടന്നു. വല്ലാത്ത ക്ഷീണം. അതാ ഒരാല്‍ത്തറ. അവിടെയിരുന്നു.

ഒന്നര വയസ്സായ പയ്യന്‍ ഒക്കത്തിരുന്നു ഭയങ്കര കാറല്‍.. ചെവി തുളത്ത്‌ അപ്പറത്തുകൂടി പോകും ശബ്ദം. ഞാന്‍ മകനോടു പറഞ്ഞു..

"മോന്‍ കരയണ്ട കേട്ടോ, നമ്മക്ക്‌, ഈ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ്‌ കിട്ടില്ലട, നീയെന്തിനാ അതിനു കരയണേ, അച്ചന്‍ മില്‍ക്കി ബാറു വാങ്ങിത്തരാം.. കേട്ടോ..

മകന്‍: "എനിക്കു മില്‍ക്കി ബാറു വേണ്ട.."
ഞാന്‍ : "പിന്നെ മോനെന്താ വേണ്ടേ ?"

മകന്‍: "അച്ഛനെ കയറ്റില്ലായെന്നല്ലേ ഉള്ളൂ, ഞാന്‍ ബാച്ചലറല്ലേ, എന്നെ ആ ക്ലബ്ബിനകത്താക്കിയിട്ട്‌ അച്ഛന്‍ പൊയ്ക്കോ..."

ഞാന്‍ ഞെട്ടി...

"മിണ്ടിപ്പോകരുത്‌, ദിവസവും ഓരോ ലിറ്ററു പാലും തന്നു നിന്നെ ഈ ഒന്നര വയസ്സു വരെ വളര്‍ത്തി വലുതാക്കിയത്‌ "വെറും ഒരു മുട്ട പുഴുങ്ങാന്‍ " പോലും അറിയാത്തവനായി തീരാനായിരുന്നോടാ... മിണ്ടരുത്‌.. ശരിയാക്കിക്കളയും ഞാന്‍.

ചെക്കനുണ്ടോ കരച്ചില്‍ നിര്‍ത്തുന്നു...

ഹോ, ഭാഗ്യം, ദാ വരുന്നു, താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഒരാള്‍,
"മോന്‍ ദേ നോക്കിയേ, താടി വച്ച അങ്ങേരെ കണ്ടോ.. ഇനി കരഞ്ഞാല്‍‍ നിന്നെ അങ്ങേരു പിടിച്ചോണ്ടു പോകും" ഡിം.. ചെക്കന്റെ കരച്ചില്‍ നിന്നു.

വാല്മീകിയെപ്പോലെ കയ്യില്‍ യോഗദണ്ഡ്‌, കമണ്ഡലു, വലത്തേ കയ്യില്‍ നീളത്തിലൊരു തെങ്ങിന്റെ ഒരു കുറ്റിയും !

അടുത്തെത്തിയപ്പഴാ ആളെ മനസ്സിലായത്‌ " നമ്മടേ ശൊന്തം ഉമേഷ്‌ ഗുരുക്കള്‍.. നീളത്തില്‍ കയ്യില്‍ ഇരിക്കുന്നത്‌ ഹോറല്‍ അന്‍സ് ബ്രിഡ്ജ്‌ ! ദുബായില്‍ പോയപ്പോ വിശാലന്‍ സമ്മാനം കൊടുത്തതാണത്രേ..

ഗുരുക്കള്‍ എങ്ങോട്ടാ? ഞാന്‍ ചോദിച്ചു..

ബാച്ചിലേഴ്സ്‌ ക്ലബ്ബില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കാനാടോ..

ഭാഗ്യവാന്‍.. ഗുരുവര്യനല്ലേ, പെട്ടെന്നു മെമ്പര്‍ഷിപ്പ്‌ കിട്ടും.. ഞാനോര്‍ത്തു.

അഞ്ച് മിനിട്ടിനകം തന്നെ ഗുരുക്കള്‍, പടിക്കു പുറത്ത്‌ ! കാര്യം തെരക്കിയപ്പഴാ, പെണ്ണുകെട്ടിയതിനാല്‍ അങ്ങേര്‍ക്കും മെമ്പര്‍ഷിപ്പില്ലത്രെ !

ഗുരുക്കള്‍, ഒടിഞ്ഞു മലര്‍ന്നു, പറന്നു തിരിഞ്ഞു, ക്ലബ്ബിന്റെ പൂമുഖം നോക്കി ശപിച്ചു !

“” എന്നെയും ഇടിവാളിനെയും ഇനിയും ഇവിടെ വന്നിട്ടു വ്രണിതഹൃദയരായി മടങ്ങിപ്പോകുന്ന കുറുമാന്‍, ദേവന്‍, സിബു, മന്‍‌ജിത്ത്, പാപ്പാന്‍, പ്രാപ്ര, സന്തോഷ്, ബെന്നി തുടങ്ങിയ ബാച്ചിലര്‍ഹൃദയന്മാരെയും അംഗീകരിക്കാത്ത നിങ്ങളുടെ ഈ ക്ലബ്ബ് തുലഞ്ഞുപോകട്ടേ. ഇവിടെ അനോണികളും പുളകിതനും പുലികേശിയുമൊക്കെ കയറി വൃത്തികേടാക്കട്ടേ. ഇതിന്റെ അഡ്‌മിന്‍ പവറുള്ളവരെല്ലാം അബദ്ധത്തില്‍ എവിടെയെങ്കിലും ഞെക്കി സ്വന്തം അഡ്മിന്‍ പവര്‍ എടുത്തു കളയട്ടേ. (കുമാര്‍ കെട്ടിയതു നിങ്ങളുടെ ഭാഗ്യം!) ബാക്കിയുള്ളവര്‍ അതുല്യയുടെ കഥാപാത്രം ചെയ്തതു ചെയ്യട്ടേ. ടെമ്പ്ലേറ്റ് എന്നും കീഴോട്ടു പോകട്ടേ. കീമാനില്‍ പോസ്റ്റു ചെയ്യുമ്പോള്‍ ബായ്ക്ക്സ്പേസ് കീ വര്‍ക്കു ചെയ്യാതെ പോകട്ടേ. വരമൊഴിയില്‍ പോസ്റ്റു ചെയ്യുമ്പോള്‍ കണ്ട്രോള്‍ യു വിന്‍ഡോ ക്ലോസ് ചെയ്യട്ടേ. ജാ‍വാസ്ക്രിപ്റ്റ് എററും സെക്യുവര്‍ എററും എപ്പോഴും ഉണ്ടാകട്ടേ. വായിക്കുന്നവര്‍ മുഴുവനും നിങ്ങളെ ടാഗു ചെയ്തു ബ്ലോഗര്‍ നിങ്ങളെ ബ്ലോക്കു ചെയ്യട്ടേ. തീവ്രവാദികളും പോര്‍ണോഗ്രാഫന്മാരും നിങ്ങളെ ഹാക്കു ചെയ്യട്ടേ.തപശ്ശക്തി എന്നൊന്നു് ആര്‍ഷഭാരതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ ഭസ്മമായിപ്പോകട്ടേ. ഞാന്‍ നിങ്ങളെ ശപിക്കുന്നു. ഓം സ്വാഹാ ഭൂം ഫട്! “”“



സാരല്ല്യ ഗുരുക്കളേ, ഇരിക്ക്യ.. " ഞാന്‍ പറഞ്ഞു.


ഗുരുക്കള്‍ ആല്‍ത്തറയില്‍ എന്റരികത്തിരുന്നു. അനോണികളേക്കുറിച്ചും, ബ്ലോഗു സഭ്യതകളെക്കുറിച്ചും ഒത്തിരി സംസാരിച്ചു. അങ്ങേരു അമേരിക്കായില്‍ നിന്നും രണ്ടു ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടാണത്രേ ഈ മെമ്പര്‍ഷിപ്പ് വാങ്ങാന്‍ വന്നിരിക്കുന്നത്.

ഞാന്‍ ചോദിച്ചു: “അതെന്തിനാ ഗുരുക്കളേ രണ്ടു ഫ്ലൈറ്റ് ടിക്കറ്റ്??”

ഗുരുക്കള്‍: “ഒന്നെനിക്കും, രണ്ടാമത്തേത്, എന്നിലുറങ്ങിക്കിടക്കുന്ന ബാച്ചലറിനും !“ എല്ലാം വെള്ളത്തിലായി, ഗുരുക്കള്‍ ആത്മഗതിച്ചു !

അതിനിടക്ക്‌ ചെക്കന്‍ വീണ്ടും കാറിത്തുടങ്ങി,.. എന്തോ കണ്ട്‌ പേടിച്ച പോലെ. കുറുമാന്‍ ഡെന്മാര്‍ക്കില്‍ പോയില്ലേ, പിന്നെ എന്നാ കോപ്പു കണ്ടാ ഇവന്‍ പേടിച്ചു കരയുന്നത്‌ ?

നോക്കിയപ്പോള്‍, ദാ വരുന്നു സാക്ഷാല്‍ കാലന്‍ .... പോത്തിന്‍ പുറത്ത്‌, തലയിലൊരു പുതപ്പുമായി..

ദൈവമേ ഞാന്‍‍ ഞെട്ടി. മുപ്പത്തൊന്നു വയസ്സു വരേയേ എനിക്കു യോഗമുള്ളൂ ? എന്തൊക്കെ പ്രതീക്ഷകള്‍, എത്ര പോസ്റ്റുകള്‍ ഇനിയും ബ്ലോഗിലെഴുതാന്‍ കിടക്കുന്നു !

പയ്യന്‍ ഞെട്ടി എന്റെ പുറകിലൊളിച്ചു! ഞാന്‍ ഞെട്ടി ഗുരുക്കളുടെ പുറകിലൊളിച്ചു !

"എടോ അതു കാലനൊന്നുമല്ല, നമ്മുടെ വിശാല മനസ്ക്കനാ" ! ഗുരുക്കള്‍ പറഞ്ഞപ്പോഴാ സ്റ്റക്കായി നിന്ന ശ്വാസം "ഫൂ" എന്നു പുറത്തേക്കു വന്നത്‌.

"അതു ശരി.. വീയെമ്മായിരുന്നോ.. ഞാന്‍ കരുതി.. കാലനാണെന്നു.. നമസ്കാരം, അയാം ഇടിവാള്‍, ദിസ്‌ ഇസ്‌ ജൂനിയര്‍ ഇടിവാള്‍സ്‌ !" ഞാന്‍ എന്നേയും പിള്ളേരേയും പരിചയപ്പെടുത്തി.

"ഹായ്‌, അയാം വിശാലന്‍, ദിസ്‌ ഇസ്‌ മൈ എരുമ, സില്‍ക്ക്‌:.. വിശാലനും എരുമയും എന്റെ നേരെ കൈനീട്ടി ഹസ്തദാനം ചെയ്തു !

"ഇവന്‍ കാലന്‍ തന്നെയാടോ.. നമ്മളേയൊക്കെ ചിരിപ്പിച്ചു കൊല്ലുന്ന കാലന്‍".. വിശാലനു ഗുരുക്കള്‍ വക കോമ്പ്ലിമന്റ്‌..

"ഞാന്‍ ക്ലബ്ബില്‍ പോയൊരു മെമ്പര്‍ഷിപ്പെടുത്തിട്ടു വരാം എന്നും പറഞ്ഞ്‌ വിശാലനും എരുമയും ബാചിലര്‍ ക്ലബ്ബിന്റെ അകത്തോട്ടു പോയി.

സൂപ്പര്‍ ഹിറ്റ്‌ ബ്ലോഗറല്ലേ, അതോണ്ടു വിശാലനു ഈസിയായി മെമ്പര്‍ഷിപ്പു കിട്ടും എന്നു അസൂയപൂണ്ട മനസ്സോടെ ഓര്‍ത്ത്‌, ഒരു നെടുനീളന്‍ ദീര്‍ഘശ്വാസം വിട്ടു.

"പ്‌ധോം..." പ്‌ധോം".. എന്ന രണ്ടു ഒച്ചകള്‍ കേട്ടപ്പോഴാണു തിരിഞ്ഞു നോക്കിയത്‌ !

ആദ്യത്തെ "പ്‌ധോം" വിശാലന്‍ വീണ ശബ്ദമായിരുന്നു.. രണ്ടാമത്തേത്‌ എരുമ വീണതും .. ( ആദ്യത്തെ ശബ്ദമായിരുന്നു ഉച്ചത്തില്‍ തോന്നിയത്‌)

ഹ ഹ ഹ... എന്നലറിക്കൊണ്ട്‌ ദില്‍ബാസുരന്‍ ക്ലബ്ബു പൂമുഖത്ത്‌ നിന്നട്ടഹസിക്കുന്നു !

"അവന്മാരെന്നെയെടുത്തെറിഞ്ഞടേയ്‌.." നടുവും തിരുമ്മി വിശാലനും സില്‌ക്കും ആല്‍ത്തറയിലിരുന്നു !

ക്ലബ്ബിനകത്തുനിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരിയും ഒക്കെ കേള്‍ക്കുന്നുണ്ട്‌.. അവന്മാരര്‍മാദിക്കുകയാണ്‌. ഏതു ബ്രാന്‍ഡ്‌ ആണോ അടിക്കുന്നത് എന്തോ.. ഓരോ പുതിയ മെമ്പേഴു വരുന്നതും അവര്‍ ആഘോഷമാക്കുന്നു !

സമയം കടന്നു പോയി..
പലരും വന്നു..

ബെന്നി::benny , കൈപ്പള്ളി , viswaprabha വിശ്വപ്രഭ , Anil:അനില്‍ , kumar © , ചില നേരത്ത്.. കേരളഫാർമർ/keralafarmer , Obi T R , പാപ്പാന്‍‌/mahout , ദേവരാഗം , ഗന്ധര്‍വന്‍ ,അരവിന്ദ് :: aravind സങ്കുചിത മനസ്കന്‍ , കരീം മാഷ്‌ , ഇത്തിരിവെട്ടം, അഗ്രജന്‍, ചന്തു , ശിശു , ചെണ്ടക്കാരന്‍

അങ്ങനെ പലരും .. പലരും !!!

ഓരോ വരവിനും, ഓരോ "പ്‌ധോം പ്‌ധോം " ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരുന്നു !!

ദാ വരുന്നൂ കലേഷ്‌....
:വീണ്ടു ഒരു "പ്‌ധോം" കൂടി കേട്ടു !!!


വീണിടത്തു നിന്നെണീറ്റ കലേഷ്‌ ചുറ്റും നോക്കി. വീണ വേദനയില്‍ നിന്നുടലെടുത്ത പ്രതികാര വാഞ്ചയോടെ അന്തരീക്ഷത്തിലേക്ക്‌ കൈ പൊക്കി മുദ്രാ വാക്യം വിളിച്ചു.

"സംഘടിക്കിന്‍ സംഘടിക്കിന്‍,
പെണ്ണു കെട്ട്യോര്‍ സംഘടിക്കിന്‍"

ആല്‍ത്തറയില്‍ കൂടിയിരുന്ന അസംഖ്യം ആളുകള്‍ അതേറ്റു പാടി !

കലേഷ്‌ വേഗം ലാപ്‌ ടോപ്പ്‌ തുറന്നു, ഇന്റര്‍നെറ്റ്‌ കണക്റ്റി !
ബ്ലോഗര്‍ സൈറ്റു തുടന്നു, "എക്സ്‌-ബാച്ചിലേഴ്സ്‌" അഥവാ പെണ്ണ്യ്‌ കെട്ടിയ ആണുങ്ങള്‍" എന്ന തലേക്കെട്ടും കൊടുത്തു ! അല്ലേലും ഫയങ്കര സംഘടനാ പാടവമല്ല്യോ കലേഷിന്‌ ? ഇത്രേം നേരം ആല്‍ത്തറയില്‍ വന്നിരുന്ന ഒരാള്‍ക്കും തോന്നാത്ത പുത്തിയല്ലേ കലേഷിനു തോന്നിയത്‌ !

എന്നിട്ട്‌ കലേഷ്‌ വില്ലു കുലച്ചു ! ആല്‍ത്തറയില്‍ കൂടിയിരുന്ന എല്ലാവരുടേയിം നേരേ ഓരോ "കാമാസ്ത്രം".. ചായ്‌, ഇന്‍വിറ്റേഷാസ്ത്രം" തൊടുത്തു വിട്ടു !

" പെണ്ണുകെട്ടിയര്‍ സിന്ദാബാദ്‌ എന്ന വിളികള്‍" അന്തരിക്ഷത്തിലുയര്‍ന്നു !!!

"ബാച്ചിലേഴ്സ്‌ ക്ലബ്ബിലെ ബഹളങ്ങള്‍, ഈ സിന്ദാബാദ്‌ വിളികള്‍ക്കിടയില്‍ ഒലിച്ചുപോയി !!!!!!!!!!!!!

സ്ട്രൈറ്റ്‌ ഫോര്‍‌വേഡ്

തൃക്കണിച്ച്‌ വച്ചത്‌ തന്നെ കാക്ക കൊത്തി എന്നു പറയില്ലേ? അതായിരുന്നു അന്ന് സംഭവിച്ചത്‌.

ഗള്‍ഫ്‌ ന്യൂസ്‌ മാട്രിമോണിയല്‍ പരസ്യം നോക്കി ആദ്യമായി വിളിച്ച വിളി.

ഫോണെടുത്ത കൊച്ചിന്റെ അബുദാബിക്കാരി അമ്മയുടെ മൂന്നാമത്തെ ചോദ്യം:

'അതേയ്‌, നിങ്ങളെ കാണാന്‍ എങ്ങിനെയുണ്ട്‌?'

ബെസ്റ്റ്‌ ചോദ്യം.

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എന്ത്‌ പറയും? എനിക്കൊരു രൂപവും കിട്ടിയില്ല.

ഞാന്‍ തിരിച്ച്‌ ചോദിച്ചു.

'നിങ്ങടെ മോള്‍ എങ്ങിനെയുണ്ട്‌?'

'എന്റെ മോള്‍ നല്ലോണം വെളുത്ത സുന്ദരിയാണ്‌'

ആഹഹ!

'എന്നാലേ ഞാന്‍ കറുത്തതും ഇടിമന്തനുമാണ്‌'

'സോറി, അപ്പോള്‍ ഇത്‌ ശരിയാവില്ല ട്ടാ' എന്നുപറഞ്ഞ്‌ പെണ്ണിന്റെ അമ്മ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തു.

എന്തു നല്ല അമ്മ. സ്ട്രൈറ്റ്‌ ഫോര്‍വേഡ്‌!

പേരുമാറ്റോ...പൂയ്!!

എന്റെ കലേഷേ...
ഈ ചതി വേണ്ടാരുന്നു.
ബ്ലോഗിന്റെ പേര് പെണ്ണുകെട്ടിയ ആണുങ്ങള്‍ എന്ന്!!!
പെണ്ണുങ്ങളാണോ നമ്മള്‍ ആണുങ്ങളെ കെട്ടിയത്????? (അല്ല, താലികെട്ടലിന് ശേഷം ലവളുമാര് നമ്മളെ സാരിത്തുമ്പത്ത് കെട്ടിയിട്ടിരിക്കുകയാണെന്നുള്ളത് സത്യം...രഹസ്യങ്ങള്‍ ഇങ്ങനെ പുറത്താക്കാവോ എന്റെ കലേഷേ? ശ്ശോ!!)
ഇനി ലവന്മാര് ആ ബാച്ചിലേഴ്സിന്റെ മൊഹത്തെങ്ങനെ നോക്കും?
ക്ലബ്ബിന്റെ പേര് ഒന്നുകില്‍ “പെണ്ണിനെ കെട്ടിയ ആണുങ്ങള്‍“ എന്നാക്കോ..അല്ലേല്‍ വല്ല “എക്സ് മാന്‍സ് ക്ലബ്ബ്“ എന്നോ “വിഡ്ഡികളുടെ ക്ലബ്ബ് “എന്നോ , “ഒരബദ്ധം ആര്‍ക്കും പറ്റും“ എന്നോ “കിടുവകള്‍ പിടിച്ച കടുവാകള്‍“ എന്നോ മറ്റോ ആ‍ക്കിക്കേ....

ഈ കലേഷിന്റെ ഒരോരോ കാര്യങ്ങള്‍! :-)

ഇതൊരു തുടക്കം

പെന്‍‌ഷനായവര്‍ക്കിതില്‍ ഇടം കിട്ടിയെന്ന്‌ ആശ്വസിക്കാം. കിട്ടിയ ഇന്‌‌വിറ്റേഷന്‍ സ്വീകരിച്ച്‌ ബ്ലോഗുന്നു. ആരെങ്കിലുമൊക്കെ കമെന്റിടട്ടെ. ഇപ്പോള്‍‌തന്നെ എണ്ണിയാലൊടുങ്ങാത്ത ബ്ലോഗുകളാണ്. എണ്ണം കൂടുന്തോറും വായന കുറയുന്നു.

പെണ്ണുകെട്ടിയ ആണുങ്ങള്‍

ആഹാ‍, അത്രയ്ക്കായോ?
പെണ്ണുകെട്ടിയത് ഒരു അപരാധമാണോ?
അതല്ല ഒരു കുറവാണോ?

പെണ്ണുകിട്ടാത്തവര്‍ക്ക് ഗ്ലബ്ബാകാമെങ്കില്‍ പെണ്ണു കെട്ടിയവര്‍ക്ക് എന്തൂകൊണ്ടായിക്കൂടാ‍?
ബാച്ചിലറല്ലാത്തവരെയെല്ലാം ഈ ഗ്ലബ്ബിലേക്ക്ഞാന്‍ സാ‍ദരം ക്ഷണിക്കുന്നു.
അംഗത്വം വേണ്ടുന്നവര്‍ ദയവായിട്ടൊരു കമന്റിടുക.

ഈ ക്ലബ്ബിലെ അംഗമാവാന്‍ വേണ്ട യോഗ്യതകള്‍ ഇത്ര മാത്രം:

1) ബാച്ചിലറായിരിക്കരുത്.
2) മാന്യന്മാര്‍ ആയാല്‍ നന്ന്
3) സ്വന്തമായി ഒരു ബ്ലോഗ് വേണം

ബൂലോഗക്ലബ്ബിന്റെ നിയമങ്ങള്‍ ഇവിടെയും ആപ്ലിക്കബിള്‍ ആയിരിക്കും.

ഈ ബ്ലോഗില്‍ സൂര്യനു കീഴിലുള്ള സഭ്യവും നിയമാനുസൃതവുമായ എന്തും പങ്കുവയ്ക്കാം.

എല്ലാവര്‍ക്കും സ്വാഗതം. വരുവിന്‍ അര്‍മ്മാദിക്കുവിന്‍.......

P.S: സില്‍ക്ക് സ്മിതയുമായി ഈ ബ്ലോഗിന്‌ യാതൊരു ബന്ധവും ഇല്ല.